Sibi N Subair

സച്ചു സദാനന്ദനെ കാണാത്ത മനുഷ്യാവകാശക്കാര്‍ പീഡോഫിലിയയ്ക്ക് സൈദ്ധാന്തിക ന്യായം ചമയ്ക്കുമ്പോള്‍

സമരതീക്ഷ്ണമായ കാംപസുകള്‍ക്കാണ് രണ്ടായിരത്തി പതിനേഴിന്റെ തുടക്കം മുതല്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. സ്വാശ്രയ എന്ജിനിയറിംഗ്-മെഡിക്കല്‍ കോളേജുകളില്‍ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന്‍ കേരളം കേട്ടത്. ഇന്‍റെണല്‍ മാര്‍ക്ക് പീഡനം, അനധികൃതമായി ഫൈന്‍ ഈടാക്കല്‍, ഹോസ്റ്റെലുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കടുത്ത വിവേചനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളുന്നയിച്ച് എസ്. എഫ്. ഐ. പാമ്പാടി നെഹ്‌റു കോളെജിലെക്കും മറ്റക്കര ടോമ്സിലെക്കും നടത്തിയ വിദ്യാര്‍ഥി സമരങ്ങളോടെ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട മനുഷ്യത്വരഹിതമായ പീഡനവാര്‍ത്തകള്‍ മറനീക്കി പുറത്തുവരാന്‍ തുടങ്ങി. തുടര്‍ന്നാണ്, വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടിരുന്ന കാമ്പസ്സുകളിലെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു സംഘടിക്കാനുള്ള അവകാശം ലഭിക്കണമെന്നാവശ്യപെട്ടു സമരരംഗത്തേക്കിറങ്ങിയത്. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളിലും യുണിറ്റ് സ്ഥാപിക്കുമെന്ന്‍ എസ്. എഫ്. ഐ. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പാമ്പാടി നെഹ്‌റു കൊളെജടക്കമുള്ള കാമ്പസുകളില്‍ എസ്. എഫ്. ഐ. യുടെ കൊടി ഉയര്‍ന്നു. അതിലൂടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന വിദ്യാര്‍ഥി സമൂഹത്തിനു ലഭിച്ച പ്രത്യാശ വലുതാണ്‌.


ജിഷ്ണുവിന്റെ മരണം മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എസ്. എഫ്. ഐ. യുടെ ഇടപെടലോടെ പിന്നീടത് വലിയ ചര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴും എസ്. എഫ്. ഐ. ആണ് ജിഷ്ണു പ്രണോയിക്ക് വേണ്ടി സമരമുഖത്തുള്ളത് എന്നത് കൊണ്ടാകാം സമൂഹ മാധ്യമങ്ങളിലെ ബുദ്ധിജീവി വിഭാഗം ഈ വിഷയത്തില്‍ മൌനം പാലിക്കുകയാണുണ്ടായത്. കമല്‍. സി. ചവറക്കും നദീറിനുമെതിരെ യു. എ. പി. എ. ചുമത്താന്‍ പോലീസിന്‍റെ ഭാഗത്ത് നിന്നും നീക്കമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ‘മനുഷ്യാവകാശ’ പ്രവര്‍ത്തകര്‍ എസ്. എഫ്. ഐ. യുടെ നേതൃത്വത്തില്‍, സ്വാശ്രയ മാനേജ്മെന്റുകളുടെ ജനാധിപത്യ ധ്വംസനങ്ങല്‍ക്കെതിരെ നടന്ന സമരത്തെക്കുറിച്ച് പാലിച്ച മൌനം കൌതുകകരമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മേലങ്കിയണിഞ്ഞ അരാഷ്ട്രീയ ബുദ്ധിജീവികളുടെ സെലെക്ടീവ് പ്രതികരണങ്ങളിലൂടെ, അവരുടെ ഇടതു വിരുദ്ധ രാഷ്ട്രീയത്തെ തുറന്നു കാട്ടിയ നിരവധി സംഭവങ്ങളാണ് പിന്നീടുണ്ടായത്.



ജിഷ്ണു പ്രണോയ് സമരഘട്ടത്തിലൊന്നും പ്രതിക്കാതിരുന്നവര്‍ അവരുടെ മൌനം ഭേദിച്ചത് ലോ അക്കാദമി സമരത്തില്‍ എസ്. എഫ്. ഐ. വിജയിച്ചുവെന്നും സമരത്തിന്റെ ക്രെഡിറ്റ് എസ്. എഫ്. ഐ. ക്കാകും എന്നും വാര്‍ത്ത വന്നപോഴാണ്. എസ്. എഫ്. ഐ. വിരുദ്ധ പോസ്റ്റുകളുടെ പ്രളയമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പിന്നീട്. ലോ അക്കാദമി മാനേജ്മെന്റുമായി ഉണ്ടാക്കിയ ധാരണയില്‍ എസ്. എഫ്. ഐ. നേടിയെടുത്ത ആവശ്യങ്ങള്‍ ഒന്ന് കൂടി ഒരു വെള്ളക്കടലാസിലെഴുതി ഒപ്പിട്ട് വാങ്ങാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ പെടാപ്പാട് പെട്ടപ്പോള്‍ സൈബര്‍ ബുദ്ധിജീവികളും ദൃശ്യമാധ്യമങ്ങളും അകമഴിഞ്ഞ പിന്തുണയാണ് അവര്‍ക്ക് നല്‍കിയത്. എന്നാല്‍, സമരത്തിന്‍റെ പേരില്‍ ബി. ജെ.പി യും കൊണ്ഗ്രസ്സും കോളേജു പടിക്കല്‍ നടത്തിയ രാഷ്ട്രീയ മുതലെടുപ്പ് നാടകത്തെക്കുറിച്ച് ഒരക്ഷരം ഇക്കൂട്ടര്‍ മിണ്ടിയതുമില്ല. എ. ബി. വി. പി. പ്രവര്‍ത്തകനെ ഉപയോഗിച്ചു നടത്തിയ ആത്മഹത്യ സമരാഭാസം നടന്ന ദിവസം കനത്ത മൌനമായിരുന്നു ചില ഫേസ്ബുക്ക് പ്രൊഫൈലുകളില്‍. ഏതായാലും, ലോ അക്കാദമിയില്‍ ആരുടെ നിലപാടായിരുന്നു ശരി എന്നത് വിദ്യാര്‍ഥികള്‍ വിലയിരുത്തട്ടെ.



യുണിവേഴ്സിറ്റി കോളെജിലുണ്ടായ സദാചാര ഗുണ്ടായിസം സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. ഇടതുപക്ഷ സഹായാത്രികരുള്‍പ്പടെ സമൂഹത്തിന്‍റെ നാനാതുറയില്‍ പെട്ടവര്‍,  സംഭവത്തെ അപലപിച്ച് രംഗത്ത് വന്നു. എസ്. എഫ്. ഐ. യുടെ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു സദാചാര പോലിസിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ എഴുതുകയുണ്ടായി. സദാചാര ഗുണ്ടായിസം വെച്ച് പുലര്‍ത്തുന്ന ആരെങ്കിലും എസ്. എഫ്. ഐ. യിലുണ്ടെങ്കില്‍ അവര്‍ സംഘടന വിട്ടു പുറത്തു പോകണമെന്നാണ് സാനു ആവശ്യപ്പെട്ടത്. ശക്തമായ പ്രതികരണങ്ങള്‍ എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. എസ്. എഫ്. ഐ യുടെ പ്രഖ്യാപിത നിലപാട് സദാചാര ഗുണ്ടായിസത്തിന് എതിരാണെന്നിരിക്കെ, ഇടതുപക്ഷ പ്രവര്‍ത്തകരാകെ സദാചാര ഗുണ്ടായിസത്തിന്‍റെ ഹോള്‍സെയില്‍ ഡീലര്‍മാരാണെന്ന മട്ടിലുള്ള വ്യാപക പ്രചാരണമാണ് മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളും നടത്തിയത്. ലക്ഷക്കണക്കിന്‌ മെംമ്പര്‍ഷിപ്പുള്ള ഒരു സംഘടനയില്‍ വന്നുചേരാവുന്ന ചില പുഴുകുത്തുകളെ, എസ്. എഫ്. ഐ യുടെ ഔദ്യോഗിക നിലപാട് കണക്കെ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് പറയാതെ വയ്യ. ബി. ജെ. പി. ഭരണത്തിന് കീഴില്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കും സദാചാര ഭീകരതക്കുമെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നത് എസ്. എഫ്. ഐ യും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ് എന്ന യാതാര്‍ത്ഥ്യം ബോധപൂര്‍വം മറച്ചുവെച്ചു കൊണ്ടുള്ള പ്രചാരണങ്ങളായിരുന്നു അത്.



മാന്നാനം കോളേജില്‍ സംഭവിച്ചത്


എസ്. എഫ്. ഐ. ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ആഘോഷിക്കുകയും എസ്. എഫ്. ഐ. യെ കടന്നാക്രമിക്കുകയും ചെയ്യുക എന്നതാണല്ലോ പതിവ് മാധ്യമ ശൈലി. ആക്രമിക്കപ്പെടുന്നത് എസ്. എഫ്. ഐ. പ്രവര്‍ത്തകരാണെങ്കില്‍ ആ വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനു പോലും യോഗ്യമാല്ലാതായി തീരുന്ന വിചിത്രനീതിയാണ് മുഖ്യധാര മാധ്യമങ്ങള്‍ പുലര്‍ത്തുന്നത്. കെ. എസ്. യു. വിന്‍റെ സ്വാധീന മേഖലയിലുള്ള മാന്നാനം കെ. ഇ. കോളേജില്‍ സമീപകാലത്താണ് എസ്. എഫ്. ഐ. ക്കു യുണിയന്‍ ഭരണം ലഭിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന് വനിതാദിനവുമായി ബന്ധപ്പെട്ട്‌ കോളേജ് യുണിയന്‍ ഭാരവാഹികള്‍ കാമ്പസ്സില്‍ പതിച്ച പോസ്റ്ററുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. സാധാരണ വനിതാദിനത്തില്‍ കാണാറുള്ള ‘പൈങ്കിളി സ്ത്രീശാക്തീകരണ’ പ്രസ്താവനകളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ആശയങ്ങളാണ് കെ. ഇ. കോളേജിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ചത്. ആര്‍ത്തവത്തെ കുറിച്ചും മതങ്ങളുടെ സ്ത്രീവിരുദ്ധ സമീപനങ്ങളെ കുറിച്ചുമുള്ള തുറന്നെഴെത്തുകള്‍. നൂറ്റാണ്ടുകളായി അശ്ലീലമെന്നും തെറിയെന്നും വിശേഷിപ്പിക്കപ്പെട്ടുപോന്ന വാക്കുകളുടെ പുനര്‍വായന, അഥവാ റിഡിഫെനിഷന്‍. ആക്രമിക്കപ്പെടുന്ന ഇരയെ വിചാരണക്ക് വിധേയയാക്കി വേട്ടക്കാരനെ വെള്ളപൂശുന്ന സമൂഹത്തിനു നേരെയുള്ള പരിഹാസം. പോസ്റ്ററില്‍ പരാമര്‍ശിച്ചിരിക്കുന്ന വാക്കുകള്‍ സഭ്യതക്ക് നിരക്കുന്നതല്ലെന്ന ആരോപണവുമായി ഒരു കൂട്ടം അധ്യാപകരടക്കമുള്ളവര്‍ രംഗത്ത് വന്നു.



തലമുറകളായി കൈമാറി വരുന്ന കപട മൂല്യബോധവും സദാചാര സങ്കല്‍പങ്ങളും, ആ സങ്കല്പങ്ങള്‍ സൃഷ്ടിച്ചെടുത്ത ഭാഷാഘടനയും പുതുതലമുറ വിചാരണക്ക് വിധേയമാക്കുന്നതിനെ അസഹിഷ്ണുതയോടെ കാണാനാണല്ലോ മതവും യാഥാസ്ഥിതിക വിദ്യാഭ്യാസവും സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌. സ്ത്രീയുടെ അവയവങ്ങള്‍ തന്നെ സ്ത്രീവിരുദ്ധ വാക്കുകളായി പരിണമിക്കുകയും തെറികളായി കാലാകാലങ്ങളായി ഉപയോഗിക്കപ്പെട്ടു വരികയും ചെയ്യുന്നതിന്‍റെ മനശാസ്ത്രത്തെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ തെറിയില്‍ നിന്നും സര്‍ഗാത്മകമായ ഒരു പുനര്‍വായനയിലെക്ക് മാറുന്ന മനോഹരമായ കാഴ്ച നമ്മുടെ കാമ്പസുകളില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് പ്രതീക്ഷിക്കേണ്ടത്? ചിന്തകള്‍ മരിക്കാത്ത, പ്രതികരണശേഷിയുള്ള, വ്യവസ്ഥകളെ തച്ചുടയ്ക്കാന്‍ കഴിവുള്ള യൌവനം പ്രതീക്ഷാനിര്ഭരമാണ്. മാറ്റങ്ങള്‍ക്ക് വഴിവിളക്കാകേണ്ട അധ്യാപകര്‍, സമൂഹത്തിന്‍റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ തുറന്നു കാട്ടിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതിനു പകരം പരസ്യമായ് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. (ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നിറങ്ങിയ “വിശ്വവിഖ്യാതമായ തെറി” എന്ന മാഗസിനെതിരെയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നീട് ആ മാഗസിന്‍ പുസ്തകരൂപത്തില്‍ ഡി. സി. ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.)



അവസരം മുതലാക്കി കെ. എസ്. യു. - യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ക്കെതിരെ രംഗത്ത് വന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. കോട്ടയം ജില്ല പ്രസിഡന്റ്റ് കെ. എം. അരുണിനും എസ്. എഫ്. ഐ പ്രവര്‍ത്തകനായ സച്ചു സദാനന്ദനും എം. ജി. സര്‍വകലാശാല കാമ്പസില്‍ വെച്ച് ഭീകരമായ ഗുണ്ട ആക്രമണം നേരിടേണ്ടി വന്നു. ജന്മനാ ഭിന്നശേഷിക്കാരനായ (ഇടതു കൈ ഇല്ല) സച്ചുവിന്‍റെ വലതുകൈയാണ് ആക്രമികള്‍ വെട്ടി മാറ്റാന്‍ ശ്രമിച്ചത്. തനിക്ക് ഒരു കൈ ഇല്ലെന്നും തന്‍റെ മറുകൈ വെട്ടരുതെന്നും കേണപേക്ഷിച്ചുവെന്നാണ് സച്ചു പറയുന്നത്. ഈ വാര്‍ത്ത പക്ഷെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും സൗകര്യപൂര്‍വ്വം തിരസ്ക്കരിച്ചു. അന്തിച്ചര്‍ച്ചകളുണ്ടായില്ല, വെട്ടുവഴി കവിതകളുണ്ടായില്ല, മനുഷ്യാവകാശ ഗീര്‍വാണങ്ങളുമുണ്ടായില്ല. സച്ചു ഭിന്നശേഷിക്കാരനാണ്, ദളിതനാണ്, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്ക പശ്ചാത്തലത്തില്‍ നിന്ന് വരുന്നയാളുമാണ്. സൈബര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സച്ചു സദാനന്ദന്‍ എസ്. എഫ്. ഐ ക്കാരനായത് കൊണ്ട് ദളിത്‌ സ്നേഹം ഇല്ലാതായോ? അതോ, പീഡോഫിലിയയെ ന്യായീകരിച്ചു സൈദ്ധാന്തികവല്‍ക്കരിക്കുന്നതിനിടയില്‍ ഭിന്നശേഷിക്കാരനായ യുവാവ് ആക്രമിക്കപ്പെട്ട വിവരം അറിയാതെ പോയതാണോ? ഏഷ്യാനെറ്റിലെ വിനുവിനും, സിന്ധു സൂര്യകുമാറിനും മനോരമയിലെ ഷാനിക്കും, മാതൃഭൂമിയിലെ വേണുവിനും ആക്രമിക്കപ്പെട്ടത് എസ്. എഫ്. ഐ. ക്കാരന്‍ എന്നത് ചര്‍ച്ച ചെയ്യാതിരിക്കാനുള്ള അയോഗ്യതയായിരിക്കാം. അങ്ങനെയാണെങ്കില്‍, ഒരേ മെറിറ്റുള്ള വിഷയങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ പക്ഷപാതപരമാകുമ്പോള്‍ നിങ്ങളെ ‘സെലെക്ടിവ് മനുഷ്യാവകാശ വക്താക്കള്‍’ എന്ന് പൊതു ജനം വിളിച്ചാല്‍ അതില്‍ തെറ്റ് പറയാനുണ്ടോ?



സംഘപരിവാര്‍ സംഘടനകള്‍ എം.ടി. ക്കെതിരെയും കമലിനെതിരെയും ആക്രമണങ്ങളുമായി രംഗത്ത്‌ വന്നപ്പോള്‍, നിങ്ങള്‍ തള്ളിപ്പറയുന്ന ഇതേ എസ്. എഫ്. ഐ യാണ് അതിനെതിരെ കാമ്പസുകളില്‍ പ്രധിഷേധ ജ്വാലകള്‍ ഉയര്‍ത്തിയതെന്നോര്‍ക്കുക. നിങ്ങള്‍ ‘സദാചാര പാര്‍ട്ടി’ എന്ന്‍ വിളിച്ചാക്ഷേപിച്ച എസ്. എഫ്. ഐ. ക്കാരാണ് ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം ഇടപെടാന്‍ തുനിഞ്ഞപ്പോള്‍ കാമ്പസുകളില്‍ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി പ്രതിരോധം തീര്‍ത്തതെന്നും ഓര്‍മിക്കുക. കല്‍ബുര്‍ഗിയും, ഗോവിന്ദ് പന്‍സാരയും കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ അതിനോട് പ്രതികരിച്ചത് എസ്. എഫ്. ഐ. ഒരുക്കിയ വേദികളിലൂടെയാണെന്നു മറന്നു പോകരുത്. യു. ഡി. എഫ്. ഭരണ കാലത്ത് കൊല്ലപ്പരീക്ഷയെത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാതിരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് എസ്. എഫ്. ഐ. ക്കാര്‍ പുസ്തകം വിതരണം ചെയ്തപ്പോള്‍ ആ കുരുന്നുകളുടെ മുഖത്ത് വിടര്‍ന്ന ചിരി നിങ്ങള്‍ കണ്ടില്ലെന്ന്‍ നടിച്ചിട്ടുണ്ടാകും. രാജ്യത്താദ്യമായി ട്രാന്‍സ്ജെണ്ടര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് എസ്. എഫ്. ഐ. മെമ്പര്‍ഷിപ്പ് നല്‍കിയപ്പോള്‍, കല്ലെറിഞ്ഞ കൈകള്‍ കൊണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഒരു മീഡിയയെയും, ആക്റ്റിവിസ്റ്റിനെയും ഞങ്ങള്‍ കണ്ടില്ല. ജനാധിപത്യ-മതനിരപേക്ഷ വിദ്യാഭ്യാസത്തിനു വേണ്ടി കലാലയങ്ങളില്‍ വീണു മരിച്ച എസ്. എഫ്. ഐ. ക്കാരുടെ ഓര്‍മകളോട് നിങ്ങള്‍ക്ക് പരമപുച്ചമായിരിക്കും. സൈബര്‍ ലോകത്തെ സുരക്ഷിത ഇടങ്ങള്‍ക്കപ്പുരം വര്‍ഗീയതയോടും വിദ്യാഭ്യാസ കച്ചവടത്തോടും പൊരുതി നില്‍കുന്ന, ഏതു നിമിഷവും ജീവന്‍ അപായപ്പെടാമെന്ന ഓര്‍മയിലും വെട്ടുവഴിക്കവിതകള്‍ പ്രതീക്ഷിക്കാതെ ജാഗരൂകരായിരിക്കുന്ന, എസ്. എഫ്. ഐ. പ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് പരിഹാസമായിരിക്കാം. നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതു രാഷ്ട്രീയത്തിന്‍റെ ഈ പ്രതിരോധനിര എത്ര കണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമാണ് എന്ന തിരിച്ചറിവുള്ളത് കൊണ്ടാകുമല്ലോ സെലക്റ്റിവ് വിമര്‍ശനങ്ങളെയെല്ലാം തൃണവല്‍ഗണിച്ചു വിദ്യാര്‍ഥികള്‍ കേരളത്തിലെ കലാലയങ്ങളില്‍ എസ്. എഫ്. ഐ. യെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നത്. അത് കൊണ്ട് തന്നെയാകുമല്ലോ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ എസ്. എഫ്. ഐ. യുടെ രാഷ്ട്രീയത്തിന് വോട്ടുകള്‍ രേഖപ്പെടുത്തുന്നത്.


മനുഷ്യനിര്‍മ്മിതമായ എല്ലാ സംഘടനാസംവിധാനങ്ങളിലും പോരായ്മകളുണ്ടാകും. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട്, തിരുത്തലുകളിലൂടെ എസ്. എഫ്. ഐ. കേരളത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കുകയും പൊതുസമൂഹത്തെ നവോത്ഥാനത്തിലേയ്ക്കു കൈപിടിയ്ക്കുകയും  ചെയ്യും.


സിബി. എന്‍. സുബൈര്‍
(കേരള സര്‍വകലാശാല ഫിസിക്സ് വിഭാഗത്തില്‍ ഗവേഷക)