K G Suraj

സിനിമയുടെ ആര്‍ക്കൈവ്

പ്രിയ സുഹൃത്തേ


സാമൂഹ്യമാറ്റത്തിന്റെയും ആസ്വാദനത്തിന്റേയും മഹത്തായ കല എന്ന നിലയില്‍ സിനിമ നമ്മളിലോരോരുത്തരിലും ചെലുത്തുന്ന സ്വാധീനം വലുതാണല്ലോ. കാലത്തേയും ചരിത്രത്തേയും സംസ്ക്കാരത്തേയും അടയാളം ചെയ്യുന്ന സാര്‍വ്വദേശീയവും ദേശീയവും പ്രാദേശികവുമായ നിരവധിയായ സിനിമകളുടെ സമ്മേളന വേദിയാണ് കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്ര മേളകള്‍ . മികച്ച സിനിമകള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും പഠിക്കുന്നതിനും ലഭ്യമാകുന്ന മികവുറ്റ അവസരമെന്ന നിലയിലും സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ചാലക ശക്തികളിലൊന്നെന്ന നിലയിലും കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്ര മേള സവിശേഷകുന്നു. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ Centre for Film Gender & Cultural Studies ന്റെ ആഭിമുഖ്യത്തില്‍ അക്ഷരം മാസികയും, സൌഹൃദത്തിന്റെയും കൂട്ടായ്മയുടേയും ആശയ സംവാദനങ്ങളുടേയും സര്‍ഗ്ഗാത്മക വസന്തത്തില്‍ കണ്ണി ചേരുകയാണ്.



19 മാത് ഐ എഫ് എഫ് കെ യുടെ ഉള്ളടക്കത്തെ സമ്പന്നമാക്കുന്ന പതിനൊന്നു ചലച്ചിത്ര പാക്കേജുകളെ അധികരിച്ച വിവരണങ്ങളുള്‍ക്കൊള്ളുന്ന പ്രത്യേക ഓണ്‍ലൈന്‍ പതിപ്പില്‍ അനുബന്ധ വിവരണങ്ങള്‍ , ഡെലിഗേറ്റ് വോയ്സ് , ചിത്രങ്ങള്‍ , വീഡിയോ , പ്രത്യേക ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചലച്ചിത്ര മേള തത്സമയം അവതരിപ്പിക്കുന്നതിലൂടെ നേരിലെത്താനാകാത്തവരിലേക്കും വിവരങ്ങള്‍ പങ്കു വെയ്ക്കപ്പെടും വിധമുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അക്ഷരം മാസിക പ്രത്യേക ഐ.എഫ് എഫ് കെ പതിപ്പ് ലോകോത്തര ചലച്ചിത്ര പ്രതിഭ, Marco Bellocchio ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാഥിതിയായി.



സിനിമയില്‍ ജീവിച്ചും സിനിമയില്‍ നിന്നൂര്‍ജ്ജം കൊണ്ടും , കൂട്ടി വെച്ച ചെറുതുകകളുമായി തിയറ്ററുകളില്‍ നിന്നും തിയറ്ററുകളിലേക്ക് അരവയര്‍ മുറുക്കി സഞ്ചരിക്കുന്ന , സിനിമയെ സാമൂഹ്യ മാറ്റത്തിന്റെയും ആത്മാവിഷ്ക്കാരത്തിന്റെയും ചാലക ശക്തിയായ് സമീപിക്കുന്ന ലിംഗ ഭേദമില്ലാത്ത സര്‍ഗ്ഗാധനരാണ് നമ്മുടെ മേളകളുടെ മുഖമുദ്ര. അവരില്‍ തൊഴിലാളിയും , വിദ്യാര്‍ഥിയും പ്രൊഫഷണലും മുതിര്‍ന്നവരും ഇളയവരും സ്ത്രീയും പുരുഷനുമെല്ലാമുണ്ട് . ചലച്ചിത്ര മേളയെ ഒരുവന്റെ ശബ്ദം അപരനു സംഗീതമെന്ന പോലെ സൃഷ്ടിപരമായി സംവാദാത്മകമാകുന്ന കലയുടെ നിസ്വ പക്ഷത്തിന് അക്ഷരം മാസികയുടെ പ്രത്യേക ഐ എഫ്‌ എഫ്‌ കെ പതിപ്പ് ഊഷ്മള സ്നേഹത്തോടെ സമര്‍പ്പിക്കുന്നതിനോടൊപ്പം സമയച്ചുരുക്കങ്ങളിലും ഉള്ളടക്കം പകര്‍ന്ന് മാസികയെ സമ്പുഷ്ടമാക്കിയ പ്രിയ സുഹൃത്തുക്കളെ ഹൃദയപൂര്‍വ്വം അഭിവാദനം ചെയ്യുന്നു. സിനിമയുടെ  ചരിത്രം വര്‍ത്തമാനം തുടങ്ങി  രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ സ്വഭാവസവിശേഷതകളെ നിസ്വ പക്ഷ വര്‍ഗ്ഗ വീക്ഷണത്തോടെ സമീപിച്ച് ഗൗരവതരമായ വിശകലനം സംവാദം ഗവേഷണം തുടങ്ങിയവയെല്ലാം ലക്‌ഷ്യം വെയ്ക്കുന്ന തുടരിടപെടലുകളെ വായനയിലൂടെയും ക്രിയാത്മക പങ്കാളിത്തത്തിലൂടെയും സമ്പന്നമാക്കുമല്ലോ .


സ്നേഹാഭിവാദനങ്ങളോടെ
കെ ജി സൂരജ്
ചീഫ് എഡിറ്റര്‍