Dr K P Jaikiran

കാലാവസ്ഥാവ്യതിയാനത്തിന്റെ ചുവരെഴുത്തുകൾ

Dr K P Jaikiran

അറബിക്കടലിലേക്ക് ചരിച്ചു വച്ചിരിക്കുന്ന വീതി കുറഞ്ഞ പലക പോലെയാണ് നമ്മുടെ കൊച്ചു കേരളം. കിഴക്കു സഹ്യപർവതത്തിൽ നിന്നും പടിഞ്ഞാറു അറബി കടലിലേക്ക് ഒഴുകുന്ന നാല്പത്തൊന്നു നദികൾ, അവയുടെ കൈവഴികൾ. മലനിരകളിൽ വീഴുന്ന മഴവെള്ളം സമതലങ്ങളിൽ എത്താൻ അധിക നേരം ഒന്നും വേണ്ട എന്നർത്ഥം. മലഞ്ചരുവുകൾ വെട്ടി നിരത്തിയും മരങ്ങൾ വെട്ടിയും ചരുവുകൾ ജനവാസ മേഖലകൾ ആക്കുന്നതിനു മുൻപ് മഴവെള്ളം കാടുകളിലൂടെ അരിച്ചിറങ്ങി, അരുവികളിലൂടെ, നദികളിലൂടെ സാവകാശമാണ് കടലിലേക്ക് പതിച്ചിരുന്നത്. മഴവെള്ളം തടയാനുള്ള സ്വാഭാവിക ഉപാധികൾ ചരുവുകളിൽ കുറഞ്ഞതിനാലും, നദികളുടെ മാറ്റവും, കാലാവസ്ഥ വ്യതിയാനവും കാരണം നമ്മുടെ മലനാടും, ഇടനാടും തുടർച്ചയായ മഴയിൽ അപകട മേഖലകൾ തീർക്കുന്നു.

കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്. കുത്തിയൊലിച്ചു കുത്തനെയുള്ള ചരുവുകളിലൂടെ വരുന്ന മഴവെള്ളത്തിനു മേൽമണ്ണും, പാറകളും ഇളക്കി അതും കൂടി ചേർത്ത് അപകടകരമായ വേഗത്തിൽ സമതലങ്ങൾ ലക്ഷ്യമാക്കി പോകുന്നത് പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്കാണ്. ശക്തമായ മഴ ഇതിനുള്ള ട്രിഗർ (trigger) മാത്രമാണ്. മലയോരങ്ങളിൽ അപകട മേഖലകൾ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്.

11_1

ഭൂമിയുടെ ചരിവ്, പാറകളിലെ വിള്ളലുകൾ, മേൽ മണ്ണിന്റെ ഘനം, ഭൂഗർഭ നീർചാലുകളുടെ സ്വഭാവം എന്നിവ സ്വാഭാവിക കാരണങ്ങൾ ആണ്. ചരുവുകളിലെ അശാസ്ത്രീയമായ കൃഷി രീതികൾ, റോഡ് നിർമാണം, നീർചാലുകൾക്കുണ്ടാക്കുന്ന മാറ്റങ്ങൾ, കെട്ടിട നിർമാണത്തിനായി ചരുവുകൾ വെട്ടി സമതലങ്ങൾ ഉണ്ടാക്കുന്നത് എന്നിവ മനുഷ്യ നിർമിത കാരണങ്ങൾ ആണ്. കേരളത്തിലെ മലയോര പ്രദേശങ്ങളിൽ പലയിടങ്ങളിലും ഇവ അപകടകരമാം വിധമാണ്. പ്രസ്തുത പ്രദേശങ്ങളെ ഹൈറിസ്‌ക് പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം ഏറ്റവും ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് അറബിക്കടൽ. ചുഴലിക്കാറ്റുകൾ കേട്ട് കേൾവി പോലുമില്ലാതിരുന്ന ഇവിടം ഇപ്പോൾ അവയുടെ പ്രധാന അരങ്ങായി മാറുകയാണ്. മിക്കവാറും ചുഴലികളുടെ ദിശ പ്രവചനാതീതമാണ് താനും. ഇവ കാരണം ലഭിക്കുന്ന മഴ ദുർബല പ്രദേശങ്ങളെ അതി ദുർബലമാക്കുന്നു. തീവ്ര മഴയിൽ ചിലയിടങ്ങൾ ഒലിച്ചു പോകുന്നു. ജനസാന്ദ്രതയുള്ള ഇത്തരം ദുർബല പ്രദേശങ്ങൾ അടിയന്തിരമായി കണ്ടെത്തി അവിടെ ചില ഇടപെടലുകൾ നാം നടത്തേണ്ടിയിരിക്കുന്നു. കാലാവസ്ഥ അടിയന്തരാവസ്ഥ ഒരു യാഥാർഥ്യമായ ഈ അവസരത്തിൽ ഇത് നമ്മുടെ ഉത്തരവാദിത്തമാണ്.

13_2

വളരെ കൃത്യതയോടെ ഉരുൾപൊട്ടൽ പ്രവചിക്കുക അസാധ്യമാണ് എന്ന് തന്നെ പറയാം. എന്നാൽ ഒരു പരിധി വരെ വിദൂര സംവേദനം , ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്താൽ ദുർബല പ്രദേശങ്ങൾ കണ്ടെത്താനും അവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുക്കാനും കഴിയും. ഉദാഹരണത്തിന് നല്ല ഉറപ്പില്ലാത്ത, നീർച്ചാലുകൾ ഉള്ളതും മഴ നേരിട്ട് പതിക്കുന്നതും ആയ മേൽമണ്ണ് കുത്തനെയുള്ള ചരുവുകളിൽ കാണുന്നുണ്ടെങ്കിൽ, അവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തീവ്ര മഴയിൽ അവിടെ ഉരുൾ പൊട്ടാം. ഇങ്ങനെയുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അവിടുത്തെ ജനങ്ങളിൽ വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. കോവിഡ് മഹാമാരിയെ പുതിയ ശീലങ്ങളിലൂടെ നാം എങ്ങനെ അതിജീവിച്ചോ അങ്ങനെ തന്നെ കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളും നേരിടേണ്ടിയിരിക്കുന്നു.