Leninlal M

മണ്ണ് തിന്ന ഇന്ത്യന്‍ ഫെഡറലിസത്തെക്കുറിച്ച്

ലോക ജനതയില്‍ മരണഭീതി നിറച്ചു കൊണ്ട് സംഹാര താണ്ഡവം നടത്തുന്ന കോവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ അന്തര്‍ദേശീയ തലത്തില്‍ മരണസംഖ്യ 1,43,000 കഴിഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഭഗീരഥ യത്‌നത്തിലാണ് ലോക രാജ്യങ്ങള്‍ .ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നമുക്കറിയാം. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 13000 ഉം മരണസംഖ്യ 444 ഉം ആണ്. അതീവ ഗുരുതരമായ ഈ സ്ഥിതി വിശേഷത്തെ നേരിടുവാനായി രാജ്യത്ത് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി. വൈറസിന്റെ സാമൂഹ്യ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹ്യ അടിയന്തരവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.ഈ ഘട്ടത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇത് രാജ്യത്തിന്റെ മൊത്തം GDP യുടെ കേവലം ഒരു ശതമാനത്തില്‍ താഴെയാണ് എന്ന് അറിയുമ്പോഴാണ് ഇത്തരം പ്രതിസന്ധികളെ കേന്ദ്ര സര്‍ക്കാര്‍ എപ്രകാരമാണ് സമീപിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയ കേരളം ഇതിനായി 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനു ശേഷമുള്ള കേന്ദ്ര സാമ്പത്തിക പാക്കേജ് പ്രഖ്യാപനം എത്രമാത്രം നിരാശാജനകമാണ് എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്.കൂടാതെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കായി SDRF  ഫണ്ട് അനുവദിച്ചതില്‍ വിവേചനവും പക്ഷപാതിത്വവുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്. ഏപ്രില്‍ 3 ന് പണം അനുവദിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലായിരുന്ന കേരളത്തിന് അനുവദിക്കപ്പെട്ട തുക 225 കോടി. അതേ സമയം B J P സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പരമാവധി ഫണ്ട് നല്‍കുകയും ചെയ്തു.ഉദാഹരണത്തിന് പണം അനുവദിക്കുന്ന സമയത്ത് രോഗവ്യാപനം കുറവായ ആസാമിന് 386 കോടി,37 രോഗികള്‍ മാത്രമുള്ള ഉത്തരാഖണ്ഡിന് 468.5 കോടി എന്നീ ക്രമത്തിലാണ് ഫണ്ട് അനുവദിക്കപ്പെട്ടത്. ഇവ B J P ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്ന് പ്രത്യേകിച്ച് സൂചിപ്പിക്കേണ്ടതില്ലല്ലോ. ഈ അവസരത്തിലാണ് രാജ്യത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ 68% (15541) കേരളത്തിലാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്. അതിന് ശേഷവും കേന്ദ്ര ഗവണ്‍മെന്റ് തുടരുന്ന ഈ അവഗണന പ്രതിഷേധാര്‍ഹമാണ്. അതോടൊപ്പം തന്നെ മറ്റ് പ്രതിപക്ഷ കക്ഷികളോട് യാതൊരു വിധ ആലോചനയും കൂടാതെ എടുക്കപ്പെട്ട ഒരു തീരുമാനമായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തി വെയ്ക്കാനുള്ള കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനവും. ഇത് ദുരുപദിഷ്ടവും ഫണ്ടിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ഹനിക്കുന്നതും നീതികരിക്കാന്‍ കഴിയാത്തതുമാണ്. ഇങ്ങനെ സഹകരണാത്മക ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്തയെ ഹനിക്കുന്ന രൂപത്തിലുള്ള നയപരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ നയസമീപനം അന്തര്‍ സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലും നിര്‍ണ്ണായകമായി മാറുന്നു.


Coronavirus economic impact concept image

അതീവ ഗൗരവമുള്ള സ്ഥിതിവിശേഷം സംജാതമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ പരസ്പരം പുലര്‍ത്തേണ്ട സഹകരണവും, ഐക്യവും ഒരു അനിവാര്യതയായി മാറുന്നു. എന്നാല്‍ ഈ കോവിഡ് വ്യാപന ഘട്ടത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന 23 റോഡുകള്‍ പൂര്‍ണ്ണമായും അടച്ചു കൊണ്ട് കര്‍ണ്ണാടകം സ്വീകരിച്ച നടപടി മുകളില്‍ സൂചിപ്പിച്ച കാര്യത്തിന് കടകവിരുദ്ധമായിരുന്നു. ഈ നടപടിയിലൂടെ കര്‍ണ്ണാടകം അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന ഭരണഘടന അനുശ്ചേദം 263 ന്റെയും, അത് പ്രകാരം 1990ല്‍ രൂപം കൊടുത്ത അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെയും അന്ത:സത്തയെ ഹനിക്കുകയാണ് ചെയ്തത്.കോവിഡ് ബാധിത മേഖലയായ കാസര്‍കോഡ് നിന്നും വിവിധ രോഗങ്ങളാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആളുകള്‍ ചികിത്സയ്ക്കായി കര്‍ണ്ണാടകയില്‍ പ്രവേശിക്കുന്നത് സംസ്ഥാനത്ത് കോവിഡ് പടര്‍ത്തുവാന്‍ ഇടയാക്കും എന്ന് ആരോപിച്ചു കൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്.സംസ്ഥാന അതിര്‍ത്തി കേരളത്തിനായി തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് എന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ആട യദ്യൂരിയപ്പ പ്രഖ്യാപിച്ചു . അതിര്‍ത്തി അടയ്ക്കുന്നതിന് യദ്യൂരിയപ്പ ചൂണ്ടി കാണിച്ചത്  IMA മാംഗ്ലൂരു ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് കാസര്‍കോട്ടെ കോവിഡ് ബാധിതരുടെ എണ്ണത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇപ്രകാരം അതിര്‍ത്തി അടയ്ക്കപ്പെട്ടതിലൂടെ ഗുരുതരമായ വിവിധ രോഗങ്ങള്‍ ബാധിച്ച 10 പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. സ്ഥിതി ഗുരുതരമായി തുടര്‍ന്ന സാഹചര്യത്തിലാണ് കേരള ഗവണ്‍മെന്റ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത കോടതി അവശ്യ സര്‍വ്വീസുകളായ ആംബുലന്‍സും, ഫുഡ് ട്രക്കുകളും കടന്നു പോകുന്നതിന് അതിര്‍ത്തി തുറക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ഇത് പാലിക്കുവാന്‍ തയ്യാറാകാതെ സൂപ്രീം കോടതിയെ സമീപിക്കുവാനാണ് കര്‍ണ്ണാടകം തയ്യാറായത്. ഈ വിഷയങ്ങള്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് 31 ന് അതിര്‍ത്തി നിയന്ത്രണത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുന്‍ പ്രധാനമന്ത്രി H D ദേവഗൗഡ മുഖ്യമന്ത്രി B S യദ്യൂരിയപ്പക്ക് കത്തെഴുതിയത്. എന്നാല്‍ നിഷേധാത്മകമായ മറുപടിയാണ് മുഖ്യമന്ത്രി തിരിച്ചു നല്‍കുവാന്‍ തയ്യാറായത്. കര്‍ണ്ണാടക ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി T C രവി ട്വീറ്ററിലൂടെ കേരളത്തെ ചോദ്യം ചെയ്തു. വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരും വിസമ്മതിച്ചു. ഈ അവസരത്തിലാണ് സുപ്രീം കോടതി കര്‍ണ്ണാടകയുടെ ആവശ്യത്തെ നിരാകരിച്ചു കൊണ്ട് കേരള ഹൈക്കോടതി വിധി ശരിവെച്ചത്. ഇപ്രകാരം അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന മൂല്യങ്ങള്‍ നിരാകരിക്കപ്പെടുന്ന അവസ്ഥ എങ്ങനെ സംജാതമാകുന്നു എന്നുള്ളത് നിശിതമായി പരിശോധിക്കപ്പെടേണ്ടതാണ്.


Kasaragod-border_750


ബഹുസ്വരതയുടെ, വൈവിധ്യങ്ങളുടെ നാടായ ഭാരതം ഐക്യത്തോടെ മുന്നേറുന്നത് ഫെഡറല്‍ ഭരണ സംവിധാനത്തിന്റെ കരുത്തിലാണ്. ഈ സവിശേഷമായ സംവിധാനത്തെയാണ്2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ ഉന്മാദാവസ്ഥയില്‍ നിന്നു കൊണ്ട് യൂണിറ്ററി സംവിധാനത്തിലേക്ക് നയിക്കുവാന്‍ നരേന്ദ്ര മോദിയും BJP  യും ശ്രമങ്ങള്‍ നടത്തിവരുന്നത്. ഈ ഘട്ടത്തില്‍ ഇന്‍ഡ്യന്‍ ഫെഡറലിസം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് വിമര്‍ശനാത്മക വിലയിരുത്തല്‍ അനിവാര്യമായി മാറുന്നു.ഇന്ത്യന്‍ ഫെഡറലിസം ജനാധിപത്യത്തിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനക്ഷമതയ്ക്കു വേണ്ടി സംഭാവന നല്‍കുന്ന അധികാര വികേന്ദ്രീകരണമെന്ന സവിശേഷതയ്ക്കു കാതലായ മാറ്റം വരുത്താനാണ് ആഖജ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുവാന്‍ പരിശ്രമിക്കുന്ന B J P യ്ക്കും നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വൈവിദ്ധ്യങ്ങളെ, ബഹുസ്വരതയുടെ ഐക്യബോധത്തെ, മതനിരപേക്ഷതയെ, പുരോഗമന ചിന്തകളെ ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം . അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ച മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുവാന്‍ അവര്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സ്വഭാവവും അതിന്റെ സവിശേഷതകളും, അവയ്ക്ക് നേരെ ഇപ്പോള്‍ ഉയരുന്ന വെല്ലുവിളികളെയും സംബന്ധിച്ച് ചരിത്രപരമായ ഒരന്വേഷണം പ്രസക്തമാകുന്നത്.


ani1587048918


ഇന്ത്യന്‍ ഫെഡറലിസത്തിന്റെ പ്രധാന പ്രത്യേകത മുഖ്യ ഭരണ സംവിധാനത്തിന്റെയും സഹായ ഘടകങ്ങളുടെ സാന്നിദ്ധ്യവും ഓരോന്നിനും നീക്കിവെച്ചിട്ടുള്ള മേഖലകളില്‍ ഓരോന്നിനുമുള്ള പരമാധികാരവുമാണ്. നമ്മുടെ ഭരണഘടനയുടെ അനുശ്ചേദം 1 പറയുന്നത് ഇന്ത്യ സ്‌റ്റേറ്റുകളുടെ ഒരു യൂണിയന്‍ ആയിരിക്കുമെന്നാണ്. പാര്‍ട്ട് 11 ല്‍ കേന്ദ്രവും സ്‌റ്റേറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ പ്രത്യേകതയെ സംബന്ധിച്ച് ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പി Dr. B. R അംബേദ്ക്കര്‍ പറഞ്ഞത് ഇപ്രകാരമാണ്. 'ഇന്ത്യ ഒരു ഫെഡറേഷനാണെങ്കിലും ഒരു ഫെഡറേഷനില്‍ ചേരുന്നതിനുള്ള കരാറിന്റെ ഫലമായിട്ടുള്ളതല്ല ഈ ഫെഡറേഷനെന്നും, ഫെഡറേഷന്‍ കരാറിന്റെ ഫലമായി രൂപം കൊണ്ടതല്ലെന്നിരിക്കെ ഒരു സംസ്ഥാനത്തിനും അതില്‍ നിന്നും പിരിഞ്ഞ് പോകാന്‍ കഴിയുന്നതല്ലെന്നും വ്യക്തമാക്കാന്‍ നിയമനിര്‍മ്മാണ സമിതി ആഗ്രഹിച്ചു. ഫെഡറേഷന്‍ ഒരു യൂണിയന്‍ ആണ്. എന്തുകൊണ്ടെന്നാല്‍ അത് നശിപ്പിക്കാന്‍ സാദ്ധ്യമല്ലാത്ത ഒന്നാണ് '. ഇവിടെ ഫെഡറലിസം സംസ്ഥാനങ്ങളുടെ സഖ്യമോ, സംസ്ഥാനങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ ഘടകങ്ങളോ, ഏജന്‍സികളോ അല്ല. അതു കൊണ്ട് തന്നെ ഇവയുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിനും ഭരണഘടനയില്‍ യൂണിയന്‍ ലിസ്റ്റ്, സ്‌റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നീ രൂപത്തില്‍ അധികാര അവകാശങ്ങള്‍ നിയമപരമായി വിഭജിച്ചു നല്‍കപ്പെട്ടിരിക്കുന്നു. ഇതു പ്രകാരം ഫെഡറലിസം വിവിധ ഭരണഘടനാ യൂണിറ്റുകളുടെ പരസ്പരാശ്രയത്തിലും, വിശ്വാസ്യതയിലും അടിസ്ഥാനപ്പെട്ടു മുന്‍പോട്ട് പോകുവാന്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചു.ഈ പ്രത്യേകത കൊണ്ട് തന്നെയാണ് ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന അമേരിക്ക ക്യാനഡ മുതലായ മറ്റ് രാജ്യങ്ങളിലെ ഫെഡറല്‍ സംവിധാന ക്രമത്തില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നതും.ഫെഡറലിസത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ തലങ്ങളിലൂടെ വിലയിരുത്തേണ്ടതുണ്ട്. അവ രൂപപ്പെട്ടു വന്ന നാള്‍വഴികളെ പരിശോധിക്കേണ്ടതുണ്ട്.


92948076_10159155033617502_1787298516507295744_o


സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഫെഡറലിസം പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ അവകാശങ്ങളെ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് ഉദാഹരണമാണ് 1957 ല്‍ കേരളത്തില്‍ അധികാരത്തിലേറിയ പ്രഥമ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭരണഘടനയുടെ അനുശ്ചേദം 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടത്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ 356ാം വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക വ്യാപകമായി ഉയര്‍ന്നു വന്നപ്പോള്‍ അതിനെ കുറിച്ച് Dr. B.R അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു. ' ഈ നിയമത്തിന്റെ പ്രയോഗം ഒരിക്കലും വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുകയാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഉചിതമായ കാര്യം. ഒരു പ്രവിശ്യയിലെ ഭരണകൂടത്തെ നീക്കം ചെയ്യുമ്പോള്‍ ഈ അധികാരങ്ങള്‍ കൈയാളുന്ന പ്രസിഡന്റ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കുമെന്ന് തന്നെ ഞാന്‍ പ്രത്യാശിക്കുന്നു'. എന്നാല്‍ പ്രസ്തുത നിയമത്തെ അദ്ദേഹത്തിന്റെ പ്രത്യാശയ്ക്കു കടകവിരുദ്ധമായ രൂപത്തില്‍ പില്‍ക്കാലത്ത് പ്രയോഗപ്പെട്ടു എന്നുള്ളതിന് തെളിവായിരുന്നു ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടത്. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകളെ ഒരു നീതീകരണവുമില്ലാതെ ഇപ്രകാരം പിരിച്ചു വിടുന്നതിനെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.


Current-Affairs-Academy-–-A-Smart-Approach-to-UPSC-IAS-Preparation-Centre-State-Rights-RSTV


1970 -  1980 കാലഘട്ടത്തില്‍ കേന്ദ്രം ഭരിക്കാന്‍ ഒരു പാര്‍ട്ടിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം അമിതാധികാര പ്രവണതയ്ക്ക് എപ്രകാരമാണ് ആക്കം കൂട്ടിയെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി 19902000 കാലഘട്ടത്തില്‍ സഖ്യകക്ഷി സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോള്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ സജീവമാകുന്ന അവസ്ഥയുമുണ്ടായി. 2000 - 2014 കാലഘട്ടത്തില്‍  UPA  ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ കാണാന്‍ സാധിക്കുന്നത് അധികാരത്തിന്റെ തന്ത്രപരമായ വിതരണവും, പരസ്പരാശ്രയ നയരൂപീകരണവും ഉയര്‍ന്ന നിലവാരത്തില്‍ ആയിരുന്നു. അതു പോലെ തന്നെ സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശാധികാരങ്ങള്‍ക്കുള്ള പ്രയോഗ സാധ്യത കൂടുതല്‍ ആയിരുന്നു. എന്നാല്‍ അതേ സമയം തന്നെ രണ്ടാം UPA  ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ ഈ സംവിധാനത്തിന്റെ പരിമിതികളെ അഴിമതിയ്ക്കു വേണ്ടിയുള്ള അവസരമാക്കി മാറ്റി എന്നുള്ളതും കാണാതെ പോകരുത്. ഈ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ B J P നേത്യത്വം നല്‍കുന്ന  NDA മുന്നണി അധികാരത്തിലെത്തുവാന്‍ അവസരമുണ്ടായതോടു കൂടി ഫെഡറല്‍ തത്വങ്ങള്‍ നഗ്‌നമായി തന്നെ അട്ടിമറിക്കപ്പെടുവാന്‍ തുടങ്ങി.


download


2014 ലെ B J P യുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ വിവിധ വിഷയങ്ങളില്‍ അവരുടെ നിലപാട് രേഖപ്പെടുത്തപ്പെട്ടിരുന്നു. അതില്‍ ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഫെഡറല്‍ സംവിധാനത്തില്‍ സഹകരണ ഫെഡറലിസ രീതി അവലംബിക്കുമെന്നു സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയ തലത്തില്‍ നയരൂപീകരണ സ്വയംഭരണവും, ധനപരമായ തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റവന്യൂ സ്വയംഭരണവും, ഭരണ തലത്തില്‍ പബ്ലിക് സര്‍വ്വീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആസൂത്രണം, അവയുടെ ധനപരമായ സമാഹരണം, ചിലവ് എന്നീ കാര്യങ്ങളില്‍ പങ്കാളിത്തവും കൂട്ടുത്തരവാദിത്വം എന്നീ കാര്യങ്ങള്‍ ഇവര്‍ മുമ്പോട്ടു വെച്ചു. ഈ മൂന്ന് തലങ്ങളിലൂടെ രൂപപ്പെട്ടു വരുന്ന പങ്കാളിത്ത സാധ്യതയെ പൊതുവായ നയരൂപീകരണത്തിനും, കേന്ദ്രീകൃത നികുതി വരുമാനത്തിന്റെ മാന്യമായ വിതരണത്തിനും, പദ്ധതി രൂപീകരണ പ്രക്രിയയിലെ തുല്യകൂട്ടുത്തരവാദിത്തത്തിനും ,വികസന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സമ്പത്തിന്റെ മാന്യമായ വിതരണം സാദ്ധ്യമാക്കുന്ന സഹകരണാത്മക ഫെഡറലിസത്തിന്റെ പ്രയോഗ സാദ്ധ്യതയ്ക്കും വേണ്ടി നിലകൊള്ളു എന്നുള്ളതായിരുന്നു. ഈ പ്രക്രിയ അനുവര്‍ത്തിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണവും വാഗ്ദാനം ചെയ്യപ്പെട്ടു.പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തുവാന്‍ പ്രധാനകാരണമായി ആഖജ ചൂണ്ടി കാട്ടിയത് അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ അമിതമായി ഇടപെടുന്നു എന്നുള്ളതായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിരന്തരമായ കൂടിയാലോചനകള്‍ ഉണ്ടാകണമെന്നും അതിനായി റീജണല്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ്‌സ് രൂപീകരിക്കും എന്നുള്ളതായിരുന്നു. കൂടാതെ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് നികുതി സംബന്ധിച്ച് സാമ്പത്തിക സ്വയംഭരണം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും എന്നും പ്രകടനപത്രികയില്‍ പറഞ്ഞു.


download (1)


എന്നാല്‍  BJP അധികാരത്തില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഫെഡറല്‍ തത്വങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെട്ടു. തെറ്റായ നയസമീപനങ്ങള്‍ സ്വീകരിച്ചു. ഏകപക്ഷീയ നിലപാടുകള്‍ അനുവര്‍ത്തിച്ചു. സഹകരണാത്മക ഫെഡറല്‍ രീതി എന്നുള്ളത് ജലരേഖയായി മാറി.യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനവും, GST നടപ്പിലാക്കലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. തൊഴിലില്ലായ്മ, ദാരിദ്യം എന്നിവ അതിരൂക്ഷമായി. ഇന്ത്യയിലെ ലിബറല്‍ പൊതു സമൂഹം ഈ വിഷയങ്ങളുടെ രൂക്ഷതയും, തീവ്രതയും തിരിച്ചറിഞ്ഞു. എന്നാല്‍ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ജനവിധി BJP യ്ക്കു അനുകൂലമായി മാറി.അവര്‍ക്കു ലഭിച്ച വന്‍പിച്ച വിജയം ഹിന്ദുത്വ അജണ്ടയുടെ സാക്ഷാല്‍ക്കാരത്തിനുള്ള മാന്‍ഡേറ്റായാണ് BJP കണ്ടത്. അതിന്റെ ഫലമായി ഓരോ പ്രദേശത്തിന്റെയും, അവിടത്തെ ജനതകളുടെയും വൈവിദ്ധ്യങ്ങളെ മാനിച്ചുകൊണ്ട് അവയ്ക്ക് ഭരണഘടനാപരമായി ഉറപ്പു വരുത്തിയിട്ടുള്ള പരിരക്ഷകളെയും, അവകാശധികാരങ്ങളെയും അട്ടിമറിക്കുവാന്‍ BJP തുടക്കം കുറിച്ചു .വൈവിധ്യം സംഘര്‍ഷത്തിന് കാരണമാകും എന്ന  R S S  രണ്ടാം സര്‍സംഘചാലക് ആയ ഗോള്‍വര്‍ക്കറിന്റെ അഭിപ്രായത്തെ ശിരസ്സാ വഹിച്ചുകൊണ്ടു അത് പ്രകാരമുള്ള പ്രവര്‍ത്തനമാണ് ആഖജ യുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്. അതുകൊണ്ടാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുശ്ചേദം 370ഉം 35 അ യും അവര്‍ റദ്ദാക്കിയത്. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി പൊതു സംരക്ഷണ നിയമം ഉപയോഗിച്ച് എല്ലാ പൊതുപ്രവര്‍ത്തകരെയും തടങ്കലിലാക്കി. ഫറുക്ക് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു കരുതല്‍ തടവിലാക്കിയിരിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ അസംതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഈ തീരുമാനം രാജ്യവ്യാപക പ്രതിഷേധത്തിനാണ് കാരണമായത്.


download (2)


ഈ ഘട്ടത്തില്‍ തന്നെയാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്താണ് പ്രധാനമന്ത്രി തന്നെ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നതും അത് ഏറ്റെടുത്ത് കൊണ്ട് അവരുടെ അനുയായികള്‍ തെരുവുകളില്‍ കലാപങ്ങള്‍ക്കിറങ്ങുകയും ചെയ്യുന്നത്. അതേ സമയം തന്നെ ഹിന്ദുമതരാഷ്ട്രം സ്ഥാപിക്കുന്നതിനായി മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണ പ്രക്രിയയ്ക്ക് സംഘ പരിവാര്‍ ആക്കം കൂട്ടുകയും മതത്തെ ദേശീയതയുടെ അടിസ്ഥാനവും അടയാളവുമാക്കി തീര്‍ക്കുകയും ചെയ്യുന്നു. ദേശീയത പുനര്‍നിര്‍വചിക്കപ്പെടുന്നു. ദേശസ്‌നേഹം ഭൂരിപക്ഷമതത്തോടുള്ള വിധേയത്വമായി ചമയ്ക്കപ്പെടുന്നു. ഭൂരിപക്ഷത്തോടു സമരസപ്പെടുന്നതിനുള്ള സാമൂഹികാന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നു. ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ രാജ്യദ്രോഹമായി വ്യഖ്യാനിക്കപ്പെടുന്നു. രാജ്യസ്‌നേഹത്തെ ഇക്കൂട്ടരുടെ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളുടെ സാധൂകരണത്തിനായി തെറ്റായി വ്യാഖ്യാനിക്കുന്നു. തെമ്മാടികളുടെ അവസാനത്തെ അഭയമാണ് രാജ്യസ്‌നേഹം എന്ന സാമുവല്‍ ജോണ്‍സന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ആഖജ യുടെ ഇത്തരം ജന വിരുദ്ധവും, ജനാധിപത്യവിരുദ്ധമായ നയങ്ങള്‍ക്കെതിരെ എതിര്‍ ശബ്ദമുയരുമ്പോള്‍ അത് അടിച്ചമര്‍ത്തുവാന്‍ രാജ്യദ്രോഹ കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 അ വകുപ്പ് ധാരാളമായി പ്രയോഗിക്കപ്പെടുന്നു. ഇതിന് ഉദാഹരണമാണ് രാജ്യത്ത് മതത്തിന്റെ പേരില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്സ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാനുള്ള പൗരന്റെ സ്വാതന്ത്രത്തിന്‍മേലുള്ള നഗ്‌നമായ കടന്നു കയറ്റമായി നമുക്ക് ഈ നടപടികളെ കാണുവാന്‍ സാധിക്കും.കൂടാതെ B J P യുടെ സങ്കുചിത ആശയസംഹിതയുടെ ഭാഗമായി ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഇവര്‍ മുന്‍പോട്ട് വെയ്ക്കുന്നു. ഇന്ത്യയെന്ന മഹത്തായ ആശയത്തിന് പിന്നിലുള്ള ഭാഷകളുടെ വൈവിധ്യവും അതിന്റെ സൗന്ദര്യവും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണെന്നും അതിനാല്‍ രാജ്യത്തെ ഒരു ചരടില്‍ കോര്‍ക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ഹിന്ദിക്ക് മാത്രമേ കഴിയു എന്നും അടുത്തിടെ അമിത് ഷാ പ്രസ്താവിക്കുകയുണ്ടായി. ഇതിലൂടെ ഭാഷകളുടെ വൈവിധ്യങ്ങള്‍ ആഖജ യുടെ സങ്കല്‍പത്തിന് വിരുദ്ധമാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. എന്നാല്‍ 2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 52.84 കോടി പേര്‍ (43.63 %) മാത്രമാണ് ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്നത് (അതില്‍ തന്നെ ഹിന്ദിയുടെ വിവിധ വകഭേദങ്ങള്‍ ഉണ്ട് ). എന്നാല്‍ രാജ്യത്ത് 64.28 കോടി പേര്‍ (53.08%) ഭരണഘടനയുടെ 8ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 ഓളം ഭാഷകളാണ് സംസാരിക്കുന്നത്. 3.98 പേര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താത്ത ഭാഷകളും സംസാരിക്കുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കുമ്പോഴാണ് ഏക ഭാഷാ വാദവുമായി ആഖജ കടന്നു വരുന്നത്. ദക്ഷിണേന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴി തെളിച്ചു. സഹകരണ ഫെഡറലിസത്തിന് ഭാഷാ വൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട് എന്ന അടിസ്ഥാന തത്വത്തെയാണ് ആഖജ ഇതിലൂടെ നിരാകരിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. B J P യുടെ നയപരിപാടികളില്‍ ഏറ്റവും മാരകമായ ഒന്നായി നമുക്ക് കണക്കാക്കുവാന്‍ സാധിക്കുന്നതാണ് രാജ്യത്ത് നടപ്പിലാക്കുവാന്‍ പോകുന്ന പൗരത്വ ഭേദഗതി നിയമം. കൂടാതെ ഇതിനൊടൊപ്പം തന്നെ ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തയ്യാറാക്കുവാനുള്ള തീരുമാനം രാജ്യത്തെ ഒരു വിഭാഗം ജനതയെ ജനിച്ച നാട്ടില്‍ നിന്നും അന്യവല്‍ക്കരിക്കുവാനുള്ള ശ്രമത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.


hindu-fasc


അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം പറയുന്നത്. 2014 ഡിസംബര്‍ മാസത്തിനകം അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെടുന്ന ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നാണ്. ഇതില്‍ മുസ്ലീം ജനവിഭാഗത്തെ ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. ഇതിനോടൊപ്പം തന്നെ ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ പൗരത്വ രജിസ്റ്ററും തയ്യാറാക്കപ്പെടുമ്പോള്‍ മുസ്ലീം ജനത സ്വന്തം നാട്ടില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന അതീവ രൂക്ഷമായ പ്രതിസന്ധി രൂപപ്പെടും. ആസ്സാമില്‍ തയ്യാറാക്കപ്പെട്ട പൗരത്വ രജിസ്റ്ററില്‍ നിന്ന് 20 ലക്ഷത്തോളം പേര്‍ പുറത്തായ സംഭവം ഇതുമായി ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.ഇങ്ങനെ ഭരണഘടന തത്വങ്ങളെയാകെ അട്ടിമറിച്ചു കൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ നേടിയ ഭൂരിപക്ഷ ഭരണത്തെ ഭൂരിപക്ഷത്തിന്റെ സമഗ്രാധിപത്യമാക്കുവാന്‍ ആഖജ ഞടട നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ സംരക്ഷിക്കുവാനും ദേശീയ തലത്തില്‍ ഉയരുന്ന സമരപോരാട്ടത്തില്‍ എല്ലാവരും അണിചേരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.