Adv Subhash Chandran - Dr Sofiya Kanneth

കന്നുകാലിക്കശാപ്പ്; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭരണഘടനാ ലംഘനം : അഡ്വ. സുഭാഷ് ചന്ദ്രന്‍

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. എല്ലാമതവിഭാഗങ്ങളിലേയും പ്രസ്‌തുത തൊഴില്‍ ചെയ്യുന്നവരെയാകെ ബാധിക്കുന്നതും കാര്‍ഷിക സമ്പദ്‌ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ ജനവിരുദ്ധ നയത്തിനാണ് ഇതോടെ താത്കാലികമായെങ്കിലും കൂച്ചുവിലങ്ങായിരിയ്ക്കുന്നത്.



ഇന്ത്യന്‍ ആഭ്യന്തരവരുമാനത്തിന്റെ 7.35 ശതമാനവും മൃഗസംരക്ഷണ മേഖലയില്‍ നിന്നായിരിയ്ക്കുകയും അത് കാര്‍ഷികമേഖലയുടെ ആകെ വരുമാനത്തിന്റെ ഇരുപത്തിയാറ്‌ ശതമാനവുമാകുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വിഷയത്തില്‍ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍ സഭ (A I K S) മത നിരപേക്ഷ സമൂഹത്തിന്റെ ആദരവും അഭിനന്ദനവും അര്‍ഹിയ്ക്കുന്നു. നിരോധനം പൊതുസമൂഹത്തില്‍ സൃഷ്ടിയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ യുക്തിസഹമായവതരിപിച്ച് ചരിത്രപരമായ വിധിപ്രസ്താവം നേടിയത് മലയാളിയായ യുവ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ്. നിയമ പോരാട്ടത്തിന്റെ വഴികള്‍ അദ്ദേഹം അക്ഷരം മാസിക എഡിറ്റര്‍ ഡോ. സോഫിയ കണ്ണേത്തിനോട് പങ്കുവെച്ചു.



ഡോ. സോഫിയ കണ്ണേത്ത് : കേന്ദ്ര വിജ്ഞാപനം പൊതുസമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ റദ്ദുചെയ്യുകയും ജീവിതോപാധി നഷ്ടപ്പെടുത്തുകയും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് വാദത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവല്ലോ. ഏതെല്ലാം വിധത്തിലാണ് ഇവയെല്ലാം പ്രതിഫലിയ്ക്കുക?


അഡ്വ. സുഭാഷ് ചന്ദ്രന്‍: 2013 മെയ് 23നാണ് ഈ വിഞ്ജാപനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്നത്, PREVENTION OF CRUELTY TO ANIMALS 1960 ആക്ടിന്റെ കീഴിലുള്ള റൂള്‍സ് ആയിട്ടാണ് ഇത് വരുന്നത്. ഇതില്‍ പ്രധാനമായും കന്നുകാലി വില്‍പ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. കര്‍ഷകരുടെ ആംഗിളില്‍ നിന്ന് കൊണ്ടാണ് ഞങ്ങള്‍ വാദിച്ചത്. ക്ഷീര കര്‍ഷകര്‍, കശാപ്പുകാര്‍, കന്നുകാലി കച്ചവടം നടത്തുന്നവര്‍ തുടങ്ങി സാധാരണ കര്‍ഷകരുടെ അടക്കം മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണ് പെറ്റിഷന്‍ സമര്‍പ്പിച്ചത്. പ്രധാനമായും ഫോക്കസ് ചെയ്തത് കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ആണ്.



കര്‍ഷകരെ വിവിധ നിലകളിലാണ് ഇതുബാധിയ്ക്കുക. പ്രധാനമായും നിലവില്‍ ഒരു കന്നുകാലിയെ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ യാതൊരു തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ വിജ്ഞാപനത്തിലൂടെ ഇത് വില്‍ക്കുന്ന ആള്‍ ഒരു കര്‍ഷകനാണ് എന്ന് തെളിയിക്കുന്ന റവന്യു രേഖയും കശാപ്പിനായല്ല വിൽക്കുന്നത് എന്ന അഫിഡവിറ്റും കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച മാര്‍ക്കറ്റുകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വാങ്ങാനും ഇത്തരത്തില്‍ കാര്‍ഷിക ആവശ്യത്തിന് മാത്രമാണ് വാങ്ങുന്നത് എന്ന് സമര്‍ത്ഥിക്കുന്ന റവന്യു രേഖയും കശാപ്പിനായല്ല വാങ്ങുന്നത് എന്നൊരു അഫിഡവിറ്റും നല്‍കേണ്ടതുണ്ട്. മാത്രവുമല്ല ആറുമാസം ബന്ധപ്പെട്ട ആള്‍ ആ കന്നുകാലിയെ സൂക്ഷിച്ചു കൊള്ളാം എന്ന് രേഖ മൂലം അറിയിക്കുകയും വേണം.



ഈ ആറുമാസത്തില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അതിനെ ഹാജരാക്കണം. ഇത്തരത്തില്‍ വളരെ സങ്കീര്‍ണ്ണമായ ആയ സിസ്റ്റം ആണ് അവര്‍ കൊണ്ട് വന്നത്. ഇന്ത്യയിലെ 95 % കര്‍ഷകരും നിരക്ഷരരാണ്. ഇത് അവരെ സംബന്ധിച്ചു വലിയൊരു സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും മേല്പറഞ്ഞ മാര്‍ക്കറ്റുകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം ഇല്ല. മാത്രവുമല്ല ഇതിനായി അഫിഡവിറ്റ്‌ തയ്യാറാക്കുക എന്നത് തന്നെ നിയമ വിരുദ്ധമാണ്. ഇന്ത്യയില്‍ നിയമവിധേയമായി ഏതൊരു വസ്തു വാങ്ങാനും വില്‍ക്കാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ആ അവകാശങ്ങളുടെ എല്ലാം ലംഘനമാണ് ഈ വിജ്ഞാപനം.


ഏതെല്ലാം വിധമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളാണ് പ്രസ്തുത ജനവിരുദ്ധവിജ്ഞാപനം പ്രതിഫലിപ്പിയ്ക്കുക.


സാധാരണ കര്‍ഷകര്‍ തങ്ങളുടെ ഉരുവിനെ വിറ്റു കിട്ടുന്ന കാശുകൊണ്ടാണ് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. പിന്നീട് കാശു വരുമ്പോള്‍ വീണ്ടും വാങ്ങുന്നു. ഇതിനെ കുറിച്ച്‌ പഠിച്ച സമയത്ത് മഹാരാഷ്ട്രയില്‍ വരള്‍ച്ച വന്ന ഒരു സമയം ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ആ സ്ഥലം ഉപേക്ഷിച്ചു പോവേണ്ട അവസ്ഥയുണ്ടായിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍
കന്നുകാലികളെ വില്‍ക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒക്കെയാണ് ഇത്തരം വിജ്ഞാപനങ്ങള്‍ വിനയാവുന്നത്. ഒന്നുകില്‍ അവര്‍ അതിനെ അഴിച്ചു വിടേണ്ടി വരും. അത് വലിയ സാമ്പത്തിക നഷ്ടമാണ്. മാത്രവും അല്ല കന്നുകാലികള്‍ അലഞ്ഞു തിരിയുന്ന ഒരു സാഹചര്യം ഉണ്ടാക്കും.



അവ പാടങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ ഇറങ്ങി ചെല്ലുകയും കൃഷി നശിപ്പിക്കുകയും റോഡ് ആക്‌സിഡന്റുകള്‍ ഉണ്ടാക്കുകയും ചെയ്യാം. ഇങ്ങനെ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കിയേക്കാവുന്ന നഷ്ട്ടങ്ങള്‍ വേറെയും വരും. അങ്ങനെ ഒരു വിധത്തിലും ഇത് ഗുണം ചെയ്യില്ല എന്നുള്ളത് കൊണ്ട് സ്വാഭാവികമായും കര്‍ഷകര്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന്
പിറകോട്ട് പോവും.


ഇതുമായിബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാതങ്ങള്‍ വിശദീകരിയ്ക്കാമോ. 


മറ്റൊന്ന് ഒരു കന്നിന്റെ ജീവിത കാലം 20- 25 വര്ഷം വരെയാണ്. ഇതില്‍ പാലുല്‍പാദനം 8-10 വര്‍ഷം വരെയാണ്. പാലുല്‍പാദനം അവസാനിക്കുന്ന ഘട്ടത്തില്‍ അതിനെ വില്‍ക്കേണ്ടിവരും. പക്ഷെ കശാപ്പിനായി വില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വാഭാവികമായി മരണമടയും വരെ ഇതിനെ സൂക്ഷിക്കാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതനാവും. ഇത് അനാവശ്യമായ മറ്റൊരു ചിലവാണ് കര്‍ഷകന് ഉണ്ടാക്കുന്നത്. പതിയെ കര്‍ഷകര്‍ കന്നുകളെ വാങ്ങാതാവുകയും ഈ മേഖലയില്‍ നിന്ന് അകലുകയും ചെയ്യും. അത് ക്ഷീരോത്പാദന മേഖലയിലെ ഇടിവിലേക്കും അതുമൂലം ആഭ്യന്തര ഉല്‍പാദനം കുറയുന്നതിനാല്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.



സ്വാഭാവികമായും സമൂഹത്തെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറുന്നു. മറ്റൊരു വിഷയം രാജ്യമാകെ ഗോസംരക്ഷണം എന്ന പേരില്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങള്‍, അതിന്റെ ഭാഗമായി ആളുകള്‍ക്കു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. പലരും ക്രൂരമായി ആക്രമിക്കപ്പെട്ടു. പല സ്ഥലങ്ങളിലും ഇതുമായി ബന്ധപ്പെട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.


ഭക്ഷണം, വസ്ത്രം തുടങ്ങി സമസ്ത മേഖലകളിലും സംഘപരിവാര്‍ തങ്ങളുടെ ഫാസിസ്റ്റ് തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയാണല്ലോ. പ്രസ്തുത പശ്ചാത്തലത്തില്‍ കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് രാഷ്ട്രീയവും – സാമൂഹ്യവും – സാമ്പത്തികവുമായ മാനങ്ങളുണ്ട്. നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ പങ്കുവെയ്ക്കാമോ.


1960 ലെ പാരന്റ് ആക്റ്റില്‍ പറയുന്നുണ്ട് ഭക്ഷ്യാവശ്യങ്ങള്‍ക്കോ റിലീജിയസ് ആവശ്യങ്ങള്‍ക്കോ വേണ്ടി കന്നുകാലികളെ അറുക്കുന്നത് നിയമ വിരുദ്ധം അല്ല എന്ന്. അപ്പോള്‍ പാരന്റ് ആക്ടിലെ പ്രൊവിഷന്‌ വിരുദ്ധമായിട്ടാണ് ഈ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നത്. സുപ്രിം കോടതിയും വിവിധ ഹൈക്കോടതികളും വിവിധ ഘട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ട് റൂള്‍സ് കൊണ്ട് വരുമ്പോള്‍ അത് ആക്ടിന് വിരുദ്ധമായി കൊണ്ട് വരാന്‍ പാടില്ല എന്ന്. അങ്ങനെ കൊണ്ട് വന്ന നിരവധി നിയമങ്ങള്‍ സുപ്രിം കോടതിയും ഹൈകോടതികളും റദ്ദാക്കിയിട്ടും ഉണ്ട്.



അപ്പോള്‍ ഈ വിജ്ഞാപനം പാരന്റ് ആക്റ്റിന് വിരുദ്ധമാണ് എന്നാണ് പ്രധാനമായും ഉന്നയിച്ചത്. അത് ഭരണഘടന ഉറപ്പു നല്‍കുന്ന 19(1)(g) രാജ്യത്ത് നിയമ വിധേയമായി ഏത് തൊഴിലും ചെയ്യാന്‍ ഉള്ള അവകാശം, ആര്‍ട്ടിക്കിള്‍ 21യിലും 25 യിലും 29 ലും പറയുന്ന തുല്യാവകാശം, ന്യൂനപക്ഷ സംരക്ഷണം, മതസ്വാതന്ത്ര്യം തുടങ്ങിയവയെ ലംഘിച്ചു കൊണ്ടാണ് ഇത്തരം റൂള്‍സ് നിര്‍മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ഭരണഘടനാ വിരുദ്ധമാണ്. അതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ഫോക്കസ്.



മാര്‍ക്കറ്റുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും സ്റ്റേറ്റിനാണ്. ഇതായിരുന്നു ഞങ്ങള്‍ ഉന്നയിച്ച മൂന്നാമത്തെ പോയിന്റ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് രാജ്യത്ത് കന്നുകാലി കശാപ്പ് ഇല്ലാതാക്കാനാണ് ബി ജെ പി യും ആര്‍ എസ് എസും ശ്രമിക്കുന്നത്. ഗോവധ നിരോധനം ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഉണ്ട്. അത് സ്റ്റേറ്റിന്റെ അധികാരമാണ്. പ്രത്യക്ഷത്തില്‍ ഗോവധ നിരോധനം അല്ല എന്ന് തോന്നുമെങ്കിലും കശാപ്പിനായുള്ള വില്പന നിരോധിക്കുന്നതിലൂടെ സംഭവിക്കുന്നത് അത് തന്നെയാണ്. ഈ സാഹചര്യത്തില്‍ പിന്നെ ലഭ്യമാവുന്നത് ഇറക്കുമതി ചെയ്യുന്ന മാംസം മാത്രം ആയിരിക്കും. മാര്‍ക്കറ്റില്‍ മാട്ടിറച്ചിയുടെ ലഭ്യത കുറയുകയും ചെയ്യും.



ഈ പെറ്റിഷന്‍ പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ ന്യായാധിപന്മാര്‍ക്ക് പ്രഥമദൃഷ്ട്യാ അതിന്റെ മെറിറ്റ്‌ മനസ്സിലാക്കാനായിരുന്നു. കേസ് മുന്നോട്ടു പോവുന്ന സമയത്ത് ആദ്യം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചില വിവാദങ്ങളുടെ പേരില്‍ സ്റ്റേക്ക് ഹോള്‍ഡേഴ്സ്ന്റെ താല്പര്യം കൂടി പരിഗണിച് ഈ വിജ്ഞാപനം തിരുത്താന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയുണ്ടായി. അവര്‍ പുതിയത് കൊണ്ട് വരുമ്പോള്‍ അതിനനുസരിച്ച്‌ നിലപാടെടുക്കാം ഇപ്പോള്‍ ഈ വിജ്ഞാപനം തടയണം എന്നതുമായിരുന്നു ഞങ്ങളുടെ ആവശ്യം.



മധുര ഹൈകോടതി ഇത് മുന്‍പ് തന്നെ തടഞ്ഞിരുന്നു. അത് ഹൈകോടതിയുടെ സ്റ്റേ ആയത് കൊണ്ട് രാജ്യവ്യാപക സ്റ്റേ ആണ് എന്നതായിരുന്നു ആദ്യം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഈ ഇടക്കാല വിധിക്കു ശേഷം അതിനനുകൂലമായി കേരള ഹൈക്കോടതിയുടെയും ആന്ധ്രാ കോടതിയുടെയുമെല്ലാം വിധികള്‍ വന്നു. മാത്രവുമല്ല മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്ന സംഭവവും ഉണ്ടായി.അത് കൊണ്ട് തന്നെ സുപ്രിം കോടതി വിധിയില്‍ വ്യക്തമായി രാജ്യവ്യാപകമായി ഈ വിജ്ഞാപനം സ്റ്റേ ചെയ്യുന്നു എന്ന് പറയണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോടതി അത് ഓര്‍ഡറില്‍ എഴുതുകയും ചെയ്തു. ഇത്തരത്തില്‍ ഇനിയും വിജ്ഞാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കര്‍ഷകരുടെ കയ്യില്‍ നിന്ന് മാര്‍ക്കറ്റ് വില കൊടുത്ത് സര്‍ക്കാര്‍ തന്നെ കന്നിനെ വാങ്ങാന്‍ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം എന്നതായിരുന്നു കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ മറ്റൊരു വാദം.


ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ചയോ പഠനമോ നടത്തിയിട്ടാണോ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വിജ്ഞാപനമിറക്കിയത്.


വിജ്ഞാപനത്തിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട് ആള്‍ ഇന്ത്യ കിസാന്‍സഭയുമായോ ഈ മേഖലയിലെ സ്റ്റേക്ക് ഹോള്‍ഡേഴ്സ്മായോ എന്തെങ്കിലുംവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായി അറിവില്‍ ഇല്ല. എന്നാല്‍നോട്ടിഫിക്കേഷന്‍ വന്നതിനു ശേഷം ഒരുപാടു നിര്‍ദേശങ്ങള്‍സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. അനുകൂലമായും പ്രതികൂലമായും നിരവധി നിര്‍ദേശങ്ങള്‍ പോയിരുന്നു. കേരള നിയമസഭയില്‍ ഇതിനെതിരായി ഒരുപ്രമേയം പാസ്സാക്കുകയുണ്ടായി.



അത് പോലെ തന്നെ അരുണാചലില്‍ നിന്നും ഒരുപ്രമേയം ഉണ്ടായിരുന്നു. സംഘപരിവാറുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകള്‍ വരെഇതിനെതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മധ്യപ്രദേശിലുംമഹാരാഷ്ട്രയിലും ഒക്കെ എല്ലാ കര്‍ഷക സംഘടനകളും ഒരുമിച്ചാണ് പ്രതിഷേധത്തിലേക്കു വന്നത്. എന്നിട്ടു പോലും യാതൊരു വിധ ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി ഇത് നടപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങള്‍ കോടതില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. വിജ്ഞാപനം നിലനില്‍ക്കാനുള്ള സാധ്യത ഇല്ല എന്ന് അവര്‍ക്കു ബോധ്യപ്പെട്ടപ്പോഴാണ് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് അവര്‍ കോടതിയെ അറിയിച്ചത്.


നാല് പെറ്റിഷനുകള്‍ ഉണ്ടായിരുന്നു ഈ വിഷയത്തില്‍ കോടതിക്കു മുന്‍പില്‍,ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ ആരെങ്കിലുംഉണ്ടായിരുന്നോ? മറ്റു പെറ്റീഷനുകളിലെ ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു.


ആകെ നാല് പെറ്റിഷനുകള്‍ ആണ് ഉണ്ടായിരുന്നത്. ആള്‍ ഇന്ത്യ കിസാന്‍ സഭയെകൂടാതെ പിന്നെ ഉണ്ടായിരുന്നത് ആള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഖുറൈഷി ആക്ഷന്‍കമ്മറ്റിയാണ്. പ്രധാനമായും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുംകശാപ്പുകാര്‍ക്കും വേണ്ടിയാണ് അവര്‍ മുന്നോട്ടു വന്നത്. പിന്നെ ഒരെണ്ണം വെസ്റ്റ് ബംഗാളില്‍ നിന്നും ആയിരുന്നു. മറ്റൊന്ന് ഒരു വ്യക്തി നല്‍കിയ പെറ്റിഷന്‍ ആയിരുന്നു. മേല്പറഞ്ഞ ഹര്‍ജികള്‍ എല്ലാം ഭരണഘടനാ ലംഘനത്തെകുറിച്ച് തന്നെയാണ് പ്രധാനമായും പറഞ്ഞത്. പലരുടെയും ഫോക്കസ് വ്യത്യസ്തമായിരുന്നു എന്ന് മാത്രം.



A I K S ന്റെ ഇടപെടല്‍ ആയിരുന്നോ മധുര ഹൈക്കോടതി വിധിയും.


അല്ല. ഇവിടെ കക്ഷിയായ ഒരു സംഘടനകളും അവിടെ കക്ഷിയായിരുന്നില്ല. ഭരണഘടനാവിരുദ്ധമായി നിയമങ്ങള്‍ വരുമ്പോള്‍ നമുക്ക് ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രിം കോടതിയില്‍ നേരിട്ട് റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്യാന്‍ ഉള്ളഅധികാരം ഉണ്ട്. അത് വെച്ചാണ് ഞങ്ങള്‍ കോടതിയെ നേരിട്ട് സമീപിച്ചത്.


നിലവിലെ സ്റ്റേ കൊണ്ട് മാത്രം അവര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോവില്ല എങ്കില്‍ എന്തൊക്കെ നടപടികളാണ് മുന്‍കരുതലായി കര്‍ഷക സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാവുക.


ഇതുമായി ബന്ധപ്പെട്ട് നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്,പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ കോടതിയില്‍ തന്നെ പറഞ്ഞത്അവര്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ചയ്ക്കു തയ്യാറാണ്, ഞങ്ങള്‍സമര്‍പ്പിച്ച പെറ്റിഷനിലെ വാദങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ് എന്നൊക്കെയാണ്. അതെല്ലാം പരിഗണിച്ച ശേഷം മാത്രമേ പുതിയ റൂള്‍സ്വരുകയുള്ളു എന്നാണ്. അത്തരമൊരു ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഞങ്ങളുടെആവശ്യങ്ങള്‍ ഉന്നയിക്കും. എങ്കിലും ഇതില്‍ മാറ്റം എന്തെങ്കിലും ഉണ്ടാവുംഎന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.



ഇതെല്ലം ബി ജെ പി യുടെയും ആര്‍ എസ് എസ് ന്റെയും ഐഡിയോളോജിയുടെ ഭാഗമാണ്. ഗോവധ നിരോധനം രാജ്യവ്യാപകം ആക്കണം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം വയ്ക്കുന്ന ഒരു പാര്‍ട്ടിയാണ് അവര്‍. അത് കൊണ്ട് തന്നെ അവര്‍ ഇതുമായി മുന്നോട്ട് പോയാല്‍ നമ്മള്‍ ഇനിയും കോടതിയില്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.


ഇപ്പോഴത്തെ വിധി പഴുതുകള്‍ അടച്ചതാണോ? അതോ ഇനിയും ഇനിയും വ്യക്തത വരേണ്ടതുണ്ടോ.


ഒരു സംഘടന ഒരു മോഡിഫിക്കേഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ആനോട്ടിഫിക്കേഷനില്‍ പ്രധാനമായും 2 റൂള്‍സ് ഉണ്ടായിരുന്നു. ഇതില്‍ മധുരഹൈക്കോടതി സ്റ്റേ ചെയ്തത് ഒരു റൂള്‍ മാത്രം ആണ്. സുപ്രിം കോടതി വിധിയില്‍രണ്ടാമത്തെ റൂള്‍ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നും പറഞ്ഞാണ് അവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്തായാലും ഇത് ഒരു വലിയ നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും ആയി തുടരാന്‍ ഉള്ള സാഹചര്യംആണ് ഞാന്‍ കാണുന്നത്.


എസ്. എഫ്.ഐ യില്‍ സജീവമായിരുന്നല്ലോ. അക്കാലയളവിലെ അനുഭവങ്ങള്‍ നിലവിലെ നിയമപോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ടോ.



എസ എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ആയിരുന്നു അഞ്ചു വര്‍ഷക്കാലം. പിന്നീട് സംസ്ഥാന ജോയിന്‍ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. എസ്. എഫ്. ഐ പകര്‍ന്ന അനുഭവങ്ങളുടെ കരുത്തും തെളിമയാര്‍ന്ന രാഷ്ട്രീയവും തന്നെയാണ് നിയമപോരാട്ടത്തെ വര്‍ഗ്ഗസമരവുമായി ബന്ധിപ്പിയ്ക്കുന്നതില്‍ ഊര്‍ജ്ജദായകമാകുന്നത്.


മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നുവല്ലോ. എവിടെയെല്ലാമായിരുന്നു പ്രവര്‍ത്തനങ്ങള്‍.

2009-10 കലയളവില്‍  ഇന്ത്യാവിഷന്‍ന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയിരുന്നു. പ്രസ് ക്ലബ്ബില്‍ പഠിക്കുമ്പോള്‍ ഗോള്‍ഡ് മെഡലോഡ് കൂടിയാണ് പാസായത്. അങ്ങനെയാണ് ഇന്‍ഡ്യാവിഷനില്‍ ചേരാൻ അവസരമുണ്ടാകുന്നത് . 2010-13 ല്‍ കൈരളിയുടെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഇടയ്ക്കു നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ സുപ്രിം കോടതിയില്‍ ആണ് പ്രാക്ടീസ് ചെയ്യുന്നത്.