K G Suraj

പച്ചകത്തിന്റെ പാരിസ്ഥിതിക ദര്‍ശനം

Unity of Humankind and Nature -

' Man lives from nature - i.e., nature is his body, and he must remain in continuous interchange if he is not to die. To say that man's physical and mental life is linked to nature simply means that nature is linked to itself, for man is a part of nature.'

Karl Marx,

Economic and Philosophical

Manuscripts of 1844

പ്രകൃതി - മനുഷ്യന്‍ - ജീവജാലങ്ങള്‍

" മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും ജീവിക്കുന്നു. പ്രകൃതി തന്നെയാണ് മനുഷ്യന്റെ ശരീരം. അതുകൊണ്ടു തന്നെ മനുഷ്യന്റെ ആയുസ്സിന് പ്രകൃതിയുമായുള്ള നിരന്തര സമ്പര്‍ക്കം/ സംഭാഷണം അത്യന്താപേക്ഷികമാത്രേ. മനുഷ്യന്റെ ജൈവിക - മാനസിക ഘടനകളെല്ലാം പ്രകൃതിയുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്." ലോകം ഇത്യപരന്തം ദര്‍ശിച്ച ദീര്‍ഘദര്‍ശിത്വത്തിന്റെ പര്യായമായ സാമൂഹ്യ / നരവംശ ശാസ്ത്രജ്ഞനും അധസ്ഥിത വിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവുമായ കാറല്‍ മാര്‍ക്സ്‌ 18 ആം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച Economics and Philosophical Manuscript ലൂടെ ജീവജാലങ്ങള്‍ ; വിശിഷ്യാ മനുഷ്യര്‍ പ്രകൃതിയുമായി സുദൃഢം നിലനിര്‍ത്തേണ്ട പാരസ്പ്പരികതകളെക്കുറിച്ച് ഏറ്റവും ശരിയും ശാസ്ത്രീയവുമായ നിഗമനങ്ങളിലൂടെയാണ് സംവദിച്ചത്.

പാരിസ്ഥിതിക സമരങ്ങളും പോതുജീവിതവും

ലാഭകേന്ദ്രീകൃത മുതലാളിത്തത്തിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും സുഭിക്ഷതക്കുമായി കാലദേശ ഭേദമെന്യേ ദുര മൂത്തവരുടെ ഭൂരിപക്ഷം പ്രകൃതിയ്ക്കു മേല്‍ നിരന്തരം സംഘടിപ്പിക്കുന്ന ആസൂത്രിത ബലാല്‍ക്കാരങ്ങള്‍ തീവണ്ടി യാത്രയിലെ വലിച്ചെറിയപ്പെടുന്നൊരു ചായക്കപ്പു പോലെ സ്വാഭാവികമാകുന്ന സമകാലീനതയില്‍, കലയും സാഹിത്യവും സിനിമയുമെല്ലാം പ്രതിരോധ വഴിയാകുന്ന ഒട്ടനവധിയായ മുന്നേറ്റങ്ങള്‍ക്കാണ് അതിരുകള്‍ അപ്രത്യക്ഷമാക്കി ലോകം സാക്ഷ്യം പറയുന്നത്.

ജൈവ വൈവിധ്യങ്ങളുടെ കലവറയെന്ന നിലയില്‍ സവിശേഷമായ സൌത്ത് അമേരിക്കയിലെ പെറുവിയന്‍ ജനത ആമസോണ്‍ നദി മലിനപ്പെടുത്തുന്ന എണ്ണ ക്കമ്പനികള്‍ക്കെതിരായി സംഘടിപ്പിക്കുന്ന നിരാഹാര സമരം, റൊമേനിയയിലെ സര്‍വ്വ സാധാരണക്കാര്‍ സ്വര്‍ണ്ണഘനന മാഫിയക്കെതിരായി നടത്തുന്ന മുന്നേറ്റങ്ങള്‍, ന്യൂയോര്‍ക്ക് നഗരത്തിലൂടെ കടന്നു പോകുന്ന പാചക വാതക പൈപ്പ് ലൈന്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണികള്‍ക്കെതിരായ സമരങ്ങള്‍, ഇന്ത്യയില്‍ ഭിന്ന കാലയളവുകളില്‍ പരിസ്ഥി സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന 73 ലെ ചിപ്പ്ക്കോ മുന്നേറ്റം ,78 ലെ സൈലന്റ് വാലി പ്രക്ഷോഭം, 80 കളിലെ ജംഗിള്‍ ബച്ചാവോ ആന്ദോളന്‍, 82ല്‍ വന്ദന ശിവ സംഘടിപ്പിച്ച നവധാന്യ മുന്നേറ്റം ,

വെള്ളായണിക്കവിതയും പരിസ്ഥിതിക്കരുതലും

മേധാപട്ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍, കൊക്കക്കോളയുടെ ജലചൂഷണത്തിനെതിരായി പ്ലാച്ചിമടയിലെ ജനത മയിലമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍, എന്റോസള്‍ഫാനെതിരായി തുടരുന്ന ഉജ്വല സമരങ്ങള്‍,ക്വാറി / കരിമണല്‍ മാഫിയകള്‍ക്കെതിരായ ചെറുത്തു നില്‍പ്പുകള്‍, കാതിക്കുടത്തെ ഓസീന്‍ പ്ലാന്റ് സമരം, പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടു നടക്കുന്ന വിപുലവും വ്യാപകവുമായി ചര്‍ച്ചകള്‍ തുടങ്ങി പരിസ്ഥിതിയും കടല്‍സ്ഥിതിയും ചൂഷണരഹിതമാക്കണമെന്നാവശ്യപ്പെടുന്ന ദിശാബോധമുള്ള സന്ധിയില്ലാത്ത ഒട്ടനവധിയായ പോരാട്ടങ്ങളുടെ ജനകീയ/ പാരിസ്ഥിതിക/ രാഷ്ട്രീയ സാഹചര്യത്തിലാണ് യുവകവികളില്‍ പ്രമുഖനായ വിനോദ് വെള്ളായണിയുടെ പ്രഥമ കവിതാ സമാഹാരം 'പച്ചകം' പാരിസ്ഥിതിക ദാര്‍ശനികതയ്ക്കും പോരാട്ടങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കി ക്രിയാത്മകമാകുന്നത്.

പാരിസ്ഥിതിക ബിംബങ്ങളാല്‍  സമ്പന്നം

സൂചകം പോലെ പാരിസ്ഥിതിക ബിംബങ്ങളാല്‍ അടിമുടി സമ്പന്നമായ 32 ഹരിതാനുഭാവങ്ങളാണ് സമാഹാരത്തിന്റെ പ്രധാന പ്രത്യേകത. പൂക്കള്‍, കിണര്‍ ,കാട് ,കിളികള്‍ ,സൂര്യന്‍ ,വയല്‍ ,പുഴ ,ആകാശം ,വിത്തുകള്‍ ,മരങ്ങള്‍ ,മൃഗങ്ങള്‍, ,ചന്ദ്രന്‍ ,നക്ഷത്രം ,ഇടിയും ,മിന്നലും ,കാറ്റ് ,കരിങ്കോഴി ,മൂര്‍ഖന്‍ ,സന്ധ്യ ,ചെമ്പരത്തി ,തുമ്പി തുടങ്ങി പ്രമേയങ്ങളിലാദ്യാന്തം പ്രകൃതി , മുള പൊട്ടിടാന്‍ കാതോര്‍ത്ത് മണ്ണിലുറങ്ങും അസംഘ്യം വിത്തിനങ്ങളെപ്പോലെ കവിതകളില്‍ ചിതറിത്തെറിക്കുന്നു. തഴച്ചു നില്‍ക്കുന്ന പച്ചിലകളും കാറ്റില്‍ പറക്കുന്ന പഴുത്തിലകളും സമാഹാരത്തിന്റെ ഉള്ളറകളിലുണ്ട്. കാലത്തിന്റെ ഭിന്നതാളങ്ങള്‍ക്ക് കവി തുല്യ പരിഗണനയും പ്രാമുഖ്യവും നല്‍കാന്‍ ബദ്ധശ്രദ്ധനാകുന്നു.

' അകം വെളുപ്പാണെന്നൊരാള്‍

ഇല്ല, കറുപ്പെന്നു മറ്റൊരാള്‍

കറുപ്പും വെളുപ്പും വട്ടിയൊരകപ്പാളം

മുറിച്ചുഗ്ര വേഗത്തില്‍ തീവണ്ടി പായവേ

പച്ചകം പച്ചകം

പച്ച തോര്‍ന്ന വയലകം

നഗരത്തിന്റെ മുഷ്ടിക്കരുത്തില്‍

തകരുന്ന നേരകം '

കോണ്‍ക്രീറ്റു കേരളമെന്റെ സ്വപ്നം

അവനവന്‍ അവനവനിലേയ്ക്കു മാത്രം ചുരുങ്ങുന്ന പുതിയ കാലത്തിന്റെ സ്പന്ദനങ്ങളെ ഏറ്റവും സൌമ്യമായി എന്നാല്‍ തീഷ്ണത ചോരാതെ സത്യസന്ധമായ് അവതരിപ്പിക്കുന്ന കവിതകളിലൊന്നാണ് പച്ചകം. Abad ഉം Bcg യും Mether ഉം Asset Homes ഉം Sfs ഉം എല്ലാം ചേര്‍ന്ന് 'ഫ്ലാറ്റു'വത്ക്കരിക്കുന്ന നിഷ്ക്കാസിതന്റെ പൊതുബോധത്തിനുള്ളിലേക്ക് ചാട്ടുളിപോലത് ചൂഴ്ന്നു കയറുകയും ഉണരുവാനുത്തേജനം പകരുകയും ചെയ്യുന്നു.

പാടങ്ങളോ ?

അവ വെറും ചെളിക്കുണ്ടുകള്‍

അവയ്ക്കു മീതെയായ്‌ പണിതുയരണം

കാല്‍ , നിലം തൊടാത്തൊരാ

കോണ്‍ക്രീറ്റിന്‍ മണി സൌധങ്ങള്‍

 

അതെ, എല്ലാ പാടങ്ങളും ഫ്ലാറ്റുകളാകുന്ന

ഒരു "കോണ്‍ക്രീറ്റു കേരളമെന്റെ സ്വപ്നം !

ഭൂമിയുടെ ഹൃദയങ്ങള്‍

പാടങ്ങള്‍ ഭൂമിയുടെ ഹൃദയങ്ങളാണ് . ആവാസവ്യവസ്ഥിതിയെ സുസ്ഥിരം നിലനിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങളുടെ ഗര്‍ഭ ഗൃഹങ്ങള്‍. ജലം , മണ്ണിര, ചെളി, പോക്ക്രോം മൂളും തവളകള്‍, മുക്കുറ്റിയും തുമ്പയും, തലയാട്ടി നില്‍ക്കും നെല്‍ക്കതിരുകള്‍ .. അരിയാഹാരം കഴിക്കുന്നവര്‍ ഉറപ്പായും പാടം നികത്തുന്നതിനും ഫ്ലാറ്റു പണിയുന്നതിനുമെതിരായ ഉള്ളവന്റെ പ്രഹരങ്ങളെ വാക്കും പ്രവൃത്തിയുമായുധമാക്കി പ്രതിരോധിക്കുക തന്നെ ചെയ്യും. പച്ചയുടെ പ്രസ്തുത രാഷ്ട്രീയ സമകാലീനതയില്‍ പാരിസ്ഥിതിക സമരങ്ങളോടും പോരാട്ടങ്ങളോടും മുന്‍വിധികളില്ലാതെ നെഞ്ചു ചേര്‍ത്തു കൊണ്ട് സവിശേഷമാകുകയാണ് വിനോദ് വെള്ളായണിയുടെ പ്രഥമ കവിതാ സമാഹാരം പച്ചകം.

ഉള്ളവനും ഇല്ലാത്തവനും

'മാഡിബ', 'കറുത്ത പാട്ട് ' തുടങ്ങിയ കവിതകള്‍ പാര്‍ശ്വവത്കൃത സമൂഹത്തോടുള്ള ഉറച്ച ഐക്യപ്പെടലാകുന്നതിനോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ദ്ധിക്കുന്ന ചൂഷണ സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ ചാട്ടുളിയായ് മാറുകയും ചെയ്യുന്നു. അസ്വസ്ഥവും അശാന്തവുമാകുന്ന സ്ത്രീയവസ്ഥകളുടെ ആകുലകളേയും , ആശങ്കകളേയും അഭിവാദനം ചെയ്ത് സങ്കീര്‍ണ്ണതകളുടെ ഉള്ളുകളിലേക്ക് സമത ബോധ്യവുമായ് സഞ്ചരിക്കുന്ന കവിത; ' വര്‍ത്തമാനത്തിലൂടെ ' മാനവിക, കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കുന്നു.

പ്രണയത്തിന്റെ ഭിന്നതലസ്പര്‍ശികളായ അവസ്ഥാന്തരങ്ങള്‍ സംബന്ധിച്ച നിരവധിയായ പഠനങ്ങള്‍ക്ക് നരവംശ ശാസ്ത്രം നേതൃത്വം നല്‍കുന്നുവെങ്കിലും അനുദിനം പുനര്‍നിര്‍വ്വചിക്കപ്പെടുന്ന അറിവുകളുടെ ധാരാളിത്തത്തില്‍ യുക്തിസഹമായ നിരീക്ഷണങ്ങള്‍ പലപ്പോഴും അപ്രസക്തമാകുന്നു. നയാഗ്രയയുടെ ജലവേഗത്തെ പരീക്ഷിക്കും വിധം പ്രണയം പ്രളയം പോലെ 'ഹൈപ്പര്‍ സോണികത' രേഖപ്പെടുത്തുന്ന പച്ചക വിത്തുകളാണ് അടയാളം , ആലീസ്, പെണ്ണാട്ടം, തിരികെ യാത്ര, നക്ഷത്രപ്പൊരുള്‍, വരിക വിഷാദം, പുറപ്പാട് തുടങ്ങിയ കവിതകള്‍. തികഞ്ഞ ദാര്‍ശനിക സ്വഭാവസവിശേഷതകള്‍ വച്ചു പുലര്‍ത്തുന്ന സാക്ഷ്യം, വാവ് തുടങ്ങിയ കവിതകള്‍ ഇതര 'ഇലകളുടെ' പൊതു ഘടനകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നവയാണ്.

പച്ചകത്തിലെ ഹൈക്കുകള്‍

മലയാള കാവ്യശാഖയില്‍ നവതരംഗ ഹൈക്കു പ്രസ്ഥാനത്തിന് വലിയ സ്വാധീനമാണുള്ളത്. ചുരുക്കം വരികളില്‍ ആശയങ്ങളുടെ വമ്പന്‍ കാവ്യോത്സവങ്ങളെ അത് സാധ്യമാക്കുന്നു. പ്രകൃതി, അതനുഭവേദ്യമാക്കുന്ന വന്യത / ശാന്തത ; സാമൂഹികപ്രതിബദ്ധതയുടെ വെളിച്ചം തുടങ്ങിയവ ചിമിഴാക്കുന്ന 11 കവിതകള്‍ പച്ചകത്തിന്റെ പ്രത്യേകതയത്രേ. പാരിസ്ഥിതികാവബോധവും ഹരിതമാനവികതയും ഗണ്യമായി സ്വാധീനിച്ച നിരവധിയാക കവിതകള്‍ മലയാളത്തെ സമ്പുഷ്ടമാക്കുന്നുണ്ട്. സര്‍വ്വാദരണീയരായ സച്ചിതാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, ഡി വിനയചന്ദ്രന്‍, എ അയ്യപ്പന്‍, വി മധുസൂദനന്‍ നായര്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, ദേശമംഗലം രാമകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍ , മുരുകന്‍ കാട്ടാക്കട, എഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങി മലയാള കവിതയുടെ ഭിന്ന തായ് വഴികളെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളെ കവിതയില്‍ പ്രമേയവല്‍ക്കരിച്ചവരാണ്. തികച്ചും കാല്‍പ്പനികമായ പ്രകൃതി ബോധത്തില്‍ തളച്ചിടപ്പെടാത്ത പ്രസ്തുത കാവ്യ / സാമൂഹ്യ ബോധ ധാരയെ അഭിസംബോധന ചെയ്ത് കവിതയെ ' വിതയും വെളിച്ചവുമാക്കുന്ന' 'പച്ചകം' മൃതിയടഞ്ഞ പാടങ്ങളെ പുനര്‍നിര്‍മ്മിക്കുകയും മരിച്ചു പോയ വേരുകളില്‍ അനക്കം തീര്‍ക്കുകയും ചെയ്യും.


വരിക വെള്ളായണി-

ക്കവിതയാല-

കങ്ങളില്‍

പച്ച നിറച്ചിടാം ..

ഹൃദ്യമായി ..