V S Bindu

"നിഴലാട്ടം " കാലത്തിന്‍റെ നൃത്തരൂപം

"നിഴലാട്ടം " കാലത്തിന്‍റെ നൃത്തരൂപ മാകുന്നത് അതു പടര്‍ത്തുന്ന നിറങ്ങളുടെ നദികളാലാണ് . ആ നദികള്‍ ഒന്നിച്ചു ചേരുകയും കടലിനെ സൂര്യന്‍റെ മുന്നിലേക്ക്‌ എടുത്തുയര്‍ ത്തുകയും ചെയ്യുന്നു . അങ്ങെനെ എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന ഊര്‍ജ്ജത്തിന്‍റെ കേന്ദ്ര ബിന്ദുവിലേക്ക് ഒരു ഫോട്ടോ ഫ്ലാഷ് ഒരു കൂട്ടം ചെറുപ്പങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ പണിയാലകള്‍ എല്ലാ മതിലുകള്‍ക്കുമുയരത്തില്‍ സ്ഥാപിക്കുകയാണ് .

മനുഷ്യത്വത്തിന്‍റെ കാവലാളുകള്‍ ആകാന്‍ ഞങ്ങളുണ്ട് എന്നു തുടി മുഴക്കുന്നു .തുമ്പി അറ്റു വീഴുന്ന കൊമ്പനും അമ്മത്തൊട്ടിലില്‍ അമ്മയില്ലാതുറങ്ങുന്ന കുഞ്ഞും ഉടല്‍പ്പിളര്‍പ്പുകളില്‍ ചാടി മരിക്കുന്ന പെണ്‍കുട്ടികളും പ്രത്യാശ യുടെ പുഞ്ചിരിയോടെ അവരുടെ അവസാനത്തെ ശ്വാസത്തില്‍ തങ്ങളെ ക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവും എന്ന് ആരും പറയാതെ തിരിച്ചറിഞ്ഞ ഒരു പുതു മുറ ക്കൂട്ടം .അവര്‍ എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നു .ആ നിഴലുകളില്‍ നിന്നാണ് നന്മയുടെ കലാ വെളിച്ചം മജ്ജയും മാംസവുമുള്ള രൂപങ്ങളെ സൃഷ്ടിക്കുന്നത് .

ഒരു ചിത്ര പ്രദര്‍ശനം ,ഒരു ഫോട്ടോ സെഷന്‍ ഒരു പ്രതിഷേധ സമരം .നിഴലാട്ടത്തിന്‍റെ മുന്നണിയില്‍ "രതീഷ്‌" എന്ന യുവാവ് അതിനെ കലയുടെ സംഗമവും ഒപ്പം സാമൂഹിക ദൌത്യവുമായി മാറ്റുന്നത് അത്ഭുതകരമായ ക്രാഫ്ടാണ് .അവിടെ ഇരമ്പി ചേരുന്ന ആള്‍ക്കൂട്ടം അനു നിമിഷം വളര്‍ന്നു സ്നേഹ നിരാസത്തിന്‍റെ എല്ലാ മതിലുകളും മറയും ഭേദിക്കാനുള്ള സംഘ ബലം നേടും .അവര്‍ ക്യാമറകളെ ആയുധമാക്കുന്നു .വെളിച്ചത്തെ തുള്ളികളായി പങ്കിട്ടെടുത്ത് ഒരു മഹാ പ്രകാശം നിര്‍മ്മിക്കുന്നു .ലഘു സിനിമകളും ഡോക്ക്യുമെന്‍റ്റിയും പെയിന്റിങ്ങും സംഗീതവുമടക്കം ലോകത്തെ മിന്നല്‍ വേഗത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നത് കാണാം .

നിരത്തു വക്കില്‍ നിഴലാട്ടങ്ങള്‍ "അരിയ നോവിന്‍ നാടിനെ "അറിയുമ്പോള്‍ അതിലെ രാഷ്ട്രീയം നോവുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് . ഈ സംഘത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നാടറിഞ്ഞു തുടങ്ങിയിരിക്കുന്നു .സൌഹൃദങ്ങളുടെ പുതിയ കൂട്ടായ്മ എന്നതിനപ്പുറം നിഴലാട്ടം എത്തിനില്‍ക്കുന്നത്‌ കലയിലൂടെയുള്ള മാനവീകരണമാണ് .മണ്ണില്‍ നിന്ന് പഴയ താളങ്ങളെ വീണ്ടെടുത്തു കൊണ്ട് ശരീര ബന്ധിയായ പുതിയ പ്രതിസന്ധികളോട് അവര്‍ ഇണങ്ങുന്നു .

 

ലോകമെങ്ങും ഉന്നയിക്കപ്പെടുന്ന അധിനി വേശ വിരുദ്ധ മുദ്രാവാക്യങ്ങളെ നിറങ്ങളുടെ നാരുകളില്‍ കൂട്ടി ത്തുന്നി കാന്‍വാസില്‍ പതിച്ചു വയ്ക്കുന്നു .ഒരു കുടം ചോര തെറിച്ചത്‌ പോലെ അമ്മയുടെ വയറില്‍ നിന്നും കുട്ടി പൊട്ടി പ്പിളര്‍ന്നു മാറുന്ന ഭീതിദ യുദ്ധ രംഗം പഴയ ആവിഷ്ക്കാരങ്ങളുടെ പറ്റിപ്പിടിച്ചിരിക്കുന്ന പായലുകളെ ചുരണ്ടിക്കളഞ്ഞ് തീവ്രമായൊരു പൊള്ളക്കാലത്തെ കണ്ണിലേക്കു ചേര്‍ത്ത് വയ്ക്കുന്നു .

തെരുവും പൂമരവും കാക്കയും ചെളി വരമ്പുകളും ദുഖിതരായ മനുഷ്യരും കൂടുന്നിടം തെരഞ്ഞെടുക്കുന്നു കലയുടെ ഈ പുതിയ പ്രവാചകര്‍ .ആണും പെണ്ണും ഉള്‍പ്പെടുന്ന സംഘം കലയുടെ കാപട്യമില്ലാത്ത സംഗീത മാകുമ്പോള്‍ നിഴലാട്ടത്തിന്‍റെ "തീം സോംഗ് "പ്രക്ഷുബ്ധമായ നക്ഷത്രങ്ങളെ വിരിയിക്കുന്നു .സംശയമില്ല ഈ നിഴലാട്ടം നടത്തുന്ന തീക്കളികള്‍ ആണ് നവ ലിബറല്‍ ലോകത്തിന്‍റെ മുഖം മൂടികളെ വെളിച്ചത്തിലേക്ക് മാറ്റി നിര്‍ത്തുന്നത് .അതിനാല്‍ ഇവരെ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല .

ഓഗസ്റ്റ്‌ എട്ടു മുതല്‍ പന്ത്രണ്ടു വരെ കനക ക്കുന്നില്‍ നടക്കുന്ന"നിഴലാട്ട "ത്തിന്‍റെ പുത്തന്‍ മുഖവുരയുള്ള കലാ സംഗമത്തില്‍ ഹ്രസ്വ ചിത്ര ദര്‍ശനവും ചത്ര പ്രദര്‍ശനവും ഉള്‍പ്പെടെ യുള്ള നിരവധി പരിപാടികള്‍ ലക്ഷ്യമിട്ടിട്ടുണ്ട് .നിറങ്ങളുടെ സമന്വയം എന്ന് കൂടി വിളിക്കാവുന്ന വരും ദിനങ്ങള്‍ "അരുതുകളെ "ഇല്ലായ്മ ചെയ്യാനുള്ള നിഴലാട്ടത്തിന്‍റെ ഉജ്ജ്വലിക്കുന്ന പുലരികളാണ്.