Dr T M Thomas Isaac

പെണ്‍കരുത്തിനു മുന്നില്‍ അഴിമതി സര്‍ക്കാര്‍ മുട്ടുമടക്കി: ഡോ. ടി എം തോമസ്‌ ഐസക്ക്

അഭിമുഖം: ഡോ. ടി എം തോമസ്‌ ഐസക്ക് /സീന സ്വാമിനാഥന്‍

നാല്‍പതുലക്ഷം ദരിദ്ര കുടുംബങ്ങളുടെ ഐശ്വര്യമാണ് കുടുംബശ്രീ. അതിനെ തകര്‍ത്ത് പകരം കോണ്‍ഗ്രസ് നേതാവിന്‍റെ സ്വകാര്യകമ്പനിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ നഗ്നമായ അഴിമതിയാണു പോയവാരം നാം കേട്ടുനടുങ്ങിയത്. ഇതിനെതിരെ നാട്ടിലെ ദരിദ്രകുടുംബങ്ങളുടെ നെടുംതൂണുകളായ സ്ത്രീകള്‍ നടത്തിയ സമരം പുതിയ ചരിത്രം രചിച്ചിരിക്കുന്നു. അഴിമതി ഭരണകൂടത്തിന് ഈ പ്രതിഷേധ കൊടുങ്കാറ്റിനു മുന്നില്‍ ഏതാനും ദിവസം പോലും പിടിച്ചുനില്‍ക്കാനായില്ല.

നോക്കൂ ഇതു പെണ്‍കരുത്തിന്‍റെ വിജയമാണ് അടുക്കളമൂലയിലോ പര്യമ്പുറത്തോ ശബ്ദമില്ലാത്തവളായി അടിച്ചമര്‍ത്തപ്പെട്ടുകിടന്ന മലയാളിപ്പെണ്ണ് ധാര്‍ഷ്ട്യം കൈമുതലാക്കിയ ഒരു ഭരണകൂടത്തെ മുട്ടുകുത്തിച്ചിരിക്കുന്നു. കുടുംബശ്രീ പ്രസ്ഥാനത്തിനു വേണ്ടി ഏറെ സംഭാവനകള്‍ ചെയ്ത ആസൂത്രണവിദഗ്ദ്ധനും മുന്‍ ധനമന്ത്രിയുമായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ റ്റി എം തോമസ് ഐസക് പറഞ്ഞു. സെക്രട്ടേറിയേറ്റിനു മുന്നിലെ സമരപ്പന്തലിലിരുന്ന് അക്ഷരം ഓണ്‍ലെനിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടിലൂടെയും കലാവിഷ്‌കാരങ്ങളിലൂടെയും ഒക്കെ ഗ്രാമിണ സ്ത്രീകള്‍ നടത്തിയ ഈ പുതുമയാര്‍ന്ന പ്രതിഷേധം ആവേശകരമായ അനുഭവമായിരുന്നു.അഭിവാദ്യമര്‍പ്പിക്കാന്‍ വന്നുപൊയ്ക്കൊണ്ടിരുന്ന നിരവധി നേതാക്കളും സംഘടനകളും സമരക്കാരുടെ കരുത്തിനു തീ കൊളുത്തുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്‍റെ ഈ നിറവിനെപ്പറ്റിയാകട്ടെ ആദ്യ ചോദ്യം

സമാനതകളില്ലാത്ത സമരം. സ്ത്രീകള്‍ കേരള ചരിത്രത്തിന്റെ ഭാഗമാകുകയാണ്. എങ്ങനെ കാണുന്നു താങ്കള്‍ ഈ സമരത്തെ.

ഈ സമരം കേരളത്തിലെ പൊതുമണ്ഡലത്തിലേയ്ക്കുള്ള സ്ത്രീകളുടെ പുതിയ കടന്നുവരവാണ്.വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തമാണ് ഇതിന്‍റെ സവിശേഷത. ഇത് ഒരു രാഷ്ട്രീയസമരമല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ആത്മരോഷത്തിന്‍റെ പ്രതിഫലനമാണ് നാം ഇവിടെ കണ്ടത്. രണ്ടായിരത്തി അഞ്ഞൂറോളം സ്ത്രീകള്‍ മുഴുവന്‍ സമയവും സമരത്തിലുണ്ടായിരുന്നു. അഞ്ഞൂറോളം പേര്‍ രാത്രിയില്‍ റോഡിലാണ് ഉറങ്ങിയത്. പിന്തുണയും അഭിവാദ്യങ്ങളുമായി ആയിരക്കണക്കിനു പേര്‍ ദിവസവും വന്നു പോകുന്നുമുണ്ടായിരുന്നു. സമരത്തിന്‍റെ ആറാം ദിവസം മാത്രം ഇവിടെ തടിച്ചുകൂടിയത് പതിനായിരത്തില്‍പ്പരം സ്ത്രീകളാണ്. എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധരായാണ് അവര്‍ വന്നത്. മുന്‍പെങ്ങാനും ഈ തരത്തിലുള്ള ഒരു സ്ത്രീകൂട്ടായ്മ കേരളം കണ്ടിട്ടുണ്ടോ. നോക്കൂ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള സ്ത്രീകള്‍ ഒരേ മനസ്സോടെ കൈക്കുഞ്ഞുങ്ങളുമായി ഇവിടെ സമരം ചെയ്യുകളയാണ്.
ഇതര സമരങ്ങളില്‍നിന്ന് ഈ സമരത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്?


രണ്ടു മൂന്നു കാര്യങ്ങള്‍ ഈ സമരത്തിന്‍റെ പ്രത്യേകതയായിട്ടുണ്ട്. അതില്‍ ഒന്ന് രോഷം പ്രകടിപ്പിക്കാന്‍ പുതിയ വഴി തിരഞ്ഞെടുത്തു എന്നുള്ളതാണ്. സാധാരണ മുദ്രാവാക്യങ്ങളാണ് സമരപ്പന്തലില്‍നിന്ന് ഉയരുന്നതെങ്കില്‍ ഇവിടെ പാട്ടും ആട്ടവുമൊക്കെയാണ്.സഭാകമ്പമില്ലാതെ സ്ത്രീകള്‍ ക്രിയാത്മകമായി പ്രതികരിക്കുകയാണ്.അവരുടെ ഉള്ളിലെ കഴിവുകളുടെ ബഹിര്‍സ്ഫുരണം. കുറച്ചുകാലം മുന്‍പുവരെ ഇത് സാധ്യമായിരുന്നോ. രണ്ട്. സാംസ്‌കാരിക മൂല്യങ്ങളുടെ പ്രതിഫലനം. സമരം വിജയിപ്പിക്കാന്‍ അവര്‍ ഒരു അക്രമമാര്‍ഗവും സ്വീകരിക്കുന്നില്ല. പ്രകോപനപരമായ ഒന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മൂന്ന് ഒരു കൂട്ടായ്മ. ഒരേ മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തിനായി വിവിധ ദേശങ്ങളില്‍ നിന്നുള്ളവരുടെ അണിചേരല്‍.സ്ത്രീകള്‍ അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന കഴിവുകള്‍ പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്?കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും അതു സാധ്യമല്ലേ?


എല്ലാ സ്ത്രീകളും ഉള്ളില്‍ കരുത്തുള്ളവരാണ്. കുടുംബശ്രീ അവരുടെ സഭാകമ്പം മാറ്റിയെടുത്തു. കുടുംബശ്രീയിലൂടെ സംഘടിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസമേറി. അയല്‍ക്കൂട്ടയോഗങ്ങളിലൊക്കെ അവര്‍ പ്രസംഗിക്കാറുണ്ട്. നാട്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലകാര്യത്തിലും നേതൃത്വപരമായ പങ്ക് അവര്‍ക്കുണ്ട്. അവര്‍ നേടിയ ഭരണപരമായ പ്രാപ്തിയാണ് വാസ്തവത്തില്‍ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പകുതി സീറ്റ്‌ സംവരണം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടായിരുന്ന ഉറപ്പ്. അതുവരെ വീടിനകത്ത് ഒതുങ്ങിക്കൂടിയ വനിതകള്‍ തങ്ങള്‍ക്കും പലതും ചെയ്യാനാവുമെന്നു മനസ്സിലാക്കി. അവരുടെ ഈ തിരിച്ചറിവാണ് അവകാശനിഷേധത്തിനെതിരെ സമരപ്പന്തലില്‍ ഊര്‍ജ്ജമായി മാറിയത്.ആ ഊര്‍ജ്ജം വിജയം കണ്ടല്ലോ. വിജയമല്ല വന്‍വിജയം. സമരത്തിന്റെ നേട്ടങ്ങള്‍ ഒന്നു വിശദീകരിക്കാമോ.


കുടുംബശ്രീയെ തളര്‍ത്തുന്ന എല്ലാ നടപടികളും പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ചിലത് ഈ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അവയെല്ലാം പുനസ്ഥാപിക്കും. ഗ്രാമീണ ഉപജീവനമിഷന്‍ വഴിയുള്ള ആയിരത്തി ഒരുന്നൂറ്റി അറുപത് കോടി രൂപയുടെ പദ്ധതികള്‍ കുടുംബശ്രീ വഴിതന്നെ തുടര്‍ന്നും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. മുപ്പത്തിയാറെ ദശാംശം ഏഴുകോടി രൂപ യുടെ ഭവനശ്രീ വായ്പ എഴുതിത്തള്ളാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കും.കുടുംബശ്രീ അംഗങ്ങളുടെ ഇരട്ട അംഗത്വത്തെതുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. തൊഴിലുറപ്പുപദ്ധതി മേറ്റുമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്ന് എഡിഎസിനെ ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കും.ഇനിമുതല്‍  ഇത് മുമ്പത്തെപ്പോലെ എഡിഎസ് വഴിയാക്കുന്നതോടൊപ്പം പഞ്ചായത്ത് ഭരണസമിതി സുതാര്യനടപടി കൈക്കൊള്ളും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ സാങ്കേതികവശം പരിശോധിച്ച് അനുകൂലതീരുമാനം എടുക്കും.
എം എം ഹസ്സന്‍റെ നേതൃത്വത്തിലുള്ള ജനശ്രീക്ക് രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) മുഖേന പതിനാലെ ദശാംശം മൂന്നേ ആറു കോടി രൂപ വഴിവിട്ട് അനുവദിച്ചതിനെക്കുറിച്ചുള്ള പരാതി കേന്ദ്ര കൃഷിമന്ത്രാലയത്തിനുമുന്നിലുള്ളതിനാല്‍ കേന്ദ്രനിര്‍ദേശമനുസരിച്ച് തുടര്‍തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്രതീരുമാനം അതേപടി അംഗീകരിക്കുമെന്നും കരാറില്‍ സമ്മതിച്ചു. ഫണ്ട് അനുവദിച്ചതിനെതിരെ നിയമപോരാട്ടം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മന്ത്രി സമ്മതിച്ചു. 

 

ഇത്രവേഗം സമരം വിജയിപ്പിക്കാന്‍ വഴിയൊരുക്കിയ സമരപരിപാടികള്‍ എന്തൊക്കെയായിരുന്നു.

അനിശ്ചിതകാല സത്യാഗ്രഹമാണ് സംഘടിപ്പിച്ചത്.  ജനശ്രീക്ക് പൊതുഖജനാവില്‍ നിന്ന് അനധികൃതമായി പണം കൊടുത്ത നടപടി റദ്ദുചെയ്യുക എന്നതടക്കം കുടുംബശ്രീയെ തളര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മുഴുവന്‍ തിരുത്തണം എന്നതായിരുന്നു ആവശ്യം. അവ നേടുംവരെ സമരം തുടരുക എന്നതായിരുന്നു തീരുമാനം. ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ച സമരത്തിന്‍റെ ആദ്യഘട്ടത്തിന്‍റെ ഭാഗമായി ഒക്‌ടോബര്‍ ഒന്‍പതിന് തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ക്കു മുന്‍പിലും പഞ്ചായത്തുകള്‍ക്കു മുന്‍പിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ ധര്‍ണ സംഘടിപ്പിച്ചിരുന്നു.
ഞാന്‍ നേരത്തേ പറഞ്ഞല്ലോ, ഇത് ഒരു രാഷ്ട്രീയ സമരമല്ല.  എന്നാല്‍, സമരത്തിന്‍റെ  ലക്ഷ്യം പൊതുജനതാല്പര്യവുമായി ബന്ധപ്പെട്ടതാകയാല്‍ രാഷ്ട്രീയ പിന്തുണയും പ്രതിദിനം ഏറി വന്നു. ഒന്നാംഘട്ടം കൊണ്ട് പ്രയോജനമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. കുടുംബശ്രീ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമരം ഏറ്റെടുക്കുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചു. അതൊന്നും പക്ഷെ വേണ്ടിവന്നില്ല. ഒന്നാം ഘട്ടം തീരും മുമ്പുതന്നെ സര്‍ക്കാര്‍ സ്വമേധയാ ചര്‍ച്ചയ്ക്കു തയ്യാറാകുകയായിരുന്നു.
ഐതിഹാസികമായ ഈ സമരത്തിനുനേരേ സര്‍ക്കാരിന്‍റെ നിലപാട് എങ്ങിനെ ആയിരുന്നു?

ഇവിടെ നിശ്ശബ്ദതയുടെ ഒരു ഗൂഢാലോചനയാണു നടന്നുവന്നത്. ഒന്നും കണ്ടില്ലെന്ന് നടിക്കുവാനുള്ള ഒരു ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നത്.  എന്നാല്‍ സ്ത്രീയുടെ സംഘശക്തി അവഗണിക്കാന്‍ എത്രനാള്‍ കഴിയും.  അങ്ങിനെയാണ് സര്‍ക്കാര്‍ സ്വയം ചര്‍ച്ചയ്ക്കു തയ്യാറായത്. മുഖ്യധാരാ മാധ്യമങ്ങളും സമരത്തെ തമസ്‌ക്കരിക്കുകയായിരുന്നല്ലോ.  സമരഘട്ടം ഒരാഴ്ച പിന്നിട്ടപ്പോള്‍പ്പോലും ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ. എന്നാല്‍ സമരം ചെയ്യുന്നവരിലൂടെയും പിന്തുണ നല്‍കുന്നവരിലൂടെയും ഇതിന് ഒരു വാക്കാല്‍ പ്രചാരണം കിട്ടുന്നുണ്ട്. പിന്നെ, സാമൂഹിക ഉത്തരവാദിത്തമുള്ള എത്രയോപേര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെയും മറ്റും ഇതൊരു വലിയ ചര്‍ച്ചാവിഷയം ആക്കിമാറ്റി.
പത്രങ്ങള്‍ക്ക് ഒരു മിഥ്യാധാരണയുണ്ട് അവര്‍ ഒരു വാര്‍ത്ത ഏറ്റെടുത്താലേ അതിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കിട്ടൂ എന്ന്. ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് കാലതാമസം സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരിക്കാം.  എന്നാല്‍ സത്യം അധികകാലം ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാന്‍ ഒരു മാധ്യമത്തിനും കഴിയില്ല. ഇത് ആ നിലയ്ക്കുള്ള മറ്റൊരു പാഠംകൂടിയാണ്.ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ സമരത്തിന്‍റെ രണ്ടാം ഘട്ടം പ്രക്ഷുബ്ധമാകുമായിരുന്നു. സംസ്ഥാനത്തുടനീളം സ്ത്രീകള്‍ തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. അവര്‍ ഗതാഗതം തടഞ്ഞാലോ മന്ത്രിമാരെ തടഞ്ഞാലോ നാടുതന്നെ സ്തംഭിപ്പിച്ചാലോ അദ്ഭുതപ്പെടാനില്ല.അതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഭരണകൂടം നിസ്സംഗതയും അവഗണനയും ഉപേക്ഷിച്ചത്.തെരുവില്‍ കിടക്കെണ്ടവളല്ല സ്ത്രീകള്‍ എന്ന് കവയിത്രി സുഗതകുമാരി മുഖ്യമന്ത്രിയെ നേരിട്ട്കണ്ട് ഓര്‍മ്മിപ്പിക്കെണ്ടിവന്നത് ഒരു പരിഷ്കൃതസമൂഹത്തിലെ ഭരണകൂടത്തിനുതന്നെ തീര്‍ത്താല്‍ത്തീരാത്ത കളങ്കമല്ലേ.
കുടുംബശ്രീയും ജനശ്രീയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം എന്താണ്.

കുടുംബശ്രീ സര്‍ക്കാര്‍മുന്‍കയ്യില്‍ ഉള്ള ഒരു പൊതുജനസംഘടനയാണ് ജനാധിപത്യപരമായ രീതിയിലാണ് പ്രവര്‍ത്തനങ്ങ ള്‍അയല്‍ക്കൂട്ടത്തിലും മറ്റും ആരെയും മാറ്റിനിര്‍ത്തുവാന്‍ പറ്റില്ല. കുടുംബശ്രീയുടെ സ്‌പോണ്‍സേഴ്‌സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഒരു നിദര്‍ശനമാണത് പ്രാദേശിക ജനാധിപത്യവല്‍ക്കരണത്തിന്‍റെ ഘടകമാണ് കുടുംബശ്രീ. സര്‍ക്കാരിന്‍റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ ഒരു കേന്ദ്രീകരണം അവിടെ നടക്കുന്നുണ്ട്.ലോകബാങ്കിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംസഹായ സംഘമാണ്കുടുംബശ്രീ കൃത്യമായ സാമ്പത്തിക അച്ചടക്കമുള്ള സ്വയംസഹായസംഘമെന്ന നിലയില്‍ ലോകോത്തരമാതൃക.  തദ്ദേശഭരണതലത്തില്‍ വികസനകാര്യങ്ങളില്‍ അതിന് ഇന്ന് വലിയ സ്ഥാനമാണുള്ളത്. കേരളത്തിലെ കാര്‍ഷിക സൂക്ഷ്മവ്യവസായ രംഗങ്ങളില്‍ കുറഞ്ഞകാലംകൊണ്ട് വലിയ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാനത്. സര്‍വ്വോപരി നാല്പതുലക്ഷം കുടുംബങ്ങളുടെ അത്താണി.
എന്നാല്‍ ജനശ്രീ എന്താ.  കോണ്‍ഗ്രസ്സിന്‍റെ ഒരു പോഷകസംഘടനല്ലേ അത്.  എം.എം ഹസ്സന്‍ എന്ന കോണ്‍ഗ്രസ്സ് നേതാവ് രൂപവത്കരിച്ച ധനകാര്യ സ്ഥാപനം.  ജനശ്രീയ്ക്ക് ദുരൂഹവും സംശയകരവുമായ ഒരു ചരിത്രം തന്നെയുണ്ട്.  ജനശ്രീയുടെ കണ്‍വീനറായ ബാലചന്ദ്രന്‍റെ പേരില്‍ എന്തെല്ലാം തട്ടിപ്പുകേസുകളാണ് നിലവിലുള്ളത്.സി.ബി.ഐ അന്വേഷണം പോലുമില്ലേ. ജനശ്രീക്ക് എന്തുതരം ജനാധിപത്യമാണുള്ളത്. ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി അവര്‍ എന്തു പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കുന്നത്.  സ്വന്തം പണം മുടക്കി നടത്തുന്ന ഒരു പോക്കറ്റ്‌ ധനകാര്യ സ്ഥാപനത്തെയാണ് സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചിരിക്കുന്നത്. കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്ന ഉയര്‍ന്ന ജീവിതനിലവാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് അണിയറിയില്‍ നടക്കുന്നത്.
ജനശ്രീ മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എങ്ങനെയാണ് കുടുംബശ്രീയെ ബാധിക്കുക.

കുടുംബശ്രീ മൈക്രോ ഫിനാന്‍സ് അംഗങ്ങളായ നാല്‍പ്പത് ലക്ഷത്തോളം സ്ത്രീകള്‍ ഇന്നുണ്ട്. ഇരട്ട അംഗത്വം വന്നാല്‍ മൈക്രോ ഫിനാന്‍സ് കാര്യക്ഷമമായി നടക്കില്ല.
കുടുംബശ്രീയെ ദുര്‍ബലപ്പെടുത്തല്‍ വര്‍ഗ്ഗീയധ്രുവീകരണത്തിന് ഇടയാക്കുമോ.

കുടുംബശ്രീ എന്നത് സര്‍ക്കാര്‍ മുന്‍കൈയ്യില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുജന സംഘടന ആണെന്നു പറഞ്ഞല്ലോ. ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല ഈ കൂട്ടായ്മ. നാടിന്‍റെ പൊതുനന്മ എന്ന വലിയ ലക്ഷ്യത്തില്‍ തന്നെപ്പോലെ തന്‍റെ അയല്‍ക്കാരുടെയും ജീവിതാഭിവൃദ്ധിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്നിടത്ത് സങ്കുചിതത്വങ്ങള്‍ ഉണ്ടാവില്ലല്ലോ.അതിന്‍റെ സ്ഥാനത്ത്‌ കോണ്‍ഗ്രസുകാരുടെ സംഘം നായന്മാരുടെ സംഘം ഈഴവരുടെ സംഘം ക്രിസ്ത്യാനികളുടെ സംഘം മുസ്ലിങ്ങളുടെ സംഘം എന്നിങ്ങനെ വന്നാലോ. സമൂഹം വിഭജിക്കപ്പെടും. കുടുംബശ്രീയുടെ ഏതുതരത്തിലുള്ള ദുര്‍ബലപ്പെടുത്തലും വര്‍ഗ്ഗീയശക്തികള്‍ക്ക് സംഘടിക്കുവാനുള്ള കരുത്ത് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
തദ്ദേശവകുപ്പിന്‍റെ മൂന്നായുള്ള വിഭജനം കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടോ. ഗ്രാമവികസനവകുപ്പ്‌ ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ കീഴില്‍ ആക്കിക്കൊണ്ടുള്ള ആ വിഭജനത്തില്‍ കുടുംബശ്രീയെ തകര്‍ക്കുക എന്നൊരു അജണ്ടകൂടി ഉണ്ടോ.

കുടുംബശ്രീയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ വകുപ്പിനെ വെട്ടിമുറിച്ചത്. കുടുംബശ്രീയുടേത്‌ സുതാര്യമായ പണമിടപാടുകളാണ്. കുടുംബശ്രീയ്ക്ക് പണം ലഭിക്കുന്നത് പഞ്ചായത്തുകള്‍ വഴിയാണ്. ഇപ്പോള്‍ പഞ്ചായത്ത് ഫണ്ട് നല്‍കുന്നില്ല. ഇവിടെയെല്ലാം കോണ്‍ഗ്രസ്സിന്‍റെ  വ്യക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ട്.
ജനശ്രീയ്ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഭിന്നതയുണ്ടോ.

തീര്‍ച്ചയായും. കോണ്‍ഗ്രസ്സ് മാത്രമല്ലെ അതിനെ അനുകൂലിക്കുന്നുള്ളൂ. കേരള കോണ്‍ഗ്രസ്സും ലീഗും എതിരാണ്. മുനീര്‍ കുടുംബശ്രീയെ അനുകൂലിച്ച് മുന്നോട്ടു വന്നില്ലേ. ജനശ്രീ ഇടപാടില്‍ കോണ്‍ഗ്രസ്സിനു മാത്രമാണ് നേട്ടം. കാരണം ജനശ്രീ ഒരു കോണ്‍ഗ്രസ്സ് സംഘടനയാണെന്നതുതന്നെ. അതിനെ കൊഴുപ്പിക്കാന്‍ കുടുംബശ്രീയെ മെല്ലെ ദുര്‍ബലപ്പെടുത്തി ഇല്ലായ്മ ചെയ്യുവാനാണ് നീക്കം. ഘടക കക്ഷികള്‍ക്ക് എന്താ നേട്ടം. ലീഗും കേരളാ കോണ്‍ഗ്രസ്സും അടക്കമുള്ള കക്ഷികള്‍ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലൂടെ വിനിയോഗിക്കപ്പെടേണ്ട ഫണ്ട് കോണ്‍ഗ്രസ്സ് സംഘടനയ്ക്കു നല്‍കിയാല്‍ കോണ്‍ഗ്രസ്സുകാരല്ലെ കൈകാര്യ കര്‍ത്താക്കള്‍. ഇത് ഘടക കക്ഷികള്‍ക്ക് ഇഷ്ടമാകുമോ.


യുഡിഎഫിലെ ഈ അഭിപ്രായ ഭിന്നത സമരത്തിന്‍റെ ദൈര്‍ഘ്യം കുറക്കാന്‍ കാരണമായിട്ടുണ്ടോ.

എന്തൊക്കെ സംഭവിച്ചാലും സമരം ശക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. സമരക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍നിന്ന് അല്‍പം പോലും പിന്നോട്ടില്ല എന്നാ വ്യക്തമായ സന്ദേശം സമരക്കാര്‍ നല്‍കി. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ ഇതു തുടരും എന്നവര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഈ വഴിവിട്ട നടപടിക്കെതിരെ അവരുടെ നാളെയായാലും പാളയത്തില്‍ തന്നെ കലാപമുണ്ടാകും.എനിക്കുറപ്പായിരുന്നു ഈ സമരം എത്രയും പെട്ടെന്നു വിജയിക്കുകതന്നെ ചെയ്യുമെന്ന്. ഏതായാലും ഐതിഹാസികമായ ഈ സമരം കേരളീയ സ്ത്രീനവോത്ഥാനത്തിലും കുടുംബശ്രീയുടെ വളര്‍ച്ചയിലും വലിയ ഊര്‍ജ്ജം പകരും എന്നാ കാര്യത്തില്‍ സംശയമില്ല. നമ്മുടെ സ്ത്രീശക്തി ഉണര്‍ന്നുകഴിഞ്ഞു.
Photos - Ratheesh Sundaram