Afila Elayodath

മതമില്ലാത്ത ചോര

രക്തദാനം മഹാത്തരങ്ങളില്‍ മഹാത്തരങ്ങളായ പ്രവര്‍ത്തങ്ങളില്‍ ഒന്നാണ്. യഥാസമയം രക്തം ലഭ്യമാകാത്തത് / ദൌര്‍ല്ലഭ്യം ഇവയെല്ലാം ലക്ഷക്കണക്കിനു മനുഷ്യജീവനുകളെയാണ് അനുദിനം നഷ്ടമാക്കുന്നത് . രക്തദാനം വ്യാപകമാക്കുകയും അത് വര്‍ഗ്ഗ / വര്‍ /വംശ ഭേദമെന്യേ എല്ലാവര്‍ക്കും പ്രാപ്യമാകുകയും ചെയ്യുക എന്നതാണ് മനുഷ്യത്വത്തിന്റെയും സമഭാവനയുടെയും ഉള്ളടക്കം.

രക്തദാനം സംബന്ധിച്ച് നിരവധിയായ തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. വിശേഷിച്ച് സ്ത്രീകള്‍ രക്തം നല്‍കിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ബാലിശ വാദങ്ങളില്‍ പ്രബലം. രക്ത ദാനത്തിന്റെ പ്രാധാന്യത്തെയും മഹത്വത്തെയും സംബന്ധിച്ച പൊതുബോധം സജീവമാക്കുക, രക്ത ബാങ്കുകളില്‍ കഴിയുന്നത്ര രക്തം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഡി.വൈ.എഫ്. ഐ മലപ്പുറം ജില്ലാ കമ്മിറ്റി യുവതയുടെ രക്തദാനം ക്യാമ്പയിന്‍ ഏറ്റെടുത്തത്.

ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകളെ രക്തദാനത്തിന്റെ ഭാഗഭാക്കും നേത്രുത്വവുമാക്കുക എന്ന സന്ദേശം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു . ഒരു പക്ഷെ കേരള ചരിത്രത്തില്‍ ആദ്യമായാകും വനിതകള്‍ നേതൃത്വം നല്‍കുകയും വനിതകള്‍ മാത്രം പങ്കെടുക്കുകയും ചെയ്ത ഒരു രക്ത ദാന ക്യാമ്പ് നടന്നത് . ഡി.വൈ.എഫ്.ഐ സ്ഥാപക ദി നമായ നവംബര്‍ 03 ന് മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ളഡ് ബാങ്കിലാണ് ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ളോക്ക് യുവതീ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ “യുവതികളുടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും അധികം അംഗങ്ങള്‍ രക്തദാനം നടുത്തന്ന സംഘടനയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ്.

ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മാത്രം ബാഹ്യപ്രേരണയാല്‍ രക്തദാനം നടത്തുന്നവരാണ് ദാതാക്കളില്‍ അധികവും . അടുത്തൊരു ബന്ധുവിന് അടിയന്തിരമായി രക്തം ആവശ്യം വന്നാല്‍പ്പോലും ബ്ളഡ് ബാങ്കുകളെയും പ്രൊഫഷണല്‍ രക്തദാതാക്കളെയും സമീപിക്കുകയും അതു വഴിയൊന്നും രക്തം ലഭ്യമല്ലെങ്കില്‍ മാത്രം സ്വന്തം രക്തം കൊടുക്കാന്‍ സന്നദ്ധത കാണിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. മൊത്തം രക്ത ദാതാക്ക ളില്‍ 30 ശതമാനം മാ ത്രമാണ് സന്നദ്ധ രക്തദാതാക്കള്‍. പുരുഷന്മാര്‍ പോലും മടിച്ചു നില്‍ക്കുന്ന ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകളെ രക്ത ദാ നത്തിന് സന്നദ്ധരാക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു .

രക്ത സ്വീകര്‍ത്താക്കളില്‍ നല്ലൊരു പങ്ക് സ്ത്രീകളാണ്. പ്രസവ ശുശ്രൂഷയു ടെ ഭാഗമായി അടിയന്തിരവും അല്ലാത്തതുമായ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് രക്തം ആവശ്യമായി വരാറുണ്ട് . എന്നാല്‍ സ്ത്രീ സമൂഹ ത്തില്‍ നിന്ന് വെറും 3 ശതമാനം മാത്രമാണ് രക്തദാനത്തിന് തയ്യാറാവുന്നത്. സ്ത്രീകള്‍ രക്തദാനം നടത്തുന്ന ത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നൊരു മിഥ്യാ സമൂഹത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഞങ്ങളുടെ സംരംഭം അത്ര എളുപ്പമാകില്ല നന്നായറിയാമായിരുന്നു.

പക്ഷേ , ആശങ്കകളെ അട്ടിമറിച്ച് ആവേശകരമായ പ്രതികരണമാണ് സ്ത്രീസമൂഹം പ്രകടിപ്പിച്ചത്. ജില്ലയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രത്യേക സാഹചര്യത്തിലും അന്‍പതോളം സ്ത്രീകള്‍ തിരൂര്‍ ബ്ളഡ് ബാങ്കിലെത്തി രക്തം ദാ നം ചെയ്തു. കക്ഷിരാഷ്ട്രീഭേദമെന്യേ നിരവധിപേരാണ് സംരംഭത്തെ സംബന്ധിച്ചറിഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് . ഇത് വല്ലാത്ത ഊര്‍ജ്ജമാണ് പകര്‍ന്നത് . ഒരു വലിയ വിഭാഗം ഒരുപാട് പ്രതീക്ഷയോടെ പ്രവര്‍ത്തനങ്ങളെ ഉറ്റു നോക്കുന്നു എന്ന ബോധ്യം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറാനുള്ള ആര്‍ജ്ജവം നല്‍കി.

പരിപാടിയുടെ പ്രാഥമികഘട്ടം പ്രചരണത്തിന്റെതായിരുന്നു. സുഹൃത്തുക്കളേയും അറിയാവുന്നവരെയും ബന്ധപ്പെട്ട പരിപാടിയുടെ പ്രസക്തി സംബന്ധിച്ച് ബോധ്യ പ്പെടുത്തി. അവരില്‍ കുറച്ചു പേര്‍ ധൈര്യ സമേതം മുന്നോട്ട് വന്നു. പേടിച്ച് മാറി നില്‍ക്കാന്‍ ശ്രമിച്ചവരെ പുരുഷന്മാരെ പോലെ ത ന്നെ സ്ത്രീകള്‍ക്കും രക്തദാ നം നടത്താമെന്നും ആര്‍ത്തവ സമയത്തും ഗര്‍ഭ കാലത്തും മുലയൂട്ടുന്ന സമയത്തും രക്തദാനം പാടില്ല എന്ന ആരോഗ്യപരമായ നിബന്ധന മാത്രമേ സ്ത്രീകള്‍ക്കുള്ളൂ എന്നും ബോധ്യപ്പെടുത്തി. കൂടാതെ രക്ത ദാനത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനുതകുന്ന തരത്തില്‍ ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തു. യുവതികളുടെ രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തത് സാമൂ ഹ്യ ക്ഷേമ വകുപ്പ് അദ്ധ്യക്ഷ ഖമറുന്നീസ അന്‍വറാണ് . രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മറന്ന് ഈ ചരിത്ര ദൌത്യത്തില്‍ പങ്കാളിയാകുകയും പ്രവര്‍ത്തങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

അറുപതിലധികം യുവതികള്‍ രക്തദാനത്തിനു സന്നദ്ധരായി ക്യാമ്പില്‍ എത്തിയെങ്കിലും ഭാരക്കുറവ് / ഹീമോഗ്ളോബിന്‍ തുടങ്ങിയവയുടെ കുറവിന്റെ ഭാഗമായി ചിലര്‍ ഒഴിവാകുകയായിരുന്നു. അവരെല്ലാം തന്നെ ആദ്യാന്തം സംഘാടനത്തില്‍ സജീവമായി. യുവതികളുടെ രക്തദാന പരിപാടിക്ക് സുവ്യക്തമായൊരു രാഷ്ട്രീയമുണ്ട് .അത് മാനവികതയുടേയും പാരസ്പ്പര്യത്തിന്റെയും ഒരുമയുടേയും ഐക്യപ്പെടലാണ്. ചരിത്രപരമായ ഇത്തരം കടമകള്‍ ഏറ്റെടുക്കുന്നതിനും കൃയാത്മകമായി നടപ്പിലാക്കുന്നതിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുന്നൊരുക്കങ്ങള്‍ നടക്കേണ്ടതുണ്ട്. അത്തരം ഒരുക്കങ്ങള്‍ക്കും ആലോചനകള്‍ക്കും യുവതികളുടെ രക്ത ദാനക്യാമ്പ് ഊര്‍ജ്ജമാകുമെങ്കില്‍ വര്‍ത്തമാനത്തിന്റെ ചരിത്രം സ്നേഹത്താല്‍ നിര്‍മ്മിതമായിരിക്കും. കാരണം , ചോരക്ക് മതമില്ലല്ലോ.