Sivahari Nandakumar

ഫ്രീ ബേസിക്സ് സൗജന്യമല്ല, നിക്ഷ്പക്ഷവും.

കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്ബുക്ക് തുറക്കുമ്പോള്‍ പലര്‍ക്കും ഒരു നോട്ടിഫിക്കേഷന്‍ വരുന്നു. നമ്മുടെ പല കൂട്ടുകാരും ഫ്രീ ബേസിക്സിനെ പിന്തുണച്ച് TRAI (Telecom Regulatory Authority of India)ക്ക് സന്ദേശമയച്ചു നമ്മളും ആയക്കൂ എന്ന് ആഹ്വാനം ചെയ്യുന്നതാണ് ആ നോട്ടിഫിക്കേഷന്‍. നോട്ടിഫിക്കേഷനില്‍ ക്ലിക്കിയാല്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സൌജന്യ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയാണ് ഫ്രീ ബേസിക്സ് എന്നും അതിനെ പിന്തുണക്കണമെന്നും പറയുന്ന ഫേസ്ബുക്ക് താളിലെത്തും. അത് വിശ്വസിച്ച് പലരും അവരുടെ ശുദ്ധഗതിക്ക് ഫേസ്ബുക്ക് പറയുന്നത് പോലെ സന്ദേശമയക്കും.


c4f6ae7a-d2bd-496a-b45e-6ab1db5563f2


സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്റര്‍നെറ്റിനെ നശിപ്പിക്കുന്നതാണ് ഫ്രീ ബേസിക്സ്. ഫേസ്ബുക്കും മറ്റ് ചിസ സ്വകാര്യ കമ്പനികളും ചേര്‍ന്ന് നടപ്പാക്കുന്ന ഫ്രീ ബേസിക്സ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത് ഇന്ത്യയിലെമ്പാടും സൌജന്യ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ്. എന്നാല്‍ എല്ലാ വെബ്സൈറ്റും സൌജന്യമായി ലഭ്യമാക്കാന്‍ പദ്ധതിയില്ല മറിച്ച് ഫേസ്ബുക്കും അതു പോലുള്ള ചില വന്‍കിട സൈറ്റുകളും ആവും സൌജന്യമായി ലഭിക്കുക. മറ്റ് സൈറ്റുകള്‍ ഫ്രീ ബേസിക്സ് പദ്ധതിയിലൂടെ ലഭിക്കുകയില്ല. ലോകത്ത് എവിടെയും ഒരു പബ്ലിക്ക് ഐ.പി. വിലാസത്തിനാല്‍ ഇന്റര്‍റ്റില്‍ ബന്ധിപ്പിക്കപ്പെട്ട ഏതൊരു കംപ്യൂട്ടറില്‍ നിന്നും നമുക്ക് ഒരു സേവനം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാവുന്നതാണ്. അത്രയ്ക്ക് സ്വതന്ത്രമായ ജനാധിപത്യ സ്വഭാവമുള്ള തിരച്ഛീന ഘടനയാണ് ഇന്റര്‍നെറ്റിനുള്ളത്. ഒരു ഇന്റര്‍നെറ്റ് സേവന ദാദാവിന് താന്‍ കൊടുത്ത കണക്ഷനിലുടെ ഫേസ്ബുക്കാണോ, അതോ ഇമെയിലാണോ അതോ മറ്റേതെങ്കിലും സേവനമാണോ ഉപയോഗിക്കുന്നത് എന്നറിയേണ്ട കാര്യമില്ല. എല്ലാ വിവരങ്ങളും അത് ഏത് സൈറ്റില്‍ നിന്നുള്ളതായാലും ഒരു പോലെയാണ് ഒരു ശൃംഖലയില്‍ വിനിമയം ചെയ്യപ്പെടുന്നത്. അതാണ് ഇന്റര്‍നെറ്റിന്റ് ശക്തിയും തീര്‍ത്തും ജനാധിപത്യപരമായ ഒരു തിരച്ഛീന സങ്കേതം. ഫേസ്ബുക്കും നാട്ടിലെ ഒരു സ്കൂളിന്റെ വെബ്സൈറ്റും ഇന്റര്‍നെറ്റില്‍ സമന്മാരാണ്.


1c4b1a1c-e551-4761-86eb-71076290d299


ഇന്റര്‍നെറ്റിന്റെ ഈ സ്വതന്ത്ര സ്വഭാവത്തെയാണ് ഫ്രീ ബേസിക്സ് പദ്ധതിയുലൂടെ ഇല്ലാതാക്കാന്‍ നോക്കുന്നത്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഇന്റര്‍നെറ്റില്‍ ഫേസ്ബുക്ക് അവരുടെ ഇഷ്ടക്കാരുടെ വെബ്സൈറ്റുകള്‍ മാത്രമാകും ലഭ്യമാക്കുക. ചെറുകിട വെബ്സൈറ്റുകളും മറ്റും ലഭ്യകമാവില്ല. ഇനി എവിടുന്നാണ് ഫ്രീ ബേസിക്സ് എന്നിപ്പോ പേരുള്ള ഇന്റര്‍നെറ്റ്.ഓര്‍ഗ്ഗ് ഇന്ത്യയില്‍ ഉദയം ചെയ്തത്..? ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയില്‍ വിപ്ലവകരമായ വേഗതയാണുണ്ടാക്കിയത്. കംപ്യുട്ടര്‍ ശൃംഖലയുടെ ഘടനയെ ഏഴ് തട്ടുകളായി തിരിച്ചിട്ടുണ്ട്. ഐ.എസ്.ഒ. ഒ.എസ്.ഐ മോഡല്‍ എന്നാണ് ഈ ഘടനയുടെ പോരു്. അതിലെ മേല്‍ത്തട്ടായ ആപ്ലിക്കേഷന്‍ ലെയറിലാണ് നാം കാണുന്ന ഫേസ്ബുക്കും, വാട്ട്സാപ്പും, മറ്റ് സൈറ്റുകളും ഒക്കെ പ്രവര്‍ത്തിക്കുന്നത്. ഇവ പ്രവര്‍ത്തിക്കാനാവശ്യമായ പശ്ചാത്തലം ഒരുക്കുന്നതാവട്ടെ താഴെത്തട്ടിലുള്ള നെറ്റ്‍വര്‍ക്ക് ലെയറും ഫിസിക്കല്‍ ലെയറുമൊക്കെയാണ്. താഴെ തട്ടിലെ ലയറുകള്‍ നമ്മുടെ നാട്ടില്‍ നടത്തുന്നത് ടെലിക്കോം കമ്പനികളും.... കുറച്ച് നാളായി നമ്മുടെ നാട്ടിലെ ടെലിക്കോം കമ്പനികള്‍ക്ക് ഒരു കുശുമ്പുണ്ട്. അവര്‍ പറയുന്നത് തങ്ങളാണ് താഴെ തട്ട്നടപ്പാക്കി കേബിളൊക്കെയിട്ട് നെറ്റ്‍വര്‍ക്കൊക്കെ സ്ഥാപിച്ച് മേല്‍ത്തട്ട് കാര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് എന്നാല്‍ കുറഞ്ഞ ചെലവില്‍ മുകള്‍തട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ലാഭം വാരുന്നു എന്ന്. അങ്ങിനെ വന്നപ്പോഴാണ് എയര്‍ടെല്ലും ഐഡിയ യും ഒക്കെ സീറോ റേറ്റിങ്ങ് പദ്ധതികള്‍ ആവിഷ്കരിച്ചത്. അവര്‍ പറയുന്നത് 20 രൂപ കൊടുത്താല്‍ നിങ്ങള്‍ക്ക് ഇമെയില്‍ നോക്കാം, അമ്പത് കൊടുത്താല്‍ ഫെയ്ബുക്ക് എന്നൊക്കെയാണ്. ചെറുകിട വൈബ്സൈറ്റുകളെക്കുറിച്ച് മിണ്ടുന്നുമില്ല. ഇത് നെറ്റിന്റെ ന്യൂട്രല്‍ സ്വഭാവത്തിനെതിരാണ് എന്ന് മാത്രമല്ല ഇത് നടപ്പാക്കണമെങ്കില്‍ നമ്മള്‍ ഏതൊക്കെ സൈറ്റാണ് നോക്കുന്നത് എന്നും എന്താണ് ചെയ്യുന്നതെന്നും നിരീക്ഷിക്കണം. അതിനുള്ള മൌനം സമ്മതം നമ്മള്‍ കൊടുക്കേണ്ടിവരും. ഇന്റര്‍നെറ്റിന്റെ സ്വതന്ത്ര സ്വഭാവത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തുന്നു. ഫ്രീ ബേസിക്സ് ഇത്തരം ഒരു സംവിധാനമാണ്. അതിന്റെ പ്രത്യേകത അത് താഴെ തട്ടിലുള്ള ഭീമന്‍ മാരുടെ താത്പര്യവും മേല്‍തട്ടിലുള്ള ഭീമന്‍മ്മാരുടെ താത്പര്യവും സംരക്ഷിക്കാനുള്ള യോജിച്ച പദ്ധതിയാണ് എന്നതാണ്. ഇന്ത്യയില്‍ അത് നടപ്പാക്കുന്നത് ഫെയ്ബുക്ക് റിലയന്‍സുമായി ചേര്‍ന്നാണ്. അങ്ങിനെ വരുമ്പോള്‍ ആദ്യം സൌജന്യമായോ, ചെറിയ നിരക്കിലോ തിരഞ്ഞെടുക്കപ്പെട്ട ചില സേവനങ്ങള്‍ കൊടുക്കും. പിന്നീട് മറ്റ് സേവനങ്ങള്‍ക്ക് വന്‍ തുക ഈടാക്കും, ഇന്റര്‍നെറ്റലേക്കുള്ള ചെറുകിട സംരഭകരുടെ കടന്ന് വരവ് നില്‍ക്കും. ഇന്ത്യയിലെ ഗ്രാങ്ങളില്‍ നടപ്പാക്കും എന്ന് പറയുന്ന ഫ്രീ ബേസിക്സിലൂടെ ആ ഗ്രാമത്തിലെ തന്നെ ഒരു സര്‍ക്കര്‍ സ്കൂളിന്റെ സൈറ്റ് കിട്ടുകയില്ല. ഫേസ്ബുക്കിനോ ചുളിവില്‍ അവര്‍ നടത്തികൊണ്ടിരിക്കുന്ന ചാരനിരീക്ഷണം സുശക്തം തുടരാം. അങ്ങിനെ ഫേസ്ബുക്കിന് ഇന്റര്‍നെറ്റിലെ ഗേറ്റ് കീപ്പര്‍മ്മാരാവാം.


190ee4aa-347a-470e-b62c-a97633b389ab


ഇത് നടപ്പാക്കാന്‍ ഫേസ്ബുക്ക് ശ്രമം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ആണെന്നത് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. Telecom Regulatory Authority of India കഴിഞ്ഞ ഏപ്രിലിലാണ് ഇന്റെര്‍നെറ്റ് ജനാധിപത്യം നശിപ്പിക്കുന്ന ഇത്തരം പദ്ധതികളെക്കുറിച്ച് ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പറിലൂടെ പൊതു ജനാഭിപ്രായം തേടിയത്. സാധാരക്കാരന് വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത വിധം സാങ്കേതിക പദങ്ങളും മറ്റുമുള്ള ഒരു പേപ്പറായിരുന്നു അത്. എന്നിട്ടും ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനങ്ങളുടെയും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നു. സി.പി.ഐ.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചില കോണ്‍ഗ്രസ്സ് നേതാക്കളുമെല്ലാം ഇന്റര്‍നെറ്റ് നിക്ഷപക്ഷത സംരക്ഷിക്കാന്‍ രംഗത്ത് വന്നു. ലക്ഷക്കണക്കിനാളുകള്‍ കണ്‍സല്‍ട്ടേഷന്‍ പേപ്പറിന് മറുപടിയായി ഇന്റര്‍നെറ്റ് നിക്ഷപക്ഷത സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് TRAIക്ക് ഇമെയിലയച്ചു. ജനങ്ങളുടെ വമ്പിച്ച പ്രതിഷേധത്തിന് മുന്നില്‍ തത്കാലത്തേക്ക് ഈ ശ്രമം സര്‍ക്കാരിനുപേക്ഷിക്കേണ്ടി വന്നു. എന്നിട്ടും ഇമെയില്‍ അയച്ചവരുടെ വിവരങ്ങള്‍ പരസ്യമാക്കി ജനങ്ങളുടെ സ്വകാര്യതയില്‍ കടന്ന് കയറാന്‍ TRAI മറന്നില്ല. അടുത്ത ശ്രമമുണ്ടായത് നരേന്ദ്രമോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ച വേളയിലാണ്. പ്രൊഫൈല്‍ പിക്ചര്‍ തിവര്‍ണ്ണ പതാക കലര്‍ന്നതാക്കി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയേകാന്‍ മോഡിയും സുക്കന്‍ ബര്‍ഗും ഒരു പോലെ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതും ഫ്രീ ബേസിക്സിന് ജനപിന്തുണ നേടാനുള്ള ഫേസ്ബുക്കിന്റെ അടവായിരുന്നു. ഫേസ്ബുക്ക് താളിന്റെ കോഡ് പരിശോധിച്ച് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തകര്‍ ഈ കള്ളി വെളിച്ചത്താക്കി. അങ്ങിനെ ഫ്രീ ബേസിക്സ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണെന്ന സത്യം വെളിയില്‍ വന്നു. ഇതിനിടക്ക് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് ഒരു എസ്.എം.എസ് ക്യാമ്പെയിനും നടത്തി. ഇന്ത്യയിലാകെ സൌജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നോ എന്ന് ഒരു മെസ്സേജ് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോണിലേക്ക് അവര്‍ അയച്ചു. സ്വാഭാവികമായും നാട്ടുകാരെല്ലാവരും യെസ് മൂളി. ഇപ്പോഴിതാ പഴ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ഇറക്കിയിരിക്കുകയാണ്. ഏപ്രിലില്‍ ജനങ്ങള്‍ തള്ളിയ കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ ഉള്ളടക്കത്തില്‍ വലിയ മാറ്റമില്ലാതെ ഡിസംബറില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ അവസരത്തില്‍ തന്നെ ഫ്രീ ബേസിക്സിന് ജന പിന്തുണ കൂട്ടാനുള്ള മുകളില്‍ പറഞ്ഞതു പോലുള്ള ശ്രമം ഫേസ്ബുക്കും തുടങ്ങിയിരിക്കുന്നു. ഈ ചങ്ങാത്ത മുതലാളിത്ത പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ഇന്റര്‍നെറ്റിന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. ഫ്രീ ബേസിക്സിനെതാരായി TRAIക്ക് ഇമെയിലക്കാനുള്ള സംവിധാനം http://saynotofreebasics.fsmi.in/ എന്ന് സൈറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇമെയിലയച്ച് ഈ ചതിക്കുഴിയില്‍ നിന്ന് ഇന്റര്‍നെറ്റിനേയും നെറ്റ് സമൂഹത്തേയും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.


സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ