Dr Divya John
ജൂണ്‍ 19 വായനാ ദിനമാണല്ലോ. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും മലയാളികളെ സ്നേഹപൂര്‍വ്വം വായിക്കാന്‍ നിര്‍ബന്ധിക്കുകയും കേരളത്തില്‍ വായനാ സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ചെയ്ത ഡോ പി എന്‍ പണിക്കരുടെ ചരമദിനമാണ് ഔദ്യോഗികമായി വായനാ ദിനമെന്ന നിലയില്‍ ആചരിക്കപ്പെടുന്നത്. എന്റെ പഠനം ഒരു കോണ്‍വെന്റ് സ്ക്കൂളിലായിരുന്നു. ചാപ്പലും , പൂന്തോട്ടവും , ബോര്‍ഡിങ്ങുമെല്ലാമുണ്ടയിരുന്നെങ്കിലും ലൈബ്രറി ഉണ്ടായിരുന്നില്ല. രാപ്പകല്‍ ഓഫീസ് - വീട്ടുജോലികളാല്‍ സജീവമായിരുന്നു വീടിന്റെ അന്തരീക്ഷം. പത്രം , ചില മാസികകള്‍ തുടങ്ങിയവയല്ലാതെ വായനക്കായ് മറ്റൊന്നും ഉണ്ടായിരുന്നില്ല. മറ്റാരും വീട്ടില്‍ പുസ്തക വായനയില്‍ അഭിരുചി പ്രകടിപ്പിക്കാതിരുന്നതിനാലാകാം , വ്യക്തിപരമായ വായന ബ്ളെറ്റന്റെ ചില പുസ്തകങ്ങളിലും ഫേമസ് ഫൈവ് , ഹാര്‍ഡി ബോയ്സ് , ആര്‍ച്ചീസ് , ടിന്‍ ടിന്‍ , ഡ്രാക്കുള , ഷെര്‍ലക്ക് ഹോംസ് പരമ്പരകളില്‍ ഒതുങ്ങിയത്. ഏഴര വയസ്സുള്ള മൂന്നാം ക്ളാസുകാരന്‍ മകനെ കഴിയും വിധം വായനയിലേക്ക് നയിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. ഇംഗ്ലീഷ് ഹിന്ദി പുസ്തകങ്ങള്‍ വായിക്കുമെങ്കിലും മലയാളത്തോട് വിമുഖത പ്രകടിപ്പിച്ചു കാണുന്നുണ്ട്. ക്ളാസില്‍ ആഴച്ച്ചയിലെ ഒരു ദിവസം ലൈബ്രറിയാണ്. പക്ഷേ തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങള്‍ ഇംഗ്ലീഷിലുള്ളവയാണ് ഭൂരിപക്ഷവും.
വായനാ ദിനവുമായി ബന്ധപ്പെട്ട് പീര്യഡിന്റെ ആദ്യ പത്തു മിനുറ്റും അസംബ്ലിയിലെ പ്രധാന അജണ്ടയും വായനാ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പങ്കു വെയ്ക്കുന്ന രൂപത്ത്തിലാകണമെന്ന നിര്‍ദ്ദേശം അറിഞ്ഞ സമയം തന്നെ മകന് ഒരു ചെറുകുറിപ്പ് തയ്യാറാക്കി നല്‍കി. അവനത് ഇംഗ്ലീഷിലാകണമെന്ന് ശഠിച്ചതോടെ , തര്‍ജ്ജിമ ചെയ്തു കൊടുക്കുകയായിരുന്നു. തിരിച്ചെത്തിയ ആവനില്‍ വിശേഷിച്ചൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. ദിനാചരണവുമായി ബന്ധപ്പെട്ട് നിര്‍ബന്ധം നടത്തേണ്ട പരിപാടികളൊന്നും നടന്നിരുന്നില്ല , എന്നതു മാത്രമല്ല , അത്തരമൊരു പരിപാടിയെക്കുറിച്ചു പോലും ബന്ധപ്പെട്ടവര്‍ക്ക് അറിവുണ്ടായിരുന്നില്ല ഏതായാലും , തൊട്ടടുത്ത ദിവസം പ്രസ്തുത കുറിപ്പ് ക്ളാസില്‍ വായിപ്പിക്കാമെന്ന് ടീച്ചര്‍ അവനുറപ്പു നല്‍കിയിരിക്കുന്നു. അത് ഒരുപാട് സന്തോഷം പകരുന്നു.
സ്വാശ്രയ മാനേജ്മെന്റ് സ്ക്കൂളുകളിലടക്കം മലയാള പുസ്തകങ്ങള്‍ കൂടി വായനാ ദിനസരികളില്‍ നിര്‍ബന്ധം ഉള്‍പ്പെടുത്തണം. കാരൂരിന്റെ അധ്യാപക കഥകള്‍, ആര്‍ കെ നാരായണന്റെ ഫാതേഴ്സ് ഹെല്‍പ്പ്, അക്ബര്‍ കക്കട്ടിലിന്റെ പള്ളിക്കൂടം കഥകള്‍ തുടങ്ങിയവയെല്ലാം ഈ ശ്രേണിയില്‍ ഉണ്ടകേണ്ടതാണ്. കുട്ടികള്‍ വായിക്കണം .. സ്നേഹമുള്ളവരായിരിക്കാന്‍.