Dr Ajit Kumar G

മ്യൂസിയം ആഡിറ്റോറിയം ചിത്രപ്രദര്‍ശനങ്ങള്‍ക്കു തിരികെ നല്‍കണം

തലസ്ഥാന നഗരമായ തിരുവനന്തപുരത്തു ചിത്രകാരന്മാര്‍ പ്രധാനമായി ആശ്രയിക്കുന്ന പ്രദര്‍ശന കേന്ദ്രമാണു മ്യൂസിയം ആഡിറ്റോറിയം. കഴിഞ്ഞ പത്തിരുപതു വര്‍ഷമായി ചിത്ര പ്രദര്‍ശനങ്ങളും സാംസ്കാരിക യോഗങ്ങളുമുള്‍പ്പടെ എപ്പോഴും പരിപാടികള്‍ കൊണ്ട് തിരക്കൊഴിയാത്ത കേന്ദ്രമാണിത്. പുതു കലാകാരന്മാര്‍ മാത്രമല്ല, പ്രധാന കലാസംഘടനകളുടെ ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍ ക്കും വിദേശ കലാപ്രദര്‍ ശനങ്ങള്‍ ക്കും ഈ ആഡിറ്റോറിയം വേദിയായിട്ടുണ്ട്. വലിയ ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ ശിപ്പിക്കുന്നതിനു മറ്റൊരു വേദിയും തിരുവനന്തപുരത്തു ലഭ്യമല്ല എന്നതാണു ഇതിനു പ്രധാന കാരണം.

കഴിഞ്ഞ ഒന്നര വര്‍ഷമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഈ ആഡിറ്റോറിയം കേരള സംഗീത നാടക അക്കാദമിയുടെ സ്ഥിരം വേദിയാക്കി ഉപയോഗിച്ചു വരികയാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണു അക്കാദമി ഇതു ഉപയോഗിക്കുന്നത്. ഹാളിനുള്ളില്‍ വലിപ്പത്തില്‍ കെട്ടിയ സ്റ്റേജ് ഉള്ളതിനാല്‍ മറ്റ് ദിവസങ്ങളില്‍ മറ്റൊരു പരിപാടിയും നടത്തുവാന്‍ കഴിയുകയില്ല. ടാഗോര്‍ തീയറ്ററിന്റെ നവീകരണ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നതു കാരണം ഒരു താല്‍ കാലിക സംവിധാനം എന്ന നിലയില്‍ കലാകാരന്മാര്‍ അന്നു ഇതുമായി പൂര്‍ ണ്ണമായി സഹകരിച്ചിരുന്നു. ചിത്രകാരന്മാരുടെ നിരവധി പ്രദര്‍ ശനങ്ങള്‍ ഇതു മൂലം മാറ്റിവച്ചു.

എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷവും ഹാള്‍ അക്കാദമി വിട്ടു തരാന്‍ തയാറാകുന്നില്ല. പല കലാസംഘടനകളും കലാകാരന്മാരും നടത്താനിരിക്കുന്ന പ്രധാന പ്രദര്‍ശനങ്ങള്‍ ഇതുമൂലം മറ്റ് നഗരങ്ങളിലേയ്ക്കു മാറ്റിക്കൊണ്ടിരിക്കുവാന്‍ നിര്‍ബന്ധിതമാകുന്നു. സിനിമയും നാടകവും ഉള്‍ പ്പെടെയുള്ള കലകാര്‍ക്കു അനവധി സൗകര്യങ്ങള്‍ ലഭിക്കുമ്പോഴും ദേശീയ രംഗത്തു ഒട്ടേറെ പ്രതിഭകളുള്ള ചിത്രകലാ രംഗത്തിനു വലിയ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നതു പോകട്ടെ , ഉള്ള സംവിധാനങ്ങളെപ്പോലും ഇല്ലാതാക്കുകയാണു ഇതിലൂടെ ചെയ്യുന്നത് . നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനു സജ്ജമായ നിരവധി വേദികള്‍ നഗരത്തില്‍ വേറെ ഉണ്ടായിരിക്കെ ചിത്രകാരന്മാര്‍ക്കു പൂര്‍ണ്ണമായി ആശ്രയിക്കേണ്ടി വരുന്ന മ്യൂസിയം ആഡിറ്റോറിയം സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിട്ടു നല്‍കുന്നത് ചിത്രകലയോടുള്ള അനീതിയാണ്.