Rashmi Kittappa

കവിതയും കാവ്യകേളിയും

കോഴിക്കോട് മാനാഞ്ചിറയിലെ നീല ചുവരുകളുള്ള സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലേക്ക് കടന്നുവരുന്ന മുഖങ്ങളിലൊന്നും തന്നെ അപരിചിത‌‍ത്വമോ, ആശങ്കയോ, പരിഭ്രമമോ ഉണ്ടായിരുന്നില്ല. സ്നേഹം മുഖമുദ്രയാക്കിയ ഒരു വീട്ടിലേക്ക് പലപ്പോഴായി കടന്നുവരുന്ന വീട്ടുകാരുടെ ലാഘവം തന്നെയായിരുന്നു ഒരോ മുഖങ്ങളിലും. ഒരുപാടു നാളുകളായി കാണുന്നവര്‍ , കണ്ടും സംസാരിച്ചും പരിചയമുള്ളവര്‍ . ആ പരിചയത്തിന്റെ ഊഷ്മളതയായിരുന്നു കാവ്യകേളി കോഴിക്കോട് ഒത്തുചേരലില്‍ ആദ്യവസാനം കാണാന്‍ കഴിഞ്ഞത്.

കാവ്യകേളി വെറുമൊരു ഫെയ്സ്ബുക് കൂട്ടായ്മയല്ല. അച്ചടിമാധ്യമങ്ങളില്‍ നിന്നും ചൊല്‍‌ക്കാഴ്ച്ചാവേദികളില്‍ നിന്നും ഒട്ടനവധി വിനിമയരീതികളിലൂടെ പലകുറി കൈമാറ്റം ചെയ്യപ്പെട്ട് മലയാളകവിത ഇന്ന് നവസൈബര്‍ മാധ്യമങ്ങളുടെ വാഴ്ചക്കാലത്ത് എവിടെ എത്തിനില്‍ക്കുന്നു എന്നന്വേഷിക്കാനുള്ള ആഗ്രഹത്തിന്റെ ഫലമായാണ് “കാവ്യകേളി” എന്ന ഫെയ്സ്ബുക് കൂട്ടായ്മ രൂപപ്പെടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ജൂലൈ12നുപാബ്ലോ നെരൂദയുടെ നൂറ്റിയേഴാം ജന്മവാര്ഷികദിനത്തിലായിരുന്നു അത്. കവിതയെ ജനകീയമാക്കുക എന്നതിനോടൊപ്പം തന്നെ കാവ്യാസ്വാദനം എങ്ങനെ മികച്ച ഒരനുഭവമാക്കാം എന്നൊരന്വേഷണവും ഈ കൂട്ടായ്മയുടെ പിറകിലുണ്ട്.

ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുകാണിക്കുന്ന സൈബര്‍‌ലോകത്തിന്റെ ഇടനാഴിയിലേക്ക് പിച്ച‌വെച്ചു ചെന്ന കാവ്യകേളി വളരെപ്പെട്ടെന്നാണ് ചുവടുറപ്പിച്ച് നടന്നുതുടങ്ങിയത്. കവിതയില്‍ നിന്നു മാത്രമല്ല ഭാഷയില്‍ നിന്നും സാഹിത്യത്തില്‍‌നിന്നും അകന്നുചിതറിപ്പോകുന്ന ഒരു തലമുറയെ സൌഹൃദക്കൂട്ടായ്മയിലൂടെ ഒരുമിപ്പിച്ച് തിരിച്ചുകൊണ്ടുവരിക. ഒപ്പം നവമാധ്യമ സാധ്യതകള്‍ മലയാളകവിതയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തി പുതുതലമുറയെയും ആകര്‍ഷിക്കുക എന്നതായിരുന്നു കാവ്യകേളിയുടെ പ്രധാന ഉദ്ദേശ്യം. പ്രതീക്ഷിച്ചതിലേറെ അനുകൂലമായ പ്രതികരണമാണ് തുടക്കത്തില്‍ത്തന്നെ ഈ കൂട്ടായ്മക്ക് ലഭിച്ചത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അനുദിനം വര്‍ദ്ധിക്കുന്ന കാവ്യാസ്വാദകരുടെയും എഴുത്തുകാരുടെയും എണ്ണം, കവിതയുടെ നിലനില്‍‌പ്പിനായി ഇത്തരം ഗ്രൂപ്പുകള്‍ എങ്ങനെ ഗുണം ചെയ്യുന്നു എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. കവികള്‍ക്ക് സ്വന്തം കവിത പോസ്റ്റ് ചെയ്യാമെന്നതിനു പുറമെ വിവിധഭാഷകളില്‍ ഇന്നോളമുണ്ടായിട്ടുള്ള നല്ല കവിതകളെക്കുറിച്ചുള്ള സൂക്ഷ്മ വിശകലനങ്ങള്‍ , ഖണ്ഡന-മണ്ഡന നിരൂപണങ്ങള്‍ , മലയാളത്തിലേക്കും തിരിച്ചുമുള്ള മൊഴിമാറ്റങ്ങള്‍ , തല്‍‌സമയ രചനകള്‍ , കവിതയെ കേന്ദ്രീകരിച്ചുതന്നെയുള്ള സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചര്‍ച്ചകള്‍  ഇതെല്ലാം ഗ്രൂപ്പിന്റെ  വളര്‍ച്ചയെ സഹായിച്ചു. കവിതയെ മറ്റു ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു. ഇന്ന് ലോകത്തിന്റെ ഒട്ടെല്ലാ കോണുകളില്‍ നിന്നുമായി ആയിരത്തി എഴുനൂറിലേറെ ആളുകള്‍ കാവ്യകേളിയില്‍ അംഗങ്ങളായുണ്ട്.

കാവ്യകേളിയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ത്തത് കഴിഞ്ഞ ഡിസംബര്‍ പതിനാറിനാണ്. അന്നേദിവസം(ധനു 1)തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട പരിപാടികളുമായി “മലയാള കവിതാദിനം” ആഘോഷിക്കാന്‍ കാവ്യകേളിക്ക് സാധിച്ചു. മലയാളകവിതയില്‍ നവീനതയുടെ വിപ്ലവത്തിന് അരങ്ങൊരുക്കിയ കുമാരനാശാന്റെ “വീണപൂവ്” എന്ന കാവ്യം പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ധനു 1 തിരഞ്ഞെടുത്തത്. 1907ല്‍ ആശാന്‍ രചിച്ച വീണപൂവ് സാമൂഹികലോകത്തും കാവ്യലോകത്തും ഉണ്ടാക്കിയ മാറ്റങ്ങള്‍ എടുത്തു പറയേണ്ടതില്ലല്ലോ. മലയാളകവിതയുടെ രചന, പ്രകാശനം, പ്രസാധനം, ആസ്വാദനം, നിരൂപണം, പഠനം, പ്രചാരണം, വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ആവിഷ്കാരം സര്‍വ്വോപരി ഭാഷയും സംസ്കാരവും സാമൂഹികജീവിതവുമായി അതിനുള്ള സവിശേഷ ജൈവബന്ധം കാത്തുസൂക്ഷിക്കല്‍ എന്നിവയാണ് കവിതാദിനത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് കാവ്യകേളി പറയുന്നു.

ആധുനിക കവിതക്ക് കൈവഴികള്‍ പലതാണ്. കാവ്യരീതിയുടെ പരമ്പരാഗതവഴി വിട്ട് സ്വന്തമായി വെട്ടിയുണ്ടാക്കിയ പാതയിലൂടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നവരും, പരമ്പരാഗത വഴിയെ പോകുന്നവരും, രണ്ടിനെയും സഫലമായി കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. ശൈലികള്‍ എന്തുതന്നെയായാലും കവിത സധാരണ ജനങ്ങളുമായി എങ്ങനെ എത്രത്തോളം സംവദിക്കുന്നു എന്നതാണല്ലോ പ്രധാനം ഇവിടെയാണ് കവിതയേയും ആസ്വാദകനെയും ബന്ധിപ്പിക്കുന്ന കണ്ണികളായ പുത്തന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. പുത്തന്‍ സാങ്കേതികവിദ്യ അധിനിവേശസംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനെ ഉതകൂ എന്ന മുന്‍‌വിധി ഇവിടെ തിരുത്തപ്പെടുകയാണ്.

ഭാഷക്കും സാഹിത്യത്തിനും അതിലേറെ കവിതക്കും വേണ്ടി നിലകൊള്ളുന്ന ഒരു സൌഹൃദക്കൂട്ടായ്മ. കാവ്യകേളിക്ക് ഈ വിശേഷണമാവും കൂടുതല്‍ ചേരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 28നു കോഴിക്കോട് സ്പോര്‍ട്ട്സ് കൌണ്‍സില്‍ ഹാളില്‍ നടന്ന ഒത്തുചേരലിലൂടെ ഈ വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു കാവ്യകേളി അംഗങ്ങള്‍. ഭാഷയെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നതിനൊപ്പം കവിത എന്ന സാഹിത്യശാഖയിലൂടെ സൌഹൃദങ്ങള്‍ എത്രത്തോളം ശക്തിപ്പെടുത്താമെന്ന് കാണിച്ചുതരികയായിരുന്നു ഈ കൂട്ടായ്മ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇടപഴകുകയും ഒരു കുടുംബത്തിലെന്നപോലെ സ്നേഹവും വിശ്വാസവും ഇടക്ക് ചെറിയ കലഹങ്ങളുമായി ഇടപെടുകയും ചെയ്യുമ്പോഴും അംഗങ്ങള്‍ മറക്കാത്ത ഒന്നുണ്ട്, കാവ്യകേളി എന്ന ഗ്രൂപ്പിന്റെ ലക്ഷ്യം, അതിന്റെ ഭദ്രത. കവിതയെ സ്നേഹിക്കുന്നവര്ക്ക് ഇതൊരു വറ്റാത്ത നീരുറവ. ഇവിടെ ഒരുകാര്യം എടുത്തുപറയാതെ വയ്യ. ഒരു പകല്‍ മുഴുവന്‍ ജോലിസ്ഥലത്ത് ചിലവഴിക്കുകയും തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും എണ്ണിയാല്‍ തീരാത്ത ജോലികള്‍ കാത്തിരിക്കുകയും ചെയ്യുന്ന സ്ത്രീകള്ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ഇടപെടാനും കവിതകള്‍ പങ്കുവെക്കാനുമുള്ള ഒരിടമായി കാവ്യകേളി മാറിക്കഴിഞ്ഞിരിക്കുന്നു. തിരക്കിനിടയില്‍ വീണുകിട്ടുന്ന നിമിഷങ്ങള്‍ കവിതക്കുവേണ്ടി ചിലവഴിക്കുന്ന ഇവര്‍ കാവ്യകേളിയിലെ ഉറപ്പാര്‍ന്ന കണ്ണികളാണെന്നു തന്നെ പറയാം.

തിരക്കുപിടിച്ച ജീവിതം, കുതിച്ചുപായുന്ന കാലം. ഇതിനിടയില്‍ ബന്ധങ്ങള്‍ , സൌഹൃദങ്ങള്‍ , സ്നേഹം, വിശ്വാസം ഇതൊക്കെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വരുംകാലത്തേക്ക് കരുതിവെക്കേണ്ടതായും ചിലതുണ്ട്. വാക്കുകള്‍ , അക്ഷരങ്ങള്‍ , നമുക്കു മുന്‍പേ പോയവര്‍ കുറിച്ചിട്ട വരികള്‍ , നമ്മളാല്‍ ഇന്നെഴുതപ്പെടുന്നതെല്ലാം.....കവിതയിലേക്ക് ഇനിയുള്ള വഴി കാവ്യകേളിയിലൂടെയാവട്ടെ , അതുവഴി ഭാഷയിലേക്കും.