Abhai Jayapalan

ഇന്നലത്തെ രാത്രി
അസാധാരണമായിരുന്നു

ഇന്നലത്തെ രാത്രി.

ഒരു ഉത്സവപ്പറമ്പില്‍ നിന്ന്

അകലത്തെ ഒഴിഞ്ഞ

പാടത്തേക്കു കൊണ്ട് പോയി

അകാലത്തില്‍ പൊലിഞ്ഞ

ഒരു പെണ്ണിന്നാത്മാവെന്നോട്

ആരും കേള്‍ക്കാത്ത

അവളുടെ ആത്മകഥ പറഞ്ഞു;

 

എണ്ണം പറഞ്ഞവര്‍

മാത്രമാഘോഷിച്ച ഒരുത്സവം.

ഇടറിയ ശബ്ദത്തോടവള്‍

യാത്ര പറഞ്ഞു മറഞ്ഞപ്പോള്‍

സ്വപ്നത്തിനുള്ളിലെ

സ്വപ്നത്തിലെന്ന പോല്‍ ഞാന്‍

തിരികെ മെല്ലെ നടന്നു.

ഒടുവിലവിടെയെത്തുമ്പോള്‍

അമ്പലമില്ലുത്സവമില്ല.

ആര്‍ത്തുവിളിച്ച ആള്‍ക്കൂട്ടമില്ല.

വിയര്‍പ്പും പൊടിയും

നാറുന്ന നരച്ച പുതപ്പിന് താഴെ

കണ്ണ് തുറക്കാതെ ഞാന്‍.

അവള്‍ പറഞ്ഞ കഥകളൊക്കെ

കാലത്തെല്ലാവരോടും

പറയണമെന്നുണ്ടെനിക്കെന്നാലും

ആരുമത് വിശ്വസിക്കില്ല.

വെറുമടയാളങ്ങളെ മാത്രമാണല്ലോ

നിങ്ങള്‍ക്കു പഥ്യമെന്ന്

ആത്മാവിനെ ചേര്‍ത്ത് പിടിച്ചു

ഒരനുഭവം വിതുമ്പുന്നു.