Arjun M H

സിംഹം വേട്ടയ്ക്കിറങ്ങുമ്പോള്‍

ആരാധകരെ മാത്രം ലക്‌ഷ്യം വച്ചിറങ്ങുന്ന തട്ടുപൊളിപ്പന്‍ സിനിമകളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ യാതൊരു സ്ഥാനവും ഇല്ല . അത്തരം സിനിമകള്‍ ഭൂരിപക്ഷം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത് കഥയിലെ മികവോ പുതുമയോ അല്ല ഇവിടെ സിനിമയുടെ വിജയ ഘടകം .

സൂര്യയുടെ സിന്ഗം വീണ്ടും വേട്ടയ്ക്ക് ഇറങ്ങുമ്പോള്‍ . ആദ്യ സിനിമയില്‍ നിന്നും വിഭിന്നമായി കൂടുതല്‍ കരുത്തു ആര്‍ജിച്ച നായകനെയാണ് കാണാന്‍ സാധിക്കുന്നത് .പതിവുപോലെ സൂര്യ തന്റെ വേഷം മോശമല്ലാതെ കൈകാര്യം ചെയ്തു . ഇത്തരം സിനിമയില്‍ നായകന് ശക്തി കൂടുക എന്നാല്‍ പടം കൂടുതല്‍ തട്ടുപൊളിപ്പന്‍ ആവുക എന്നാണു . പോലീസില്‍ നിന്നും വിട്ടു സ്കൂളില്‍ എന്‍ സി സി ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന സൂര്യയെ ആണ് പ്രേക്ഷകര്‍ കണ്ടു തുടങ്ങുന്നത് . സിന്ഗം ഒന്ന് അവസാനിക്കുന്ന പോലെ തൂത്തുകുടിയിലെ പ്രശ്നങ്ങളെ മുന്നില്‍ കണ്ടു നായകനെ ആഭ്യന്തര മന്ത്രി ലീവില്‍ പ്രവേശിപ്പിക്കുകയാണ് . ഇതിലൂടെ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയെ തിരക്കഥ കൂടി എഴുതിയ സംവിധായകന്‍ വ്യക്തമായി നിലനിര്‍ത്തുന്നു . ശക്തി കൂടിയ ദുരൈ സിന്ഗം നേരിടേണ്ടി വരുന്നത് പ്രധാനമായും നാല് വില്ലന്മാരെയാണ് . അതില്‍ പ്രധാനി കരയില്‍ കടക്കാന്‍ കഴിയാതെ കപ്പലില്‍ ജീവിക്കുന്ന ഡാനി എന്ന ലോകോത്തര മയക്കുമരന്നു കച്ചവടക്കാരന്‍ ആണ് .

ക്ലീഷേകളുടെ ഘോഷയാത്ര ഈ സിനിമയില്‍ വേണ്ടുവോളം കാണാന്‍ സാധിക്കും . വില്ലന്റെ ഭീകരത കൂട്ടാന്‍ പാമ്പിനെ കയ്യില്‍ എടുത്തു താലോലിക്കുന്നത്. വെടിവച്ചു എതിരാളിയെ കൊന്നുകൊണ്ടുള്ള തുടക്കം ലോങ്ങ്‌ ഷോട്ട് കാമറ തുടങ്ങിയവ എല്ലാം . നായകനെ സ്നേഹിക്കുന്ന വിദ്യാര്‍ഥിനി ആയി ഹന്‍സിക വേഷമിടുന്നു പതിവ് പോലെ നായകന്‍ പ്രണയം നിരസിക്കുകയും കുട്ടി സ്വയം സഹോദരിയായി പ്രഖ്യാപിക്കയും ചെയ്യുന്നു . മുന്‍ സിനിമയില്‍ ഏറെ പ്രാധാന്യം ഉണ്ടായിരുന്നു അനുഷ്ക ചെയ്ത നായികാ കഥാപാത്രത്തിനു കേവലം ശരീര പ്രകടനത്തിന് അപ്പുറം അഭിനയശേഷി ഉള്ള ഒരു നടിയാണ് അനുഷ്ക രണ്ടാം ഭാഗത്തില്‍ ചില സീനില്‍ കരയുന്നതിനും സൂര്യ്ക്കൊപ്പം ചുവടു വയ്ക്കുന്നതിനും മാത്രമായി നായികയെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു . അനുഷ്കയെക്കാള്‍ കൂടുതല്‍ പ്രാധാന്യം സിനിമയില്‍ ഹന്സികയ്ക്ക് വന്നു എന്ന് തന്നെ പറയാം . രണ്ടു നായികയെ പോലെ തന്നെ രണ്ടു കൊമെടിയന്മാര്‍ ആണ് സിനിമയില്‍ മുന്‍ സിനിമയുടെ തുടര്‍ച്ച ആണെന്ന് തെളിയിക്കാന്‍ കൊണ്ടുവന്ന പോലെ മാത്രമായിപ്പോയി പദ്മശ്രീ വിവേക് ചെയ്ത എരിമല എന്ന പോലീസ് കഥാപാത്രം അവിടെയും സന്താനം കൂടുതല്‍ സീനുകളില്‍ കോമഡി കാണിക്കുന്നു . പതിവ് തമിഴ് സിനിമകള്‍ പോലെ തന്നെ തമാശയ്ക്ക് വേണ്ടി തമാശ സൃഷ്ടിക്കുന്ന പതിവ് തുടരുന്നു .

നായകന്‍റെ ശക്തി തെളിയിക്കുന്നത് കൃത്യമായും തമിഴ് സിനിമകളില്‍ സംഘട്ടനങ്ങളിലൂടെയാണ്. മുഖത്ത് അടിക്കുബോഴേക്കും ഗുണ്ടകളുടെ ബോധം മറയുന്നത് നായകന്‍റെ ശക്തി വ്യക്തമാക്കുന്നു . ദേശീയ ഗാനത്തെ അപമാനിക്കുന്ന ലോകല്‍ നേതാവിനെ ഇടിച്ചു തരിപ്പണം ആക്കിക്കൊണ്ടാണ് നായകന്‍ തുടങ്ങുന്നത് അതിനു ശേഷം ദേശസ്നേഹം സ്ഫുരിക്കുന്ന സംഭാഷണവും . ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി സീനുകള്‍ ചിത്രത്തില്‍ സംവിധായകന്‍ ഭംഗിയായി ചിത്രീകരിച്ചു എന്ന് തന്നെ പറയാം സംഘട്ടന രംഗങ്ങളിലെ തികവും വര്‍ഗീയ കലാപം മുതല്‍ വിദേശത്ത് വേട്ടയ്ക്ക് ഇറങ്ങുന്നത് വരെ ആരാധകരെ ത്രിപ്ത്തിപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പ്രത്യേകിച്ചും തമിഴ് ജനതയെ തമിഴന്റെ കഴിവുകള്‍ എന്നാ രീതിയില്‍ തന്നെ കാണിച്ചുകൊണ്ട് തൃപ്തിപ്പെടുത്തുന്നു . ഈ സിനിമയില്‍ പ്രധാനമായും കാണുന്ന ഒരു കുറവ് പ്രകാശ് രാജ് എന്ന നടന്‍ മികച്ചതാക്കിയ മയില്‍വാഹനം എന്ന മുന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രം പോലോന്നാണ് . സിഗം കൂടുതല്‍ ശക്തിയില്‍ വേട്ടയ്ക്ക് ഇറങ്ങുമ്പോള്‍ മൂന്നും ഒന്നും നാല് വില്ലന്മാരെ ചേര്‍ത്ത് അവതരിപ്പിച്ചിട്ടും വേട്ടയ്ക്ക് അവര്‍ പോരാതെ വരുന്നു . കപ്പലും മയക്കുമരുന്നും ആയുധങ്ങളും കാറുകളും ഒക്കെ ഉണ്ടായിട്ടും ആ കുറവ് നികത്താന്‍ സാധിക്കാതെ വരുന്നുണ്ട് . താരതമ്യേന മികച്ച ഒരു നടന്‍ ആണ് റഹ്മാന്‍ ആയാലും മറ്റു വില്ലന്മാരെ അഭിനയിപ്പിച്ച നടന്മാര്‍ ആയാലും എന്നിട്ടുപോലും അവരെ വേണ്ട രീതിയില്‍ സംവിധായകനു ഉപയോഗിക്കാന്‍ സാധിച്ചില്ല എന്ന് പറയേണ്ടി വരും .

മുന്‍ സിനിമകളില്‍ സൂര്യ വിദേശത്ത് പോകാത്ത സിനിമ സിന്ഗം മാത്രം ആയിരുന്നു ആ കുറവ് നികത്താന്‍ വേണ്ടി നായകനെ ദക്ഷിണാഫ്രിക്കയിലേക്ക് സംവിധായകന്‍ പ്ലെയിനില്‍ കയറ്റി അയക്കുന്നുണ്ട് അവിടെനിന്നാണ് നായകന്‍ വില്ലനെ പിടിച്ചുകൊണ്ടു പോരുന്ന ക്ലൈമാക്സ് . വിദേശത്തും പതിവ് പോലെ വാഹനങ്ങള്‍ വെടിവയ്പ്പ് ചെയ്സ് ഒക്കെ ഇഷ്ടം പോലെ എങ്കിലും ഓരോന്നിലും വ്യത്യസ്ത രീതിയില്‍ ആവിഷ്കരിച്ചു എന്നതുകൊണ്ട്‌ തന്നെ സിനിമയുടെ ലക്‌ഷ്യം ഉദാത്തം ആയതോ ഒന്നും അല്ലാത്തതുകൊണ്ട് ആരാധകര്‍ക്ക് ആവേശപൂര്‍വ്വം കണ്ടിരിക്കാം.

ഡാന്‍സ് പാട്ട് എന്നിവ പതിവ് പോലെ സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തൂ എങ്കിലും മുന്‍ സിനിമയിലെ പോലെ ഹിറ്റ്‌ ആകാവുന്ന പാട്ട്ടുകള്‍ ഈ സിനിമയില്‍ കാണാന്‍ സാധ്യമല്ല. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം . സൂര്യയെകൊണ്ട് കളിപ്പിച്ച സിന്ഗം ഡാന്‍സ് അനിമേഷന്‍ സിംഹം ഡാന്‍സ് കളിക്കുന്ന പോലെ ഉള്ള ഒന്നായിട്ടും നൃത്ത സംവിധായകന്‍ ആവിഷ്കരിച്ചിട്ടുണ്ട് അതിനൊരു വ്യത്യസ്തത ഫീല്‍ ചെയ്യുന്നുണ്ട് എന്ന് പറയാം

സിനിമ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്നത് ചിന്തിച്ചാല്‍ പോലും വിമര്‍ശിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് എങ്കില്‍ പോലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന കണ്ടിരിക്കാവുന്ന ഒരു തട്ടുപൊളിപ്പന്‍ ചിത്രം തന്നെയാണ് സിന്ഗം