Salini Reghu

എം വി ദേവന്‍ മാഷിനെ ഓര്‍ക്കുമ്പോള്‍

കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റെ പ്രിയ കലാകാരന്റെ ആത്മകഥാ രചനയില്‍ സഹായിയായി നിയോഗിക്കപ്പെടുമ്പോള്‍ എങ്ങനെയാകണം എന്ന ചിന്ത നേരിയ ഭയം സമ്മാനിച്ചിരുന്നെങ്കിലും , ആലുവയിലെ ചൂര്‍ണി എന്ന വീട്ടില്‍ എം വി ദേവന്‍ മാഷെന്ന എന്ന കലാകാരനും കലാപകാരിയുമായ വാഗ്മിയും ചിന്തകനെയുമല്ല , മറിച്ച് ദേവന്‍ മാഷെന്ന സൌമ്യനായ വ്യക്തിത്തമായിരുന്നു എന്നെ സ്വാഗതം ചെയ്തത്.

വാര്‍ദ്ധക്യം അവശതകള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും കസേരയിലിരുന്നുകൊണ്ട് താടിയില്‍ ചെറുതായി വിരലോടിച്ച് ഓര്‍മ്മകളില്‍ പരതി തന്റെ ഗ്രാമവും, ബാല്യവുമെല്ലാം പതിഞ്ഞ വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞുതന്നു. ഇടയ്ക്ക് നിര്‍ത്തി ഞാന്‍ എഴുതിയിരുന്ന പേപ്പര്‍ വാങ്ങി നോക്കിയിട്ട് ചെറുചിരിയോടെ പറഞ്ഞു. എഴുതുന്നത് മറ്റുള്ളവര്‍ വായിക്കുന്നത് വിരോധമില്ലെങ്കില്‍ അക്ഷരം കുറച്ചു വലുതാക്കാം. ഒരു ചമ്മലോടെ പേപ്പര്‍ തിരിച്ചുവാങ്ങി ഞാന്‍ എഴുത്തു തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ മസ്സിലായി ചിന്തകളിലും വാക്കുകളിലും വാര്‍ദ്ധക്യം ഒട്ടുംതന്നെ ബാധിച്ചിട്ടില്ല എന്ന്. ഇടവേളകളില്‍ സമകാലിക പ്രശ്ങ്ങളെക്കുറിച്ച് സംസാരിക്കുവാനും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടപ്പിക്കുവാനും അദ്ദേഹം മറന്നില്ല.

പിന്നീട് എഴുത്ത് താല്‍ക്കാലികമായി നിര്‍ത്തി തിരിച്ചുപോകേണ്ടതായി വന്നു. അന്ന് ദേവസ്പര്‍ശം എന്ന പുസ്തകത്തില്‍ ഒരു കുറിപ്പെഴുതി ഒപ്പിട്ട് കൈയ്യില്‍ തന്നിട്ട് പറഞ്ഞു, ഒരുപാട് വായിക്കണം എന്ന്. ചിരിച്ചുകൊണ്ട് തലയാട്ടി യാത്രപറഞ്ഞിറങ്ങുമ്പോള്‍ പുറകില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഓര്‍മ്മകള്‍ ഇനിയും ഒരുപാടുണ്ട്. എടുത്ത് പൊടി തുടച്ച് വയ്ക്കാം അടുത്ത തവണ വരുമ്പോള്‍ എഴുതിത്തുടങ്ങാം.