Mahesh Panju

സ്‌നേഹസ്വരൂപന്‍ - മോഹനേട്ടന്‍

രണ്ട് മോഹനേട്ടന്മാരാണ് ജീവിതത്തില്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും പര്യായമായി തോന്നിയിട്ടുള്ളത്. ഒന്ന് ഏവര്‍ക്കും പരിചിതനായിരുന്ന കഥാകൃത്ത് മോഹനേട്ടന്‍ (എന്‍. മോഹനന്‍). അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോള്‍ 18 കൊല്ലമാകുന്നു. രണ്ടാമത്തെയാള്‍ കെ.ആര്‍. മോഹനന്‍. രണ്ടുപേരും പൂര്‍ണ്ണതയാര്‍ന്ന സ്‌നേഹസ്വരൂപന്മാര്‍.



വ്യക്തിപരമായി ‘മോഹനേട്ടന്‍’ ഓര്‍മ്മകള്‍ തുടങ്ങുന്നത് 2000-ത്തില്‍ കൈരളി ടി.വി.യുടെ തുടക്കത്തിലാണ്. അന്നവിടെ പ്രൊഡ്യൂസറായി ജോലി നോക്കുമ്പോള്‍ പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്നു മോഹനേട്ടന്‍. ബാബു ഭരദ്വാജ്, ചിന്ത രവി, പി.റ്റി. കുഞ്ഞുമുഹമ്മദ് തുടങ്ങി പൂര്‍ണ്ണ കലാകാരന്മാരുടെ കൊയ്ത്തുത്സവമായിരുന്നു കൈരളി ടി.വി.യുടെ ആദ്യകാലം. ഞാന്‍ ആദ്യം കൈരളി ടി.വിക്ക് വേണ്ടി ചെയ്ത ‘കലാലയവര്‍ണ്ണങ്ങള്‍' എന്ന ക്യാമ്പസ് ഷോക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും മോഹനേട്ടനായിരുന്നു. കൈരളി ടി.വി.യുടെ സുവര്‍ണ്ണ കാലഘട്ടമായ 2000-2002-കളി കൈരളിയുടെ തലവാചകം പോലെത്തന്നെ അതിനെ വേറിട്ടൊരു ചാനലാക്കിയത് മോഹനേട്ടന്റെ ദീര്‍ഘവീക്ഷണവും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹക്കൂട്ടും തന്നെയാണ്.



വലിപ്പചെറുപ്പമില്ലാത്ത പെരുമാറ്റവും എന്താവശ്യത്തിനും എപ്പോഴും സമീപിക്കാന്‍ പറ്റുന്ന ഇടപെടലും മോഹനേട്ടനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തി. വിദ്വേഷങ്ങളില്ലാത്ത മനുഷ്യരുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് മോഹനേട്ടന്‍! കൈരളി ജീവിതത്തിനു ശേഷം മോഹനേട്ടനോട് അടുത്ത് പെരുമാറുന്നത് കഴിഞ്ഞ ഒരു വര്‍ഷക്കാലമാണ്. 2016 ആഗസ്റ്റില്‍ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍ മോഹനേട്ടന്‍ ഭരണസമിതി അംഗമായി വന്നു ചേര്‍ന്നു. ഞങ്ങള്‍ക്കെല്ലാം നേതൃത്വം നൽകി അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മോഹനേട്ടന്‍ വിട്ടുപിരിയുന്നത്.



കാര്യകാരണങ്ങളില്ലാതെ കൈരളി ടി.വി. വിടേണ്ടി വന്നതും 2004- പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റ് സിനിമയാക്കാന്‍ പറ്റാത്തതും മോഹനേട്ടന് ജീവിതത്തില്‍ വേദനയുളവാക്കിയ കാര്യങ്ങള്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയേറെ സ്‌നേഹസൗഹൃദങ്ങളുള്ള, സഹജീവികളാല്‍ ഒരിക്കലെങ്കിലും വെറുക്കപ്പെടാത്ത കലാകാരന്‍! നിറഞ്ഞ സ്‌നേഹം മാത്രം അവശേഷിപ്പിച്ച് വിട്ടു പിരിഞ്ഞിരിക്കുന്നു. സാംസ്കാരിക കേരളം അദ്ദേഹത്തെ എക്കാലവും ഓര്‍ക്കുക തന്നെ ചെയ്യും.