Maneesh Thp

പോക്കറ്റിന്റെ ഉള്ളുകളിലെവിടെയോ പയറു പുഴുക്കിന്റെ ഇത്തിരിച്ചൂട്

പറശ്ശിനിക്കടവ് ഹൈസ്ക്കൂളിലെ കുട്ടികാലം.

പറശ്ശിനിക്കടവ് പാലത്തിനപ്പുറം മയ്യില്‍ ഭാഗത്തേക്ക് പോകുന്ന വഴി നണിയൂര്‍ നമ്പ്രം എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും. എട്ടാം തരം മുതല്‍ പഠിച്ചത് പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയോടു ചേര്‍ന്ന് നില്‍ക്കുന്ന സ്കൂളിലും ..

സ്കൂളിന്റെ ചരിത്രം

1922 ല്‍ മാനേജരായിരുന്ന പി.എം. കുഞ്ഞിരാമാനാണ്‌ പറശ്ശിനി ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തായി ആദ്യത്തെ എലിമെന്ററി സ്കൂള്‍ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ ആരംഭിച്ചത് . പിന്നീടത്‌ കൊവ്വലിലെ കമ്പനി കെട്ടിടത്തിലേക്കു മാറ്റി.

1926 ലെ വെള്ളപ്പൊക്കം

കുത്തിയൊലിച്ച പേമാരിയില്‍ തകര്‍ന്നു പോയ കമ്പനി കെട്ടിടത്തില്‍ നിന്നും മാറ്റി കുറ്റിയില്‍ സ്ഥിരം കെട്ടിടം പണിത്‌ അഞ്ചാം തരം വരെയുള്ള എലിമെന്ററി സ്കൂള്‍ ആരംഭിച്ചു. പിന്നീടു ഇത്‌ എട്ടാം തരം വരെയുള്ള ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തി.

കാലം - 1933-34

കുറ്റിയില്‍ നിന്നും ഇന്നു ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്‌ (Parassinikkadavu Bus Stand) പുതിയ കെട്ടിടം പണിയുകയും ഹയര്‍ എലിമിന്ററി സ്കൂള്‍ ഇവിടേക്ക്‌ മാറ്റി സ്ഥാപിക്കുകയും ചെയ്തു...........)

 

ഫ്ലാഷ് ബാക്ക്

ഈ മൂന്നു വര്‍ഷവും ഞങ്ങള്‍ കൂട്ടുകാര്‍ നടന്നും കളിച്ചും ഒരു ടീം ആയാണ് സ്കൂളില്‍ പോയിരുന്നത് .. മണ്ണും .. പുഴയും അറിഞ്ഞുള്ള യാത്രകള്‍ ... നടന്ന വഴികളും കടന്ന പാലവും എല്ലാം ഇന്നും ഓര്‍മ്മകളില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നു.

പാലം വരുന്നതിനും മുന്‍പേ കുട്ടികള്‍ തോണി കടന്നായിരുന്നു സ്കൂളുകളില്‍ പോയിരുന്നത്. മഴക്കാലത്ത് പുഴ നിറഞ്ഞു കവിയുമായിരുന്നു. അമ്പലത്തിനുള്ളില്‍ വരെ വെള്ളം കയറും . ഇപ്പോള്‍ തോണിയുടെ സ്ഥാനം ബോട്ടപഹരിച്ചിരിക്കുന്നു . മഴക്കാലത്ത്‌ പാലത്തിനു മുകളില്‍ കയറി താഴോട്ടു നോക്കിയാല്‍ കാണാം പലതും അങ്ങനെ ഒഴുകി പോകുന്നത് . അതില്‍ പശുവും , പരല്‍ മീനും , കളിപ്പാട്ടങ്ങളും നെടുനീളന്‍ തെങ്ങുകള്‍ വരെയുണ്ടാകും .. ഒരുപാടു പേരുടെ സ്വപ്നങ്ങളുണ്ടാകും .. പ്രതീക്ഷകളും ... കുത്തിയൊലിക്കുന്ന മഴവെള്ളത്തിന് കണ്ണീരിന്റെ രുചിയുണ്ടാകുമോ .. ചില സന്ദേഹങ്ങള്‍ അങ്ങിനെ തന്നെ തുടരുന്നതാണു നല്ലത് !

സ്കൂളില്‍ ആയിരത്തിലധീകം കുട്ടികളുണ്ട് . ദൈനംദിനം ഉച്ച ഭക്ഷണം മടപ്പുരയില്‍ നിന്നാണ്.

ജാതി -മത ഭേദമില്ലാതെ ഇല്ലാതെ ആര്‍ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം ; വിശപ്പടക്കാം .

മനസ്സില്‍ ഒളി മങ്ങാത്ത ഓര്‍മ്മകളായി ഒരുമയുടെ വസന്തകാലം പൂത്തു നില്‍ ക്കുന്നു . ഒരു മണിക്കാകും ബെല്ലടിക്കുക്ക .. ഒറ്റയോട്ടമാണ് ,ഏകദേശം ആയിരത്തിലധീകം വരുന്ന പടികള്‍ മംഗള്‍യാനേക്കാള്‍ വേഗതയില്‍ ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില്‍ വരി വരിയായി നില്‍ ക്കും.

കുട്ടികള്‍ക്ക് പ്രത്യേക വരിതന്നെയുണ്ട്‌ . ആദ്യം കുട്ടികള്‍... പിന്നീട് മുതിര്‍ന്നവര്‍ അതാണ്‌ കീഴ്വഴക്കം . പതിവിപ്പോഴും തുടരുന്നു . ഞാന്‍ ഗ്യാരന്റി ; ഇത്രയും രുചികരമായ സദ്യ മറ്റെവിടെയും ഉണ്ടാകില്ല . പറശ്ശിനിക്കാര്‍ക്ക് ഉറപ്പായും അഭിമാനിക്കാം.

ചൂടുള്ള ചോറിനോടൊപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ ഇരിപ്പിനു വാരി വലിച്ചു കഴിച്ചയുടനെ കൈ കഴുകി ഒന്നാംതരം കഞ്ഞി വെള്ളം രണ്ടു ഗ്ലാസ്

കുടിച്ച് വീണ്ടും ഒറ്റയോട്ടം ... എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാദം പയര്‍ പുഴുങ്ങിയത് വാങ്ങാനാണത്.

എന്തൊരു സ്വാദാണെന്നോ . അത് മിനിമം രണ്ട് തവണയെങ്കിലും വാങ്ങും .

പാന്റിന്റെ കീശയില്‍ പയറു നിറച്ച് സാവധാനം പടികള്‍ കയറും .

പറശ്ശിനി ഭാഗത്തുള്ള കുട്ടികള്‍ നമ്മളെ പെട്ടെന്ന് മനസ്സിലാക്കാന്‍ പേരിനൊപ്പം അക്കരെയുള്ള എന്ന് പറയണമായിരുന്നു. പതിവുകള്‍ തുടരുന്നു. വാട്ട്സപ്പിനും ടാബിനും വേഗതകള്‍ക്കുമിടയിലും സുഹൃത്തുക്കള്‍ക്കിടയിലെ ഫോണ്‍ ഭാഷണങ്ങളില്‍ അടയാളങ്ങളാകുന്നത് .. അക്കരയും ..ഇക്കരെയുമെല്ലാമെന്നത് , ജീവിതത്തിന് അയവു പകരുന്നു ...

ഓര്‍മ്മകളിലേക്കള്‍ഷിമേഴ്സ് പടരും ഡിജിറ്റലിന്‍ കാലം ..

, പോക്കറ്റിന്റെ ഉള്ളുകളിലെവിടെയോ പയറു പുഴുക്കിന്റെ ഇത്തിരിച്ചൂട് ....

വിരലുകള്‍ക്ക് പെരുത്തു മധുരം ...