K Rajendran

പ്രധാനമന്ത്രി മാപ്പ് പറഞ്ഞാല്‍ പലായനങ്ങള്‍ തീരില്ല

ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറഞ്ഞു. മാര്‍ച്ച് 29 നായിരുന്നു രാജ്യ ചരിത്രത്തിലെ കളങ്കിതമായ ഈ മാപ്പ് പറച്ചില്‍. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ ഇന്ത്യയിലെ ദരിദ്രരെ പലായനങ്ങളിലേയ്ക്കും പട്ടിണിയിലേയ്ക്കും തളളിവിട്ടതിന്‍റെ ഏറ്റുപറച്ചിലായിരുന്നു ഈ മാപ്പ് പറച്ചില്‍.ഒരു മാപ്പ് പറച്ചില്‍ കൊണ്ട് മാത്രം തീരുന്നതല്ല ഈ അപരാധമെന്ന് രാജ്യത്തിന് ഇതിനകം തന്നെ ബോധ്യപ്പെട്ടിരിക്കുന്നു.


1585633203-4859


വരുന്ന 21 ദിവസക്കാലം രാജ്യം സമ്പൂര്‍ണ്ണമായും അടച്ചിടുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മാര്‍ച്ച് 23ന് രാത്രി 8 മണിക്കാണ്.ലോക് ഡൗമിന് വെറു 4 മണിക്കൂര്‍ മാത്രം മുമ്പ്.നാല് മണിക്കൂര്‍ നേരത്തെ തയ്യാറെടുപ്പ് കൊണ്ട് മാത്രം നടപ്പിലാക്കാനാവുന്നതല്ല 21 ദിവസത്തെ ലോക്ക്ഡൗണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളായിരുന്നു തൊട്ടടുത്ത ദിവസം മുതല്‍ രാജ്യത്ത് നടന്നത്.ദില്ലിയുള്‍പ്പെടെയുളളവന്‍ നഗരങ്ങളില്‍ നിന്ന്പതിനായിരങ്ങള്‍ ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്തു. സാമൂഹ്യ അകലം പാലിക്കാനായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലായനത്തിനായി ബസ്സ്റ്റോപ്പുകളിലും തെരുവുകളിലും ജനലക്ഷങ്ങള്‍ തടിച്ചുകൂടിയതോടെ ലക്ഷ്യം പി‍ഴച്ചു. ലാത്തി വീശിയും അതിര്‍ത്തികള്‍ അടച്ചും നടത്തിയ പിന്തിരിപ്പിക്കല്‍ ശ്രമങ്ങളെല്ലാം പരാജപ്പെട്ടു.ലോക്ക്ഡൗണ്‍ ലംഘിച്ച് പലായനം ചെയ്തവരെല്ലാം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളാണ്. അവരെ പ‍ഴിക്കാനാവില്ല, കാരണം സാമൂഹ്യ സുരക്ഷ ഇല്ലാത്ത കാലത്ത് ജനങ്ങളില്‍ സാമൂഹിക അകലം നിഷ്കര്‍ഷിക്കുക ബുദ്ധിമുട്ടാണ്.


Narendra-Modi-Re


ദില്ലിയില്‍ നിന്ന് ഉത്തരേന്ത്യന്‍ ഗ്രമങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന ദരിദ്രകുടുംബങ്ങള്‍ ഭയപ്പെട്ടത് കൊറോണ മരണത്തേക്കാള്‍ പട്ടിണി മരണങ്ങളെയായിരുന്നു.കൊറോണ പിടിപെട്ട് മരിച്ച അത്രയും പേരോ അതിലുമധികമോ തെരുവുകളില്‍ വിശന്നും ദാഹിച്ചും തളര്‍ന്നും മരിച്ച് വീണു. ഏറ്റവും ദാരുണമായ കാ‍ഴ്ച്ച രാജസ്ഥാനിലെ കോട്ടയില്‍ നിന്നായിരുന്നു. ഗോതമ്പ് പൊടിപാക്കറ്റുകളുമായി പോവുകയായിരുന്ന ഒരു ട്രക്ക് ജനക്കൂട്ടം വ‍ഴിയില്‍ തടഞ്ഞു.അവര്‍ ട്രക്കിലെ പാക്കറ്റുകള്‍ കൊളളയടിച്ചു. പട്ടിണി മാറ്റാനായി ഗത്യന്തരമില്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ കൊളള,മോഷണം തുടങ്ങിയ സംജ്ഞകളില്‍ ഒതുക്കാനാവില്ല.ഈ കുറ്റകൃത്യത്തിന് ഉത്തരവാദികള്‍ അവരല്ല; അവരെ ഭരിക്കുന്ന സര്‍ക്കാരുകളാണ്.


0e10i9no_migrants-in-up-being-sprayed-with-disinfectant-_625x300_30_March_20


മഹാമാരിയില്‍ വലയുന്ന ദരിദ്ര നാരായണണ്‍മാരെ പ്രാകൃതമായാണ് ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ബറേലിയില്‍ മടങ്ങിയെത്തുകയായിരുന്ന അതിഥി തൊ‍ഴിലാളികളുടെ ദേഹത്ത് ഉദ്യോഗസ്ഥര്‍ അണുനാശിനി തളിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന സോഡിയം ഹൈപോക്ലോറേറ്റ് ആണ് തളിച്ചത്. ചിലര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതുകൊണ്ട് മാത്രമാണ് കോട്ടയിലേയും ബറേലിയിലേയും സംഭവങ്ങള്‍ പുറത്തുവന്നത്. പുറത്തുവരാത്ത സമാനമായ എത്രയോ സംഭവങ്ങള്‍ രാജ്യത്തുണ്ടാവാം.


കണ്ണില്‍ പൊടിയിടുന്ന സാമ്പത്തിക പാക്കേജ്


കൊറോണയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത ഇറ്റലിയിലേയും അമേരിക്കയിലേയും സ്പെയിനിലേയും കൂട്ടമരണങ്ങളും ഇന്ത്യയിലെ കൂട്ട പലായനങ്ങളുമാണ്. ഒപ്പം ഒന്നുകൂടിയുണ്ട്. ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനം ലോകത്തിന് മാതൃകയാവുന്ന വിധത്തില്‍ ജനകീയ കൂട്ടായ്മയോടെ നടത്തുന്ന അനിതര സാധാരണമായ ചെറുത്ത് നില്പ്പും. രാജ്യത്തെ 21 ദിവസം അടച്ചിടണമെങ്കില്‍ വലിയ രീതിയിലുളള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഏത് സാഹചര്യം നേരിടാനും കേരളം ഫെബ്രുവരി മുതലേ സജ്ജമായിരുന്നു.ചൈനയില്‍ കൊറോണ പടരുമ്പോ‍ഴേ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ ആ സമയത്ത് രാജ്യം ഭരിക്കുന്നവരുടെ ശ്രദ്ധ ദില്ലിയില്‍ കലാപം നടത്തുന്നതിനും മതം നോക്കി പൗരത്വം നല്കുന്നതിനുമായിരുന്നു. ഒപ്പം ചൈന തകരുമ്പോള്‍ കയറ്റുമതി വര്‍ദ്ധിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ലാഭം കൊയ്യാമെന്ന് ട്രംപിനൊപ്പം മോദിയും കണക്ക് കൂട്ടി.


Trump


മഹാമാരികള്‍ വരുമ്പോ‍ഴും ആദ്യം രംഗപ്രവേശം ചെയ്യുന്നത് അന്ധവിശ്വാസികളും ആശാസ്ത്രീയ പ്രചാരകരുമാണ്.ലോകം കൊറോണയെക്കുറിച്ച് ഭീതിയോടെ സംസാരിച്ച ഘട്ടത്തില്‍ ദില്ലിയിലെ തെരുവുകളില്‍ നടന്നത് ആര്‍ എസ് എസ് സന്യാസിമാരുടെ ഗോമൂത്ര ചികിത്സയായിരുന്നു. കൊറോണക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 22 ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 9 മണിവരെ ജനതാ കര്‍ഫ്യൂ നടത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.വൈകിട്ട് 5 മണിക്ക് കൂട്ടത്തോടെ കൈയ്യടിച്ചോ പാത്രങ്ങളില്‍ കൊട്ടി ശബ്ദമുണ്ടാക്കിയോ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് സംഘി ശാസ്ത്രജ്ഞര്‍ പുതിയ വ്യാഖ്യാനം നല്കി. കൊറോണ വൈറസിന് 14 മണിക്കൂറില്‍ കൂടുതല്‍ ആയുസ്സില്ലത്രെ. അമാവാസി ദിനത്തില്‍ 5 മണിക്ക് കൂട്ടത്തോടെ ശബ്ദമുണ്ടാക്കിയാല്‍ വൈറസുകള്‍ നശിക്കും..ഈ പ്രചാരണത്തിന് നേതൃത്ത്വം നല്‍കിയതാവട്ടെ പേരെടുത്ത സെലിബ്രിറ്റികളാണ്.പേരും പെരുമയും എന്തോ ആയികൊളളട്ടെ ചോരയില്‍ കാവി രക്തം കയറിയാല്‍ സമനിലതെറ്റും.അതോടെ പുറത്ത് വരുന്നത് അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആയിരിക്കും.കാരണം അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, കടുത്ത വര്‍ഗ്ഗീയത എന്നിവയില്‍ കെട്ടിപൊക്കിയതാണ് ആര്‍ എസ് എസ്സിന്‍റെ സംഹിതകള്‍.


download (1)


.പ്രധാനമന്ത്രിയുടെ അടുത്ത ഉപദേശകരില്‍ അന്ധവിശ്വാസങ്ങളുടെ വക്താക്കളായ ചിലരുണ്ട്.
ഗുരുമൂര്‍ത്തിയാണ് വിശ്വസ്തരില്‍ പ്രമുഖന്‍. കുറച്ചുകാലം മുമ്പ് ശബരിമല യുവതീ പ്രവേശനകേസ് സുപ്രീംകോടതി പരിഗണിച്ച സമയം. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് വിവേചനമല്ലേ എന്നൊരു നിരീക്ഷണം നടത്തിയിരുന്നു. ഒന്നാം പ്രളയകാലത്ത് മോദിയുടെ വിശ്വസ്തനായ ഗുരുമൂര്‍ത്തിക്കൊരു വെളിപാട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനായി നടക്കുന്ന പരിശ്രമങ്ങളുടെ അനന്തരഫലമാണത്രെ പ്രളയം. ഒരു ഉളുപ്പുമില്ലാതെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരക്കാരൊന്നും ആവാതിരിക്കട്ടെ കൊറോണ കാലത്തെ പ്രധാനമന്ത്രിയുടെ ഉപദേശകര്‍.


image


മാര്‍ച്ച് 22ന് 5 മണിക്ക് രാജ്യം ചില ദുരന്തകാ‍ഴ്ച്ചകള്‍ കണ്ടു.പലയിടത്തും ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി, അവര്‍ കൈകൊട്ടിയും പാത്രങ്ങളില്‍ തട്ടി ശബ്ദമുണ്ടാക്കിയും മോദിക്ക് ജയ് വിളിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്കുളള അഭിനന്ദനം ഒരു ആഘോഷമാക്കിമാറ്റി. കൊറോണ വൈറസ് വ്യാപനം തടയാന്‍ ജനങ്ങള്‍ കൂട്ടം കൂടി നില്ക്കരുതെന്നതാണ് പ്രാഥമിക പാഠം. ഇതുപോലും ലംഘിക്കപ്പെട്ടു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 5ാം ദിവസമാണ് ധനമന്ത്രി നിര്‍മ്മാലാ സീതാരാമന്‍ 1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ചെറിയ സംസ്ഥാനമായ കേരളം വളരെ മുമ്പുതന്നെ 20,000 കോടി പ്രഖ്യാപിച്ചപ്പോ‍ഴാണ് രാജ്യത്തിന് ഒട്ടാകെയായി ഒന്നിനും തികയാത്ത ഇത്ര ചെറിയ തുക അനുവദിച്ചിരിക്കുന്നത്. തൊ‍ഴിലുറപ്പ് പദ്ധതിയിലെ കൂലി 20 രൂപ വര്‍ധിപ്പിച്ചതാണ് ഒരു പ്രധാന പ്രഖ്യാപനം. വര്‍ഷത്തില്‍ ഒരു കുടംുബത്തിന് 100 ദിവസത്തെ തൊ‍ഴില്‍ നല്കുന്നതാണ് ഗ്രാമീണ തൊ‍ഴിലുറപ്പ് പദ്ധതി. എന്നാല്‍ വര്ഷത്തില്‍ 50 ദിവസം പോലും തൊ‍ഴില്‍ നല്കാന്‍ സാധിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്.


download


മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തില്‍ തൊ‍ഴിലുറപ്പ് പദ്ധതി ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. ഇല്ലാത്ത തൊ‍ഴിലിന് എങ്ങനെയാണ് കൂലി നല്‍കുക? പി എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്കേണ്ട 2000 രൂപ നല്കും എന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം. കോറോണ എന്ന മഹാമാരി ഇല്ലെങ്കിലും ഈ തുക നല്‍കേണ്ടതാണ്. പാക്കേജിന്‍റെ വലുപ്പം കൂട്ടാനായാണ് ഈ തുക 1.7 ലക്ഷം കോടിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍കൊണ്ട് അതിജീവിക്കാനാവുന്ന മഹാമാരിയല്ല കോറോണ. അധികമായി അനുവദിച്ചിരിക്കുന്ന 5 കിലോ ഭക്ഷ്യധാന്യവും 1 കിലോ പരിപ്പും പട്ടിണികിടക്കുന്ന കുടുംബങ്ങളുടെ എത്ര ദിവസത്തെ വിശപ്പ് മാറ്റും.


കേരളത്തിലേയ്ക്ക് നോക്കൂ


രാജ്യത്ത് പലായനങ്ങള്‍ നടക്കുമ്പോള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശി രാജ്യത്തോട് കേരളത്തിലേയ്ക്ക് നോക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് കേരളം ചിന്തിക്കുന്നത് രാജ്യം നാളെ ചിന്തിക്കുമെന്ന് ഇന്ത്യ ടുഡെ ടി വി ചാനലിന്‍റെ എഡിറ്റോറിയല്‍ പരിപാടിയില്‍ സര്‍ദേശി നിരീക്ഷിച്ചു. കോറോണയെ തുടര്‍ന്ന് ഒരാള്‍പോലും കേരളത്തില്‍ നിന്ന് പലായനം ചെയ്തില്ല.അന്യ സംസ്ഥാന തൊ‍ഴിലാളികളെ അതിര്‍ത്തി തൊ‍ഴിലാളികളായി കാണുന്ന നാടാണിത്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണവും താമസിക്കാന്‍ ശുചിത്വമുളള ക്യാമ്പുകളും ഔഷധവും വിനോദോപാധികളുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ നല്കി.പക്ഷെ പഞ്ഞ കാലത്ത് സ്വന്തം നാട്ടിലെത്താനുളള ത്വര മനുഷ്യ സഹജമാണ്. ഇതിനെ ആസൂത്രിതമായി ആളികത്തിക്കാനാണ് ചിലര്‍ ശ്രമിച്ചത്.അതാണ് പായിപ്പാട് കണ്ടത്. കേരളത്തില്‍ നിന്നുളള കൂട്ടപലായനങ്ങള്‍ വലിയ ആഘോഷമാക്കാന്‍ ചിലര്‍ തയ്യാറെടുത്തു.അവര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. മൂന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ജനക്കൂട്ടം പിരിഞ്ഞുപോയി. തങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി.


l9apSa2h_400x400


കേരളത്തിലെ അതിഥി  തൊ‍ഴിലാളികളെ തെരുവിലിറക്കാനായി കാണിച്ച രാഷ്ട്രീയത്തിന്‍റെ മറ്റൊരു പതിപ്പാണ് കാസര്‍ഗോഡ്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കണ്ടത്.സംസ്ഥാന അതിര്‍ത്തികള്‍ അടക്കരുതെന്നും ചരക്ക് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിതന്നെയാണ് കര്‍ണ്ണാടക ഭരിക്കുന്നത്. മാത്രമല്ല ദേശീയപാത കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്. എന്നിടും അതിര്‍ത്തികള്‍ മണ്ണിട്ട് മറച്ചു.കാസര്‍ഗോഡ് നിന്ന് കൊറോണ പടരുമോ എന്നതായിരുന്നു കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ആശങ്ക.അങ്ങനെയെങ്കില്‍ ഏറ്റവും അധികം കൊറോണ ബാധിതരുളളമഹാരാഷ്ട്ര അതിര്‍ത്തിയും കര്‍ണ്ണാടക അടക്കേണ്ടേ? ദില്ലിയുമായുളള അതിര്‍ത്തികള്‍ യു പിയും ഹരിയാനയും മണ്ണിട്ട് നികത്തേണ്ടേ? അങ്ങനെ ചെയ്താല്‍ തന്‍റെ അന്നം മുടങ്ങുമെന്ന് പ്രധാനമന്ത്രിക്ക് നന്നായി അറിയാം. പ്രളയകാലത്ത് കേരളം വിദേശ സഹായംസ്വീകരിക്കരുതെന്നും കൊറോണ കാലത്ത് കേന്ദ്രത്തിന് വിദേശ സഹായം സ്വീകരിക്കാമെന്നുമുളള തലതിരിഞ്ഞ ആര്‍ എസ് എസ് രാഷ്ട്രീയമാണ് കേരളത്തിന്‍റെ അതിര്‍ത്തിയടച്ചത്.പക്ഷെ മാനവരാശിയെ അതിവേഗത്തില്‍ കീ‍ഴടക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന് അതിര്‍ത്തിയല്ല;രാഷ്ട്രീയമില്ല; ജാതിയോ മതമോ ഇല്ല. ഈ തിരിച്ചറിവാണ് രാജ്യം ഭരിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത്.അതിനാവശ്യം കെടുതിയുടെ മുള്‍  മുനയില്‍ നില്ക്കുന്ന ജനങ്ങളോട് മാപ്പ് പറയുന്ന പ്രധാനമന്ത്രിയുടെ ഭീരുത്വമല്ല, ഒരാള്‍ പോലും വിശന്നിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് നാടിന് വേണ്ടത്.