Jyothi Tagore

ഒരു കണ്ണാടിക്കഥ ( ഒരു കണ്ണടയുടെയും കഥ )

ഒരു കണ്ണാടിക്കഥ - ഫേസ് ബുക്ക് കൂട്ടായ്മയില്‍ പിറവിയെടുത്ത ചെറു സിനിമ .

ഏറെ വൈകിയാണ് കാണാന്‍ സാധിച്ചത്. ഒറ്റ വാക്കിലെ അഭിപ്രായം "ഇഷ്ടപ്പെട്ടു" എന്ന് തന്നെ.

സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഞാനും അംഗമാണ് . അങ്ങനെയൊരു ചങ്ങാതിക്കൂട്ടത്തില്‍ നിന്ന് ഇതള്‍ വിരിഞ്ഞതാണ് ഈ ആശയം എന്നതില്‍ അഭിമാനം തോന്നുന്നു . അങ്ങനെ, ഒരു പണിയും എടുക്കാത്തവര്‍ക്ക് പോലും അഭിമാനിക്കാനും ചര്‍ച്ച ചെയ്യാനും പുശ്ചം വിതറാനും റിവ്യൂ (?? ) എഴുതാനും ഒക്കെ വക നല്‍കി എന്നിടത്ത് ഈ സിനിമ അത്ര ചെറിയ മീനല്ല എന്ന് പറയേണ്ടി വരും.

ഗ്രൂപ്പിലെ സക്രീയ അംഗങ്ങളുടെ അഭിപ്രായത്തില്‍ ഇതൊരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും, ശരിക്കും പൂരം പിന്നാലെ കാണാമെന്നും മനസിലായി. പരീക്ഷണാര്‍ത്ഥം പിടിച്ച പടത്തിന് ലളിതമായ ഒരു തീം തെരഞ്ഞെടുത്തതിന് ആകട്ടെ ആദ്യ ലൈക്ക് .

സിനിമ കാണും മുമ്പേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വായിച്ചിരുന്നു. അതില്‍ കണ്ട ചില പരുക്കന്‍ വിമര്‍ശനങ്ങള്‍ ,കാഴ്ചയ്ക്ക് ശേഷം പുനര്‍ വായിക്കുമ്പോള്‍ dislike ഓപ്ഷന്‍ ഇല്ലാത്തതില്‍ വിഷമം തോന്നിപ്പോകുന്നു . ഇത്തരം വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച ചില ഗ്രൂപ്പ് അംഗങ്ങള്‍ തങ്ങളുടെ സിനിമ എന്ന വൈകാരിക അംശത്തിലൊ ആദ്യ സിനിമ എന്ന ഒഴുക്കന്‍ സമീപനത്തിലോ ആണ് ഊന്നല്‍ കൊടുത്ത് കണ്ടത് . ഉള്ളടക്കത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ കൂടിയാണ് അവയ്ക്ക് മറുപടി പറയേണ്ടിയിരുന്നത് . ദൃശ്യവത്കരിക്കാന്‍ ശ്രമിച്ച സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതില്‍ സിനിമ വിജയിച്ചു എന്നാണ് എനിക്ക് തോന്നിയത് .

സംഘര്‍ഷഭരിതമായ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യരിലും അന്ത:സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ് . അവരവര്‍ ഇടപെടുന്ന മേഖലകളുമായി ബന്ധപ്പെട്ട് അതിന്റെ സ്വഭാവത്തിലും മാറ്റം വരാം . ഒരു കലാകാരിക്കും വീട്ടമ്മയ്ക്കും ഡോക്ടര്‍ക്കും വിദ്യാര്‍ത്ഥിക്കും അനുഭവിക്കേണ്ടി വരുന്ന ജീവിത സംഘര്‍ഷം വ്യത്യസ്തമായല്ലേ പറ്റൂ. വ്യക്തിയുടെ പ്രായം ,ലിംഗം ,സാമൂഹിക ബന്ധങ്ങള്‍, അറിവ് ,ജീവിതാനുഭവങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും സംഘര്‍ഷത്തെയും അതുളവാക്കുന്ന ഫലത്തെയും സ്വാധീനിക്കുകയും ചെയ്യും. ഏറ്റവും വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന കൗമാരത്തില്‍ പ്രായം മറ്റെന്തിനെക്കാളും പ്രധാനമാണ് . പക്ഷെ ഈ ഘടകങ്ങള്‍ എല്ലാം സമൂഹം ,വിവിധ തലത്തില്‍ വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ രൂപങ്ങള്‍ തന്നെയാണ് .

മത്സരാധിഷ്ഠിതവും അതേസമയം ഒറ്റയാള്‍ക്കൂട്ടങ്ങളും ആയിത്തീര്‍ന്ന സമൂഹം ഒരു കൗമാരക്കാരിയില്‍ ഉണ്ടാക്കുന്ന വിഹ്വലതകള്‍ (ചാപല്യം എന്ന വാക്ക് ഇവിടെ അശ്ലീലം എന്ന് തോന്നി ; ഒഴിവാക്കുന്നു) രസകരമായി ചിത്രീകരിച്ചിരിക്കുന്നു ഒരു കണ്ണാടി കഥയില്‍ . ജീവിതമത്സരം എന്നത് വിപണിയുടെ ആവശ്യമാണ്‌ . അതിനായി പടച്ച് വിട്ട കച്ചവട വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട് .തുടക്കവും ഒടുക്കവും രണ്ട് പശ്ചാത്തലത്തില്‍ വിന്യസിച്ച് കൊണ്ടാണ് അത്തരമൊരു വായന സിനിമ പകര്‍ന്ന് നല്‍കുന്നത് . ആദ്യത്തെ ഭാഗത്ത് ആഴത്തിലുള്ള സുഹൃത്ത് ബന്ധങ്ങള്‍ ഒന്നും തന്നെ പ്രേക്ഷകന്‍ കാണുന്നില്ല . അനു എന്ന പെണ്‍കുട്ടി കഥയിലുടനീളം തനിച്ചാണ് . അമ്മ ഉള്‍പ്പടെ ചുറ്റുമുള്ള കഥാപാത്രങ്ങള്‍ എല്ലാം തന്നെ അവള്‍ക്ക് കേള്‍വിക്കാരോ കാഴ്ചക്കാരോ മാത്രമാണ് . ലയ എന്ന ശത്രുവിനോട് അവള്‍ ചെയ്യുന്ന യുദ്ധങ്ങള്‍ എല്ലാം തന്നെ നിഴല്‍യുദ്ധങ്ങളുമാണ് . അതിനിടയില്‍ അവള്‍ സ്വീകരിക്കുന്ന യുക്തിഭംഗങ്ങളും എടുത്തുചാട്ടങ്ങളും കള്ളത്തരങ്ങളും ഒക്കെയാണ് സിനിമയെ രസകരമാക്കുന്നത് . അത്തരമൊരു യുക്തി ഭംഗത്തിലൂടെയാണ് "കണ്ണട " സിനിമയില്‍ കേന്ദ്ര കഥാപാത്രമായി മാറുന്നത് . അറിവ് മത്സരക്കളത്തിലെ ആയുധം മാത്രമായിപ്പോകുന്ന ഒരു സംവിധാനത്തില്‍ , "വ്യത്യസ്തമായ കഴിവുകള്‍" എന്നൊക്കെയുള്ള ആശയമൊന്നും അംഗീകരിക്കപ്പെടണമെന്നില്ല . തനിക്ക് ഉണ്ടെന്ന് അനുവിന് വിശ്വാസമുള്ള കഴിവുകള്‍ (അറിവുകള്‍ ) പോലും ലയയുമായുള്ള മത്സരവേളയില്‍ അവള്‍ക്ക് നിരാശയും സങ്കടവും മാത്രമാണ് നല്‍കുന്നത്. തന്റെ ശത്രുത വ്യര്‍ത്ഥമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും ആ കണ്ണട അവളുടെ ജീവിതത്തില്‍ ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞിരുന്നു. ശരിയാണ്, പൊങ്ങച്ചത്തിനായും മത്സരത്തിനായും ചിലപ്പോള്‍ ആഡംബരത്തിന്‌ വേണ്ടിയുമൊക്കെ നാം സ്വീകരിക്കുന്ന പലതും പിന്നീട് ഒഴിയാബാധയും ചിലപ്പോള്‍ രോഗങ്ങള്‍ വരെ ആയി മാറുന്നത് കാണാം .

അവസാന രംഗം നോക്കുക - തന്റെ പുതിയ സുഹൃത്തിനോട് കണ്ണാടിക്കഥ പറയുന്ന അനു .എല്ലാം സശ്രദ്ധം കേട്ടിരുന്നതിന് ശേഷം അവന്‍ പറയുന്നു "ഇത് നിന്റെ മാത്രം കഥയല്ല". ആരും കാണാതെ ഒളിപ്പിച്ചിരുന്ന തന്റെ കണ്ണട അയാള്‍ എടുത്ത് ധരിക്കുന്ന സീനിലാണ് സിനിമയുടെ തീം സാമൂഹികമായ അടയാളപ്പെടുത്തലായി തീരുന്നത് .

സിനിമ കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയ ഒരു സംശയം : എന്തുകൊണ്ട് കണ്ണാടി കഥ ? കണ്ണട അല്ലെ spects ? കണ്ണാടി mirror അല്ലെ? അപ്പോള്‍ കണ്ണട കഥ അല്ലെ ആകേണ്ടത്?

നമ്മുടെ കണ്ണിലൂടെ മറ്റ് വസ്തുക്കളെ കാണുന്നതിനാണ് കണ്ണട . സ്വന്തം പ്രതിബിംബം കാണാന്‍ കണ്ണാടി വേണം. കണ്ണാടി നോക്കുമ്പോള്‍ പ്രതിബിംബിച്ച് കാണുന്നത് സാമൂഹിക ജീവിയായ മനുഷ്യനെയാണെങ്കില്‍ കണ്ണാടി തന്നെ ഉചിതം എന്നൊരു നിഗമനത്തില്‍ എത്തി സ്വയം തൃപ്തിയടഞ്ഞു .

അല്പം അസ്വസ്ഥതയുണ്ടാക്കിയ ചില രംഗങ്ങളും ഉണ്ടായി .കണ്ണട തനിക്കും വേണം എന്ന് തോന്നുമ്പോള്‍ അനു ആദ്യം വെച്ച് നോക്കുന്ന ഒരു കണ്ണടയുണ്ട് . ഒരു പുസ്തകം (ബെന്യാമിന്റെ ഇ.എം.എസ്സും പെണ്‍കുട്ടിയും) വായിച്ചിട്ട് ആരോ വെച്ചു പോയ കണ്ണടയാണത് - അനുവിന്റെ രക്ഷിതാക്കള്‍ ആരെങ്കിലും ആകാം . എന്തിനായിരുന്നു ആ സീനില്‍ പുസ്തകം? വായനയെ ഗൗരവമായി കാണുന്ന ആരോ ഉള്ള ആ വീട്ടില്‍ പുകയുന്ന മനസുമായി അനു ജീവിക്കുന്നു എന്നതിന്റെ അര്‍ത്ഥം എന്താണ് ? മനുഷ്യനെ സാമൂഹ്യ ജീവിയായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പുനര്‍നിര്‍മ്മിക്കുന്ന ദൗത്യത്തില്‍ വായന പരാജയപ്പെടുന്നു എന്നാണോ?

തന്റെ കണ്ണട ഉപേക്ഷിക്കുന്നതിനായി വീണ്ടും ഡോക്ടറെ കാണണം എന്ന് പറയുന്ന അനു ,അതെ ഡോക്ടറെ കണ്ടാല്‍ മതി എന്ന് നിര്‍ബന്ധം പിടിക്കുന്നു . അപ്പോള്‍ എന്തിനാണ് അമ്മ ചിരിക്കുന്നത് ?

( ഈ സംശയം ഫേസ് ബുക്ക് ചര്‍ച്ചയില്‍ ഒരു സുഹൃത്ത് ഉന്നയിച്ച് കണ്ടതാണ് ) തങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങളെ കുറിച്ചും ബോധ്യമുണ്ടായിട്ടും അതില്‍ നിന്നും ഒളിച്ചോടാനോ നിസ്സാരവത്കരിക്കാനോ ആണ് ഭൂരിപക്ഷം ആളുകളും ശ്രമിച്ച് കാണാറ് . അനുവിന്റെ മനസിലിരുപ്പ് അമ്മയ്ക്ക് പിടി കിട്ടി എന്ന് തന്നെ ആ ചിരിയില്‍ നിന്നും ഊഹിക്കാം. ടി.വി. സീരിയല്‍ കാണുന്ന രംഗം തന്നെ ഇതിനായി തിരഞ്ഞെടുത്തത് എന്തിനായിരിക്കാം? പ്രശ്നങ്ങളില്‍ നിന്ന് തല്ക്കാലത്തേയ്ക്കെങ്കിലും ഒളിച്ചോടാന്‍ കപടമായ ചില വിനോദോപാധികള്‍ അവസരം ഒരുക്കുന്നു എന്നതിന്റെ സൂചനയാണോ?

അതെന്തായാലും മേല്‍ സൂചിപ്പിച്ച ഘടകങ്ങള്‍ എന്നില്‍ അസ്വസ്ഥതയായി നില്‍ക്കുന്നു . എല്ലാം പറഞ്ഞ് തീര്‍ത്ത് ആസ്വാദകനെ ആമോദിപ്പിക്കുക എന്നതല്ലല്ലൊ നല്ല കലയുടെ ലക്ഷണം . ഒഴിവിടങ്ങളും അസ്വസ്ഥതകളും അനുവാചകന്റെ അവകാശമാണ് .

ശ്രീ . ജിഗീഷ് കുമാരന്‍ അക്ഷരം ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ വാക്കുകള്‍ കടമെടുത്ത് അവസാനിപ്പിക്കുന്നു -"1300 അംഗങ്ങള്‍ ഉള്ള ഒരു ഇന്റര്‍നെറ്റ് സൗഹൃദസംഘം വെറും സിനിമ ചര്‍ച്ചയ്ക്ക് അപ്പുറം ആക്ടിവിസത്തിന്റെ മേഖലയിലേക്ക് കടന്നു കൊണ്ട് ഓണ്‍ ലൈന്‍ ഗ്രൂപ്പുകള്‍ക്ക് മാതൃകയാകുകയാണ് . ഒരു പക്ഷെ അത് തന്നെയാകും ഈ ഹ്രസ്വചിത്രത്തിന്റെ പ്രസക്തിയും .

ബിലഹരി k രാജ് , മഹേഷ്‌ ഗോപാല്‍ , സുബിന്‍ സുധര്‍മ്മന്‍ ,ജോബി തുരുത്തേല്‍ , വിനായക് , വിഷ്ണു , p .s. ജയഹരി , എന്നീ അണിയറ ശില്‍പ്പികളും ശ്രീ രഞ്ജിനി , വൈശാഖ് , ഹാരിസ ബീഗം , ബീന സുനില്‍ , രാജേഷ് നാണു എന്നീ അഭിനേതാക്കളും അഭിനന്ദനമര്‍ഹിക്കുന്നു. ഗ്രൂപ്പ് ചര്‍ച്ചയില്‍ ആരോ പറഞ്ഞത് പോലെ കാണാന്‍ പോകുന്ന പൂരത്തിനായി ഞാനും കാത്തിരിക്കുന്നു .