Dr Joe Jacob

പ്രൊഫ . താണു പദ്മനാഭൻ - ശാസ്ത്ര ലോകത്തെ അപൂർവ്വ ധിഷണാശാലി

Thanu Padmanabhan

വ്യതിരിക്തമായ ചിന്താധാരയിലൂടെ സൈദ്ധാന്തിക ഭൗതികത്തിൽ തനതായ പാത വെട്ടിത്തുറന്ന ഒരു മഹാ ശാസ്ത്രജ്ഞനായ പ്രൊഫ. താണു പദ്മനാഭന്റെ അകാലത്തിലുള്ള നിര്യാണം ശാസ്ത്ര ലോകത്തിനു ഒരു തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ മരണം സ്വദേശത്തും വിദേശത്തും വലിയ വർത്തയായതിൽ അത്ഭുതമില്ല. കാരണം ശാസ്ത്ര ലോകത്തു വിപ്ലവാത്മകമായ മാറ്റങ്ങളുടെ നാന്ദി കുറിച്ച മഹാനുഭാവനാണദ്ദേഹം. പ്രപഞ്ചത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന ഗുരുത്വത്തെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിൽ ഒരു ശൈലി മാറ്റം തന്നെ കൊണ്ട് വന്ന ഈ ധൈര്യശാലി അദ്ദേഹത്തിന്റെ പ്രവർത്തനം പാതി വഴിയിൽ നിർത്തി നമ്മെ വിട്ടു പിരിഞ്ഞതിലുള്ള ഞെട്ടൽ ശാസ്ത്ര ലോകത്തു എന്നും നിലനിൽക്കും.

download (2)


ഗുരുത്വാകര്ഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. പ്രപഞ്ചത്തിന്റെ നിലനിൽപിന് അടിസ്ഥാനപരമായതെങ്കിലും ഗുരുത്വം ശാസ്ത്ര ലോകത്തിനു ഇന്നും പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയാനാവില്ല. ഇത് മനസ്സിലാക്കുന്നതിൽ ചില ഗതി മാറ്റം കൊണ്ട് വന്നവരിൽ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റെയ്‌നും ഒപ്പമാണ് താണു പദ്മനാഭന്റെയും സ്ഥാനം എന്ന് പറയുന്നതിൽ തെറ്റില്ല. ഗുരുത്വം ഒരു ബലമാണെന്ന ന്യൂട്ടന്റെ സിദ്ധാന്തത്തിന്റെ ന്യൂനതകൾ പരിഹരിക്കുന്നതിൽ നിന്നാണ് എയ്ൻസ്റ്റീന്റെ സാമാന്യ ഗുരുത്വ തത്വം (ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി) പിറവി കൊണ്ടതെങ്കിൽ ഗുരുത്വവും ക്വാന്റും സിദ്ധാന്തങ്ങളും തമ്മിലുള്ള താതാദ്മ്യമില്ലായ്മ  പരിഗണിക്കവെയാണ് താണു പദ്മനാഭന്റെ പുതിയ ചിന്ത ധാരയായ "ഉരുത്തിരിഞ്ഞ ഗുരുത്വം " (എമെർജന്റ് ഗ്രാവിറ്റി) മുന്നോട്ടു വയ്ക്കപ്പെട്ടത്. അടിസ്ഥാനപരമായി ഗുരുത്വത്തെ ഐൻസ്റ്റിന്റെ തത്വത്തെ അധികരിച്ചു സ്ഥലകാല വാർത്തുളതയായി വിവക്ഷിച് അവയുടെ സൂക്ഷ്മ സ്വഭാവം ക്വാന്റും ഗ്രാവിറ്റിയിൽ കണ്ടെത്താൻ ശ്രമിക്കുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും സ്ഥൂലമായ സ്വഭാവ വിശേഷങ്ങൾ ഇത്തരത്തിൽ അപ്പാടെ സൂക്ഷ്മ സ്വഭാവത്തിലേക്ക് ആരോപിക്കാനാവില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. എയ്ൻസ്റ്റീന്റെ ഫീൽഡ് സമവാക്യങ്ങൾ സ്ഥല കാലങ്ങളെ പ്രദ്യോതിപ്പിക്കുമെങ്കിലും അതിലേക്കു ക്വാന്റും നിയമങ്ങൾ ബാധകമാക്കി, അതിന്റെ സൂക്ഷ്മ ഘടന നിർവചിക്കാനുള്ള ശ്രമം തന്നെ അപ്രായോഗികവും അബദ്ധവുമാണെന്നും അദ്ദേഹം സിദ്ധാന്തിച്ചു. സ്ഥല കാലത്തിന്റെ സൂക്ഷ്മ സ്വഭാവം തത്വപരമായി നിര്ണയിക്കുവാൻ താപ ഗതിക (തെര്മോഢ്യനാമിൿസ് ) സങ്കേതമുപയോഗിച് എയ്ൻസ്റ്റീന്റെ സമവാക്യങ്ങളെ മാറ്റിയെഴുതാമെന്നും അങ്ങനെ ഗുരുത്വത്തെ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുമ്പോൾ കാര്യങ്ങൾക്കു കുറെ കൂടി ചേർച്ച ഉണ്ടാവുമെന്നും അദ്ദേഹം കണ്ടെത്തി. ഈ പുതിയ കാഴ്ചപ്പാടിലൂടെ, താപഗതികവും (തെര്മോദ്യനാമിൿസ്) സ്ഥിതിവിവര ഗതികവും (സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് ) വസ്തുക്കളുടെ സ്ഥൂലവും സൂക്ഷ്മവുമായ അവസ്ഥകളെ പ്രദ്യോതിപ്പിക്കും പോലെ സ്ഥല കാലങ്ങളെയും ഇവയുപയോഗിച്ചു അവയുടെ സൂക്ഷ്മ സ്വഭാവത്തിലേക്ക് ബന്ധിപ്പിക്കാമെന്നും അങ്ങനെ ഒരു വിശാല സിദ്ധാന്തം വികസിപ്പിക്കാനാവുമെന്നും, എയ്ൻസ്റ്റീന്റെ സിദ്ധാന്തം അതിന്റെ ഒരു പിരിവു മാത്രമാകുമെന്നും അദ്ദേഹം വിവക്ഷിക്കുന്നു. ശാസ്ത്ര ലോകം പരക്കെ അംഗീകരിച്ചു വരുന്നേയുള്ളുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വളരെ സമസ്യകൾക്കു ഈ സമീപനത്തിലൂടെ ഉത്തരം കണ്ടെത്താനാവുമെന്നത് ഇതിനു അനുകൂലമായ ഒരു ഘടകമാണ് . ഇത് കൂടാതെ അദ്ദേഹത്തിന്റെ മകൾ ഹംസ പദ്മനാഭനുമായി ചേർന്ന് പ്രാപഞ്ചിക സ്ഥിരംഗത്തിന്റെ (കോസ്മോളജിക്കൽ കോൺസ്റ്റന്റ്)നിർണയത്തിലും പുതിയ ചിന്താധാരകളിലൂടെ കാൽവയ്പുകൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും അദ്ദേഹത്തെ പ്രപഞ്ച വിജ്ഞാനത്തിലെ വിപ്ലവകാരിയാക്കുന്നു. ഈ വിധമുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ പ്രപഞ്ചോത്പത്തി തത്വങ്ങളിലെ ചില സമസ്യകൾക്കു ഫലപ്രദമായ ഉത്തരങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനും പര്യാപ്തമാണെന്നതും പ്രസ്താവ്യമാണ് .

 

91YRjWvf8nL

ശാസ്ത്രരംഗത്തുള്ള ഈ പ്രവർത്തനങ്ങളോടൊപ്പം അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാനായി നിരവധി ആധികാരിക ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പത്നി ഡോ. വാസന്തിയുമായി ചേർന്ന് രചിച്ച " ഡോൺ ഓഫ് സയൻസ് " എന്ന അദ്ദേഹത്തിന്റെ അവസാന കൃതി ശാസ്ത്ര ചരിത്ര ശാഖയിലെ ഒരു മികവാർന്ന രചനയാണ്‌. അകാലത്തിലുള്ള അദ്ദേഹത്തിന്റെ നിര്യാണം പ്രപഞ്ച വിജ്ഞാനീയ  മേഖലയിൽ ഒരു തീരാ നഷ്ടമാണെങ്കിലും, അദ്ദേഹം പരിശീലിപ്പിച്ച പ്രഗല്ഭമായ ഒരു ശിഷ്യ നിരയും ഈ മേഖലയിൽ ചെറു പ്രായത്തിലെ വ്യക്തി മുദ്ര പതിപ്പിച്ച മകൾ ഹംസയും അദ്ദേഹം തുടങ്ങി വച്ച വിപ്ലവം പൂർണതയിലെത്തിക്കാൻ പര്യാപ്തരാണെന്നതാണ് ആശ്വാസം നൽകുന്ന ഒരു കാര്യം .

 

Dr Joe Jacob
Visiting Associate,
Inter University Centre for Astronomy and Astro physics (IUCAA),
Pune.