Fathima Shehna Mohamed
"ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ് ;പശുക്കളെ ഈ മാസം 31 ഓടെ വിൽക്കാൻ ഉത്തരവ് "
മണ്ണും , പെണ്ണും - തലമുറകളുടെ ,പിൻഗാമികളുടെ , ചരിത്രങ്ങളുടെ സന്ദേശ വാഹകരാണ്. അതുകൊണ്ടുതന്നെ അധികാരബലപ്രയോഗം കൊണ്ട് എന്നും അടിമപ്പെടുത്തുന്നതിൽ ഇവ രണ്ടും ഒരു കാലമോ ദേശമോ ഒഴിവായി നിന്നിട്ടില്ല എന്നത് ഓരോ നാടിന്റെയും ചരിത്രങ്ങൾ വിളിച്ചോതുന്നു. പാലസ്റ്റീൻ , ശ്രീലങ്ക , കാശ്‌മീർ , അഫ്ഘാനിസ്ഥാൻ , എന്നീ പേർവഴിയിൽ ഏറ്റവുമൊടുവിലിതാ - ലക്ഷദ്വീപും. അക്രമിച്ചു കൈയ്യടക്കുകയും ഒടുവിൽ തലമുറകളുടെ ചരിത്രങ്ങൾ ഇല്ലാതാക്കുകയും , മാറ്റിക്കുറിക്കുകയും ചെയ്യുക എന്നത് എല്ലാ അധിനിവേശ സംസ്ക്കാരങ്ങളുടെയും സുപ്രധാന ഘടകമാണ്. സുന്ദരമായ ലക്ഷദ്വീപെന്ന നാടും അവിടെ ഓരോ വീടും സമാധാനമായും മാതൃകാപരമായും പതിയെ മുന്നോട്ട് നീങ്ങുകയായിരുന്നു. അവിടങ്ങളിലെ മനുഷ്യരുടെ സമാധാനവും, ജീവിതസംതൃപ്തിയും താരതമ്യങ്ങൾക്കതീതമായിരുന്നു.

ഭാഷയുടെയോ സംസ്കാരത്തിന്റെയോ മതത്തിന്റെയോ കേവലമായ ഒന്നിന്റേയും പേരിൽ അവിടം വിഭജിക്കാനാവില്ല എന്ന ബോധ്യമുള്ള കേന്ദ്ര ബി ജെ പി സർക്കാർ, തക്കതായ അവസരം നോക്കിയിരുന്നു, കഴുകന്റെ സൂക്ഷ്മതയിൽ , തികച്ചും പദ്ധതിയിട്ട ആസൂത്രിത കൈയ്യടക്കൽ പ്രക്രിയയാണ് ഇപ്പോൾ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. തൂത്തുക്കുടി (സ്റ്റെർലൈറ്റ്), കന്യാകുമാരി (കൂടങ്കുളം ), എന്നിവയിൽ ലക്ഷദ്വീപിൽ വരാനിരിക്കുന്ന എന്താണ് ഈ നടപടികൾക്ക് പ്രേരിതമെന്നു ഉടനെ വെളിച്ചത്തു വരിക തന്നെ ചെയ്യും .ഇതൊന്നും യാദൃശ്ചികവുമല്ല .
ദേശത്തിന്റെയും ജനത്തിന്റേയും ക്ഷേമ പഠനങ്ങൾക്ക് ഇക്കാലത്തു വിലയോ മൂല്യമോ നേടാനില്ല എന്ന പശ്ചാത്തലത്തിൽ, എവിടെയൊക്കെ മണ്ണിൽ ഖനിയും ഖനനവും നടക്കുമോ അവിടമെല്ലാം കാൽപ്പാടുകൾ കൊണ്ട് അടയാളപ്പെടുത്തി സ്വന്തമാക്കാൻ വെമ്പൽ കൂട്ടുന്ന ഒരു ഭരണകൂട ഭീകരതയാണിത്. ബഹുഭൂരിപക്ഷ നിരാലംബ യുവതികൾ സ്വരക്ഷക്കായി ഈ സമൂഹത്തിൽ ചെയ്തു വരുന്നത് , 'വ്യക്തി ജീവിതം ', സ്വകാര്യ താല്പര്യങ്ങൾ എന്നിവ ത്യജിച്ചു , സ്വാതന്ത്ര്യം ഹോമിച്ചു , "പിതാ രക്ഷതി കൗമാരേ, പുത്രോ രക്ഷതീ വാർധ്യക്യേ " എന്ന ത്യാഗോജ്വല ജീവിതമാണ്. റിയൽ എസ്റ്റേറ്റ് കൊമ്പന്മാർക്കു , അവരെ പ്രീണിപ്പിച്ചു നിൽക്കേണ്ടി വന്ന ഭരണകൂടത്തിനും തുല്യപങ്കാളിത്തമുള്ള കച്ചവടമാണിത്. അംബരചുംബികളായ കെട്ടിടങ്ങളും , പരവതാനി പോലെ റോഡുകളും ,ചീറിപ്പായുന്ന വ്യോമയാനവും , ആഡംബര വാഹനങ്ങൾക്കും അലങ്കാരപ്പൂന്തോട്ടങ്ങൾക്കും വഴിയൊരുക്കാൻ, വെട്ടിത്തെളിക്കുന്ന പാവം കുറച്ചു മനുഷ്യ ജീവിതങ്ങൾക്ക് എന്താണ് താങ്ങുവില !പുത്തൻ ചരിത്രങ്ങൾ എഴുതപ്പെടാൻ പുതിയ സ്വപ്നങ്ങൾക്ക് ചിറകുകൾ വെക്കുവാൻ അവർക്ക് പുത്തൻ ഒരു ദ്വീപ് കൂടി ലഭിച്ചു.
ഇതുവരെ ഒറ്റക്ക് പോരാടിയ തൂത്തുക്കുടിയും, അതുപോലെ തമിഴകത്തെ തന്നെ അനേകം കൊച്ചു കൊച്ചു മനുഷ്യസമൂഹത്തെയും അക്ഷരാർത്ഥത്തിൽ സമാനമാംവിധം കയ്യടക്കി നശിപ്പിക്കപ്പെട്ട ഇടങ്ങളാണ്. തോക്കിന്മുനയിലും, വൻ സന്നാഹങ്ങളിലും, വെള്ളം ,വൈദ്യുതി , ഇന്റർനെറ്റ് , ടെലിഫോണുകൾ എന്നിവ വിച്ഛേദിക്കപ്പെട്ട് ഒറ്റപ്പെട്ടു തീർത്തും ദ്വീപുകളായി പൊരുതിയ ജനതകൾ. ലക്ഷദ്വീപുകളിലും ഇവ ഓരോന്നായി നടപ്പിൽ വരുന്നു. ചെറുത്തു നിൽപ്പ് സാധ്യമാകുമോ? ഓരോ പെണ്ണും ഓരോ പിടി മണ്ണും അതിന്റെതായ ചരിത്രവും ചാരിത്രബോധവും സ്വയം തീർക്കുന്ന രക്ഷാകവചങ്ങൾ കൊണ്ടാണ് നാളിതുവരേ ചെറുത്തു നിന്നിട്ടുള്ളത്. ഈ പോരാട്ടത്തിൽ ലക്ഷദ്വീപ് സമൂഹത്തിന് എല്ലാവിധ അധികാര ദുർവിനിയോഗപ്രക്രിയകളെയും തരണം ചെയ്ത് അതിജീവിക്കാനാകും എന്നുറപ്പാണ്. ഭരകൂടത്തിന്റെ ആൾബലവും , കായികബലവും , സംഘബലവും , എല്ലാം കുറച്ചു ബഹുരാഷ്ട്ര കുത്തകങ്ങൾ വഴിയുള്ള പണമൊഴുക്കിന്റെ മാത്രം അടിത്തറയിലാണ്. എന്നാൽ , ദ്വീപിന്റെ ചെറുത്തു നിൽപ്പ് തലമുറകളുടേതാണ്, സത്യത്തിന്റേതാണ് , നിലനില്പിന്റേതാണ്. ലക്ഷ്വദീപിന്റെ ജനാധിപത്യ പോരാട്ടത്തോടൊപ്പം ലോക സമൂഹം അണിചേരുക തന്നെ ചെയ്യും.