Dr Divya Chandrashobha

മഹാമാരി നാശം വിതക്കുമ്പോള്‍ ഗെയിം കളിക്കുന്ന കേന്ദ്രഭരണകൂടം

രാജ്യത്തിന് തീപിടിക്കുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിമാര്‍ ലോകത്തിന് പുതുമയല്ല. രാജ്യത്താകെ മഹാമാരി പടര്‍ന്നു പിടിക്കുകയും ജനങ്ങള്‍ മരിച്ചു വീഴുകയും ചെയ്യുമ്പോള്‍ ഗെയിം കളിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി അതുകൊണ്ടുതന്നെ ഒരു പുതുമയേയല്ല. 2020 ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  അപ്പോഴേക്കും, ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം പതിനായിരക്കണക്കിന് ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞിരുന്നു.

download

ഇന്ത്യയിലെ ജനസാന്ദ്രതയും ദാരിദ്ര്യവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ടെസ്റ്റിംഗ് സംവിധാനങ്ങള്‍ , ഡോക്ടര്‍മാര്‍ മുതലുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സംവിധാനങ്ങളുടെയും അഭാവം എന്നിവയെല്ലാം ഇന്ത്യയെ ഈ രോഗത്തിന്റെ സ്ഥിരം കേന്ദ്രമായി മാറാനുള്ള സാധ്യത കൂടുതല്‍ ആണെന്നുള്ള നിരീക്ഷണങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. രോഗം സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് കടന്നാല്‍ ജോമെട്രിക്ക് പ്രോഗ്രഷന്‍  രീതിയിലാകും പടരുക എന്ന് ചൈനയെയും ഇറ്റലിയെയും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന മാതൃകയില്‍ പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് ഇന്ത്യക്കും പോകേണ്ടിവരും എന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു കരുതല്‍ നടപടികളും എടുത്തില്ല എന്ന് മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറയ്ക്കുക, റോഡുകള്‍ നന്നാക്കി രാജപാതയൊരുക്കുക തുടങ്ങിയ കലാപരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇന്ത്യ ഗവണ്മെന്റ്. ജനുവരിയിലും ഫെബ്രുവരിയുടെ ആദ്യ ആഴചയും ഈ കലാപരിപരിപാടിയില്‍ മാത്രം ശ്രദ്ധ ചെലുത്തുകയും കോടികള്‍ അതിനായി ചിലവഴിക്കുകയും ചെയ്തു.

Trump

നാമമാത്രമായ പരിശോധനകള്‍ എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ഇക്കാലയളവില്‍ കേന്ദ്ര ഗവണ്മെന്റ് ചെയ്തത്. ദേശീയതലത്തില്‍ സമഗ്രമായ സര്‍വൈലന്‍സ് സംവിധാനമോ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളോ ആരോഗ്യമേഖലയെ സജ്ജമാക്കുകയോ ഒന്നും ചെയ്തില്ല. ഫെബ്രുവരി കാര്യമായ പരിക്കില്ലാതെ കടന്നു പോയപ്പോള്‍ മാര്‍ച്ച് മാസത്തില്‍ രോഗപ്പകര്‍ച്ച ദേശവ്യാപകമായി ത്വരിതഗതിയില്‍ ആയി.മാര്‍ച്ച് 15 ന് നൂറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാര്‍ച്ച് 28 ആയപ്പോഴേക്കും 1000 വും ഏപ്രില്‍ 7 ആയപ്പോള്‍ 5000 ആയി ഉയര്‍ന്നു .മരണനിരക്ക് ഏപ്രില്‍ 1 ന് 50 ആയിരുന്നു എങ്കില്‍ ഏപ്രില്‍ 5 ഓടെ 100 കടന്നു. കണ്ണടച്ച് തുറക്കുമ്പോഴേക്കും മരണസംഖ്യ കുത്തനെ ഉയര്‍ന്നു . മുന്നൊരുക്കങ്ങള്‍ക്കായി 50 ദിവസം കിട്ടിയിട്ടും പ്രധാനമന്ത്രിയും സഹമന്ത്രിമാരും കയ്യുംകെട്ടി നോക്കി നിന്നു എന്നര്‍ത്ഥം . ഇന്നിപ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം പതിമൂവായിരം ആയി. മരണം നാനൂറ് കടക്കുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം 4 തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. മാര്‍ച്ച് 24 നാണ് രാജ്യവ്യാപക അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുന്നത്. അതിനുമുമ്പും ശേഷവും നടന്ന ഒരു അഭിസംബോധനയിലും ഈ മഹാമാരിയെ നേരിടുന്നതിനായുള്ള ഒരു സ്ട്രാറ്റജിയും പ്രഖ്യാപിക്കുകയുണ്ടായില്ല.  സംസ്ഥാനങ്ങള്‍ക്കായി സാമ്പത്തിക പാക്കേജും ഇല്ല.

മരണം വിതക്കുന്ന കളികളുമായി പ്രധാനമന്ത്രി:

ഓരോ ടാസ്‌കുകളിലൂടെ കളിക്കുന്നവരെ പതുക്കെ പതുക്കെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഒരു ഇന്റര്‍നെറ്റ് ഗെയിം ഒരു സമയത്തു ജനങ്ങള്‍ക്കിടയില്‍ വല്ലാത്ത ഭീതി പരത്തിയിരുന്നു. കളിക്കുന്നവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുന്നത് അപൂര്‍വം. മനുഷ്യന്റെ ചിന്താശേഷിയും വിവേകശേഷിയും പ്രവര്‍ത്തനശേഷിയും എല്ലാം ഇല്ലാതാക്കി അനുസരണ മാത്രമുള്ള ഒരു ജീവിയാക്കി മാറ്റാന്‍ പ്രാപ്തിയുള്ള ഒരു ഗെയിം. കോവിഡിന്റെ പിടിയിലമര്‍ന്ന ഇന്ത്യയെക്കുറിച്ചു എഴുതുമ്പോള്‍ എന്തിനാണ് ഈ ഗെയ്മിനെ പരാമര്‍ശിക്കുന്നത് എന്ന് തോന്നുക സ്വാഭാവികം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നാല് തവണ പ്രധാനമന്ത്രി ദൂരദര്‍ശനില്‍ പ്രത്യക്ഷപെട്ടു. നാലുതവണയും മഹാമാരിയെ ഇല്ലാതാക്കുന്നതിനായുള്ള സമഗ്രമായ പദ്ധതികള്‍ക്ക് പകരം ഓരോ ടാസ്‌ക് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഇത് മേല്പറഞ്ഞ ഗെയിമിനെ ഓര്‍മിപ്പിക്കുന്നതാണ് . ഓരോ ടാസ്‌കും അടുത്ത ഘട്ടത്തിലേക്കുള്ള ചവിട്ടുപടികളാണ്. ഓരോന്നും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദത്തില്‍ ആണ് കളിക്കാര്‍ അടുത്ത ടാസ്‌കില്‍ ഏര്‍പ്പെടുന്നത്. പ്രധാനമന്ത്രിയുടെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കളിക്കാര്‍ മുന്നേറുന്നത്. ഈ കളിക്ക് മറ്റേ കളിയില്‍ നിന്നുള്ള ഒരു വ്യത്യാസം ഇതില്‍ കളിക്കുന്നവരേക്കാള്‍ കൂടുതല്‍ കളിയുടെ അവസാന സ്‌റ്റേജില്‍ എത്തപ്പെടുന്നത് കളിയില്‍ പങ്കെടുക്കുക പോയിട്ട് അതിനെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാത്തവരായിരിക്കും എന്നതാണ്. അത് ഈ കളിയിലെ ഒരു 'മോഡിയന്‍ ട്രിക്ക്' ആണ്. അതുകൊണ്ട് കളിക്കാരെ നമുക്ക് രണ്ടായി തിരിക്കാം 1. വിദഗ്ധ കളിക്കാര്‍ 2 .അവിദഗ്ധ കളിക്കാര്‍. ഇത്തരം ഒരു ഗെയിം രൂപകല്പന ചെയ്യാന്‍ ഇടയാക്കിയ മഹാമാരി പരത്തുന്ന വൈറസിനെ ഏറിയകൂറും ഇവിടെയെത്തിച്ചത് ഇവിടത്തെ മധ്യവര്‍ഗ്ഗമാണ്. അവര്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ടാസ്‌കുകള്‍ ആവേശത്തോടെ അനുസരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കളിയിലെ വിദഗ്ധകളിക്കാര്‍ അവരാണ്. ഇവരില്‍ നിന്നും രോഗം പകര്‍ന്നുകിട്ടിയവരാണ് അവിദഗ്ദര്‍. അവസാന സ്‌റ്റേജില്‍ വിദഗ്ധ കളിക്കാരെ തോല്‍പ്പിച്ചുകൊണ്ട് അവിദഗ്ധ കളിക്കാര്‍ ജയിച്ചു മുന്നേറും എന്നതും ഈ കളിയുടെ പ്രത്യേകതയാണ്. മറ്റൊരു പ്രത്യേകത ആദ്യത്തേ ഗെയിം വ്യക്തി താല്പര്യാര്‍ത്ഥമാണ് കളിക്കുന്നത് എങ്കില്‍ രണ്ടാമത്തേത് രാജ്യതാല്പര്യാര്‍ത്ഥമാണ്. അതുകൊണ്ടുതന്നെ കളിക്കുന്നവര്‍ 'ദേശസ്‌നേഹികള്‍,' 'സര്‍വത്യാഗി ', 'യഥാര്‍ത്ഥ ഇന്ത്യക്കാര്‍' എന്നിങ്ങനെ പ്രധാനമന്ത്രിയാല്‍ വിശേഷിപ്പിക്കപ്പെടും. ഈ പുരസ്‌കാരത്തിന് പക്ഷെ രണ്ടുതരം കളിക്കാരും അര്‍ഹരായിരിക്കും. രണ്ടാമത്തെ കളിക്കാരുടെ കാര്യത്തില്‍ അവര്‍ കളി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ഈ പുരസ്‌കാരത്തോടൊപ്പം അദ്ദേഹത്തിന്റെ വക 'എന്നെ വേണമെങ്കില്‍ തീ കൊളുത്തി കൊന്നോളൂ' എന്നൊരു നിലവിളിയും പിന്നെ രണ്ടു തുള്ളി കണ്ണുനീര്‍ കൂടി ഉണ്ടാകും.

D6w_XYVVsAAE7P9

ആദ്യത്തെ വരവ് മാര്‍ച്ച് 19 നാണ് . അന്ന് രണ്ട് ടാസ്‌കുകള്‍ ആണ് നല്‍കിയത് അതില്‍ ഒന്ന് 2020 മാര്‍ച്ച് 22 ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ ജനത കര്‍ഫ്യൂ പാലിക്കണം എന്നതാണ്. നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കുന്നതിനായി വീടിന്റെ ബാല്‍ക്കണിയിലോ ജനല്‍ അരികിലോ വാതിലിനിനരികില്‍ നിന്നുകൊണ്ടോ കയ്യടിക്കുകയോ പാത്രം മുട്ടുകയോ ചെയ്യണം എന്നതായിരുന്നു രണ്ടാമത്തെത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം അനുസരണയുള്ള പൗരര്‍ (കളിക്കാര്‍ ) ജനത കര്‍ഫ്യൂവിന്റെ അന്ന് വൈകുന്നേരം പാത്രവും വാദ്യോപകരണങ്ങളുമായി ശംഖുനാദം മുഴക്കി തെരുവുകളില്‍ ഘോഷയാത്ര നടത്തി ടാസ്‌ക് പൂര്‍ത്തിയാക്കി. രണ്ടാമതായി ദേശീയചാനലില്‍ പ്രത്യക്ഷപ്പെട്ടത് കുറച്ചു കടുത്ത ബുദ്ധിമുട്ടേറിയ ടാസ്‌കുമായാണ്; അതാണ് ലോക്ക്ഡൗണ്‍. രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടു.എല്ലാവരും വീട്ടില്‍ ഇരിക്കുക,നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക, കയ്യില്‍ കാശില്ലാത്ത കളിക്കാര്‍ പട്ടിണി കിടക്കുക, വീടില്ലാത്തവര്‍ തെരുവില്‍ കഴിയുക, വെള്ളം കുടിക്കാന്‍ ഇല്ലാത്തവര്‍ തെരുവില്‍ അലയാന്‍ വിട്ടിരിക്കുന്ന ഗോമാതാക്കളുടെ മൂത്രം കുടിക്കുക (അതാകുമ്പോള്‍ പിന്നെ മരുന്നിന്റെയും ആവശ്യം ഇല്ലല്ലോ), അല്ലെങ്കില്‍ വിദഗ്ധ കളിക്കാര്‍ക്ക് സപ്ലൈ ചെയ്യാന്‍ കൊണ്ടുപോകുന്ന പാല്‍ റോഡില്‍ എങ്ങാനും ഒഴുകിപ്പോയിട്ടുണ്ടെങ്കില്‍ അത് കൈകൊണ്ടു കോരി പാത്രത്തിലാക്കി സംഭരിച്ചു വെക്കുക, തുടങ്ങി ആകര്‍ഷകമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ഈ ടാസ്‌ക്. ഇതില്‍ ആദ്യം പറഞ്ഞ രണ്ട് നിര്‍ദ്ദേശങ്ങള്‍ വിദഗ്ധകള്‍ക്കാര്‍ക്ക് ഉള്ളതാണ്. മറ്റേത് അവിദഗ്ദ കളിക്കാരെ ഉദ്ദേശിച്ചുള്ളതും. പതിവുപോലെ വിദഗ്ദരായ കളിക്കാര്‍ ഇതിനെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവര്‍ രാമായണം സീരിയല്‍ ഒക്കെ മുടങ്ങാതെ കാണുന്നുണ്ട്. അതില്‍ നിന്നും ഹനുമാനും രാമനും ഒക്കെ പയറ്റിയ യുദ്ധതന്ത്രങ്ങള്‍ ഈ ഗെയിമിലെ വിജയത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ഈ ഘട്ടത്തിന് അത്ര ബുദ്ധിമുട്ടില്ലാത്ത ഒരു സപ്പ്‌ളിമെന്ററി ടാസ്‌ക് കൂടി ഉണ്ട്. അതും പ്രധാനമന്ത്രി ദേശീയചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് നല്‍കിയത്. ഏപ്രില്‍ 5 നു രാത്രി 9 മണിക്ക് വീട്ടിലെ വെളിച്ചം എല്ലാം കെടുത്തി മെഴുകുതിരിയോ ചിരാതോ മൊബൈല്‍ ടോര്‍ച്ചോ ഒക്കെ കത്തിച്ചു 9 മിനിറ്റ് ഇരിക്കണം. ഇതുവളരെ സിമ്പിള്‍ ആയതുകൊണ്ട് വീട്ടില്‍ മാത്രമല്ല റോഡിലും ഇറങ്ങി ഈ ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കി. ഇതിലും ഏകദേശം പതിനായിരത്തിലധികം കളിക്കാര്‍ തെരുവിലിറങ്ങി തന്നെ പങ്കെടുത്തു. അടുത്ത ടാസ്‌കിനായി കാത്തിരുന്നവരുടെ മുന്നില്‍ അദ്ദേഹം വീണ്ടും ദേശീയചാനലില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഇത്തവണ കഴിഞ്ഞ ടാസ്‌കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിവരെ അനുമോദിച് , പിന്നെ ചില കൊച്ചു വര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു അദ്ദേഹം അങ്ങ് അപ്രത്യക്ഷമായി. കളിക്കാര്‍ ഇപ്രവശ്യം ടാസ്‌ക് ഒന്നും കിട്ടിയില്ലല്ലോ എന്ന് അമ്പരന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അത് നല്‍കിയിട്ടു തന്നെയാണ് ഷോ നിര്‍ത്തിപ്പോയത്. 4 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സ്വാഭാവികമായി തന്നെ കളിക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. അതിലേക്കു കടക്കാതെ കളി നിര്‍ത്തി പോരാന്‍ പറ്റില്ല.കാരണം അഞ്ചാമത്തെ അഥവാ അവസാനത്തെ സ്‌റ്റേജില്‍ നിന്ന് ഒഴിവാകാന്‍ പറ്റാത്ത വിധം കളിയില്‍ അവര്‍ പെട്ടുപോയിട്ടുണ്ടാകും. നേരത്തെ സൂചിപ്പിച്ചപോലെ അവിദഗ്ധകളിക്കാര്‍ ആണ് ഈ സ്‌റ്റേജില്‍ ഏറ്റവും കൂടുതല്‍ വിജയിക്കുക. ഈ ഘട്ടത്തിന്റെ തുടക്കത്തിലാണ് ഇപ്പോള്‍ നമ്മള്‍ എത്തിയിരിക്കുന്നത്. ഈ കളി ഒരു മരണക്കളിയായി മാറാന്‍ അധിക സമയം വേണ്ടിവരില്ല. ഇമ്മാതിരി കളികള്‍ കളിച്ചുകൊണ്ടിരുന്ന പല വമ്പന്‍ രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ അവരുടെ ജനതയെ മരണത്തിലേക്ക് തള്ളിവിട്ടത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

hindu-fasc

ഹിന്ദുത്വ ഫാസിസത്തിന്റെ ഒളിച്ചുകടത്തല്‍ :

യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ഗെയിം അത്ര നിഷ്‌ക്കളങ്കമായ ഒന്നല്ല. മഹാമാരിക്കിടയിലും ഹിന്ദുത്വ ഫാസിസത്തിന്റെ വിത്തുപാകി വിളവെടുക്കാനുള്ള അതിസമര്‍ത്ഥമായ ചില തന്ത്രങ്ങള്‍ ആണ്. അത്രമേല്‍ അനുസരണയോടെയാണ് യഥാര്‍ത്ഥ പ്രശ്‌നത്തെ അഡ്രസ് ചെയ്യാതെ ഉള്ള ഇത്തരം ഫാന്‍സി പരിപാടികളെ ജനങ്ങള്‍ പ്രത്യേകിച്ച് മധ്യവര്‍ഗം സ്വീകരിച്ചത് എന്ന് കാണുക. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സ്വയം രക്ഷാ ഉപകരണങ്ങള്‍പോലും ലഭ്യമാകാതെ അവര്‍ ജജഋ കിറ്റിന് പകരം പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് ശരീരം മൂടി രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വക ഇത്തരം പരിപാടികള്‍ എന്ന് നാം ആലോചിക്കണം. 'സാമൂഹ്യ അകലം പാലിക്കുക' എന്നത് ഈ മഹാമാരിയെ തടയാന്‍ അത്യന്താപേക്ഷിതമാണ് എന്നിരിക്കെ പൊലീസിലെ ഉന്നതരും ജഡ്ജിമാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം പതിനായിരങ്ങള്‍ ഇന്ത്യയുടെ നാനാഭാഗത്തു തെരുവിലിറങ്ങി കിണ്ണം കൊട്ടല്‍ പരിപാടിയെ വിജയിപ്പിച്ചു.

download

നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന ചോദ്യം ഇവരില്‍ നിന്നും ഉയര്‍ന്നില്ല.ആവശ്യത്തിന് ആശുപത്രികളോ മരുന്നോ സാനിറ്റൈസറോ ആംബുലന്‍സൊ ഡോക്ടര്‍മാരോ നഴ്‌സുമാരോ ടെസ്റ്റിംഗ് ലാബുകളോ നമ്മുടെ രാജ്യത്തുണ്ടോ എന്ന് അവര്‍ ചോദിച്ചില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഉണ്ടായ കൂട്ടപലായനങ്ങള്‍ കണ്മുന്നില്‍ നടന്നുകൊണ്ടിരിക്കെ ആണ് വെളിച്ചം കെടുത്തി വെളിച്ചം കത്തിക്കുന്ന പരിപാടി ആഘോഷിക്കപ്പെട്ടത്. എല്ലാ മാധ്യമങ്ങളുടെയും ക്യാമറ നഗരങ്ങളിലെ കൂറ്റന്‍ ഫ്‌ളാറ്റുകളിലേക്കായിരുന്നു.ദീപം കൊളുത്തിയതിന്റെ നയനമനോഹരമായ ദൃശ്യങ്ങള്‍ അവര്‍ സംപ്രേഷണം ചെയ്തു. ഒരു മാധ്യമത്തിന്റെയും ക്യാമറ ഗ്രാമങ്ങളിലേക്ക് തുറന്നുവെച്ചില്ല. അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് ആരുടേയും വിഷയമായില്ല. എല്ലാ കാലത്തും ഇരുട്ടില്‍ ജീവിക്കുന്ന ഇവര്‍ക്ക് അന്നായിട്ട് ഉള്ള വെളിച്ചം കെടുത്തിയിട്ട് വേറൊന്ന് കത്തിക്കേണ്ടിവരില്ല എന്ന് മാധ്യമങ്ങള്‍ക്ക് അറിയാം. അവരുടെ ജീവിതത്തിലെ ഇരുട്ടിന് അത്ര ദൃശ്യചാരുത ഇല്ലായെന്നും അവര്‍ക്കറിയാം. ഈ പലായനങ്ങള്‍ , അതിനിടെ വിശന്നും ദാഹിച്ചും മരിച്ചു വീണ മനുഷ്യര്‍ ഭരണകൂടത്തിന്റെ നെറികേടിന്റെയും നിരുത്തരവാദിത്തത്തിന്റെയും ഫലമാണ് എന്ന് ആരും വിളിച്ചു പറഞ്ഞില്ല. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വെളിച്ചം കത്തിക്കാത്തതിന്റെ പേരില്‍ ഹരിയാനയിലെ പിംഗോര്‍ വില്ലേജിലെ ഒരു ദളിത് കുടുംബത്തിലേക്ക് ഗുജ്ജാര്‍ ജാതിയില്‍പ്പെട്ടവര്‍ ഇടിച്ചുകയറി 8 പേരെ മര്‍ദ്ദിച്ചത് എത്ര മാധ്യമങ്ങള്‍ക്കു വാര്‍ത്തയായി? വീണ്ടും ദേശീയചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഇതിനെക്കുറിച്ച് ഒരക്ഷരം പറയാത്ത പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഒരൊറ്റ വാക്കുപോലും ഈ മധ്യവര്‍ഗം ഉരിയാടിയില്ല. സാമൂഹ്യഅകലം പാലിക്കണമെന്ന ഉത്തരവ് ലംഘിച്ചു തെരുവില്‍ ഇറങ്ങി വെളിച്ചം കത്തിച്ചവരെ ശാസിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ട ചോദ്യം ചോദിക്കാതിരിക്കുകയും 'ഒരു ദീപം കൊളുത്തുന്നത് കൊണ്ട് എന്താണ് കുഴപ്പം അത് ആര്‍ക്കും ദ്രോഹം ഒന്നും ചെയ്യുന്നില്ലല്ലോ' എന്ന ചോദ്യം നിഷ്‌കളങ്കമായി ചോദിക്കുകയും ചെയ്തത് സംഘപരിവാരങ്ങള്‍ മാത്രമല്ല എന്നിടത്താണ് ഇതിന്റെ അപകടം പതിയിരിക്കുന്നത്. എതിരാളികളെ കൊണ്ടുപോലും ഇത് നടപ്പിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നിടത്താണ് ഹിന്ദുത്വത്തിന്റെ വിജയം.

BB12c5c6

അടച്ചുപൂട്ടലിന്റെ മറവില്‍ മുസ്ലിം വേട്ടയ്ക്കും വര്‍ഗീയപ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുക എന്ന ഏറ്റവും നീചമായ കാര്യങ്ങള്‍ ചെയ്യാനും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു മടിയും ഇല്ല. രാജ്യതലസ്ഥാനത്ത് ഡല്‍ഹി പോലിസ് മുസ്ലിംകളെ വേട്ടയാടുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. Islamic  Evangelic Organization ആയ Tablighi Jamaat (TJ)  അതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ മാര്‍ച്ചില്‍ സംഘടിപ്പിച്ച സമ്മേളനത്തെ പ്രതി വ്യാപകമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കു ആണ് സംഘപരിവാരം അഴിച്ചു വിട്ടത്.ഈ സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യ ഗവണ്മെന്റ് പോലും ഈ മഹാമാരിയെ ഗൗരവമായി കണ്ട് സുരക്ഷാ നടപടികള്‍ ആരംഭിച്ചിട്ടില്ല എന്നോര്‍ക്കണം.

download (1)

ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച മാര്‍ച്ച് 22 നുപോലും ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നു എന്നതാണ് വസ്തുത. ജന ജീവിതം വളരെ സാധാരണ നിലയില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം അറിയാമായിരുന്നിട്ടും യാതൊരു മുന്‍കരുതലും സുരക്ഷാക്രമങ്ങളും നടത്താന്‍ ഡല്‍ഹികേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായില്ല. തങ്ങളുടെ കഴിവുകേടും നിരുത്തരവാദിത്തവും മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടാനും അതുവഴി വര്‍ഗീയ പ്രചാരണത്തിനുമാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നത്. ഗുജറാത്തിലെ ആശുപത്രികളില്‍ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമായി മതാടിസ്ഥാനത്തില്‍ പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട, വ്യാജമായ ഗുജറാത്ത് വികസന മോഡലിന്റെ എക്കാലത്തെയും ആരാധകര്‍ ഈ വാര്‍ത്ത ആവര്‍ത്തിച്ചു വായിക്കുന്നത് നന്നാവും. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെയും സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കാളികളായവരെയും വേട്ടയാടാന്‍ ഭീതിക്കിടയിലും ഡല്‍ഹി പോലിസ് ശ്രമിക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയവരെയും സംഘപരിവാര്‍ ആസൂത്രണം ചെയ്ത ഡല്‍ഹി കലാപത്തിലെ ഇരകളായവര്‍ക്കുമെതിരേയാണ് പോലിസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം പ്രത്യക്ഷ പ്രതിഷേധങ്ങളുണ്ടാവില്ലെന്നു വ്യക്തമായ പോലിസ് പലയിടത്തും മുസ്ലിം യുവാക്കള്‍ക്കെതിരേ അന്യായമായി കുറ്റങ്ങള്‍ ചുമത്തുന്നതായും ആരോപണമുണ്ട്.

download (2)

മുസ്ലിങ്ങളെ മാത്രമല്ല, ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകരെയും വേട്ടയാടാന്‍ ഈ അവസരം ഉപയോഗിക്കുണ്ട് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ.ആനന്ദ് തെല്‍തുംബ്‌ദെയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖേയുടെയും അറസ്റ്റും റീമാന്‍ഡും. രണ്ടുവര്ഷങ്ങള്ക്കു മുന്‍പ് ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തില്‍ മാവോയിസ്‌റ് ബന്ധം ആരോപിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രശാന്ത് ഭൂഷണും കണ്ണന്‍ ഗോപിനാഥനും അറസ്റ്റ് ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

മഹാപലായനങ്ങള്‍ ,ദാരിദ്ര്യം, പട്ടിണി മരണം :

രാജ്യവ്യാപക അടച്ചുപൂട്ടലിനു ശേഷം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മഹാപലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് മോഡി ഈ പ്രഖ്യാപനം നടത്തിയത്. പാര്‌ലമെന്റ് സമ്മേളനം നടക്കുന്ന സന്ദര്‍ഭമായിട്ടുപോലും ഇക്കാര്യം അവിടെ പ്രഖ്യാപിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. പ്രസ് മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണ് മോഡി അടച്ചിടല്‍ പ്രഖ്യാപിച്ചത്. യാതൊരു മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇല്ലാതെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 'നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക' എന്നൊക്കെയുള്ള വാചാടോപങ്ങള്‍ പറയുന്നവര്‍ക്ക് എളുപ്പമാണ് എന്ന് തോന്നും എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക് അതത്ര സുഖകരമായ കാര്യമല്ല. സ്വന്തം ഗ്രാമങ്ങളില്‍ നിന്നും തൊഴിലന്വേഷിച്ചു നഗരങ്ങളിലേക്ക് കുടിയേറിയ ജനലക്ഷങ്ങളുണ്ട് ഇന്ത്യയിലെമ്പാടും. 21 ദിവസം പണിയില്ലാതെയാകും എന്നറിഞ്ഞതോടെ ഇവര്‍ പരിഭ്രാന്തിയിലായി.തൊഴിലുടമകള്‍ ഫോണുകള്‍ എടുക്കാതായി. ചുരുക്കം ചില ദിവസങ്ങള്‍ തള്ളി നീക്കാനുള്ള പണം മാത്രമേ പലരുടെയും കൈവശം ഉണ്ടായിരുന്നുള്ളു. അടച്ചിടല്‍ മൂന്നാഴ്ചയിലും നീണ്ടേക്കുമെന്ന അഭ്യൂഹവും കൂടിയായപ്പോള്‍ ആണ് തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായി കൂട്ടപലായനം തുടങ്ങിയത് .

0e10i9no_migrants-in-up-being-sprayed-with-disinfectant-_625x300_30_March_20

നീണ്ട അടച്ചിടലിലേക്ക് പോയാല്‍ ദിവസവേതനക്കാരായ അസംഘടിത തൊഴിലാളികളുടെയും ദരിദ്രജന വിഭാഗങ്ങളുടെയും അവസ്ഥ എന്താകും എന്നത് കേന്ദ്ര ഗവണ്‍ന്മെന്റിന്റെ പരിഗണയില്‍ വന്നതേ ഇല്ല. എല്ലാ നിയന്ത്രണങ്ങളും തള്ളി സ്ത്രീകളും ഗര്‍ഭിണികളും കുട്ടികളും വൃദ്ധരും അടക്കം കാല്‍നടയായും ഉന്തുവണ്ടികളിലുമായി ഭക്ഷണവും വെള്ളവും പോലും ഇല്ലാതെ കിലോമീറ്ററുകള്‍ നടക്കുന്ന അതിദയനീയമായ കാഴ്ച മനഃസാക്ഷിയുള്ള ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ മഹാനഗരത്തില്‍ വെച്ച് മരിച്ചുപോയാല്‍ തങ്ങളുടെ കുടുംബങ്ങള്‍ അത് അറിയുകപോലും ഇല്ല എന്ന തീവ്രമായ വേവലാതികൂടിയാണ് ഇവരെ അറുനൂറും എഴുന്നൂറും കിലോമീറ്ററുകള്‍ നടന്നു സ്വന്തം ഗ്രാമങ്ങളിലെത്താന്‍ പ്രേരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് , ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറിയപങ്കും. ഇവര്‍ക്ക് എത്തിച്ചേരേണ്ട ഗ്രാമങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ അങ്ങെയറ്റം പരിമിതമാണ്. മടങ്ങിവരുന്നവരെ പ്രവേശിപ്പിക്കാന്‍ പല ഗ്രാമങ്ങളും തയ്യാറല്ല. നടന്ന് അവശരായി സ്വന്തം നാട്ടില്‍ എത്തിയവരെ ആകട്ടെ മാരകമായ കീടനാശിനി തളിപ്പിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ലോക്ക്  ഡൗണ്‍ തുടങ്ങിയ ശേഷം 195 പേര്‍ കൊറോണ കാരണമല്ലാതെ മരിച്ചിട്ടുണ്ട് എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ 53 പേര്‍ വിശപ്പ്,തളര്‍ച്ച, മരുന്നിന്റെ അഭാവം എന്നിവ കാരണമാണ് മരിച്ചത് എന്നും പ്രിന്റ് വിശദീകരിക്കുന്നു. മുന്നൊരുക്കങ്ങള്‍ ഇല്ലാതെയുള്ള ലോക്ക് ടൗണിന്റെഅനന്തരഫലം വന്‍തോതിലുള്ള പട്ടിണി മരണങ്ങള്‍ ആയിരിക്കും എന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നുണ്ട്.

Migrants

ഞങ്ങള്‍ കൊറോണ ബാധിച്ചല്ല വിശന്ന് മരിക്കാനാണ് കൂടുതല്‍ സാധ്യത എന്ന് പലായനം ചെയ്യുന്ന മനുഷ്യര്‍ പറയുന്നുണ്ട്. ഭക്ഷണം നല്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ തന്റെ മൂന്ന് കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊന്ന 'അമ്മ, ട്രക്കില്‍ കൊണ്ടുപോയ പാല്‍ അബദ്ധത്തില്‍ റോഡില്‍ ഒഴുകിപ്പോയത് പാത്രത്തിലേക്ക് ശേഖരിക്കുന്ന ഒരു മനുഷ്യന്റെ ദയനീയ ചിത്രം, ഭക്ഷണത്തിനായി ക്യു നില്‍ക്കേണ്ടി വരുന്ന പതിനായിരങ്ങള്‍, ആംബുലന്‍സും മറ്റു വാഹനങ്ങളും ലഭ്യമല്ലാത്തതിന്റെ പേരില്‍ മരിച്ച കുഞ്ഞിനേയും മാറോടു അടുക്കിപ്പിടിച്ചു കൊണ്ട് നിലവിളിച്ചു കൊണ്ട് തന്റെ വീട്ടിലേക്കു നടക്കുന്ന 'അമ്മ, കാന്‍സര്‍ ചികിത്സക്കായി കിലോമീറ്ററുകള്‍ നടന്നു ആശുപത്രികളില്‍ എത്തുന്നവര്‍. മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകള്‍ ആണ് എങ്ങും. ഇതെല്ലാം കണ്ടിട്ടും അധികാരകസേരകളില്‍ അമര്‍ന്നിരുന്നു ഗെയിം കളിക്കുകയും കൊച്ചുവര്‍ത്തമാനം പറയുകയും ചെയ്യുകയാണ് ഇന്ത്യയുടെ ഭരണാധികാരികള്‍. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പകരം പ്രതിമകളും ചേരി കെട്ടി മറയ്ക്കാന്‍ മതിലും രാമന് അമ്പലവും നിര്‍മ്മിക്കാന്‍ കോടികള്‍ ചിലവിടുന്ന, വംശഹത്യയും കലാപവും കൊലപാതകവും മാത്രം ചെയ്തു ശീലിച്ചവര്‍ രാജ്യം ഭരിക്കുമ്പോള്‍ മറ്റെന്താണ് പ്രതീക്ഷിക്കാന്‍ ആവുക? ഇങ്ങനെയൊക്കെയാണ് മോദിയുടെ വികസിത ഇന്ത്യ എന്ന് കോവിഡ് കാലം ഏറെ തെളിച്ചത്തോടെ കാണിക്കുന്നുണ്ട്. എന്നാല്‍, അപ്പോഴും മോഡി സ്തുതികള്‍ പാടുന്ന തലച്ചോറ് പണയം വെച്ച ഒരു വിഭാഗം ആളുകള്‍ ഉണ്ടിവിടെ. അല്ലെങ്കില്‍ അത്തരത്തിലുള്ള ആളുകളെ ബോധപൂര്‍വമായി സൃഷ്ടിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ എക്കാലത്തെയും മാതൃക ഹിറ്റ്‌ലറും മുസ്സോളനിയും ആണ്.

GettyImages-522602440-1a92bcf

ജനങ്ങളെ തമ്മില്‍ വംശശുദ്ധിയുടെ പേരില്‍ തമ്മിലടിപ്പിക്കുക, വൃദ്ധരെയും അംഗവൈകല്യം വന്നവരെയും തൂക്കിയെടുത്തു ജനലിലൂടെയും വാതിലിലൂടെയും പുറത്തേക്കു എറിഞ്ഞുകൊല്ലുക, ജൂതര്‍, കമ്മ്യൂണിസ്റ്റുകാര്‍, ട്രേഡ് യൂണിയണിസ്റ്റുകള്‍, ജിപ്‌സികള്‍ എന്നിവരെ തെരെഞ്ഞുപിടിച്ചു ഗ്യാസ് ചേംബറില്‍ ഇട്ട് ശ്വാസം മുട്ടിച്ചുകൊല്ലുക തുടങ്ങിയ നാനാതരത്തിലുള്ള ഗെയിമുകള്‍ കളിച്ചവരാണ് ഇവര്‍. ഈ ഗെയിമിലെ കളിക്കാര്‍ അഡോള്‍ഫ് എക്ക്മാനെ പോലുള്ള സാധാരണക്കാരില്‍ സാധാരണക്കാരെ മനുഷ്യരായിരുന്നു. ജൂതര്‍, ജിപ്‌സികള്‍,കമ്മ്യൂണിസ്റ്റുകള്‍, ട്രേഡ് യൂണിയണിസ്‌റുകള്‍ അടക്കം 6 മില്യണ്‍ ജനങ്ങളെ കൊന്നൊടുക്കിയ ഹോളോകൊസ്റ്റിന്റെ ഭാഗമായിരുന്നു എക്ക്മാന്‍. അയാള്‍ക്ക് അതില്‍ കുറ്റബോധമോ ചെയ്തത് തെറ്റാണ് എന്ന ബോധമോ ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ ഉത്തരവുകള്‍ നടപ്പിലാക്കുന്ന അനുസരണയുള്ള ലക്ഷകണക്കിന് പൗരരില്‍ ഒരാളായിരുന്നു അയാള്‍. ഭരണകൂടത്തോട് സമ്പൂര്‍ണമായി വിധേയപ്പെട്ട, അനുസരണയുള്ള പൗരരെ വാര്‍ത്തെടുക്കുക എന്നത് ഫാസിസത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്നാണ്. മനുഷ്യത്വരഹിതവും യുക്തിരഹിതവുമായ ഏതു ഉത്തരവുകളും അനുസരിക്കുന്ന പൗരര്‍.

download (3)

ഇന്ത്യയില്‍ ഈ മഹാമാരിക്ക് നടുവിലും ഹിന്ദുത്വ ഫാസിസം ശ്രമിക്കുന്നതും അതിനു തന്നെയാണ്. ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും അഡോള്‍ഫ് എക്ക്മാന്‍മാര്‍ ആക്കി മാറ്റുവാന്‍ ഉള്ള ഭഗീരഥ പ്രയത്‌നത്തില്‍ ആണ് അവര്‍. എത്ര തന്ത്രപരമായാണ് അവര്‍ അത് ചെയ്യുന്നത്. ഫാസിസത്തിന്റെ കാഴ്ചപ്പാട് പ്രകാരമുള്ള അനുസരണയുള്ള പൗരര്‍ ആയി നമ്മള്‍ മാറിത്തീരുന്നത് നമ്മള്‍ പോലും അറിയുന്നില്ല. ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മിതിക്കായി, സമ്പൂര്‍ണ അനുസരണയുള്ള (complete obedience) പൗരരെ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമം ഹിന്ദുത്വം ഈ മഹാമാരിയുടെ മറവില്‍ നടത്തുന്നുണ്ട്. അതിനെതിരെ കൂടി ജാഗരൂഗരായിരിക്കേണ്ടതുണ്ട് എന്ന് കോവിഡിനെ തുരത്താന്‍ സര്‍വ്വസന്നാഹങ്ങളുമായി പ്രയത്‌നിക്കുന്നതിന് ഇടയിലും നമ്മള്‍ വിസ്മരിച്ചുകൂടാ.ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ ക്രൂരവും ലജ്ജാകരവുമായ രീതിയില്‍ നഗ്‌നനാണ്.