K G Suraj

"Please leave me alone"

സുഹൃത്ത് ഗീതയാണ് ഫോണ്‍ നമ്പര്‍ പങ്കു വെച്ചത്. തീക്കടലിനു നടുവില്‍ ബാഹ്യശബ്ദങ്ങളില്‍ നിന്നെല്ലാം അന്യനായ് ഏകാകിയായിരിക്കാന്‍ നിര്‍ബന്ധിതനായ ഒരു മനുഷ്യനോട് എങ്ങനെയാകും സംസാരിച്ചു തുടങ്ങുക. ആലോചനകളുടെ ഗവേഷണമവസാനിപ്പിച്ച് കീ പാഡില്‍ വിരലമര്‍ത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. മൂന്നു റിങ്ങിനപ്പുറം മറുതലയ്ക്കല്‍ നിന്നും അശാന്തമെങ്കിലും നിശ്ചയദാര്‍ഢ്യം പ്രകടമാക്കിയ ശബ്ദം അഭിവാദനം ചെയ്തു. മുന്‍കൂര്‍ പറഞ്ഞു വെച്ചിരുന്നതിനാല്‍ മുഖവുര വേണ്ടി വന്നില്ല. എഴുത്തു ജീവിതം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവും അതിനാസ്പദമായ സാഹചര്യങ്ങളും വ്യക്തമായിരുന്നതിനാല്‍ സാങ്കേതിക / സുരക്ഷിതത്വ പ്രശ്നങ്ങളാല്‍ എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞു പോയേക്കാമായിരുന്ന സംഭാഷണത്തെ കാര്യമാത്രപ്രസക്തമാക്കാന്‍ അങ്ങേയറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്നു. എഴുത്ത് അവസാനിപ്പിക്കുന്നുവെന്ന തീരുമാനത്തില്‍ പിന്‍മാറണമെന്ന സ്നേഹാഭ്യത്ഥനയോട് തികഞ്ഞ സമചിത്തതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും ഭയത്തിന്റെ , കഠിന വേദനയുടെ മുറിവുകള്‍ വാക്കുകളെ അനുധാവനം ചെയ്തിരുന്നു. നേരില്‍ കാണുന്നതിനും പിന്തുണ ഉറപ്പിക്കുന്നതിനും ദിണ്ഡിക്കലിലേക്ക് വരുന്നുണ്ടെന്നയറിയിപ്പിനെ തികഞ്ഞ സ്നേഹത്തോടെയദ്ദേഹം നിരുത്സാഹപ്പെടുത്തി. ഇവിടത്തെ പ്രശ്നങ്ങള്‍ ഒന്നടങ്ങിയിട്ട് കാണാം എന്നുറപ്പു നല്‍കിയതിനോടൊപ്പം ആശയവിനിമയം സജീവമായി തുടരാന്‍ താത്പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അഭിപ്പ്രായ ആശയ സ്വാതന്ത്രത്തിനായി കേരളീയ സമൂഹം ഭിന്ന നിലകളില്‍ അദ്ദേഹത്തിനു നല്‍കുന്ന ഉപാധികളില്ലാത്ത പിന്തുണകളുടെ ലഘു ചിത്രം അവതരിപ്പിച്ചതോടെയവസാനിച്ച സംഭാഷണത്തിയറ്റത്ത് പരിഭ്രാന്തനായൊരു മനുഷ്യന്‍ ശബ്ദംകൊണ്ടിങ്ങനെ കുറിച്ചിട്ടു .. " Please leave me alone; at least for one month "

“Perumal Murugan, the writer is dead. As he is no God, he is not going to resurrect himself. He also has no faith in rebirth. An ordinary teacher, he will live as P. Murugan. Leave him alone,” he has posted on his Facebook account.

"പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതു കൊണ്ടു തന്നെ ഉയര്‍ത്തെഴുന്നേല്‍പ്പില്ല; പുനര്‍ജീവനത്തില്‍ വിശ്വാസമില്ലതാനും. പി. മുരുഗന്‍ എന്ന സാധാരണക്കാരനായ അധ്യാപകനായി ജീവിക്കും. അയാളെ വെറുതേ വിടൂ"

കവി, നോവലിസ്റ്റ് , ചെറുകഥാകൃത്ത് തുടങ്ങി ഭിന്ന നിലകളില്‍ സുപരിചിതനായ പെരുമാള്‍ മുരുഗന്‍ , സാമൂഹ്യ ശൃംഖല, ഫേസ് ബുക്കിലൂടെ കുറിച്ചിട്ട പ്രസ്തുത വരികളാണ് "എഴുത്തുകാരന്റെ മരണം " അഥവാ "വധമെന്ന ?" അത്യന്തം അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സാംസ്ക്കാരിക ഭീഷണിയുടെ വികൃതമായ ന്യൂ ജെന്‍ വേഷത്തെ മുഖാവരണങ്ങളില്ലാതെ അനാവരണം ചെയ്തത്. തമിഴ്നാട്ടിലെ തിരുച്ചെങ്കോട് സ്വദേശിയായ അദ്ദേഹം 2010 ല്‍ എഴുതിയ പ്രദേശത്തിന്റെ ചരിത്രമടക്കം ചര്‍ച്ച ചെയ്യുന്ന നോവലാണ് 'മാതൊരു ഭാഗന്‍' . 1930 ല്‍ നാമക്കലിലെ തിരുച്ചെങ്കോടിനടുത്തുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നിലനിന്നിരുന്ന സവിശേഷ നാട്ടാചാരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സാമൂഹ്യ പദവി / ജീവിതം / അവസ്ഥ തുടങ്ങിയവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഉള്ളടക്കമാണ് നോവലിലുള്ളത്. മതം / ആചാരാനുഷ്ടാനങ്ങള്‍ / ബന്ധപ്പെട്ടവയുടെ ആവിഷ്ക്കരണത്തിലും നടത്തിപ്പിലുമുള്ള ഏകപക്ഷീയ പുരുഷ മേല്‍ക്കോയ്മ / സമാനതകളില്ലാത്ത സ്ത്രീവിരുദ്ധത തുടങ്ങിയവയിലേക്കെല്ലാം വെളിച്ചം വീശിയ ഇതിവൃത്തം നോവല്‍ രചനാ രീതികളിലെ സാംബ്രദായികതകളെ അട്ടിമറിച്ചുവെന്നതില്‍ പക്ഷം രണ്ടില്ല.

കാളിയും പൊന്നിയും

കാളി - പൊന്നി ദമ്പതികളുടെ ജീവിതവും തീഷ്ണാനുഭവങ്ങളുമാണ് 'മാതൊരു ഭാഗനിലൂടെ' പറഞ്ഞു വെയ്ക്കുന്നത്. വിവാഹിതരായതിനു ശേഷം 12 കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ സാമൂഹികവും ഗാര്‍ഹികവുമായ അവഹേളനങ്ങള്‍ക്ക് ഇവര്‍ വിധേയരാകുന്നു. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ ഉപജീവനം അനുബന്ധ തൊഴിലുകളുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. പേറ്റു നോവറിയാത്ത സത്രീ വിത്തു വിതച്ചാല്‍ വിളവുണ്ടാകില്ലെന്ന അതിവിചിത്രമായ മിത്തുകളില്‍ കുടുങ്ങിക്കിടക്കുന്ന ജനതയുടെ പൊതു ബോധം സ്വാഭാവികമായും കാളി - പൊന്നി ദമ്പതികളുടെ അന്നം മുട്ടിക്കുകയായിരുന്നു. ശൌചാലയത്തിനും സ്ഥാനമുണ്ടെന്ന നിലയിലെ "(അ)ശാസ്ത്രീയ" നിരീക്ഷണങ്ങള്‍ തട്ടിമൂളിക്കുന്ന വാസ്തു വിദഗ്ദ്ധരുടെ മുന്‍തമുറക്കാര്‍ ഉറപ്പായും അവിടെ ജീവിച്ചിരിക്കണം !. നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രാര്‍ത്ഥന തുടങ്ങി മനുഷ്യ സാധ്യമായതെല്ലാം ഇരുവരും ചെയ്തു കൂട്ടുന്നു.

ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ വൈകാശി വിശാഖം രഥോത്സവത്തിന്റെ 14 ആം നാളില്‍ കുടുംബാഗങ്ങളുടെ സമ്മതത്തോടെ തന്നെ പരപുരുഷനിലൂടെ സന്താനലബ്ധി ആകാമെന്ന ആചാരപരമായ കീഴ് വഴക്കത്തിലേക്ക് ഭര്‍ത്താവിനു വിയോജിപ്പുണ്ടെങ്കിലും പൊന്നി പങ്കു ചേരാന്‍ തീരുമാനിക്കുന്നു. മലയിറങ്ങി വന്ന ദൈവം മടങ്ങിപ്പോകുന്ന ഉത്സവത്തിന്റെ 14 ആം നാള്‍ കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ ഉത്സവത്തിനെത്തി നൃത്തം ചെയ്യുകയും മുന്‍പരിചയമില്ലാത്ത പുരുഷനെ ലൈംഗിക പങ്കാളിയാക്കി സന്താനലബ്ധി നേടുകയു മാണ് നടപ്പു രീതി. പ്രസ്തുത രാത്രിയിലിണയാകുന്ന പുരുഷനെ ദൈവത്തിന്റെ പ്രതീകമായാണ് കരുതുക, കുട്ടികള്‍ക്ക് സ്വാമിപ്പിള്ള (ദൈവത്തിന്റെ കുഞ്ഞ്) എന്നാകും വിളിപ്പേര്. ഉത്സവ രാത്രിയില്‍ പൊന്നിക്കും 'ദൈവ സൌഭാഗ്യമുണ്ടാകുകയും" അത് ആഗ്രഹ സഫലീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ഹിന്ദു മുന്നണിയും ജാതി സംഘടനകളും

പ്രാദേശികത / കാലഘട്ടം / കീഴ്വഴക്കങ്ങള്‍ / സമ്മര്‍ദ്ദങ്ങള്‍ / വഴങ്ങലുകള്‍ ; മതം , വിരല്‍ത്തുബില്‍/ ആചാരാനുഷ്ടാനങ്ങളുടെ നൂലറ്റങ്ങളില്‍ മനുഷ്യരെ ലിംഗഭേദമെന്യേ 'കൈകാര്യം' ചെയ്യുന്നതെങ്ങിനെ, സ്ത്രീ / അസ്ഥിത്വം / സ്വാതന്ത്രം / ജനാധിപത്യം തുടങ്ങിയവയ്ക്കുമേലുള്ള ആണധികാരങ്ങളുടെ വിവിധതരം 'സൂത്രപ്പണികള്‍', ഉത്സവങ്ങളുടെ കച്ചവടവത്ക്കരണവും പൗരോഹിത്വവും തുടങ്ങി നിഷ്കളങ്കരായ വിശ്വാസി സമൂഹത്തെ വൈകാരികമായി ചൂഷണം ചെയ്യുന്നതിന് "കൊണ്ടാടപ്പെടുന്ന" നടപ്പുരീതികളെ സര്‍ഗ്ഗാത്മകതമായി അഭിസംബോധന ചെയ്യുന്ന മതൊരു ഭഗന്‍ 2010 ല്‍ തമിഴ്‌നാട്ടിലെ കാലച്ചുവട് പ്രസാധക സംഘമാണ് പ്രസിദ്ധീകരിച്ചത് . 2014 ല്‍ പെന്‍ഗ്വിന്‍ ബുക്ക്സ് ( One part woman) എന്ന പേരില്‍ ഇംഗ്ലീഷില്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. നോവാലിന്റെ ഉള്ളടക്കം അടിമുടി ഹിന്ദു / സ്ത്രീ/ ക്ഷേത്രവിരുദ്ധമെന്നു പ്രഖ്യാപിച്ച് പുസ്തകം കത്തിക്കലടക്കം ജനാധിപത്യവിരുദ്ധവും പരിഷ്കൃത സാമൂഹിക വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നതുമായ സംഭവപരബരകളാണ് ആര്‍ എസ് എസ്സ് പരിവാര്‍ സംഘടനയായ ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ വിവിധ ജാതി സംഘടനകള്‍ സംഘടിപ്പിച്ചത്.

പ്രക്ഷോഭങ്ങളുടെ പ്രതിഫലനമെന്നോണം ജില്ലാ റവന്യൂ ഒഫീസര്‍ വി.ആര്‍.ശുബ്ബുലക്ഷ്മിയുടെ നേതൃത്വത്തില്‍ ഹിന്ദു മുന്നണിയടക്കം വിവിധ ജാതി സംഘടനകളും പെരുമാള്‍ മുരുഗനും പങ്കെടുത്ത സമാധാന യോഗം നടന്നു. ധാരണ പ്രകാരം പെരുമാള്‍ മുരുഗന്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഉപാധിരഹിതമായി ഖേദപ്പ്രകടനം നടത്തുകയും , പുസ്തകത്തിലെ വിവാദങ്ങളുയര്‍ത്തിയ ഭാഗങ്ങള്‍ " വെട്ടി മാറ്റുകയും , വിപണിയിലവശേഷിക്കുന്ന നോവലിന്റെ പ്രതികള്‍ പിന്‍വലിക്കുകയും , മേലില്‍ പൊതുജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്ന നിലയില്‍ എഴുതാതിരിക്കുകയും ചെയ്യണം. ആള്‍ക്കൂട്ടം നിസ്സംഗമായ ഭരണകൂടത്തിന്റെ മൌനാനുവാദത്തോടെ ഭീഷണി / സമ്മര്‍ദ്ദം തുടങ്ങിയവ പ്രയോഗിച്ച് സത്യവാങ്ങ്മൂലത്തില്‍ തുല്യം ചാര്‍ത്തിപ്പിച്ചത്തിനനുബന്ധമായാണ് അപമാനത്തിന്റെയും ആത്മരോഷത്തിന്റെയും ബഹിസ്ഫുരണമെന്നോണം പെരുമാള്‍ മുരുഗനിലെ എഴുത്തുകാരന്‍ "മരണപ്പെട്ടതായ " പ്രഖ്യാപനം ഉണ്ടാകുന്നത്. പ്രസിദ്ധീകൃതമായി 4 വര്‍ഷം പിന്നിട്ടിട്ടും വിശേഷിച്ചൊരുവിധ " പ്രകോപനങ്ങളും " സൃഷ്ടിക്കാത്ത പുസ്തകം 2014 ടെ സംഘ് പരിവാര്‍ "ഹിറ്റ് ലിസ്റ്റില്‍ " ഇടം നേടിയതും ഏകപക്ഷീയമായ ആക്ക്രമണങ്ങള്‍ക്ക് വിധേയമാകുന്നതും ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി, നരേന്ദ്ര മോദിയിലൂടെ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കൈപ്പിടിയിലൊതുക്കിയ സവിശേഷ സാഹചര്യത്തിലാണെന്നത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. മത - ജാതി ശക്തികളുടെ സാംസ്ക്കാരിക സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റത്തിനെതിരായി ഇന്ത്യയിലെമ്പാടും തമിഴ്നാട്ടില്‍ വിശേഷിച്ചും വ്യാപക പ്രതിഷേധങ്ങളുയര്‍ന്നു. തമിഴ്‌നാട്ടിലെ മുര്‍പോക്ക് എഴുത്താളര്‍ സംഘം ജയ്പ്പൂരിലെ സീ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുടങ്ങിയ കേരളത്തിലടക്കം ആശയവിഷ്ക്കാര സ്വതന്ത്രത്തിനു വേണ്ടിയുള്ള പൊതുശബ്ദമായി പെരുമാള്‍ മുരുഗന്‍ ഐക്യദാര്‍ഡ്യം മാറി.

പൌരത്വം .. മൌലികാവകാശങ്ങള്‍

ഇന്ത്യന്‍ ഭരണഘടന അതിന്റെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെ അനുഛേദങ്ങളിലായി പൌരന്റെ അന്തസ്സും വ്യക്തിത്വവും സ്വാതന്ത്രവും നിലനിര്‍ത്തുന്നതിന് മൌലികാവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. മൌലികാവകാശ ധ്വംസനമുണ്ടായാല്‍ കോടതി മുഖേന അത് സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൌരനുണ്ട്.

സ്വാതന്ത്രത്തിനായുള്ള അവകാശം (പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള അവകാശം), (ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) , സാംസ്ക്കാരിക വിദ്യാഭ്യാസ അവകാശങ്ങള്‍ (സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കില്‍ അവരുടെ ഉപവിഭാഗങ്ങള്‍ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശം), തുടങ്ങി ഭരണഘടന പൌരന് ഉറപ്പാക്കുന്ന സൂചിത മൌലികാവകാശങ്ങളുടെ പശ്ചാത്തല വിശകലനപ്പ്രകാരം പെരുമാള്‍ മുരുഗന് തനിക്കു കൂടി അവകാശപ്പെട്ട മൌലികാശങ്ങള്‍ പാടേ നിഷേധിക്കപെട്ടിരിക്കുന്നു.

പൌരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ആശയാവിഷ്ക്കാര സ്വാതന്ത്രത്തിന്മേലുള്ള സംഘടിത മതങ്ങളുടേയും മത സംഘടനകളുടേയും ആസൂത്രിതമായ കടന്നു കയറ്റത്തെ സാധ്യ മാര്‍ഗ്ഗങ്ങളെല്ലാമുപയോഗിച്ച്  ചെറുത്തുതോല്‍പ്പിക്കേണ്ടത് അവസര സമത്വത്തിനും, സ്വതന്ത്രവും പുരോഗമനപരവുമായ ചിന്തയ്ക്കും, ആവിഷ്ക്കാരപ്രവര്‍ത്തനങ്ങള്‍ക്കും കനത്ത വെല്ലുവിളികളുയരുന്ന സാര്‍വ്വദേശീയ സമകാലീനതയില്‍ അത്യന്താപേക്ഷിതമാത്രേ.

ഗലീലിയോ മുതല്‍ ...അവിജിത്ത് റോയ് വരെ

ഭയരഹിതമായ ആശയാവിഷ്ക്കാരങ്ങളെ നിശബ്ദമാക്കുന്നതിനുള്ള അധികാര പ്രയോഗങ്ങള്‍ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ശാത്ര ബോധത്തിലധിഷ്ടിതമായ ഭൂമിയെ സംബന്ധിച്ച കണ്ടെത്തലുകള്‍ അവതരിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലിക്കു മേല്‍ പൗരോഹിത്വ സമൂഹം ഭ്രാന്ത് ആരോപിക്കുകയായിരുന്നല്ലോ.

സംഘടിത മതങ്ങളും വലതുപക്ഷ ഭരണകൂടങ്ങളും ആ നിലയില്‍ "ഗിലറ്റിന്‍" ചെയ്ത നിരവധിയായ ഉത്പ്പതിഷ്ണുക്കളായ പ്രതിഭാധനര്‍ ഇരുട്ടിലും ചിന്തകളുടെ വെളിച്ചം തെളിക്കുന്നു. മതമൗലിക വാദികളാല്‍ അരുംകൊല ചെയ്യപ്പെട്ട ബംഗ്ലാദേശിലെ സ്വതന്ത്ര ചിന്തകനും ബ്ലോഗറുമായ അവിജിത്ത് റോയ്, താലിബാന്‍ ഭീകരരാല്‍ കൊലചെയ്യപ്പെട്ട അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന ബംഗാളി എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ വിധ്വംസക ശക്തികളുടെ തോക്കിനു മുന്നില്‍ പിടഞ്ഞുവീണ മഹാരാഷ്ട്രയിലെ ഡോ. നരേന്ദ്ര ദാബോല്‍ക്കര്‍, അന്താരാഷ്ട്ര സോളിഡാാരിറ്റി മൂവ്മെന്റ് നേതാവ് റേച്ചല്‍ കോറി, പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നേരെ നടന്ന എ.ബി.വി.പി അക്ക്രമം, ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്നുള്ള ബന്ദിനെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ അഭിപ്പ്രായപ്പ്രകടനം നടത്തിയ ഷഹീന്‍ ദാദ എന്ന 21 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റു ചെയ്തത്, അമേരിക്കന്‍ ഭരണകൂടം സംഘടിപ്പിക്കുന്ന ചാരവൃത്തിക്കെതിരായി സുധീരം പോരാടുന്ന എഡ്വേര്‍ഡ് സ്നോഡന്‍, താലിബാനെതിരായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശ സംരക്ഷണങ്ങള്‍ക്കായി സഹനം ചെയ്യുന്ന മലാലാ യൂസഫ്‌ സായ്, കര്‍ണ്ണാദാകത്ത്തിലെ സംഘപരിവാറിന്റെ കണ്ണിലെ കരടായ നോവലിസ്റ്റ് യോഗേഷ് മാസ്റ്റര്‍, ചിത്ര രചനയുടെ പേരില്‍ സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍, സാമൂഹ്യവിരുദ്ധ ശക്തികളാല്‍ കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നാടക വേദിയുടെ പിതാവ് സഫ്ദര്‍ ഹഷ്മി, മതമാലികവാദികളുടെ അപായപ്പെടുത്തലുകള്‍ക്കിടയിലും ധീരമായി സര്‍ഗ്ഗാത്മകപ്രവര്‍ത്തനം തുടരുന്ന തസ്ലീമ നസ്രീന്‍, സല്‍മാന്‍ റുഷ്ദി, സംഘപരിവാര്‍ ഭീഷണികളെ അതിജീവിച്ച ചലച്ചിത്ര പ്രതിഭകള്‍ കമല്‍ ഹസന്‍, അമിര്‍ ഖാന്‍ തുടങ്ങി വ്യക്തികളായും കൂട്ടായ്മകളായും മൌലികവാദത്തിനും മതന്ധതയ്ക്കും വലതുപക്ഷ തീവ്രവാദത്തിനും സാമ്രാജ്യത്വത്തിനും വര്‍ഗ്ഗീയതയ്ക്കുമെല്ലാമെതിരായ മുന്നേറ്റങ്ങള്‍ പലനിലകളിള്‍ സജീവമാകുകയാണ്.

ഫാസിസത്തിന്റെ മന്ദഹാസം

ആവിഷ്ക്കാര - അഭിപ്പ്രായ - അവകാശങ്ങള്‍ക്കെതിരായ സാര്‍വ്വദേശീയ ധ്വംസനങ്ങള്‍ക്കും ജീവനപഹരിച്ചു കൊണ്ടുള്ള നിഷ്ക്കാസനങ്ങള്‍ക്കും കൃത്യമായൊരു വര്‍ഗ്ഗ സ്വഭാവമുണ്ട്. അത് ലാഭാധിഷ്ടിത കമ്പോള വ്യവസ്ഥിതിയെ തൃപ്തിപ്പെടുത്തുന്നതും ധനമൂലധനത്തെ ശക്തിപ്പെടുത്തുന്നതുമാണ്. ആഗോളീകരണം അരക്ഷിതവും അരാജകവുമാക്കിയ പട്ടിണിക്കാരന്റെ അനിശ്ചിതത്വങ്ങളില്‍ നിന്നും സ്വാഭാവികമായ് ഉരുത്തിരിയുന്ന നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളെ മത - ജാതി - അന്ധവിശ്വാസ - അരാഷ്ട്രീയ സമവാക്യങ്ങളാല്‍ ഭിന്നിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നു.

ഫാസിസത്തിനും ഭരണകൂട ഭീകരതയ്ക്കുമെല്ലാമെതിരായ മുന്നേറ്റങ്ങള്‍ക്ക് കലയും സാഹിത്യവും സിനിമയുമെല്ലാം മാധ്യമങ്ങളാക്കുന്ന സര്‍ഗ്ഗാധനര്‍ക്കു നേരെയുള്ള ഏതുതരം അടിച്ചമര്‍ത്തലുകളും പരിഷ്കൃത സമൂഹത്തിന്റെ വ്യാകരണങ്ങള്‍ക്ക് വിരുദ്ധമാണ് ആശയങ്ങള്‍ക്കു മേല്‍ ആയുധം പ്രയോഗിക്കുന്നവര്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ സംവാദങ്ങളില്‍ നിന്നും ഓടി മറയുന്നവരാണ്. വിയോജിപ്പുകളിലും അപരന്റെ ഉത്ഖണ്ഡകളോടുള്ള ക്രിയാത്മക പ്രതികണങ്ങളാണ് സംസ്ക്കാരത്തിന്റെ/ മനുഷ്യത്വത്തിന്റെ ലക്ഷണമെങ്കില്‍ നാഗ്പ്പൂരിലെ കേന്ദ്ര കാര്യാലയം അതിനെല്ലാം ഭീഷണിയുയര്‍ത്തുന്നു. ഭീഷണികളുടെ കൂര്‍ത്ത മുള്ളുകളില്‍ അക്ഷരം മുറിഞ്ഞ് മൌനമായ് മിണ്ടുന്ന പെരുമാള്‍ മുരുഗന്‍മ്മാരും തെരുവില്‍ ചിതറിത്തെറിക്കുന്ന അവിജിത്ത് റോയ്മാരും ആവര്‍ത്തിക്കാത്ത ആശയാവിഷ്ക്കാര സ്വാതന്ത്രത്തിന്റെ തുറന്ന വിഹായസുക്കള്‍ യഥേഷ്ടമുണ്ടാകാന്‍ നമുക്ക് കരുതിയിരിക്കാം .. പൂര്‍ണ്ണജാഗ്രരായി ... കാരണം എഴുത്താത്ത പെരുമാള്‍ മുരുകന്‍ ഫാസിസത്തിന്റെ മന്ദഹാസത്തെ സൂചിപ്പിക്കുന്നു.

സ്നേഹാദരങ്ങളോടെ

കെ ജി സൂരജ്

ചീഫ് എഡിറ്റര്‍