Dr Binoy S Babu

'കോവിഡ് 19' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍

'കോവിഡ് 19' വൈറസ് ഒരു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആദ്യമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ച് ഒരു മീറ്റിങ്ങ് കൂടണം. അതില്‍ ജില്ലയുടെ മെഡിക്കല്‍ ഓഫീസര്‍, ജില്ലയിലെ സര്‍വ്വയലന്‍സ് ഓഫീസര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലയിലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഉയര്‍ന്ന റവന്യൂ അധികാരികള്‍ എന്നിവര്‍ ഉണ്ടായിരിക്കണം.


ആദ്യത്തെ മീറ്റിങ്ങില്‍ തന്നെ ഒരു കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്തണം. അത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ത്തന്നെ ഒരു 24 x 7 കണ്‍ട്രോള്‍ റൂം ആരംഭിക്കണം. ഇതില്‍ മൂന്നു ഷിഫ്റ്റുകളിലായി മൂന്നു ടീമുകള്‍ പ്രവര്‍ത്തിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ തീരുമാനപ്രകാരം ഓരോ ടീമുകളിലും നാലുപേര്‍ വീതം ഉണ്ടായിരിക്കണം. ഇതില്‍ ഒരു ഡോക്ടര്‍, രണ്ടു ഫാര്‍മസിസ്റ്റ്, ഒരു ക്ലാര്‍ക്ക് എന്നിവരാണ് സാധാരണ ഉണ്ടാകേണ്ടത്. ഇവര്‍ക്കായി നാല് ടെലിഫോണ്‍ കണക്ഷനുകളും ഉണ്ടായിരിക്കണം. ഇതില്‍ മൂന്ന് പേര്‍ ഫോണ്‍ ചെയ്യുവാനും ഒരാള്‍ ഫോണ്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. കണ്‍ട്രോള്‍ റൂമിന്റെ ഈ നാലു നമ്പരുകളും നമ്മള്‍ ജനങ്ങള്‍ക്ക് കൊടുക്കണം. ഓരോ ടീമിന്റേയും ലീഡര്‍ അതാത് ടീമിലെ ഡോക്ടര്‍ ആയിരിക്കും. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ രജിസ്ട്രറുകള്‍ നല്‍കിയിരിക്കും. അതില്‍ തീയതി, വിളിച്ച നമ്പര്‍, ഫോണ്‍ കണക്ടായോ ഇല്ലയോ, തെറ്റായ നമ്പര്‍ ആണോ, സ്വിച്ച് ഓഫ് ആയിരുന്നോ, അവര്‍ക്ക് എന്തേലും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നെല്ലാം രേഖപ്പെടുത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. അതുപോലെ ഇവര്‍ കോവിഡ് ടെസ്റ്റ് നടത്തിയോ എന്നും ആരായും. ഓരോ ടീമിന്റെയും ഷിഫ്റ്റ് തീരുമ്പോള്‍ പുതിയ ടീമിന്റെ ലീഡറിന് പഴയ ടീമിന്റെ ലീഡര്‍ നാല് രജിസ്റ്ററുകളും കൈമാറുന്നതാണ്. അതോടൊപ്പം 24 മണിക്കൂര്‍ തികയുന്ന സമയത്ത് (രാവിലെ 8 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണിവരെ) ഈ മണിക്കൂറുകളില്‍ എത്ര കോള്‍ വിളിച്ചുവെന്ന വിവരവും, നമ്മള്‍ എത്ര കോള്‍ സ്വീകരിച്ചുവെന്ന വിവരവും കോള്‍ സെന്ററിലെ നോഡല്‍ ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്. അദ്ദേഹം ആ റിപ്പോര്‍ട്ട് ഡി.എസ്.ഒ.ക്ക് നല്‍കുന്നു. കോളിംഗ് ടീമുകള്‍ക്ക് ആവശ്യമായിട്ടുള്ള പരിശീലനം സെന്റര്‍ ടീമാണ് നല്‍കുന്നത്. ഇതില്‍ അവര്‍ ഫോണ്‍ ചെയ്യുമ്പോള്‍ ചോദിച്ചറിയേണ്ട കാര്യങ്ങളെല്ലാം അവര്‍ മനസ്സിലാകുന്നു. അതുപോലെ ഫോണ്‍ സ്വീകരിക്കുമ്പോള്‍ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു.


download (1)

ഓരോ ദിവസവും ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വൈകുന്നേരം അവലോകനയോഗം ചേരുന്നത് നന്നായിരിക്കും. ഇതോടൊപ്പം ഒരു കോണ്‍ടാക്റ്റ് ട്രേസിങ് ടീം രൂപീകരിക്കണം. അതായത് അവര്‍ക്ക് ആവശ്യമായിട്ടുള്ള പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് സഹിതമാണ് അവര്‍ ഫീല്‍ഡിലോട്ട് പോകുന്നത്. അതില്‍ ഓരോ ടീമിലും മൂന്ന് പേര്‍ വീതം ഉണ്ടാകണം. ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു ടീമായിരിക്കണം അത്. ഈ ടീമുകള്‍ മിനിമം അഞ്ച് എണ്ണമെങ്കിലും ഉണ്ടായിരിക്കണം. കോണ്‍ടാക്ട് ട്രേസിങ്ങ് എങ്ങനെ നടത്താമെന്നുള്ളതിന് ഇവര്‍ക്കും സെന്‍ട്രല്‍ ടീം വിദഗ്ധപരിശീലനം നല്‍കുന്നതാണ്. ഇവര്‍ രോഗിയുടെ വീട്ടില്‍പ്പോയി അവിടെ രോഗിയുമായി നേരിട്ട് ഇടപഴകിയ ആള്‍ക്കാരുടെ പേര്, വയസ്, ലിംഗം, അസുഖവിവരം എന്നിവയും അതുപോലെ രോഗിയുടെ ഓഫീസ്, രോഗിയുടെ വീട്ടില്‍ വന്നുപോയ അയല്‍ക്കാര്‍, കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ട്യൂഷന്‍ മാസ്റ്റര്‍മാര്‍, അവര്‍ പോകുന്ന സ്‌കൂളുകള്‍, അവിടത്തെ കുട്ടികള്‍, കടക്കാര്‍, പാല്‍ക്കാരന്‍, പത്രക്കാരന്‍ തുടങ്ങിയ നേരിട്ടും അല്ലാതെയും ഇടപഴകിയവരുടെ ലിസ്റ്റ് തയ്യാറാക്കി അത് ജില്ലാ സര്‍വ്വയലന്‍സ് ഓഫീസറിനു നല്‍കുന്നു. ഇത് ജില്ലാ ഡേറ്റാ എന്‍ട്രി ഓഫീസര്‍ വഴി മാസ്റ്റര്‍ കോണ്‍ടാക്ട് ലിസ്റ്റ് ഉണ്ടാക്കി അതില്‍ പ്രൈമറി കോണ്‍ടാക്ട്, സെക്കണ്ടറി കോണ്‍ടാക്ട് എന്നിങ്ങനെ ലിസ്റ്റ് ചെയ്തശേഷം അതിന്റെ പകര്‍പ്പ് കണ്‍ട്രോള്‍ റൂമിലെ കാള്‍ ടീം നോഡല്‍ ഓഫീസറെ ഏല്‍പ്പിക്കുന്നു.


കാള്‍സെന്ററിലെ നോഡല്‍ ഓഫീസര്‍ അതതു ദിവസത്തെ ടാര്‍ഗറ്റ് ലിസ്റ്റ് ഡിവൈഡ് ചെയ്ത് ടീമംഗങ്ങള്‍ക്ക് നല്‍കി, മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാംപ്ലിംഗ് വിവരശേഖണത്തിനായി, ഒരു അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായ ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഇതില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ ഒരു ലിസ്റ്റ് എല്ലാ ദിവസവും വൈകുന്നേരം തയ്യാറാക്കുന്നു. വൈകുന്നേരം കിട്ടുന്ന ലിസ്റ്റ് പ്രകാരം, ഈ നോഡല്‍ ഓഫീസര്‍ വഴി എല്ലാ രോഗങ്ങളുള്ളവരുമായി ബന്ധപ്പെടുകയും അവരുടെ 'കോവിഡ് 19' ടെസ്റ്റ് നടത്തപ്പെടുകയും ചെയ്യുന്നു.


download

ജില്ലാ കളക്ടറുടെ അടുത്ത നിയമനം ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റേതാണ്. ഇതിനായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറായ ഒരു നോഡല്‍ ഓഫീസറെയാണ് നിയമിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ടീമില്‍ സീനിയര്‍ ടി.ബി സൂപ്രവൈസര്‍ (എസ്.ടി.എസ്.), സീനിയര്‍ ടി.ബി. ലാബറട്ടറി സൂപ്പര്‍വൈസര്‍ (എസ്.എല്‍.ടി.എസ്.) ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആംബുലന്‍സുകള്‍ എന്നിവയാണുള്ളത്. ഓരോ രോഗിയുടെയും വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അതില്‍ രോഗങ്ങളുള്ളവരെ അപ്പോള്‍ത്തന്നെ കോണ്‍ടാക്ട് ട്രേസിങ് നോഡല്‍ ഓഫീസര്‍ വിവരം റാപ്പിഡ് റെസ്‌പോണ്‍സ് ടീം നോഡല്‍ ഓഫീസറെ അറിയിക്കുകയും അവര്‍ അവിടെ എത്തി രോഗിയെ കൂട്ടിക്കൊണ്ട് ടെസ്റ്റ് ചെയ്യുവാന്‍ പോകുകയും ചെയ്യുന്നു. ഈ ടീം 24 x 7 ജോലി ചെയ്യേണ്ട വിഭാഗമാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിന്റെ അടുത്ത നിയമനം മോപ്പിങ്ങ് ടീമിന്റെയാണ്. ഇതിനായി ജില്ലാ മലേറിയാ ഓഫീസറാണ് ടീമിന്റെ നോഡല്‍ ഓഫീസറായി നിയമിക്കപ്പെടുന്നത്. ഇതില്‍ ഏകദേശം നാല്‍പ്പതോളം അംഗങ്ങള്‍ ഉണ്ടായിരിക്കും. ഇവര്‍ ഓരോ പോസിറ്റീവ് കേസുകളുടെയും വീടുകള്‍, ഓഫീസുകള്‍ അതുപോലെ അവയുടെ സമീപത്തുള്ള വീടുകളില്‍ മോപ്പിങ്ങ് നടത്തുകയും ഇത് എങ്ങനെയാണ് വീണ്ടും മോപ്പിങ്ങ് നടത്തേണ്ടതെന്ന് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇവര്‍ ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ചാണിത് നടത്തുന്നത്. ഇതിനൊപ്പം 'കോവിഡ്19'നെതിരെയുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്റെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) എന്നിവ ജനങ്ങളിലേക്ക് പാംലറ്റുകളുടെ രൂപത്തില്‍ എത്തിക്കുന്നു. ഇവര്‍ ജില്ലയിലെ സിനിമാതിയേറ്ററുകള്‍, ഹോട്ടലുകള്‍ എന്നിവയും മോപ്പിങ്ങ് നടത്തുകയും പരിശീലനം നടത്തുകയും ചെയ്യും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമങ്ങള്‍ക്കും അതുപോലെ മോപ്പിങ്ങ് ടീമങ്ങള്‍ക്കും സെന്‍ട്രല്‍ ടീം പരിശീലനം നല്‍കിയ ശേഷം അവര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നത്. ഒരു പോസിറ്റീവ് കേസിന്റെ വീടിന്റെ അടുത്തുള്ള ഏകദേശം 40 വീടുകളില്‍ ടീമുകളായി തിരിഞ്ഞ് അവര്‍ മോപ്പിങ്ങ് പരിശീലനവും നടത്തുന്നുണ്ട്.


znvK7wpQisCPn4qr4FZEyP-1200-80

അടുത്ത ടീം രൂപീകരണം ഏരിയ സര്‍വൈലന്‍സ് ടീമിന്റെയാണ്. ഒരു അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരിക്കും ആ ടീമിന്റെ നോഡല്‍ ഓഫീസര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏകദേശം 1,500 പേരുള്ള ഒരു ടീമുണ്ടാകും. അതില്‍ ജില്ലയിലെ ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടും. ഒരു പോസിറ്റീവ് കേസിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്‌ന്മെന്റ് സോണിലെയും ബഫര്‍ സോണ്‍ ഏരിയയിലെയും വീടുകള്‍ സന്ദര്‍ശിച്ച് അവിടെ അസുഖമുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ ഓരോ ദിവസത്തേയും ലിസ്റ്റ് വൈകുന്നേരം ഡിസ്ട്രിക് സര്‍വൈലന്‍സ് ഓഫീസര്‍ (ഡി.എസ്.ഒ.)ക്ക് കൈമാറും. അത് ഡിസ്ട്രിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വഴി മാസ്റ്റര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പകര്‍പ്പ് കാളിങ് ടീം നോഡല്‍ ഓഫീസറിനു നല്‍കും. രോഗമുള്ളവരുടെ വിവരങ്ങള്‍ സാമ്പിളിങ് നോഡല്‍ ഓഫീസറിന് നല്‍കി റാപ്പിഡ് റെസ്‌പോണ്‍സ് ടീം വഴി, കോവിഡ് പരിശോധന നടത്തുകയും ചെയ്യും. ഒരു അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരിക്കും സാമ്പിളിങ് നോഡല്‍ ഓഫീസര്‍. ഇദ്ദേഹം ഓരോ ദിവസവും ടെസ്റ്റിങ് നടത്തിയ ലിസ്റ്റ് ഡി.എസ്.ഒ.ക്ക് നല്‍കും. അതുപോലെ അടുത്ത ദിവസം ടെസ്റ്റ് റിസള്‍ട്ടും നല്‍കും. ഇതു രണ്ടും ഡി.എസ്.ഒ, മാസ്റ്റര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ പെടുത്തുമ്പോള്‍ ഇനി ആരൊക്കെയാണ് ടെസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളതെന്ന് മനസ്സിലാക്കുവാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്.


ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ട മറ്റൊരു ടീമാണ് ലോജിസ്റ്റിക്‌സ് ടീം. ഇവരുടെ കൈയിലാണ് ആവശ്യമായ സാനിറൈസറുകള്‍, പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റായ ഗൗണുകള്‍, ഫേസ് ഷീല്‍ഡ്, ഹൈപ്പോക്ലോറേറ്റ് ലായനി, ഗ്ലൗസുകള്‍ എന്നിവയുള്ളത്. ജില്ലയിലെ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇവ ആവശ്യാനുസരണം നല്‍കുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പുവരുത്തേണ്ടത് ജില്ലാ സ്റ്റോറിന്റെ ഫാര്‍മസിസ്റ്റാണ്. അദ്ദേഹമാണ് ഈ ലോജിസ്റ്റിക്‌സ് ടീമിന്റെ നോഡല്‍ ഓഫീസര്‍. ഇദ്ദേഹം അവശ്യ സ്റ്റോക്കിന്റെ ലഭ്യത സ്റ്റേറ്റ്-സെന്‍ട്രല്‍ സ്റ്റോറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതും അതതുദിവസം നല്‍കുന്ന സാധനങ്ങളുടെ ലിസ്റ്റ് പ്രത്യേക ഫോര്‍മാറ്റില്‍ സൂക്ഷിക്കേണ്ടതുമാണ്.


images

സെന്‍ട്രല്‍ ടീം, സ്റ്റേറ്റ് ടീം അംഗങ്ങളും ജില്ലാ ടീമംഗങ്ങളേയും ഉള്‍പ്പെടുത്തി ട്രെയിനിങ് നല്‍കി ഒരു ജില്ലാതല ട്രെയിനിങ് ടീമിനെ വാര്‍ത്തെടുക്കുന്നു. ഇതില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ലിയു.എച്ച്.ഒ.), യൂണിസെഫ് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടും. തുടര്‍ന്ന് ജില്ലാ ടീം ജില്ലയിലെ മുഴുവന്‍ റൂറല്‍ പി.എച്ച്.സി, അര്‍ബന്‍ പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മറ്റു വിഭാഗങ്ങളായ സ്റ്റാഫ്‌നേഴ്‌സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ക്കും പല തീയതികളിലായി വിദഗ്ദ്ധപരീശീലനം നല്‍കുന്നു.


ട്രാവലേഴ്‌സ്ടാക്കിങ് ടീം രൂപീകരണമാണ് അടുത്തത്. ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പി.ജി. റസിഡന്‍സ് ഡോക്ടര്‍മാരെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും അസോസിയേറ്റ് പ്രൊഫസര്‍മാരേയും ഉള്‍പ്പെടുത്തിയാണ് ഈ ടീമിന്റെ രൂപീകരണം. അസോസിയേറ്റ് പ്രൊഫസറാണ് ഈ ടീമിന്റെ നോഡല്‍ ഓഫീസര്‍. ലോകാരോഗ്യസംഘടനയില്‍ നിന്നും ഇ-മെയില്‍ വഴി ലഭ്യമാകുന്ന കാര്യങ്ങള്‍, സംസ്ഥാനത്തില്‍ നിന്നും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ലഭിക്കുന്ന ജില്ല സന്ദര്‍ശിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും ലിസ്റ്റ്, ഓരോ ദിവസവും ഡൗണ്‍ലോഡ്‌ചെയ്ത് അത് ഡി.എസ്.ഒ.യെ ഏല്‍പ്പിക്കേണ്ടതാണ്. ഡി.എസ്.ഒ. അത് ഡിസ്ട്രിക്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വഴി മാസ്റ്റര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ട്രാവലേഴ്‌സ് ലിസ്റ്റാക്കുകയും അതിന്റെ പകര്‍പ്പ് കോളിങ് ടീമിന് നല്‍കുകയും ചെയ്യുന്നു. ഓരോ ദിവസം ലഭിക്കുന്ന ലിസ്റ്റുകള്‍ കോളിങ് ടീമുകളും ട്രാവലേഴ്‌സ് ട്രാക്കിംങ് ടീമുകളും എല്ലാം ഇവയുടെ ഫോളോഅപ് നടത്തേണ്ടതാണ്.


download

ഇനിയുള്ളത് ഒരു വാര്‍ റൂം രൂപീകരണം ആണ്. ഇവിടെ ഓരോ പോസിറ്റീവ് കേസിന്റെയും കോണ്‍ടാക്ട് ലിസ്റ്റ് സൈബര്‍സെല്‍ മുഖേന എടുത്ത്, അവരെ ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തുന്നു. പിന്നീട് ഓരോ ഹോംക്വാറന്റയിന്‍ പേഷ്യന്റും പരിധിവിട്ടുപോകുന്നില്ലായെന്ന് ജി.പി.എസ്. ട്രാക്കിംങ് മുഖേന ഉറപ്പുവരുത്തുന്നു. ഇതുകൂടാതെ, തെറ്റായ നമ്പരുകളുടെ ലിസ്റ്റ് കാളിങ്ടീം ഡി.എസ്.ഒ. വഴി ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു. പോലീസ് ഇന്റലിജന്‍സ് വഴി ശരിയായ നമ്പരുകള്‍ ശേഖരിച്ച് തിരിച്ച് ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നു. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജില്ലാ സെക്രട്ടറി വഴി ഭാവിയിലേക്ക് ആവശ്യമായിട്ടുള്ള പ്രൈവറ്റ് ആശുപത്രികള്‍ നേരത്തെ തയ്യാറാക്കിവയ്ക്കും. പ്രൈവറ്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ ട്രെയിനിങ്ങുകള്‍ നല്‍കുന്നു (ഐസൊലേഷന്‍ ഫെസിലിറ്റി, ക്വാറന്റയിന്‍ ഫെസിലിറ്റി, ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ പ്രാക്ടീസ്, സോളിഡ് വെയ്റ്റ് മാനേജ്‌മെന്റ്, ഐ.സി.എം.ആര്‍. ഗൈഡ്‌ലൈന്‍). അവരാവശ്യപ്പെടുന്ന പക്ഷം അവര്‍ക്കും പി.പി.ഇ കിറ്റുകള്‍ നല്‍കുന്നു. ഓരോ ജില്ലയിലുമുള്ള പ്രൈവറ്റ് ബെഡ്ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ക്വാറന്റയിന്‍ റൂമുകള്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ കൃത്യമായ കണക്കെടുത്ത് സൂക്ഷിക്കുന്നു. ലോക്ക്ഡൗണിനുശേഷം, വാര്‍ റൂമില്‍ പ്രത്യേക സോഫ്ട്‌വെയറുകളിലൂടെ ആവശ്യക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗസാധനങ്ങളുടെ പാക്കറ്റുകള്‍ ഓരോ ദിവസവും റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ എത്തിക്കപ്പെടുന്നു. ഇതുകൂടാതെ ഓരോ ദിവസവും ഓരോ രോഗിയേയും ട്രാന്‍സ്‌പോര്‍ട്ട് ചെയ്തതിനുശേഷം ഓരോ ആംബുലന്‍സും ഡിസ്ഇന്‍ഫക്ട് ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പുതിയ ഗൈഡ്‌ലൈനിന്റെ പരിശീലനം സെന്‍ട്രല്‍ ഡോക്ടര്‍മാര്‍ക്ക് സെന്‍ട്രല്‍ ടീം പരിശീലനം നല്‍കുന്നു. സെന്റര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സി.പി.സി.ബി.) യുടെ പുതിയ വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും ജില്ലയിലെ മെഡിക്കല്‍ കോളേജും ജില്ലാ ആശുപത്രികളുമായിരിക്കും എല്‍-3 ഫെസിലിറ്റികള്‍. ഇവിടെയാകും പോസിറ്റീവ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമുള്ളത്. ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ദിവസവും സാമ്പിളുകള്‍ ശേഖരിക്കുന്നത് ഒരു മൈക്രോബയോളജി ടീം ആയിരിക്കും. ഇത് ജില്ലയിലെ ഐ.സി.എം.ആര്‍ അംഗീകരിച്ച ലാബില്‍ അയച്ച് 24 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ശേഖരിക്കുന്നു.മീഡിയ മാനേജുമെന്റും ജില്ലാകളക്ടറുടെ നേരിട്ടുള്ള കണ്‍ട്രോളിലായിരിക്കും. ജില്ലാ ആശുപത്രികളില്‍ ഫ്‌ളൂക്ലിനിക്കുകള്‍ സ്ഥാപിച്ച് ട്രയാജിങ്ങ് വഴി എ.ആര്‍.ഐ. രോഗികളുണ്ടെങ്കില്‍ അവരേയും എക്‌സ്-റേ വഴി ന്യുമോണിയ സ്ഥിരീകരിച്ച രോഗികളിലും കോവിഡ് 19 പരിശോധിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച രോഗികളിലും സംശയാസ്പദമായി ആശുപത്രികളില്‍ മരണപ്പെടുന്ന രോഗികളിലും സാമൂഹികവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇങ്ങനെ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ടീം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യൂണിസെഫ് സ്റ്റേറ്റ് ടീം, ജില്ലാ മെഡിക്കല്‍ ടീം, പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥര്‍, മറ്റു നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അശ്രാന്തപരിശ്രമം നടത്തിയാണ് ഓരോ ദിവസവും കടന്നുപോകുന്നത്.


(ലേഖകന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) എപ്പിഡെമിക് ഇന്റലിജന്‍സ് സര്‍വീസ് (ഇ.ഐ.എസ്) ഓഫീസറും കോവിഡ്-19 ന്റെ സെന്‍ട്രല്‍ ടീമിന്റെ ലീഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്).


Email : drbinoysbabu@gmail.com