Rejilal Kokkadan

നെയ്പത്തിരി
ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു ....

ഹലോ ..എന്നാ എന്റെ പതിവ് ഫോണ്‍ കേള്‍ക്കലാണ്..

"മാഷെത്തി.... ഒരു പത്തു പൈഞ്ചു മിനിട്ടോണ്ട് വീട്ടിലെത്തും.. നീ ചായ ബെച്ചോ..ചായക്കെന്താ കടിയില്ലേ അങ്ങേതലക്കില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നിര്‍ത്താനുള്ള ഭാവമില്ല..

"പിന്നെ...നിങ്ങള്‍ കൊറേ ബാങ്ങി വെച്ചിട്ടില്ലേ.. അന്ന കൊണ്ടൊന്നും പറീപ്പിക്കണ്ട..കൊറച്ചു ദെവസായി രണ്ടു ബര്‍ത്താനം പറയണോന്നു ബെച്ചിട്ടു..

എന്തെങ്കിലും ബാങ്ങിക്കാന്‍ പറയുമ്പോ ലോകത്തില്ലാത്ത ദാരിദ്ര്യക്കണക്കാ.. ഇങ്ങളെ പഠിപ്പ് ഞാന്‍ നിരത്തുന്നുണ്ട്‌ ബേം ബാ ഇങ്ങോട്ട് എന്റെ അരിശമൊക്കെ ഒറ്റ ശ്വാസത്തില്‍ തന്നെ പ്രയോഗിച്ചു.

എന്നാപ്പാ ചായക്ക് കൊടുക്ക്വാ.. (ആത്മഗതം ....)



പുട്ട്പൊടി ഉണ്ട്. ഒരു ഗ്ലാസ്സ് നിറയെ എടുത്തു . ഒന്ന് ചൂട് വെള്ളത്തില്‍ കുഴച്ചെടുക്കണം. ഉള്ളി ചെറുതായരിഞ്ഞു ....ഒരു നുള്ള് ജീരകം അരി മാവില്‍ ഇട്ടു. മുമ്പെപ്പോ വാങ്ങിയ കൊറച്ചു എള്ളും.. ഉപ്പധികം വേണ്ട...ഇപ്പൊ തന്നെ പ്രഷര്‍ കൂടുതലാ..

കുറച്ചു കൂടി വെള്ളം ചേര്‍ത്തു മുറിച്ചെടുത്ത ഉള്ളിയും ചിരവി വച്ച കുറച്ചു തേങ്ങയും ചേര്‍ത്ത് അരി മാവ് നന്നായി കുഴച്ചു പരത്താനുള്ള പരുവത്തിലാക്കി.

ഇനി വട്ടത്തില്‍ പരത്തി എടുക്കാന്‍ എണ്ണ പുരട്ടിയ വഴയിലയാണ് നല്ലത്. അതിനിപ്പോ ഞാനെവിടെ പോകാനാ..

പുതിയൊരു തോര്‍ത്ത്‌ മുണ്ടുണ്ട് . മേശമേല്‍ വിരിച്ചു തല്‍ക്കാലം അതില്‍ പരത്തിയെടുക്കാം.

തേങ്ങയ്ക്ക് വിലയില്ലെങ്കിലും വെളിച്ചെണ്ണ കുപ്പീലാക്കുന്നവന്മാര്‍ ഒടുക്കത്തെ പൈസയാ മേടിക്കുന്നെ.. എന്ത് ചെയ്യാനാ.. .. വോട്ടു കുത്താന്‍ പോകുമ്പോ ആലോചിച്ചാ എല്ലാര്ക്കും നന്ന്..



തല്ക്കാലം സുര്യകാന്തി എണ്ണ ചീന ചട്ടിയില്‍ ഒഴുച്ചു ചൂടാക്കാം.

ചൂടുള്ള എണ്ണയില്‍ പരത്തിവച്ച വട്ടത്തിലുള്ള മാവ് പതുക്കെ എണ്ണ തേവാതെ ഇടാം. ഒന്ന് മുത്തോട്ടെ .. മറിച്ചിടാം.. വെള്ള നിറം പോയി നല്ല തവിട്ടു നിറം.. ഇനിയിപ്പോ അധികം ചൂടാറാതെ ചായക്ക് ഒപ്പം കൊടുക്കാം..

"നന്നായിട്ടുണ്ട്...എന്താ ഇതിന്റെ പേര്..."

"പേര് ഞാന്‍ പറഞ്ഞു തരാം #$%^ #$% .. "എന്റെ കലി അപ്പോഴും തീര്‍ന്നില്ല ....