Ajitha Suresh

വസന്തം തേടുന്ന കലാകാരന്‍

മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളുടെ അതി മനോഹരങ്ങളായ സാക്ഷ്യപ്പെടുത്തലുകളാണ് സുജിത്ത് പാലക്കാടന്റെ ഓരോ ചിത്രവും. അദ്ദേഹത്തിന്റെ ഫ്രഞ്ച് ഡി അലയന്സ് ഹാളില്‍ കഴിഞ്ഞ ദിവസം അവസാനിച്ച ഫോട്ടോ പ്രദര്‍ശനം " ഹിമഛായ " ഇതിനോടകം പ്രേക്ഷകരുടെ മനം കവര്‍ന്നു കഴിഞ്ഞു.


12115635_996608323733483_3428176952303354718_n


മഞ്ഞും മഴയും.. പൂക്കളും കിളികളും...പുഴയോരങ്ങളും...മലനിരകളും.....ആരോ ഫോട്ടോഗ്രാഫറുടേയും മേച്ചില്‍പ്പുറങ്ങളാണ് പ്രകൃതി . പ്രകൃതിയുടെ തനതു ഭംഗി ഒരു കലാകാരന്‍ തന്റേതായ വീക്ഷണ കോണിലൂടെ ആവിഷ്കരിക്കുമ്പോള്‍ അത് കാഴ്ചക്കാരനു ദൃശ്യവിരുന്നാകുന്നു.
“ഹിമഛായ " - പ്രകൃതിയുടെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള യാത്ര.


സുജിത്ത് തന്റെ അമര്‍നാഥ് യാത്രയില്‍ പകര്‍ത്തിയ 21 ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹിമമണിഞ്ഞ ഗിരിനിരകളും താഴ്വാരങ്ങളും അവയുടെ വന്യതയും വശ്യതയും കൈകോര്‍ത്ത് നിഗൂഢഭംഗിയുമായി ഹരിതവനങ്ങള്‍.. വെള്ളികെട്ടിയ അരുവികള്‍ . കുട്ടിക്കാലത്തു തന്നെ ഫോട്ടോഗ്രാഫിയില്‍ താത്പ്പര്യമുണ്ടായിരുന്ന സുജിത്ത് അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഈ രംഗത്തേക്ക് കടന്നു വന്നത്.


ഹിമാലയന്‍ യാത്രയെക്കുറിച്ച് പറയാമോ .


2014 ആഗസ്റ്റിലായിരുന്നു യാത്ര. ഗായകരും ചിത്രകാരന്മാരും അഭിനേതാക്കളും ഉള്‍പ്പെട്ട കലാസ്വാദകരായ ഒരു സംഘം ചെറുപ്പക്കാരുടെ കൂടെ ഫോട്ടോഗ്രാഫറായ ഞാനും ചേരുകയായിരുന്നു.


11407297_939011902826459_3175761726941219271_n


എന്തായിരുന്നു യാത്രയ്ക്കുള്ള പ്രേരണ.


യാത്ര ചെയ്യാനുള്ള കൗതുകം, ഹിമവാന്റെ മോഹിപ്പിക്കുന്ന സൌന്ദര്യം, .അതിനെല്ലാമപ്പുറം നല്ല ചിത്രങ്ങള്‍ എടുക്കാനുള്ള ആഗ്രഹം അതെല്ലാമുണ്ടായിരുന്നു... എങ്കിലും ഈ സ്വപ്നയാത്രക്ക് കാരണമായത് പോണ്ടിച്ചേരിയിലുള്ള എന്റെ കൂട്ടുകാരന്‍ ഏഴില്‍ ആണ്.. ചിത്രകാരനായ അവന്‍ എന്നെയും ഈ സംഘത്തിലേക്ക് ചേര്‍ക്കുകയായിരുന്നു.


12115986_996611997066449_3996184070870592075_n


അനുഭവങ്ങള്‍ .


വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറമാണത്. ഒരിക്കല്‍ പോയവരെ വീണ്ടുംവീണ്ടും മാടി വിളിക്കുന്ന വശ്യഭംഗികളാണത് . മഞ്ഞണിഞ്ഞ കൊടുമുടികള്‍ക്കിടയിലൂടെ ഒഴുകി വരുന്ന നീര്‍ച്ചാലുകള്‍ ..കാതുകള്‍ക്ക് ഇമ്പമേകുന്ന മര്‍മ്മരസംഗീതം, ചന്ദന്വാരി ...... ശേഷ്നാഗ് തടാകം.. ലിഡ്ഡര്‍ നദി എല്ലാം ഒന്നിനൊന്നു മനോഹരങ്ങളാണ്.


ശിവന്‍ ഹിമഗിരിനന്ദിനിക്ക് അമരമന്ത്രം ഉപദേശിച്ചു കൊടുത്ത അമര്‍നാഥ് ഗുഹ...കശ്യപമഹര്‍ഷി തടാകം വറ്റിച്ചുണ്ടായ അമര്‍നാഥ് ഗുഹ. ബൂട്ടാമാലിക്ക് എന്ന മുസ്ലീംബാലനു യോഗിവര്യന് കൊടുത്ത ഒരു ചാക്ക് കല്‍ക്കരി അമൂല്യരത്നങ്ങളായത്...ചരിത്രപ്രസിദ്ധമായ ലംബോദരി നദി ലിഡ്ഡര്‍ നദിയായത്...ചിനാര്‍ മരങ്ങള്‍ക്കിടയിലൂടെ ഒഴുകുമ്പോള്‍ ലിഡ്ഡര്‍ നദി നീല ഗംഗയായി അറിയപ്പെടുന്നത്..അങ്ങനെ ഐതിഹ്യങ്ങള്‍ ഏറെയാണല്ലോ.


10606224_814548548606129_696442314386064014_n


പുസ്തകങ്ങളില്‍ വായിച്ച ഹിമാലയം...ഭാവനയില്‍ കണ്ട ഹിമാലയം...ഈ ഗിരിനിരകളെ ഫ്രെയിമില്‍ പകര്‍ത്തുമ്പോള്‍ മനസില്‍ ഉണ്ടായ വികാരം.


പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരനുഭൂതിയായിരുന്നു...അത്..മനസ് മുഴുവനും ഒന്നിലേക്ക് ഒതുങ്ങി....ഈ പ്രകൃതിമനോഹാരിത മുഴുവനായി ഒപ്പിയെടുക്കാന്‍ കഴിയുമോ എന്നുള്ള ആകാംക്ഷയായിരുന്നു.


മങ്ങിയ വെളിച്ചത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ polarisation filter- ന്റെ സഹായം തേടിയിരുന്നോ?


ഇല്ല. അങ്ങനെ യാതൊരു തയ്യാറെടുപ്പും ഇല്ലായിരുന്നു. പക്ഷേ ഭാഗ്യം വല്ലാതെ തുണച്ചു...നല്ല ഫോട്ടോ എടുക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു.


ഹിമമണിഞ്ഞ ഗിരിനിരകളുടെ ചാരുതഛായകയയ്ക്ക് ഹിമഛായ എന്നു പേര്!! ആരാണു ഇത്ര മനോഹരമായ പേരു നിര്‍ദ്ദേശിച്ചത്.


photo


എന്റെ പ്രിയ സുഹൃത്തും കഥാകൃത്തുമായ സുസ്മേഷ് ചന്ദ്രോത്താണു ആ പേരു നല്കിയത്.


തേടിയുള്ള യാത്രയാണെങ്കിലും ഫോട്ടോഗ്രാഫറെ സംബന്ധിച്ച് യാദൃച്ഛികതയുടെ ഭംഗി തരുന്ന സന്തോഷങ്ങള്‍ ..അങ്ങനെയുള്ള ആകസ്മിതയുടെ ഭംഗി എന്നു പറയാന് പറ്റുന്ന ചിത്രങ്ങള്‍.


മഞ്ഞില്‍ ഓടി ഓടി നടക്കുന്ന കീരി, യാക്ക്, ചന്ദ്രോദയം...ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ച ചിത്രങ്ങളാണ്...പക്ഷേ ശേഷ്നാഗിലെ രാത്രിദൃശ്യം വിറക്കുന്ന തണുപ്പില്‍ ഏറേ നേരം കാത്തിരുന്ന് എടുത്തതാണ്.


10416634_827479123979738_1314412212475186542_n


ഫോട്ടോഗ്രഫിയില്‍ 20 വര്‍ത്തെ പരിചയമുള്ള സുജിത് ശ്രദ്ധേയങ്ങളായ പല ചിത്രങ്ങളും എടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ സ്പോര്‍ട്ട്സ് ഫോട്ടോഗ്രഫി അവാര്‍ഡ് ... കൃഷി ഫോട്ടോ ഗ്രഫി അവാര്‍ഡ്..കേരള സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്സില്‍ / കോളേജ് ഗെയിംസ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.. ഇപ്പോള്‍ ദേശാഭിമാനി ദിനപത്രത്തില്‍ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിയ്ക്കുന്നു.


ഒരു കഥാകാരന്‍ തന്റെ കഥാതന്തുക്കളിലൂടെ കഥാപാത്രങ്ങളിലൂടെ ആഖ്യാനത്തിലൂടെ എങ്ങനെയാണോ അനുവാചകനെ കൈപിടിച്ച് കൂടെ കൊണ്ടു പോകുന്നത് അതു പോലെ മിടുക്കനായ ഒരു ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളിലൂടേ കാഴ്ച്ചക്കാരുടെ ശ്രദ്ധയെ ആനയിക്കാന്‍ കഴിയും.


നിക്കണ് D3S-ലൂടെ പകര്‍ത്തിയ 21 ചിത്രങ്ങള്‍ ..വ്യത്യസ്തങ്ങളായ മനോഹാരിത സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ തീര്‍ച്ചയായും മിഴിയുള്ളവര്‍ നോക്കി നില്‍ക്കുക തന്നെ ചെയ്യും.


"ഈ ഗിരിനിരകളുടേ സൗന്ദര്യചിത്രങ്ങള്‍ ഒരു സീരീസായി ഇറക്കണം"


സുജിത്ത് തന്റെ സ്വപ്നത്തെ കുറിച്ച് പറയുന്നു. കണ്ടു മതിയാകാത്ത കാഴ്ച്ചകള്‍ തേടി വീണ്ടും ഒരു ഹിമാലയന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഫോട്ടോഗ്രാഫിയില്‍ വസന്തം പടര്‍ത്തുന്ന ഈ അനുഗ്രഹീത കലാകാരന്‍ ...