Arjun Bhaskaran

നിങ്ങളൊക്കെ ഉണ്ടെന്ന ധൈര്യത്തിലാണ് ഞങ്ങള്‍ ഇവനെ ഇവിടെ ആക്കുന്നത്

1996, ജൂലൈ മാസത്തില്‍ ഒരു പരീക്ഷയൊക്കെ പാസായി ഊരകം എന്ന മൊട്ടക്കുന്നിലെ നവോദയ വിദ്യാലയത്തില്‍ ഞങ്ങള്‍ 86 പേര്‍ ഒരു തകരപ്പെട്ടിയും, പ്ലാസ്റ്റിക് ബക്കറ്റുമായി ചെന്നിറങ്ങി. കൂട്ടത്തില്‍ ഒരു അച്ഛനും, അമ്മയും അവരുടെ പതിനൊന്നു വയസുള്ള മെലിഞ്ഞ ഒരു കുട്ടിയേയും ചേര്‍ക്കാന്‍ വന്നിരുന്നു. കാലുകള്‍ പോളിയോ ബാധിച്ച് ഒരടി നടക്കുമ്പോഴേക്കും വീണു പോകുന്ന ഒരു പയ്യന്‍. തങ്ങളുടെ കുഞ്ഞിന്‍റെ വൈകല്യമൊന്നും ഒരിക്കലും ഒരു കുറവല്ലെന്നും, മറ്റുള്ളവരെ പോലെ അവനും എല്ലാം ചെയ്യാന്‍ കഴിയും എന്നും ഉറച്ച് വിശ്വസിച്ച മാതാപിതാക്കള്‍. അവന്‍റെ കൈകള്‍ എനിക്ക് തന്ന്‍ അവര്‍ പറഞ്ഞത്ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

"നിങ്ങളൊക്കെ ഉണ്ടെന്ന ധൈര്യത്തിലാണ് ഞങ്ങള്‍ ഇവനെ ഇവിടെ ആക്കുന്നത് "

അച്ഛനും അമ്മയും കൂടെയില്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ എല്ലാം പരമാവധി ചെയ്ത് അവന്‍ ഞങ്ങളുടെ കൂടെ തന്നെ വളര്‍ന്നു. ഒരിക്കലും വൈകല്യം അവന്‍റെയും ഞങ്ങളുടെയും ഇടയില്‍ വന്നതേയില്ല. മെല്ലെ മെല്ലെ അവന്‍ നടന്നു തുടങ്ങി. കൂടുതല്‍ ദൂരം..പിന്നെ പതിയെ ഓടി തുടങ്ങി..ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിയും തുടങ്ങി. ആദ്യമൊക്കെ പകരക്കാരനെ ഓടാന്‍ വെച്ച്, പിന്നെ സ്വയം ഓടി..

ഈയടുത്ത് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന എന്‍റെ നവോദയന്‍ കൂട്ടുകാര്‍ ഒരു അവധിക്കാലം ആസ്വദിക്കുന്ന ഫോട്ടോ ഫേസ് ബുക്കിലൂടെ കണ്ടു. മഴയത്ത് ഫുട്ബാള്‍ കളിക്കുകയും, ചളിയില്‍ കിടന്നുരുളുകയും ചെയ്യുന്ന മനോഹരമായ കാഴ്ചകള്‍ അതിനിടയില്‍ അവനുമുണ്ടായിരുന്നു. എന്‍റെ പ്രിയ പൊളിയന്മാരില്‍ വൈകല്യത്തെ പൊരുതി തോല്‍പ്പിച്ച ഒരാള്‍ .. ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം അവന്‍ മാറിയിരിക്കുന്നു. ഞങ്ങളെ പോലെയൊരാളായി. സ്വന്തം കാലില്‍ നിവര്‍ന്നു നിന്ന്‍ വീട്ടുകാരുടെ കാര്യങ്ങള്‍ നോക്കുന്നു.

എന്‍റെ പ്രിയ കൂട്ടുകാരനും, ആ കൂട്ടുകാരന്റെ മാതാപിതാക്കളും തന്നെ എന്റെ  ജീവിതാനുഭവങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ മാതൃകകള്‍ .