Dr Sreedevi P Aravind

യാഥാര്‍ത്ഥ്യത്തിനും പ്രതീതിയ്ക്കുമിടയിലെ 'ഥപ്പടുകള്‍'

ലോകക്രമത്തെ വരും കാലം കോറോണക്ക് മുമ്പും പിമ്പും എന്ന നിലയില്‍ അടയാളപ്പെടുത്തും എന്നു തോന്നുന്നു. ലോക് ഡൗണ്‍ കാലത്തിന്റെ പൊതു ഇടം ആണ് സോഷ്യല്‍ സൈറ്റുകള്‍ ഇന്ന്. ലോക് ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ഫേയ്‌സ് ബുക്കില്‍ വിവിധ തരം ട്രന്റുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പൊതുപരിപാടികളെല്ലാം ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആയി, സര്‍ഗാത്മകതയുടെ വസന്തകാലമാണ് ഇന്ന് ഫേയ്‌സ്ബുക്കില്‍.


jack


ഫേയ്‌സ്ബുക്ക് ട്രന്‍സില്‍ വളരെ രസകരമായി തോന്നിയ ഒന്നാണ് 'ചക്ക വിഭവങ്ങളും ചക്കയെഴുത്തും. ' വേട്ടമൃഗത്തെ ഒന്നിച്ച് കൊന്ന് ചുട്ടു തിന്നുന്ന പ്രാകൃത മനുഷ്യന്റെ സംഘ ചോദനകളിലേക്കുള്ള തിരിച്ചു പോക്കാണത്രേ പുതിയ ചക്ക വേട്ടയില്‍ കാണുന്നത്' എന്നാണ് ഷാജു വി വി യുടെ നിരിക്ഷണം. ലോക്ഡൗണാനന്തര സമൂഹത്തെകുറിച്ചുള്ള വിചാരങ്ങള്‍ ആണ് മറ്റൊന്ന്. അത്തരത്തിലുള്ള ഒരു ട്രന്റാണ് ഥപ്പഡ് സിനിമയെ കുറിച്ചുള്ള റിവ്യൂസ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ ട്രെന്റിനു കൂടെ പോകുന്നതല്ല, മറിച്ച് കൂടുതല്‍ ഉച്ഛത്തില്‍ ഈ സിനിമയെ പറ്റി പറയേണ്ടതുണ്ട് എന്നു തോന്നി സിനിമ കണ്ടു കഴിഞ്ഞപ്പോള്‍. അഭിനവ് സിന്‍ഹ സംവിധാനം ചെയ്ത തപ്‌സി പന്നു പ്രധാന കഥാപാത്രമായി എത്തുന്ന ഥപ്പട് എന്ന സിനിമ വെള്ളിത്തിര തീര്‍ത്ത സ്ത്രീത്വ സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യുന്നു. ഇസ്ലാമോഫോബിയയെ കുറിച്ച് സംസാരിക്കുന്ന മുള്‍ക്ക് എന്ന സിനിമക്ക് ശേഷം, ഇന്ത്യന്‍ സമൂഹത്തില്‍ ഭരണഘടന ഉറപ്പുതരുന്ന 'സമത്വം' ആശയം മാത്രമാവുന്നു എന്നും, ജാതിയുടെ മേല്‍ക്കൈയുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം ഹിന്ദുത്വ ഐഡിയോളജിയുടെ തന്നെയാണെന്നും പറയുന്ന സിനിമയാണ് ആര്‍ട്ടിക്കിള്‍15. ഇങ്ങനെ നിയതമായ സാമൂഹ്യ വിമര്‍ശനങ്ങള്‍ തൊടുത്തു വിടുന്നു സിന്‍ഹ തന്റെ സിനിമകളിലൂടെ.


download (1)


വീട്ടില്‍ വെച്ച് നടത്തുന്ന പാര്‍ട്ടിക്കിടയില്‍ വിക്രം ഭാര്യയെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മുഖത്തടിക്കുന്നു. സ്വാഭിമാനത്തിനേറ്റ ക്ഷതം എങ്ങിനെ പ്രേമമില്ലാതാക്കുന്നു എന്നതാണ് സിനിമയുടെ ആത്യന്തികമായ പ്രമേയം.അടിയുടെ ആഘാതം സ്ത്രീയെ സ്വന്തം എന്ന് കരുതിയ ഇടത്തില്‍ നിന്ന് പുറത്താക്കുന്നു.


അഞ്ച് സ്ത്രികളുടെ ജീവിതത്തിലെ ഒരു സായംകാലത്തെ വര്‍ത്തമാന ശകലങ്ങളിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്.സ്‌ക്രീനിലേക്ക് വരുന്ന ആദ്യ സ്ത്രീ സ്‌കൂട്ടറില്‍ പുറം തിരിഞ്ഞ് ഇരുന്ന് ഇങ്ങനെ പറയുന്നു ' നമ്മള്‍ പരസ്പരം സ്‌നേഹിക്കുന്നുണ്ട്. നമ്മള്‍ ഹാപ്പിയാണ്. പിന്നെ കഥയില്‍ എന്തിനാണ് കല്യാണം എന്ന പുതിയ ട്വിസ്റ്റ് '.രണ്ടാമത്തെ സ്ത്രീ: കാറില്‍ നിന്നും തല പുറത്തേക്കിട്ട് ഉറക്കെ കൂവുന്നു. കോടതില്‍ ശക്തമായ ന്യായാധിപ, കുടുംബിനി, ഇവിടെ എന്നോടൊപ്പം കാറില്‍ ഇരുന്നു കൂവുന്നു ഇതില്‍ ഏതാണ് യഥാര്‍ത്ഥ നീയെന്നാണ് കൂടെയുള്ള പുരുഷന്‍ അവളോട് ചോദിക്കുന്നത്. ഭര്‍ത്താവിനൊപ്പം പഴയ ഫോട്ടോസ് നോക്കുന്ന ഒരു സ്ത്രി, മകളോടൊപ്പം കാര്‍ ഓടിച്ചു വരുന്ന ഒരു സ്ത്രീ, ഭര്‍ത്താവിനൊപ്പം സൈക്കളില്‍ വരുന്ന ഒരു സ്ത്രീ, ഇങ്ങനെഒരു അടിക്ക് ചുറ്റും സഞ്ചരിക്കേണ്ടി വന്ന അഞ്ച് സ്ത്രീകളാണ് ഇവര്‍. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ പല തരത്തില്‍ സ്വയം നഷ്ടപ്പെട്ടവര്‍.


download (2)


അടികിട്ടുന്നവളുടെ ജീവിതത്തിലേക്കാണ് പിന്നീട് ക്യാമറ തിരിയുന്നത്. മറ്റ് അഞ്ച് സ്ത്രീകളെയും അസന്തുഷ്ടരാക്കിയ അതേ സിസ്റ്റത്തില്‍ സന്തുഷ്ടമായ ജീവിതം നയിക്കുകയാണവള്‍. വെളുപ്പാന്‍ക്കാലത്തെ അലാം അടിയില്‍ തുടങ്ങുന്നു അവളുടെ ജീവിതം. ചായ വെക്കുന്നു, അമ്മായി അമ്മയുടെ ഷുഗര്‍ ലെവല്‍ നോക്കുന്നു, വിക്രമിന്റെ ഉച്ചഭക്ഷണവും പേഴ്‌സുമായി അയാളെ കാറില്‍ കയറ്റി വിടുന്നതുവരെ അവള്‍ തിരക്കിലാണ്. ഒരമ്മ കുട്ടിയെ സ്‌കൂളിലയക്കുന്ന ജാഗ്രതയോടെ ആണ് അവള്‍ അയാളെ ജോലിയ്ക്കയക്കുന്നത്. ചെറുപ്പം മുതല്‍ പുരുഷന്റെ ജീവിതത്തില്‍ അമ്മ നിവര്‍ത്തിച്ചിരുന്ന ഇടത്തിലെക്കാണ് ഭാര്യ കടന്ന് വരുന്നത്. പുതുമ മാറുന്നതോടെ അവളും ശീലത്തിന്റെ ഭാഗമായി മാറുന്നു. അമ്മയുടെ ഇടത്തിലേക്ക് കയറി വരുന്ന ഭാര്യയുടെ ലിവിംങ്ങ് സ്‌പേയ്‌സിനെ കുറിച്ച് പുരുഷന്‍ ബോധവാനേ അല്ല. വ്യവസ്ഥയ്ക്കകത്ത് അദ്യശ്യമാവുന്ന പുരുഷ കേന്ദ്രിത സമൂഹത്തിലെ സ്ത്രി സ്വത്വങ്ങളാണ് ഥപ്പട് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.


Thappad-Review-Rahul-Desai-Taapsee-Pannu-1280x720-1


ഥപ്പഡ് സിനിമ കാണുമ്പോള്‍ സ്വാനുഭവങ്ങളുമായി താതാത്മ്യം പ്രാപിക്കാതെ പോകുന്ന സ്ത്രികളുണ്ടാവില്ല. തങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടുള്ള മാനസികവും ശാരീരകവുമായ വൈലന്‍സിനെ കുടുംബ വ്യവസ്ഥക്കകത്ത് ന്യായീകരിക്കപ്പെടുമ്പോള്‍ പലപ്പോഴും പ്രതിസ്ഥാനത്തേക്കു ചേര്‍ക്കപ്പെടു ണവളാണ് അവള്‍. സിനിമയിലും മറിച്ചല്ല. അമ്മയെപോലെ സ്‌നേഹിച്ച സ്ത്രീ പോലും ആളുകള്‍ടെ ഇടയില്‍ വെച്ച് വിക്രം അവളെ തല്ലിയപ്പോള്‍ മൗനം പാലിച്ചു. പൊതു ഇടത്തിലെ എല്ലാ പ്രിയപ്പെട്ടവര്‍ക്കിടയിലും വെച്ച് അവള്‍ അനാഥമാക്കപ്പെട്ടു. ഒരു രാവു മാഞ്ഞപ്പോഴേക്കും അവളൊഴിച്ച് ബാക്കി എല്ലാവരുടെയും ജീവിതക്രമം പഴയ പോലെയായി. വീണ്ടും അലാം അടിച്ചു, അവള്‍ ഉണര്‍ന്നു, ഇലവെട്ടി ചായ വെച്ചു, ബ്ലഡ് ഷുഗര്‍ നോക്കുമ്പോള്‍ അമ്മായി അമ്മ പഴയ ചോദ്യം ആവര്‍ത്തിച്ചു ' വിക്രം നന്നായി ഉറങ്ങിയോ'?വിക്രം ഉറങ്ങി എണീറ്റപ്പോള്‍ തെല്ല് ലജ്ജയോടെ പറഞ്ഞു ' ആളുകള്‍ എന്നെ പറ്റി എന്ത് കരുതി കാണും! ആ സാഹചര്യം അതായിരുന്നു അതിനിടയില്‍ നീ പിടിച്ചു മാറ്റിയപ്പോള്‍ അറിയാതെ സംഭവിച്ചു പോയി' അവിടെ ആണ് അമ്മു, അമൃത അവളുടെ സ്വത്വത്തെ തിരഞ്ഞത്. വ്യവസ്ഥ എത്ര നിസ്സാരമായാണ് അവളുടെ സ്വാഭിമാനത്തെ തള്ളി കളഞ്ഞതും പുരുഷനെ ന്യായികരിച്ചതും. ദേഷ്യം വന്നപ്പോള്‍ ബോസിനെയോ മാറ്റാരെയെങ്കിലുമോ തല്ലിയോ എന്നവള്‍ ചോദിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ എന്ത് കരുതും എന്നതൊഴിച്ചാല്‍ ഒരു സ്ത്രീയെ അടിച്ചത്, അപമാനിച്ചത് വ്യവസ്ഥക്കകത്ത് ന്യായീകരിക്കപ്പെട്ടു. എല്ലാവരും ഒന്നും സംഭവിക്കാത്തപോലെ ജീവിതം തുടര്‍ന്നു.


download (3)


ഹൗസ് വൈഫ് ആകുക എന്നത് അവളുടെ തീരുമാനം ആയിരുന്നു. അതിനെ അവള്‍ ഒട്ടും വില കുറച്ചു കാണുന്നില്ല. പക്ഷേ പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ഏറ്റ പ്രഹരം, ചരിത്രപരമായി ആവര്‍ത്തിച്ചു വരുന്ന തെറ്റിനെ കുറിച്ച് അവളെ ബോധവതിയാക്കിയത്. കുടുംബത്തില്‍ നിന്നും ഇറങ്ങി പോന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് കലഹിച്ചാണ്. അയാള്‍ തിരിച്ച് വിളിച്ചപ്പോഴൊക്കെ നിങ്ങളോടുള്ള സ്‌നേഹം നഷ്ടപ്പെട്ടു എന്നവള്‍ പറയുന്നുണ്ട്.


ഡിവോഴ്‌സ് ഫയല്‍ ചെയ്യുമ്പോഴും, സ്വന്തം വീട്ടിലേക്ക് തിരിച്ചു പോരുമ്പോഴും പല പല സന്ദര്‍ഭങ്ങളില്‍ 'ഒരടിയാണോ കാരണം' എന്ന് ചോദ്യം ആവര്‍ത്തിച്ച് കേള്‍ക്കേണ്ടി വരുന്നുണ്ട് അവള്‍ക്ക് ഇത് സമൂഹത്തിന്റെ ചോദ്യമാണ്. ആവര്‍ത്തനം ഈ സിനിമയുടെ ഒരു പ്രധാന ആവിഷ്‌കാര തന്ത്രമാണ്. പേപ്പറിടുന്നതും അലാം അടിക്കുന്നതും ചായ കുടിക്കുന്നതും, വിക്രം ജോലിക്കു പോകുന്നതും സിനിമയില്‍ ആവര്‍ത്തിക്കുന്ന രംഗങ്ങളാണ്. ഒരടിയാണോ അവളുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ എന്ന അമ്പരപ്പും സിനിമയില്‍ ആവര്‍ത്തിക്കുന്നു. ഈ അവര്‍ത്തനങ്ങള്‍ തന്നെയാണ് സിനിമയുടെ ഭംഗിയും. വക്കീല്‍(നേത്ര) നിര്‍ബന്ധിച്ചിട്ടും അടിയല്ലാതെ മറ്റു കാരണങ്ങള്‍ ഡിവേഴ്‌സ് നോട്ടീസില്‍ എഴുതാന്‍ അവള്‍ സമ്മതിക്കുന്നില്ല.


download


നേത്രയോട് അവള്‍ പറയുണ്ട് അവള്‍ക്കിനി വിക്രത്തോടൊപ്പം തുടരാനാവില്ലന്ന്. അവളുടെ ഈ തീരുമാനം അയാളുടെ മാത്രം കുറ്റംകൊണ്ടല്ല. അങ്ങിനെ സംഭവിക്കാന്‍ അവള്‍ അനുമതി കൊടുത്തിട്ടുണ്ട്, അവളുടെ അമ്മക്കും അതില്‍ പങ്കുണ്ട് അവളെ അങ്ങനെ വളര്‍ത്തി, അമ്മായി അമ്മക്കും ആ കുറ്റത്തില്‍ പങ്കുണ്ട് അവര്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ മകനെ പടിപ്പിച്ചിട്ടില്ല. അച്ഛന്‍ അയാളെ തിരുത്തിയിട്ടില്ല. സമൂഹം അയാള്‍ക്ക് ബദല്‍ മാതൃകകള്‍ കാണിച്ചിട്ടുമില്ല. ഈ ചരിത്രപരമായ തെറ്റിനെയാണ് നിയമം പോലും സാധൂകരിക്കാന്‍ തയ്യാറായതും ഏറ്റുമുട്ടാന്‍ അവള്‍ തീരുമാനിച്ചതും. സമൂഹം അവളോട് ചെയ്തത് ശരിയല്ല എന്ന തിരിച്ചറിവാണ് അവളെ പോരാളിയാക്കിയത്. അമ്മുവിന്റെ അച്ഛന്‍ ഐഡിയല്‍ പുരുഷനായാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. അമ്മുവിനെ വിക്രം അടിച്ചതില്‍ അസ്വശസ്ഥനാവുന്നതും അയാളാണ്. പക്ഷേ ഒരു സന്ദര്‍ഭത്തില്‍ അമ്മുവിന്റ അമ്മ അയാളോട് പറയുന്നുണ്ട് അവര്‍ക്ക് പല മോഹങ്ങളും ഉണ്ടായിരുന്നു എന്നും എല്ലാം കുടുംബത്തിനു വേണ്ടി മാറ്റി വെച്ചു എന്ന്.


നേത്ര (അവളുടെ വക്കീല്‍) പറയുന്നുണ്ട് രണ്ട് പേര്‍ തമ്മിലുള്ള ഒരു ഡീലാണ് വിവാഹം എന്ന്. Security ക്കു വേണ്ടിയുള്ള ഒരു unfair  ഡീല്‍ ആണെന്ന് പറയുമ്പോള്‍. അമ്മു തിരിച്ചു പറയുന്നുണ്ട് 'എല്ലാവരും ചോദിച്ചു ഒരടിയല്ലേ, ഇതിലും വലുത് പല കുടുംബങ്ങളിലും നടക്കുന്നില്ലേ എന്ന്'. അവളെ സംബന്ധിച്ച് വിവാഹം ഒരു unfair  ഡീല്‍ ആയിരുന്നില്ല. അത്  fair deal തന്നെയായിരുന്നു. വിവാഹ ജീവിതം unfair ആക്കിയത് ആ അടിയാണ്. അതൊടെ ജീവിതത്തില്‍ നേരിട്ട മൊത്തം അണ്‍ ഫേയര്‍ കാര്യങ്ങളെ കുറിച്ചും അവള്‍ തിരിച്ചറിഞ്ഞു. എന്നിട്ടും മുന്നോട്ടു പോകാന്‍ ആവിശ്യപ്പെടുന്ന സിസ്റ്റം ആണ് unfair എന്ന് അവള്‍ പറയുന്നു. മുന്നോട്ട് പോകാന്‍ തന്നെ പഠിപ്പിച്ച സിസ്റ്റമാണ് unfair. സിസ്റ്റത്തോട് ചേര്‍ന്ന് പോകാന്‍ പറയുന്ന നിങ്ങുടെ ഉപദേശമാണ് unfair എന്നവള്‍ ആവര്‍ത്തിക്കുന്നു. സാമൂഹ്യ വ്യവസ്ഥിതികള്‍ ഉയര്‍ത്തി കാട്ടുന്ന കുടുംബ മാതൃക സ്ത്രീയോട് നീതിപുലര്‍ത്തിയിട്ടില്ലെന്ന് അമൃതയിലൂടെ സിനിമ അവതരിപ്പിക്കുന്നു. ദ്യശ്യാവിഷ്‌കാരങ്ങള്‍ക്ക് മനുഷ്യ മനസ്സില്‍ സ്വാധീനം ചെലുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ രാഷ്ട്രിയ ദൗത്യം ചെറുതല്ല.


images


സ്ത്രീയെയും പുരുഷനെയും കൂട്ടിയിണക്കുന്ന സിസ്റ്റം എത്രമാത്രം അളിഞ്ഞിട്ടുണ്ടെന്ന് ഒരു പാട് ഉദാ: ഹരണങ്ങള്‍ നിരത്തി കാണിച്ചു തരുന്നൊന്നുമില്ല. പകരം എന്താണ് ഈ വ്യവസ്ഥക്കകത്തെ അനീതി എന്ന് തുറന്നു കാണിക്കുകയാണ് സിനിമ.


ഈ സിനിമയുടെ തുടക്കം മുതല്‍ വല്ലാത്ത ഒരു  tension ഉണ്ടായിരുന്നു എനിക്ക്. കുംടുംബ ജീവിതത്തിലെ ആസ്വദിച്ചു ചെയ്യുന്ന rituals  കണ്ടപ്പോഴാണ് വ്യവസ്ഥയോട് കലഹിക്കുന്ന എന്റെ മനസ്, ഭാവി മുന്‍കൂട്ടി കണ്ടത് കൊണ്ടാവാം, അമൃദയുടെ പ്രവൃത്തികളില്‍ വ്യാകുലപ്പെട്ടത്. പിന്നീട് വിക്രമിന്റ അമ്മ രോഗബാധിതയായപ്പോള്‍ അവള്‍ തിരിച്ചു പോകും എന്ന് പേടിച്ചു. ഗര്‍ഭിണിയായപ്പോള്‍ തീര്‍ന്നു ഇനിയൊരു എടുത്തു പൊക്കലാവും എന്ന് നിരാശപ്പെട്ടു. അവള്‍ മുന്നോട്ട് തന്നെ നടന്നു. കോടതി വരാന്തയില്‍ വെച്ച് അയാള്‍ ഏറ്റുപറഞ്ഞപ്പോള്‍ ഇനി കെട്ടിപ്പിടിക്കാതെ സിനിമയില്‍ ഇടം ഉണ്ടാവില്ലല്ലോ എന്ന് വെപ്രാളപ്പെട്ടു. വീണ്ടും അവള്‍ ഇറങ്ങി നടന്നു സ്വാഭിമാനത്തോടെ.


ഇത് മലയാള സിനിമയില്‍ ആണെങ്കിലോ അടി കിട്ടി നേരെയായ സ്ത്രികളുടെ ഒരു നീണ്ട മതില്‍ തന്നെ ഉണ്ട്. അങ്ങാടിയില്‍ ജയന്‍ തല്ലിയതോടെ നേരെയായ സീമ, ദി കിങ്ങില്‍ അസിസ്റ്റന്റ് കലക്ടറുടെ അഹംങ്കാരം തല്ലി മാറ്റുന്ന മമ്മുട്ടിയുടെ കഥാപാത്രം അങ്ങിനെ എത്രയോ ഉദാ: ഹരണങ്ങള്‍. ഇനി പോരാടുന്നവളാണെങ്കില്‍ അവസാനം മനസ് ആര്‍ദ്രമാകുകയും പൊറുത്ത് സമരസപ്പെടുകയും ചെയ്യുന്ന 22fk യിലെ പോലുള്ള നായികമാരാണ്. പല മലയാള സിനിമകള്‍ കാണുമ്പോഴും ഇത് ഞങ്ങള്‍ അല്ല എന്നു ഉറക്കെ പറയാറുണ്ട്. അതിനാലാവാം സിനിമയിയുടെ വിശ്വസനീയതയെ പലരും ചോദ്യം ചെയ്തപ്പോഴും കാണാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.


1582708595hhhhjjjjjjjjjj


ഞാന്‍ ചെയ്യുന്നത് തെറ്റാണോ എന്ന് അമ്മു ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. അമ്മുവിന്റെ സ്ഥാനത്ത് നേത്രയായിരുന്നെങ്കിലോ എന്നവള്‍ ചോദിച്ചപ്പോള്‍, അതുവരെ നേത്ര അഡ്ജറ്റ് ചെയ്ത ആ ഡീല്‍ നേത്രയെകൊണ്ട് 'പൊറുക്കുമായിരുന്നു' എന്ന് പറയിപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മുവിന്റെ തീരുമാനം തെറ്റല്ല എന്നു പറയുന്നിതിലൂടെ താന്‍ ഇതുവരെ സഹിച്ചു പോന്നിരുന്ന ശരികേടുകളോട് അവള്‍ക്ക് അസഹിഷ്ണുത തോന്നുന്നു. ഈ സിനിമയിലെ ആദ്യം കാണിച്ച അഞ്ച് സ്ത്രീകളും ചീഞ്ഞു നാറി തുടങ്ങിയ ഈ വ്യവസ്ഥയോട് പല തരത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ്. ഒരു സ്‌റ്റെപ്പിലൂടെ ആകെ നന്നാവുന്ന ഒരു സമൂഹത്തിന്റെ വിവിധ ഷോട്ടുകള്‍ കാണുമ്പോള്‍, ഒട്ടനവധി നാറുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ടെന്നും പ്രിവില്ലേജ്ഡ് ആയ തിരിച്ചു പോകാന്‍ ഇടമുള്ള സ്ത്രീകളുടെ കഥ മാത്രമാണെന്ന് അറിയാമെങ്കിലും, ഇത് കണ്ട് കഴിയുമ്പോള്‍ ഒരു സന്തോഷം ഉണ്ട്.


പലപ്പോഴും ജീവിതത്തില്‍ സമാനമായ പല അവസ്ഥകളെ ചൊല്ലി പല പുരുഷന്‍മാരോടും കലഹിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ചിന്തഗതി ഉള്ള പരുഷന്‍പോലും സ്ത്രീയുടെ സ്വതന്ത്ര്യ വ്യക്തിത്വത്തെ ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാറില്ല. ഇവരൊടൊക്കെ ആവര്‍ത്തിച്ചു പറഞ്ഞ് പരാജയപ്പെട്ടിട്ടുമുണ്ട്. സിനിമ കണ്ട ചിലര്‍ക്കെങ്കിലും സ്ത്രീകള്‍ ആവര്‍ത്തിച്ചു പറയുന്നതിലെ പൊരുള്‍ തേടാനും ആത്മ വിമര്‍ശനം നടത്താനും കഴിയുമെങ്കില്‍. അതാണ് ഈ സിനിമ തന്ന സന്തോഷം.