M K Rajendran

കാർട്ടൂണുകളുടെ യേശുദാസൻ

Cartoonist C J Yesudasan

കാർട്ടൂണിസ്റ്റ് യേശുദാസന്റെ മരണത്തോടെ കേരളത്തിന് നഷ്ടമായത് മലയാള രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയെയാണ്. 1938 ജൂൺ 12ന് ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായി യുടെയും ആച്ചിയമ്മയെന്ന മറിയാമ്മയുടെയും മകനായിട്ടാണ് അദ്ദേഹത്തിൻറെ ജനനം. മാവേലിക്കരയിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും ബിഎസ്സി മാത്തമാറ്റിക്സ് ബിരുദം നേടി. വെറും 17 വയസ്സുള്ള സമയത്ത് കോട്ടയത്തുനിന്ന് ഇറങ്ങുന്ന അശോക മാസികയിൽ കാർട്ടൂൺ വരച്ച് ആണ് തൻറെ കാർട്ടൂൺ ജീവിതത്തിൻറെ തുടക്കം. എന്നാൽ 1960 മുതൽ ജനയുഗത്തിൽ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു കൊണ്ടാണ് അദ്ദേഹം കലാജീവിതത്തിന് ശക്തമായ തുടക്കം കുറിക്കുന്നത്. പിന്നീട് 1963 ൽ ശങ്കേഴ്‌സ് വീക്കിലിയിൽ ചേരാൻ ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ത്യൻ കാർട്ടൂൺ ഇതിഹാസമായ ശങ്കറിന്റെ ഉറ്റ അനുയായി ആയി മാറി. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം ബാലയുഗത്തിന്റെ പത്രാധിപരായി. അസാധു മാസിക സ്വന്തമായി തുടങ്ങി. കട് കട് , ടക് ടക് , സാധു എന്നീ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു എങ്കിലും  ഇതൊന്നും അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചില്ല.

22

1985 ൽ ചെറിയാൻ ഫിലിപ്പിനെ പോലെ ചില കോൺഗ്രസ് നേതാക്കളുടെ പ്രേരണയാൽ അദ്ദേഹം മലയാള മനോരമയുമായി ബന്ധപ്പെടുകയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് പത്രത്തിൽ കാർട്ടൂണുകൾ വരച്ചു കൊണ്ടിരുന്ന ഒരാളിനെ തൻറെ സ്ഥാപനത്തിൽ കേറ്റാൻ മനോരമ സംശയിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ സ്റ്റാഫിൽ എടുക്കാൻ അവർ തീരുമാനിച്ചത്. നിയമസഭയിൽ നടക്കുന്ന ചർച്ചകളും പ്രമേയങ്ങളും തൊട്ടു പിറ്റേന്ന് ഇറങ്ങിയ പത്രത്തിൽ പൊന്നമ്മ സൂപ്രണ്ട് രൂപത്തിൽ കടുത്ത രാഷ്ട്രീയ വിമർശനങ്ങളും ആക്ഷേപഹാസ്യ ങ്ങളുമായി ജനമനസ്സുകളിൽ എത്തി. വനിതയിലെ മിസിസ് നായർ ആകട്ടെ കേരളത്തിലെ പൊങ്ങച്ച സമൂഹത്തിൻറെ പള്ളിയിലേറ്റ് രസിക താഡനങ്ങളായി മാറുകയായിരുന്നു. ബുദ്ധിമതികളായ ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ പ്രതിനിധികളായിരുന്നു അവർ. ഒരിക്കലും പാർശ്വവൽക്കരിക്കപ്പെട്ടവരോ പിന്നോക്കം പോയവരോ ആയിരുന്നില്ല അവർ. കിട്ടുമ്മാവനേയും മലയാളികൾ മറക്കില്ല.

44

മലയാള സിനിമയ്ക്കും യേശുദാസ് സംഭാവനകൾ നൽകിയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയർ ആയിരുന്ന പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണം തിരക്കഥ എന്നിവയിൽ കെ ജി ജോർജ് മായി സഹകരിച്ചു. പൊന്നു തമ്പുരാൻ എന്ന സിനിമയുടെ തിരക്കഥ പൂർണമായും യേശുദാസ് എഴുതി. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനായിരുന്നു യേശുദാസൻ. കേരള ലളിതകലാ അക്കാദമിയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചു. ഭാര്യയും മൂന്നു മക്കളും ആണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് നെഗറ്റീവ് ആയെങ്കിലും ഇന്ന് (06-10-2021 ) പുലർച്ചെ അദ്ദേഹം വിട പറഞ്ഞു. കാർട്ടൂൺ രംഗത്തിന് അദ്ദേഹത്തിൻറെ തിരോധാനം ഒരു വലിയ നഷ്ടം തന്നെയാണ്. ഇ കെ നായനാരും കെ കരുണാകരനും ഒക്കെ അദ്ദേഹത്തിൻറെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ ഇവരെ രണ്ടു പേരെയും പറ്റി "വരയിലെ നായനാർ " " വരയിലെ ലീഡർ " എന്നീ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റുമോർട്ടം, താഴേക്കിറങ്ങി വന്ന മഴ - എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ.