Adv T Geena Kumari

തൊഴിലിടങ്ങള്‍ നിര്‍ഭയമാകുമോ?

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത് ജനാധിപത്യവിശ്വാസികള്‍ക്ക് ആഹ്ളാദം പകരുന്ന നടപടിയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മഹിളാ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതും നീതിന്യായ കോടതിയുടെ ഇടപെടലുണ്ടായിട്ടുമൊന്നും അധികാരികളുടെ ഇച്ഛാശക്തികുറവുകൊണ്ടുമാത്രം പ്രാബല്യത്തില്‍ കൊണ്ടുവരാനിരുന്ന നിയമം ഇപ്പോള്‍ പാസ്സാക്കപ്പെട്ടതും അധികമാരും അറിഞ്ഞില്ല. അറിയേണ്ടവര്‍ പോലും

തൊഴില്‍ മേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴച്ചുനിന്നിരുന്ന നിര്‍ഭയമായ തൊഴിലിടങ്ങള്‍ ഏറെക്കാലമായി തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംഘടനകളുടെയും മഹിളാ പ്രസ്ഥാനങ്ങളുടെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. 1997ല്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നെങ്കിലും ബി.ജെ.പി.യും കോണ്‍ഗ്രസും നയിച്ച കേന്ദ്രമന്ത്രിസഭയൊന്നും തന്നെ അതിനോട് അനുഭാവപൂര്‍വ്വമായ നിലാപടല്ല സ്വീകരിച്ചിരുന്നത്. 2004ല്‍ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇടതുപക്ഷം മുന്നോട്ടുവച്ച കരട് ബില്‍ 6 വര്‍ഷങ്ങള്‍ക്കുശേഷമാണ് 2010 നവംബര്‍ 4ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അവതരണാനുമതി നല്‍കിയത്. തുടര്‍ന്ന് സബ്ജക്ട് കമ്മിറ്റിക്കയച്ച ബില്‍ ഭേദഗതികള്‍ക്കുശേഷം നിമയമായിമാറിയത് 2012 സെപ്തംബറിലാണെന്നതില്‍ നിന്നും സ്ത്രീ സുരക്ഷയോടും തൊഴിലാളി പ്രശ്നങ്ങളോടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി കാണിക്കുന്ന അലംഭാവം ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

'തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങള്‍' എന്ന സംജ്ഞതന്നെ രാജ്യമാകെ ചര്‍ച്ചചെയ്യുന്നതിനു കാരണക്കാരിയായി മാറിയ രാജസ്ഥാനിലെ കട്ടേരിയെന്ന ഗ്രാമത്തിലെ സാധിന്‍ (ഗ്രാമസേവിക)യായിരുന്ന ദന്‍ഹരിയെ ദേവിയെ നമുക്ക് മറക്കാനാവില്ല. ഗ്രാമത്തിലെ സ്വാധീനശക്തിയും പണവുമുള്ള ഉന്നതസമുദായത്തില്‍പ്പെട്ട ശാലകരണ്‍ ഗുജ്ജാറിന്റെ കുടുംബത്തിലെ ശൈശവവിവാഹം തടഞ്ഞതിലുള്ള വിരോധംമൂലം ദല്‍ഹരിദേവിയെ സവര്‍ണമാടമ്പിമാര്‍ കൂട്ടബലാല്‍സംഗം ചെയ്ത പശ്ചാത്തലത്തിലാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് റിട്ട് പെറ്റീഷനിലൂടെ 'വിശാഖ' എന്ന സംഘടന കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വളരെ വിശദമായി പ്രശ്നം പ്രതിപാദിച്ചുകൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വിപുലമായ പരിധിയില്‍ നിന്നാണ് ഈ നിയമം ലൈംഗിക അതിക്രമങ്ങളെ നിര്‍വ്വചിക്കുന്നത്. ലൈംഗിക ചുവയുള്ള സ്പര്‍ശമോ, നോട്ടമോ, സംസാരമോ, ചേഷ്ടയോ, പരാമര്‍ശമോ കൂടാതെ അശ്ളീല സാഹിത്യവും സന്ദേശവും കൈമാറുന്നതും നിയമം ലൈംഗികാതിക്രമമെന്ന ഗണത്തില്‍പ്പെടുന്നു. തൊഴിലെടുക്കുന്നതിനും വിവിധ ആവശ്യങ്ങള്‍ക്കും മറ്റും കടന്നുചെല്ലുന്നതിനും സുഗമമായ അന്തരീക്ഷം സ്ഥാപനങ്ങളില്‍ സൃഷ്ടിക്കാനും നിയമത്തിന്റെ കൃത്യമായ നടത്തിപ്പിലൂടെ കഴിയും. തൊഴിലെടുക്കുന്നവര്‍ക്കുപറമേ കോളജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥിനികളും ആശുപത്രിയിലെത്തുന്ന സ്ത്രീകളും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നവരാണ് കരടുബില്ലില്‍ ഉള്‍പ്പെടുത്താതിരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഇപ്പോള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയെന്നു മാത്രമല്ല കരാര്‍ തൊഴിലാളിയുടെ കാര്യത്തില്‍ കരാറുകളും ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ വീട്ടുടമയും തൊഴില്‍ ദാതാവായി പരിഗണിക്കപ്പെടും. വകുപ്പ് മേധാവി സ്ഥാപനത്തിമേധാവി, സംരംഭകമേധാവി അഥവാ ഉത്തരവാദപ്പെട്ട അധികാരികളാണ് തൊഴിലുടമ. തൊഴിലിടങ്ങളുടെമേല്‍ നോട്ടക്കാര്‍, നിയന്ത്രിക്കുന്നവര്‍, പാലകര്‍, ഭരണസമിതി എന്നിവരാരും തൊഴിലുടമയായി കരുതും.

ഓരോ സ്ഥാപനത്തിലും ആന്തരിക പരാതിപരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന് നിയമം പറയുന്നു. ഒരു വനിത നേതൃത്വം നല്‍കുന്ന (ചെയര്‍പേഴ്സണ്‍). രണ്ട് തൊഴിലാളി പ്രതിനിധിയും ഒരു വനിതാ പ്രതിനിധിയും ഉള്‍പ്പെടുന്ന മൂന്നില്‍ കുറയാത്ത അംഗങ്ങള്‍ അങ്ങിയതാവണം. സ്ഥാപനമേലധികാരിക്കാണ് ആന്തരിക പരിഹാരസമിതിയുടെ രൂപീകരണ ചുമതല. കൂടാതെ പ്രാദേശിക പരാതിപരിഹാരസമിതികളും രൂപീകരിക്കണം. ഒരു ചെയര്‍പേഴ്സനും, ഒരു വനിതാ തൊഴിലാളി പ്രതിനിധി ഒരു സന്നദ്ധ പ്രവര്‍ത്തക; സന്നദ്ധ-സര്‍ക്കാരിതര സംഘടനാ പ്രതിനിധി എന്നിങ്ങനെയാണ് ഘടന. ഇതില്‍ ഒരാളെങ്കിലും പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളയാളാവണം. ജില്ലാ സമൂഹ്യക്ഷേമ ഓഫീസര്‍ അനൌദ്യോഗിക അംഗമായിരിക്കും. പ്രാദേശിക സമിതികള്‍ പരാതിയിന്മേല്‍ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഓഫീസര്‍ക്കും സ്ഥാപനത്തിനും 60 ദിവസം സാവകാശം നിയമം അനുശാസിക്കുന്നു. ഇരയാക്കപ്പെട്ട ജീവനക്കാരികള്‍ക്ക് ആരോഗ്യശുശ്രൂഷ, അവധി, പുനരധിവാസനടപടികള്‍, സൌകര്യപ്രദമായ തൊഴില്‍ അന്തരീക്ഷം എന്നിവയും സാധ്യമാക്കണം.

അരാഷ്ട്രീയവല്‍ക്കിരിക്കപ്പെട്ട കലാലയങ്ങള്‍ അനുദിനം അരാജകത്വപ്രവണതകളുടെ കേന്ദ്രങ്ങളാവുന്നു. അധ്യാപകരാലും സഹപാഠികളാലും പലവിധ പീഡനങ്ങള്‍ക്ക് വിധേയമാകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇന്റേണല്‍ അസസ്മെന്റും റാംഗിംഗുമെല്ലാം അതിക്രമത്തിനുള്ള ഉപകരണങ്ങളായി മാറുന്നു. പ്രത്യേകിച്ചും സംഘടനാ പ്രവര്‍ത്തനത്തിന്റെ സ്വാതന്ത്യ്രം/സാന്നിധ്യമില്ലാത്ത കലാലയങ്ങളില്‍..

സ്ത്രീ തൊഴിലാളികളില്‍ വലിയൊരു ശതമാനംവരുന്ന വീട്ടുവേലക്കാര്‍ പലവിധത്തിലും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ അവരെക്കൂടി നിയമ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പുരോഗമനമഹിളാ പ്രസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി അംഗീകരിച്ചതും മറ്റൊരു സവിശേഷതയാണ്. നിയമത്തില്‍ പറയുന്ന പരാതി പരിഹാരസമിതികള്‍ തങ്ങളുടെ ഉത്തരവാദിത്വം നീതിപൂര്‍വ്വകമായി നിര്‍വ്വഹിക്കണം. അവ കേവലമായ ഒത്തുതീര്‍പ്പു സംവിധാനമായി മാറാതിരിന്നുള്ള സജീവ ഇടപെടല്‍ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകണം. വിദ്യാഭ്യസത്തിന്റെ വ്യാപനവും സാങ്കേതികരംഗത്തെ വളര്‍ച്ചയും സ്ത്രീക്ക് വലിയ സാധ്യതകള്‍ സൃഷ്ടിക്കുന്നു. അതേസമയംതന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നു. സ്ത്രീ ജീവിതം സ്വന്ത്രമാകുന്നതിനും പുറംതൊഴിലുകളിലേര്‍പ്പെടുന്നതിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍തന്നെ അതിക്രമങ്ങളെ പ്രതിരോധിക്കുകയും പുരോഗമന സമൂഹത്തിന്റെ കടമയാണ്. സാമൂഹ്യമാറ്റത്തിനുള്ള ഉപകരണങ്ങളായി നിയമത്തെ ഉപയോഗിച്ച് സരുക്ഷിതമായ തൊഴിലിടങ്ങള്‍ സാധ്യമാകുന്നതിനുവേണ്ട അവബോധവും പിന്തുണയയും സൃഷ്ടിക്കേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയാണ്.