Dr Anishia Jayadev

ദി വെജിറ്റേറിയന്‍ വായിക്കുമ്പോള്‍

അത്യധികം ഘോഷിക്കപ്പെട്ട ദി വെജിറ്റേറിയന്‍ , സൗത് കൊറിയന്‍ നോവലിസ്റ്റ് ഹാന്‍ കാനിന്റെ നോവെല്ലയാണ്. നോവെല്ല എന്നാല്‍ നോവലോളം വലുതോ നീണ്ടകഥയോളം ചെറുതോ അല്ലാത്ത ഒരു ആഖ്യായിക .മൂന്നു വ്യത്യസ്ഥ ഘട്ടത്തില്‍ എഴുതപ്പെട്ട വെജിറ്റേറിയന്‍, ദി മംഗോളിയന്‍ മാര്‍ക്, ഫ്‌ളൈയ്മിങ് ട്രീസ് എന്നീ നീണ്ടകഥകളുടെ ചേര്‍ത്തെഴുത്താണ്. ആദ്യനീണ്ടകഥയ്‌ക്കൊരു മുന്നെഴുത്തു ദി ഫ്രൂട്ട് ഓഫ് മൈ വുമണ്‍ എന്ന ചെറുകഥയാണ്. കൊറിയന്‍ ഭാഷയില്‍ നിന്ന് ഡെബോറ സ്മിത്ത് ആംഗലേയത്തിലേക്കു മൊഴിമാറ്റി ഈ കൃതിയെ ഡെബോറയുടെ തര്‍ജ്ജമയും ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഇതൊരു ഭാഷാന്തരമാണ് എന്ന് തെല്ലും തോന്നിക്കുന്നില്ല. കാനിന്റെ യുക്തി ഭദ്രമായ രചനാരീതിക്കു തെല്ലും കോട്ടം വന്നിട്ടില്ല തര്‍ജമ ചെയ്തപ്പോള്‍ എന്ന് ഉറപ്പിക്കാം. നിരാകുലമായ ശാന്തതയും രക്തമുറയ്ക്കുന്ന ഭയാനകതയും അനുഭവവേദ്യമാകുന്നുണ്ട് വായനയില്‍. മൂന്നു വ്യത്യസ്ത വ്യക്തികളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഈ മൂന്നു നീണ്ടകഥകളും (ഇവിടെ ഖണ്ഡോപഖണ്ഡം പ്രതിപാദിക്കുന്നു) കാന്‍ ചൊല്ലിക്കേള്‍പ്പിക്കുന്നത്.


25489025._UY475_SS475_

ഖണ്ഡം 1 : വെജിറ്റേറിയന്‍


'I had a dream' വിചിത്രമായ അവളുടെ പെരുമാറ്റത്തിനും പെട്ടന്ന് സസ്യാഹാരത്തിലേക്കുള്ള പരിവര്‍ത്തനത്തിലേക്കുമുള്ള അവളുടെ മറുപടി ഇതായിരുന്നു. അത് പല ഘട്ടത്തിലും ആവര്‍ത്തിക്കയും ചെയ്തുകൊണ്ടേയിരിക്കുന്നു . മാംസാഹാരി സസ്യാഹാരിയാകുന്നത് വിചിത്രമോ അസംഭാവ്യമോ അല്ല . ചിയാങിന് (ഭര്‍ത്താവ് ) തന്റെ സഹധര്‍മിണി യാങ് ഹെയുടെ (നായിക ) പൊടുന്നനവേയുള്ള മാറ്റത്തെ സംശയിക്കാനോ ഭയപ്പെടാനോ യാതൊരു കാരണവുമില്ലായിരുന്നു. കാരണം അവര്‍ തികച്ചും ലളിതമനസ്‌കയായ, സാധാരണക്കാരിയായ ഒരു യുവതിയായിരുന്നു. ആകെ അസാധാരണമെന്നു അവളുടെ ജീവിതത്തില്‍ അയാള്‍ കണ്ടിട്ടുള്ളത് അടിയുടുപ്പിനോടുള്ള അവളുടെ വിരോധമൊന്നുമാത്രമാണ്. ആ വിരോധം മാറ്റിയെടുക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും വളരെ അസ്വാഭാവികവും ബാലിശവുമായ ന്യായങ്ങള്‍ കൊണ്ട് അവള്‍ അതിനെ പ്രതിരോധിച്ചു. പിന്നെ അയാള്‍ അതേക്കുറിച്ചു വ്യാകുലപ്പെട്ടില്ല.


15Mun-superJumbo


എല്ലാം ആരംഭിച്ചതു അതിനു തൊട്ടു മുന്‍ വര്‍ഷത്തെ ഫെബ്രുവരിയിലാണ്. രാവുടുപ്പുകള്‍ മാത്രമണിഞ്ഞു പട്ടാപകല്‍ അവള്‍ അടുക്കളയില്‍ വിദൂരതയിലേക്ക് നോക്കി നിന്ന ആദിവസം. ആ നില്‍പ് ഞങ്ങളുടെ ജീവിതം സംഭ്രമിപ്പിക്കുന്ന ഒരു അധ്യായത്തിലേക്കു കടക്കുന്നതിന്റെ സൂചനയായി എനിക്ക് തോന്നിയില്ല, അയാള്‍ പറയുന്നു. 'എന്താണ് ഇവിടെ നില്‍ക്കുന്നത്, അയാള്‍ (ചിയോങ്) അവളോട് (യോങ് ഹായ്) സംസാരിക്കാന്‍ ശ്രമിക്കുന്നു. ഒന്നിനും ഒരുത്തരവും ലഭിക്കുന്നില്ല. ഏറ്റവും രുചികരമായി മാംസവിഭവങ്ങള്‍ പാചകം ചെയ്തിരുന്ന അവള്‍, ഇറച്ചിയും അനുബന്ധ ഭക്ഷ്യപദാര്‍ഥങ്ങളും എന്തിന്, പാലും പാല്‍ ഉത്പന്നങ്ങള്‍ പോലും ദൂരെ കളയുന്നു. റെഫ്രിജറേറ്ററില്‍ നിന്ന് പുറത്തേക്കെറിയപ്പെട്ട മാംസാഹാരങ്ങള്‍ മറ്റു പദാര്‍ഥങ്ങള്‍ ,ഒക്കെ കുറച്ചു നാള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് അയാള്‍ സ്വാഭാവികമായി പ്രതീക്ഷിച്ചിരുന്നു. ഒരു സാധാരണ മനുഷ്യനായ അയാള്‍ക്ക്, 'ക വമറ മ റൃലമാ.' എന്ന പുലമ്പലിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചില്ല.അയാളെ സംബന്ധിച്ചു തികച്ചും സാധാരണക്കാരിയായ അവള്‍ എന്നും ഒരേ തരത്തില്‍ തന്നെ പെരുമാറിയതായി മാത്രമേ ഓര്‍മ്മയുള്ളൂ. അയാള്‍ ടെലിവിഷന്‍ കാണുമ്പോള്‍ പലപ്പോഴും അവള്‍, അവളുടെ ഒരേ ഒരു വിനോദമായ വായനയില്‍ മുഴുകി. എന്നാല്‍ ഇപ്പോഴിതാ അവളുടെ ഭക്ഷണ രീതി തന്നെ ചോറും ലെറ്റൂസ് ഇലയും മാത്രമായി ചുരുങ്ങി. സ്വതവേ മെലിഞ്ഞ അവള്‍ കാലക്രമേണ അസ്ഥിമാത്ര വിശേഷയായി.അയാള്‍ ആകെ വലഞ്ഞത് അവര്‍ ക്രമേണ ലൈംഗിക ബന്ധം നിഷേധിച്ചപ്പോഴാണ്. അങ്ങനെയൊന്നു മുന്‍പ് സംഭവിച്ചിട്ടേയില്ല , അവള്‍ അയാളുടെ ആഗ്രഹങ്ങള്‍ക്കൊത്തു സഹകരിക്കുക മാത്രമല്ല ചിലപ്പോഴൊക്കെ മുന്‍കൈ എടുക്കാറുമുണ്ടെന്നയാള്‍ ഓര്‍ക്കുന്നു. ഇപ്പോഴിതാ, പരോക്ഷമായ എതിര്‍പ്പോടു കൂടെ അവള്‍ അയാളുടെ ആവശ്യങ്ങള്‍ നിഷേധിക്കുന്നു. കാരണമായി അവള്‍ പറഞ്ഞ കാരണമാണ് അയാളെ ബുദ്ധിമുട്ടിച്ചത്, 'അയാളെ മാംസം മണക്കുന്നു, വിയര്‍പ്പു ഗ്രന്ധികളില്‍ നിന്ന്', എന്ന അവരുടെ ആരോപണം അയാളില്‍ അശുഭ ചിന്ത നിറച്ചു. അവളെ സ്വാഭാവികാവസ്ഥയിലേക്കു കൊണ്ട് പോകാനുള്ള ഒരു ശ്രമവും വിജയിക്കുന്നില്ല. നാള്‍ക്കു നാള്‍ അവള്‍ ക്ഷീണിക്കുന്നു. ഒരു പാര്‍ട്ടിക്കു പോയ വേളയില്‍ പെട്ടന്ന് സസ്യാഹാരിയായിത്തീര്‍ന്നതിനെക്കുറിച്ചും അവളുടെ ക്ഷീണത്തെ കുറിച്ചും മറ്റുള്ളവരുയര്‍ത്തിയ ചോദ്യത്തിന് അവള്‍ പിന്നെയും കൊടുക്കുന്ന മറുപടി ,'I had a dream' എന്ന് മാത്രമായിരുന്നു. ഇനിയും ഈ വിഷയത്തില്‍ ഉദാസീനത കാണിക്കരുത് എന്ന് ഇത് അയാളെ ബോധ്യപ്പെടുത്തുന്നു. അവളുടെ അമ്മയുടെ ഒരു കര്‍ട്‌സി കാള്‍ (സുഖവിവരം അന്വേഷിച്ചുള്ള ഫോണ്‍ സന്ദേശം ) ലഭിച്ച അയാള്‍ തന്റെ ഭാര്യയുടെ വിചിത്രമായ രീതികള്‍ അവരെ ധരിപ്പിക്കുന്നു.


പാട്രിയാര്‍ക്കിയുടെ കടന്നുകൂടലുകൾ


അവള്‍ മാംസം കഴിക്കുന്നില്ല, വല്ലാതെ ക്ഷീണിക്കുന്നു എണ്ണത്തേക്കാള്‍ അവളുടെ 'അമ്മയെ വ്യാകുലപ്പെടുത്തുന്നതു ആ അവസ്ഥ മരുമകന് ആക്ഷേപകരമാകുമല്ലോ എന്നതാണ് . അമ്മ അവളെ ഉപദേശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ടെലിഫോണ്‍ കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത അവളുടെ അച്ഛന്‍ ഒരാഴ്ച കഴിഞ്ഞു ഫോണിലൂടെ അവളെ ശാസിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഗോത്രത്തലവന്റെ തലപ്പൊക്കമുള്ള അദ്ദേഹം നിരുപാധികം മരുമകനോട് മാപ്പപേക്ഷിക്കുന്നു .


1_vrJyc7extniKOhVJG3zkUA


അടുത്ത സന്ദര്‍ഭത്തില്‍ തന്നെ അവളുടെ മാതാപിതാക്കള്‍ അനുരഞ്ജനത്തിനായി എത്തുന്നു, വിവിധതരം മാംസ്യാഹാരങ്ങള്‍ തയ്യാറാക്കി കരുതിയിട്ടുണ്ട് 'അമ്മ .അവര്‍ അവയൊക്കെ അവളെ തീറ്റിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ മാംസം കഴിക്കില്ല എന്ന് മാത്രം അവള്‍ പറയുന്നുണ്ട്. അമ്മയും അച്ഛനും ബലം പ്രയോഗിക്കുന്നു. അവള്‍ സ്വയം മുറിവേല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് അച്ഛന്റെ കടുംപിടിത്തം കൊണ്ടുചെന്നെത്തിക്കുന്നു. അവളുടെ ഓര്‍മ്മകള്‍ കുട്ടിക്കാലത്തേക്ക് അവളെ കൊണ്ടുപോയി. കുടുംബത്തിലെ ഭരണാധിപതിയായ അച്ഛന്റെ ക്രൂരത സ്വപ്നത്തിലെന്നോണം അവള്‍ കാണുന്നു . തന്നെ കടിച്ച വളര്‍ത്തു നായെ ദയനീയമായി കൊന്നു ഭക്ഷണമാക്കിയതും നായുടെ ദയനീയമായ നോട്ടവുമൊക്കെ അവളുടെ മനസ്സില്‍ തെളിയുന്നു.


അവള്‍ സ്വപ്നതുല്യമായ ഒരു വിഭ്രാന്തിയിലാണ്. അച്ഛനുമായുള്ള മല്‍പ്പിടിത്തമുളവാക്കിയ പരുക്കില്‍ നിന്നുള്ള ക്രമാതീതമായ രക്ത വാര്‍ച്ച കണ്ടു കരയുന്ന അമ്മയെ അവള്‍ തിരിച്ചറിയുന്നില്ല. ആകെ അവള്‍ ബുദ്ധിമുട്ടുന്നത് പുറത്തേക്കു കളയാന്‍ സാധിക്കാത്ത ഒരു മുഴ അവളുടെ തൊണ്ടയില്‍ ഇരിക്കുന്നു എന്ന തോന്നലാലാണ്. അത് കളയാനായി അവള്‍ വല്ലാതെ ബദ്ധപ്പെടുന്നുണ്ട്. ഒരാള്‍ സസ്യാഹാരിയാകുന്നത് മനസിലാക്കാന്‍ അയാള്‍ക്കോ വായനക്കാര്‍ക്കോ ബുദ്ധിമുട്ടില്ല, എന്നാല്‍ യോങ് ഹായ് എന്താണ് വിചിത്രമായി പെരുമാറുന്നതെന്ന് വായനയില്‍ അവരെ, അവരുടെ ചിന്തകളെ, സ്വപ്നങ്ങളെ, അനുധാവനം ചെയ്യുന്ന നമുക്ക് മനസിലാകുവോളം അയാള്‍ക്ക് മനസിലാവില്ല. അയാളെ അമ്പരപ്പിച്ചുകൊണ്ട് അരഭാഗംവരെ നഗ്‌നയായി ആശുപത്രിയുടെ തോട്ടത്തില്‍ അവള്‍ ഇരുന്നു. വെയില്‍ കായുന്നിടത്തു കൈയ്യില്‍ ചുരുട്ടിപ്പിടിച്ച ചത്തുപോയ ചെറുകിളിയുടെ തൂവല്‍ നക്ഷപ്പെട്ട ദൈന്യതയില്‍ ആദ്യ ഭാഗം അവസാനിക്കുന്നു , ഭര്‍ത്താവിന്റെ കഥനം ഇവിടെ സമാപ്തം. ഭര്‍ത്താവളെ ഉപേക്ഷിച്ചെന്നത് എടുത്തു പറയണോ? ഭൂതദയയില്‍ അധിഷ്ഠിതമായ ഒരു വികാരം പുരുഷാധിപത്യ സ്വഭാവമുള്ള, ആഹാരവും രതിയും സ്‌നേഹത്തേക്കാള്‍ മുകളിലുള്ള ഒരിടത്തു പ്രതീക്ഷിക്കേണ്ടതില്ല .


രണ്ടാം ഖണ്ഡം : മംഗോളിയന്‍ മാര്‍ക്ക്.


ചെറിയ കുട്ടികള്‍ക്ക് പൃഷ്ട ഭാഗത്തു കാണുന്ന കരിംപച്ചപ്പാടാണ് കഥാതന്തു. ഈ കഥ നമ്മള്‍ കേള്‍ക്കുക, അവളുടെ സഹോദരീ ഭര്‍ത്താവായ പേരില്ലാത്ത ചിത്രകാരന്റെ ആഖ്യായനമായാണ്. ഇന്‍ ഹായ് എന്ന ചേച്ചിയെ അപേക്ഷിച്ചു തികച്ചും അനാകര്‍ഷകമായ രൂപവും ഭാവവും ഉള്ളവളാണ് യോങ് ഹായ്. എന്നാല്‍ പേരില്ലാത്ത ചിത്രകാരനും വീഡിയോഗ്രാഫറുമായ അയാള്‍ അവളെ തന്റെ ഭാവനയുടെ അധിഷ്ഠാന ദേവതയാക്കി മാറ്റുന്നു . സ്വയം തരു ലതാദികളോട് താദാത്മ്യം പ്രാപിച്ച കഥാനായികയുടെ പുറത്തു അതിമനോഹരമായി ഇലകളും പൂക്കളും വരച്ചു ചേര്‍ക്കയും അവളുമായി രതിയില്‍ ഏര്‍പ്പെട്ടുന്നതു വീഡിയോയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു . ഈ പ്രവര്‍ത്തി അവര്‍ക്കു ലൈംഗികമല്ല പ്രകാശ സംശ്ലേഷണം പോലെ സസ്യകമായ ഒന്നാണ് . എന്തുകൊണ്ട് അവള്‍ സസ്യമായി തീരാന്‍ ആശിക്കുന്നു എന്നതൊരിക്കലും നമുക്കറിയാനാവില്ല, എന്നാലും വൃക്ഷലതാദികള്‍ അക്രമരാഹിത്യത്തിന്റെ പ്രതീകമായതിനാലാവാം, മാംസം ഹിംസാത്മകമായതിനാലാവാം എന്ന് അനുമാനിക്കുകയെ മാര്‍ഗമുള്ളൂ. അനുജത്തിയുടെ പൃഷ്ട ഭാഗത്തുള്ള മംഗോളിയന്‍ മാര്‍ക്കിനെക്കുറിച്ചയാളോട് ഭാര്യയാണ് പറഞ്ഞത്. കേട്ട മാത്രയില്‍ തന്നെ നിതംബത്തില്‍ നിന്ന് പുറത്തേയ്ക്കു വിടരുന്ന ഒരു ചിത്രം അയാളുടെ മനസ്സില്‍ അയാള്‍ വിരിയിക്കുന്നു. അയാള്‍ അയാളുടെ വര്‍ക് ബുക്കില്‍ ആ ചിത്രം വരയ്ക്കുന്നു. നിയന്ത്രിക്കാനാവാത്ത ലൈംഗിക ത്വര അയാള്‍ക്കുണ്ടാകുന്നു , അയാള്‍ ഉത്തേജിതനാകുന്നു. തീര്‍ച്ചയായും അയാളുടെ സ്വപ്നങ്ങളില്‍ ഭാര്യാ സഹോദരിയായിരുന്നു. ഉത്തേജിതമായ വികാരങ്ങള്‍ അയാളുടെ കലയിലെ മാസ്റ്റര്‍ പീസിലേക്കുള്ള യാത്രയായി അയാള്‍ക്ക് അനുഭവപ്പെടുന്നു. അവളെക്കുറിച്ചുള്ള ഓരോന്നും അയാള്‍ക്ക് ഉത്തേജനം നല്‍കുന്നു. വീട്ടില്‍ എത്തുന്ന അയാളോട് അനിയത്തിയുടെ വിവാഹമോചനത്തെക്കുറിച്ചു ഭാര്യ വ്യാകുലപ്പെടുന്നു. 'ഞാന്‍ അവളെപോയി ഒന്ന് കാണട്ടെ, നാളെ ' ഭാര്യയോടായാള്‍ തിരക്കുന്നു. അവള്‍ക്കതില്‍ സന്തോഷമേ ഉള്ളൂ. ഭാര്യയോട് മാസങ്ങളായി ലൈംഗിക വിരക്തിയനുഭവിച്ചിരുന്ന അയാള്‍ പൊടുന്നനെ ഉത്തേജിതനാകുന്നു. തീര്‍ച്ചയായും അത് അവളോടുള്ള അഭിവാഞ്ചയാല്‍ അല്ല തന്നെ.


images


അടുത്ത ദിവസം കുറച്ചു പഴങ്ങളുടെ കൂടയുമായയാള്‍അവളെ കാണാന്‍ പോകുന്നു. തുറന്നിട്ട വീട്ടിലെ ഉള്‍മുറികളിലൊന്നില്‍ നഗ്‌നയായ അവളെ അയാള്‍ കണ്ടു. തികച്ചും സ്വാഭാവികമായി വസ്ത്രം ധരിക്കുന്ന അവള്‍ , വീട്ടില്‍ ഒറ്റയ്ക്കായാല്‍ ഞാന്‍ ഇങ്ങനെയാണെന്നു പറയുമ്പോഴേക്കും അയാള്‍ ഉത്തേജിതനാകുന്നു. ബുദ്ധിമുട്ടോടെ അവളോട് തനിക്കു മോഡല്‍ ആകണം എന്ന് വിവരിക്കുന്നു. അതിനു നഗ്‌നതാവസ്ഥയില്‍ ആവണം എന്ന അയാളുടെ നിര്‍ദേശത്തിനു അവളുടെ ഉത്തരം, നിങ്ങള്‍ എന്റെ ദേഹത്ത് പൂക്കളും ചെടികളും വരയ്ക്കുമോ എന്ന് മാത്രമായിരുന്നു.സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ അയാള്‍ അവളുടെ ശരീരത്തിന്റെ പുരോ ഭാഗത്തു ചിത്രം വരയ്ക്കുന്നു.പിന്കഴുത്തില്‍ തുടങ്ങി മംഗോളിയന്‍ ആടയാളം വരെ. എന്നിട്ടു അത് മനോഹരമായി ഛായാഗ്രഹണം ചെയ്യുന്നു. മണിക്കൂറുകളോളം ചിത്രം വരച്ചെങ്കിലും അയാള്‍ അവളെ സ്പര്‍ശിക്കുന്നില്ല. എന്നാല്‍ അയാള്‍ പൂര്‍ണമായും അവളില്‍ ലൈംഗികമായി ആകര്‍ഷിക്കപ്പെടുന്നതായും അതിലേറെ അവളോട് താത്പര്യം ജനിക്കുന്നതായും മനസിലാക്കാം.


6406163-VVSNBHCC-7


ആണും പെണ്ണുമായി രണ്ടു മോഡലുകളുടെ ഛായാചിത്രം അയാളുടെ വര്‍ക്ക് ബുക്കില്‍ അയാള്‍ വരയ്ക്കുന്നു. കൂട്ടുകാരന്റെ സ്റ്റുഡിയോവില്‍ ഒരു പുരുഷ മോഡല്‍, ജെ എന്നാണ് അയാളെ പരാമര്‍ശിച്ചിരിക്കുന്നത് , ചിത്രീകരണത്തിനായി ക്ഷണിക്കുന്നു. ഒരു സ്ത്രീയുടെ കൂടെ നഗ്‌നനായി കല അവതരിപ്പിക്കുന്നതിലും ചിത്രീകരിക്കപ്പെടുന്നതിലും അയാള്‍ അത്ര സന്തുഷ്ട്ടനല്ല. എന്നാല്‍ നിര്‍ബന്ധത്തിനു വിധേയമായി അയാള്‍ എത്തുന്നു. സ്റ്റുഡിയോവില്‍ നഗ്‌നതാവസ്ഥയില്‍ അയാളുടെ ലിംഗം സ്ത്രീ കേസരമാക്കി വലിപ്പമുള്ള ചിത്രം വരയ്ക്കുന്നു. അവളുടെ ശരീരത്തില്‍ രണ്ടു ദിവസം മുന്‍പ് വരച്ച തരുലതാദികളുണ്ട്. ചിത്രകാരന്‍ എന്താണോ തന്റെ വര്‍ക്ക് ബുക്കില്‍ വരച്ചത്, അത് കണ്ടിട്ടെന്നമട്ടിലുള്ള ചലനങ്ങളാണ് അവള്‍ നടത്തുന്നത്. രതിയുടെ ചലനങ്ങള്‍. മൈഥുനത്തിലേക്കാണ് അവളുടെ ഉടല്‍ നൃത്തം വച്ച് ചെല്ലുന്നത്. ജെ ഞെട്ടലോടെ അകന്നു മാറുന്നു, അവളുടെ സഹോദരി ഭര്‍ത്താവിനോട് കലഹിക്കുന്നു. ഒരു വേശ്യയല്ല അവള്‍ എന്ന് അയാള്‍ക്ക് ബോധ്യമുണ്ട്. എന്നിട്ടും എന്തിനാണ് ഇത്തരം ഒരു ചിത്രീകരണം എന്നത് അയാളെ അതിശയിപ്പിക്കുന്നു. I am going to stop this before it gets any worse.....Don’t thinks I’m some kind of prude (ലജ്ജാലു ). I agreed to do it because I was curious, but I just can’t go through with it. പൊട്ടിത്തെറിച്ചു അയാള്‍ അവിടെനിന്നു പെട്ടന്ന് പോകുന്നു.


സഹോദരീ ഭര്‍ത്താവ് മുറി ചാരി അവളെ സമീപിക്കുന്നു. എന്നാല്‍ ഉത്തേജിതയായിരുന്നെങ്കിലും അവള്‍ അയാളെ നിഷ്‌കരുണം അകറ്റി ഇങ്ങനെ പറയുന്നുIt wasn’t him, it was the flowers…ഇതിനുമുന്‍പ് ഇത്രമാത്രം ഒന്നും എന്നെ മോഹിപ്പിച്ചിട്ടില്ല, അവള്‍ തുടരുന്നു. അയാളുടെ മുകളില്‍ വരച്ചു ചേര്‍ത്ത ആ പൂക്കള്‍, സത്യം പറയട്ടെ, പുഷ്പങ്ങളോട് രതിക്രീഡ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. (നാല്പത്തിയേഴാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ വാനപ്രസ്ഥം എന്ന സിനിമ ഭീമനില്‍ (കഥകളി വേഷത്തില്‍ )നിന്ന് കുഞ്ഞിനെ ആഗ്രഹിക്കുന്ന സുഭദ്രയെ ഓര്മ വരുന്നുണ്ടോ )അയാള്‍ പൊടുന്നനവെ ചോദിക്കുന്നു. എന്റെ പുറത്തു ഞാന്‍ ചിത്രം വരയ്ക്കട്ടെ, എന്നാലോ, എന്നിട്ടു ഞാന്‍ അത് ചിത്രീകരിക്കട്ടെ ? തെല്ലു സങ്കീര്‍ണ ഭാവത്തില്‍ അവള്‍ ചിരിച്ചു. അയാള്‍ അപ്പോള്‍ തന്നെ മരിച്ചു പോയെങ്കില്‍ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നു. അയാള്‍ കരയുന്നു.


പുറത്തു ചിത്രം വരച്ച അയാളും അവളും രതിയില്‍ ഏര്‍പ്പെടുന്നു. അത് ചിത്രീകരിക്കുന്നു. ഉറങ്ങി ഉണരുന്ന അയാളെ ഞെട്ടിച്ചുകൊണ്ട് ഭാര്യ കസാലയില്‍ ഉണ്ട്. 'നിങ്ങള്‍ക്കെങ്ങനെ അവളോട് ഇത് ചെയ്യാന്‍ തോന്നി', അവള്‍ നടുങ്ങുന്നു. അവള്‍ (അനിയത്തി )സമനില തെറ്റിയവളല്ലേ, നോക്ക് അവളുടെ കോലം ! അവള്‍ അയാളുടെ വിശദീകരണങ്ങള്‍ക്കു ചെവി കൊടുക്കുന്നില്ല, മറിച്ചു മാനസികാരോഗ്യകേന്ദ്രത്തിലേക്കു ഫോണ്‍ ചെയ്യുന്നു, അനുജത്തിയേയും ഭര്‍ത്താവിനെയും ഏല്പിക്കാനായി. ഭാര്യാസഹോദരിയുടെ മംഗോളിയന്‍ മാര്‍ക്കില്‍ പുരണ്ട തന്റെ ഉമിനീരില്‍ അയാളുടെ കണ്ണുടക്കുന്നു.അയാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു, എന്നാല്‍ സാധിക്കുന്നില്ല. അകലെ നിന്ന് മാനസികാരോഗ്യആശുപത്രിയുടെ ആംബുലന്‍സിന്റെ ശബദം കേള്‍ക്കാം. ഇവിടെ രണ്ടാം നോവെല്ല അവസാനിക്കുന്നു.


ഖണ്ഡം 3 : ഫ്‌ളൈമിങ് ട്രീസ് (ജ്വലിക്കുന്ന മരങ്ങള്‍)


ചേച്ചിയാണ് ഇവിടെ കഥാകഥനം ചെയുന്നത് . മഴയാണ് പശ്ചാത്തലം. മാസങ്ങളായി, യോങ് ഹൈ, മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ആ ദിവസം, അവരെ ആ ഇടത്തില്‍ നിന്ന് കാണാതാവുകയും കുറെ നേരത്തെ തെരച്ചിലിന് ശേഷം തിരിച്ചു കിട്ടുകയും ചെയ്യുന്നുണ്ട്. പരിസരത്തെ വനത്തില്‍ നിന്നാണ് അവളെ കിട്ടിയത്. ചേച്ചി ഇന്‍ ഹൈയുടെ മകന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. (കഥയില്‍ അതിനു വലിയൊരു പ്രാധാന്യമില്ല. സിംഗിള്‍ മദര്‍, സിംഗിള്‍ കെയര്‍ പ്രൊവൈഡര്‍ എന്ന നിലയിലെ അവളുടെ സംഘര്‍ഷങ്ങള്‍ സൂചിപ്പിച്ചുവെന്നു മാത്രം.) മുന്നനുഭവങ്ങളുടെ പശ്ചാത്തലത്തിലാവണം, അനിയത്തി ഒരു തിളക്കമുള്ള മരമായി മാറിയതായി ഉറക്കത്തില്‍ അവള്‍ക്കു തോന്നുന്നു. 'സഹോദരി, ഞാന്‍ കൈകുത്തി നില്കയാണ്,' സ്വപ്നത്തില്‍ അനിയത്തി പറയുന്നു . കാലുയര്‍ത്തി ആവുംവിധം വിടര്‍ത്തി, കൈ വേരുപോലാഴ്ത്തിയാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ കാലുകള്‍ കവരം പോലെ വിടരുന്ന ഇടത്തു നിന്നും പൂക്കള്‍ വിരിയണം. ' സ്വപ്നം അവസാനിക്കുന്നു. അവള്‍ക്കു അവളുടെ ഉദാസീനനായ ഭര്‍ത്താവിനെ ഓര്‍മ്മവരുന്നു. അയാള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെതന്നെയാണ് . മകന്റെ ചോദ്യത്തിന്, നമ്മുടെ വീട്ടില്‍ ഒരു അച്ഛന്‍ ഇല്ല, നമ്മള്‍ രണ്ടുപേര്‍മാത്രമേ ഉള്ളൂ എന്ന് അവള്‍ ഉത്തരം പറയുന്നു.


ആശുപത്രിയില്‍ എത്തിയ അവള്‍ ഇപ്പോള്‍ ഒരു മരത്തെപ്പോലെ തന്നെയാണ് അനിയത്തി എന്ന് തിരിച്ചറിയുന്നു. അവള്‍ ആഹാരം കഴിക്കുന്നില്ല, വെള്ളം മാത്രമാണ് കുടിക്കുന്നത്. അവള്‍ പറയുന്നു, 'ചേച്ചി, അവര്‍ പറയുന്നത് എന്റെ ആന്തരികാവയവങ്ങളൊക്കെ ചുരിങ്ങിപ്പോയെന്നാണ്. എനിക്കറിയാം ഞാന്‍ ഇനി ഒരു മൃഗമല്ല,അതിനാല്‍ തന്നെ എനിക്ക് ഭക്ഷണം കഴിക്കേണ്ടതില്ല എന്ന്. എനിക്ക് സൂര്യപ്രകാശം മാത്രം മതി. അധികം താമസിയാതെ എന്റെ വാക്കുകളും ചിന്തയുമൊക്കെ എന്നെ വിട്ടു പോകും. കുറച്ചുകൂടി കാത്തിരിക്കൂ ചേച്ചി , അവള്‍ അതി വിചിത്രമായ ഒരു ചിരിയോടെ പറഞ്ഞു നിറുത്തി.


download


ഫ്‌ളെമിങ് ട്രീസ് എന്ന അവസാന ഭാഗം സഹോദരിമാരെ അവരുടെ സംഘര്‍ഷാത്മകമായ വളര്‍ച്ചകാലഘട്ടവുമായി സമരസപ്പെടുത്തുന്നു. മൂത്തവള്‍ അനിയത്തിയെ പിന്നെയും പിന്നെയും അവളുടെ ബാല്യകാലത്തെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചുള്ള ഓര്മയുണര്‍ത്താന്‍ ശ്രമിക്കയും എന്നാല്‍ ദുര്‍ഗ്രാഹ്യമായ അവളുടെ ആഗ്രഹങ്ങളെയും ഉദ്ദേശങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.


ഈ ഗംഭീര ആഖ്യായികയില്‍ മനുഷ്യര്‍ ദുര്‍ഗ്രഹരാണ്. കാങ് തന്റെ മൂന്നു വ്യത്യസ്ത കഥകളിലൂടെ രൂപപ്പെടുത്തിയ ഈ നീണ്ട കഥയില്‍ മറ്റുള്ളവരുമായി നിര്‍ബന്ധപൂര്‍വം ബന്ധംപുലര്‍ത്തേണ്ടിവരുന്ന മനുഷ്യരുടെ ഏകാന്തതയെ അനുവാചകരെ പരിചയപ്പെടുത്തുന്നു. മനുഷ്യനും സമൂഹവുമായുള്ള അത്തരമൊരു വേര്‍തിരിവ്, ഉദാഹരിക്കപ്പെടുന്നത് ഭക്ഷണത്തോട് ബന്ധപ്പെടുത്തിയ ആചാരങ്ങള്‍, അവിഹിത ആഗ്രഹങ്ങള്‍ , ലൈംഗികതയെ സംബന്ധിച്ച തലതിരിഞ്ഞ ഭ്രഷ്ട് , സഹോദരിമാരെ മൂകരാക്കിയ കുടുംബ ഉത്തരവാദിത്വങ്ങള്‍ എന്നിവയാലാണ്. വായനക്കാരെ സംഘര്‍ഷത്തിലാക്കുന്ന വിഷയ സങ്കീര്‍ണ്ണത ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. ചുരുങ്ങിയ സംഭാഷണങ്ങളില്‍ , നിരാശ കിനിയുന്ന വിവരണങ്ങളിലൂടെയൊക്കെ വിചിത്രമായ ഒരു മാനസികാവസ്ഥയിലേക്ക് നമ്മള്‍ സ്വയമേവ എത്തിച്ചേരും. 2017 ലെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ( ഇംഗ്ളീഷ് പരിഭാഷ), 2005 ൽ  യെ സാങ് ലിറ്റററി പ്രൈസ് മംഗോളിയന്‍ മാര്‍ക്ക് എന്ന കൃതിയ്ക്കും പുരസ്‌ക്കാരങ്ങള്‍ ലഭ്യമായി.