Vipin Vijayan

കേരളസർവ്വകലാശാല:അധികാര ദുർവിനിയോഗത്തിൻ്റെ ഭൂതകാലം, അക്കാദമിക മികവിൻ്റെ ഇന്ന്

കേരളത്തിൻ്റെ മാതൃസർവകലാശാലയായ കേരളസർവകലാശാല ഇന്ന് അക്കാദമിക് നേട്ടങ്ങളുടെ ഉന്നതിയിലാണ്. കേരളത്തിലെ അക്കാദമിക് സമൂഹത്തിനും പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ലോകത്തിൻ്റെ മുന്നിൽ അഭിമാനത്തോടെ ശിരസുയർത്തി നിൽക്കാവുന്നത്ര ഉയരങ്ങളിലേക്ക് സർവകലാശാലയെ നയിച്ച ഇടതുപക്ഷ സിൻഡിക്കേറ്റിനൊപ്പം കഴിഞ്ഞ നാലുവർഷക്കാലവും സർവ്വകലാശാലയുടെ സമർപ്പിത നേതൃത്വമെന്ന നിലയിലും സന്നദ്ധ ഭരണനിർവ്വഹകരെന്ന നിലയിലും സ്തുത്യർഹ സേവനമനുഷ്ഠിച്ച വൈസ് ചാൻസിലർ ഡോ വി പി മഹാദേവൻ പിള്ളയും പ്രൊ വൈസ് ചാൻസിലർ ഡോ പി പി അജയകുമാറും ഒക്ടോബർ ഇരുപത്തിനാലിന് സേവനകാലാവധി പൂർത്തിയാക്കുകയാണ്.

ധ്യാനനിരതനായ തൻ്റെ അക്കാദമിക് ലോകത്തിൻ്റെ അതിരുകൾക്കുള്ളിൽ മാത്രം സമർപ്പിത ജീവിതം നയിച്ചിരുന്ന ഡോ. മഹാദേവൻപിള്ളയും അക്കാദമിക് ലോകത്തെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളുടെ ജ്വാലകൾ പ്രസരിപ്പിച്ചിരുന്ന സൗമ്യശീലനായ ഡോ. പി .പിഅജയകുമാറും സർവകലാശാലയുടെ ഏറ്റവും ഉയർന്ന പദവികളിലേക്ക് അക്കാദമിക് യോഗ്യതകൾ മാത്രം അടിസ്ഥാനമാക്കി കടന്നു വന്നപ്പോൾ നെറ്റി ചുളിച്ചവരും ആശങ്കപ്പെട്ടവരുമെല്ലാം ഇന്ന് അവരുടെ പ്രവർത്തന മികവിനെ അകമഴിഞ്ഞ് പ്രശംസിക്കുന്നുണ്ട്.

ഏറ്റവും ഉയർന്ന ഗ്രേഡ് പോയിൻ്റോടെ നാക്കിൻ്റെ A++ ഗ്രേഡ് നേടി സർവകലാശാല ഭരണ നേതൃത്വം സർവ്വകലാശാലക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങൾക്കും കൂട്ടായ പ്രവർത്തി കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്. അക്കാദമിക് രംഗത്തും ഭരണരംഗത്തും നിരവധിമാറ്റങ്ങളാണ് ഈ കാലയളവിൽ സർവ്വകലാശാലയിലുണ്ടായത്. മികച്ച പഠനാന്തരീക്ഷവും ഗവേഷണ സൗകര്യങ്ങളും സൃഷ്ടിക്കപ്പെട്ടു. പുതിയ കെട്ടിടങ്ങളും ഡിപ്പാർട്ട്മെൻ്റുകളും സ്ഥാപിക്കപ്പെട്ടു, ജീവനക്കാർക്കും അദ്ധ്യാപകർക്കും അർഹതപ്പെട്ട പ്രമോഷനുകളും ആനുകൂല്യങ്ങളും കൃത്യമായി നൽകി. വിദ്യാർത്ഥികൾക്കായി സേവനകേന്ദ്രം ആരംഭിച്ചു, പുതിയ കോഴ്സുകളാരംഭിച്ചു, ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കി.

ലോകം മുഴുവൻ വീടകങ്ങളിൽ അടച്ചിരുന്ന ലോക്ക് ഡൗൺ കാലത്ത് കൃഷിയും ഹരിതാലയം പദ്ധതികളുമായി സർവ്വകലാശാല സമൂഹം കർമ്മനിരതമായി. ഇനിയും കിഫ്ബി പദ്ധതിവഴി കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്നു. പുതുതായി നൂറിലധികം അദ്ധ്യാപകരെ നിയമിച്ചു. അക്കാദമിക് യോഗ്യതകളും മെരിറ്റും മാത്രമടിസ്ഥാനമാക്കി നീതിയുടേയും അറിവിൻ്റേയും സംരക്ഷകരായി മാതൃസർവ്വകലാശാല അനുകരണീയ മാതൃകയായ കാലയളവാണ് കഴിഞ്ഞു പോയത്. ഒട്ടും സുഖകരമായ ഭൂതകാലത്തിൽ നിന്നല്ല നേട്ടത്തിൻ്റെ ഈ കൊടുമുടിയിലേക്ക് സർവ്വകലാശാല നടന്നു കയറിയത് എന്നു കൂടി ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതുണ്ട്. ജനാധിപത്യവും അക്കാദമിക് സ്വാതന്ത്ര്യവും പാടെ നിഷേധിക്കപ്പെട്ട ഏകാധിപത്യത്തിൻ്റെ നാളുകളായിരുന്നു സർവ്വകലാശാലയുടെ ഭൂതകാലത്തിലെ ഹൃസ്വദൂരം.

ഏകാധിപത്യവും സ്തുതിപാഠകരും അരങ്ങുവാണ ഇന്നലെകൾ.

അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ജീവനക്കാരുടേയും എല്ലാതരത്തിലുള്ള ജനാധിപത്യ അവകാശങ്ങളും ആത്മാഭിമാനവും നിർദ്ദയം ചവിട്ടിയരയ്ക്കപ്പെട്ട ഭൂതകാലം സർവകലാശാലയുടെ ഓർമ്മകളിൽ ഇന്നും കല്ലിച്ചു കിടപ്പുണ്ട്. പോസ്റ്ററൊട്ടിച്ചതിനും സമരനോട്ടീസ് നൽകിയതിനും സസ്പെൻ്റ് ചെയ്യപ്പെട്ട ജീവനക്കാരും വിദ്യാർത്ഥികളും അർഹമായ പ്രമോഷൻ നിഷേധിക്കപ്പെട്ട അദ്ധ്യാപകരും വ്യക്തിപരമായ പകപോക്കലിൻ്റെ ഭാഗമായി റിട്ടയർമെൻ്റിന് തലേന്ന് സസ്പെൻ്റ് ചെയ്യപ്പെട്ടവരുമെല്ലാം സർവ്വകലാശാലയിലെ സാധാരണ കാഴ്ചയായിരുന്നു. വി.സി , പി.വി.സി. ഓഫീസുകളിലും വിവിധ സെക്ഷനുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അധികാര സിംഹാസനത്തിൻ്റെ അകാരണമായ ചാട്ടവാറടിയേൽക്കാത്ത ആരും സർവ്വകലാശാലയിലുണ്ടായിരുന്നില്ല. ഉന്നതമായ അക്കാദമിക് യോഗ്യതകളുണ്ടായിരുന്ന എത്രയോ പണ്ഡിതരുടെ കണ്ണുനീർ വീണതിൻ്റെ തീപ്പൊള്ളലുകൾ ഇന്നും അധികാരത്തിൻ്റെ ഇടനാഴികളിൽ മായാതെ കിടക്കുന്നുണ്ട്.

സർവ്വകലാശാല ഭരണം മുഴുവനും ഒരു ചെറിയ ഉപജാപക സംഘം കൈയ്യടക്കിയ നാളുകളായിരുന്നു അത്. സെനറ്റും സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും ഡീൻസ് കൗൺസിലും വകുപ്പ് മേധാവികളുമെല്ലാം നോക്കുകുത്തികളായ കാലം. ഭരണ നേതൃത്വവും IQAC യിലെ ചിലരും മാത്രമടങ്ങുന്ന കൊട്ടാര വിദൂഷക സംഘം സർവ്വകലാശാലയുടെ പ്രവത്തനത്തിലെ അദ്യത്തെയും അവസാനത്തെയും വാക്കായി മാറി. ഭരണത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ചവരെല്ലാം 'സർവ്വകലാശാലാദ്രോഹികളായി ' മുദ്രകുത്തപ്പെട്ടു. സിംഹാസനവും സിംഹാസനത്തിൻ്റെ പാദസേവകരും മാത്രം മികച്ചവരും സർവ്വകലാശാലയുടെ മിത്രങ്ങളുമായി മാറി. സർവ്വകലാശാലയുടെ സംഗീത വകുപ്പിൽ വകുപ്പ് മേധാവി റിട്ടയർ ചെയ്തപ്പോൾ പകരം താൽക്കാലിക വകുപ്പ് മേധാവിയായി നിയമിക്കപ്പെട്ടത് സംഗീതം ഇതുവരെയും പഠിപ്പിക്കാത്ത ഒരാളായിരുന്നു. അധികാരക്കസേരയുടെ 'പ്ലഷർ ' മാത്രമായിരുന്നു അതിൻ്റെ യോഗ്യത. താൽക്കാലിക ചുമതലക്കാരനായ പരമയോഗ്യൻ നടപ്പിലാക്കിയ തലതിരിഞ്ഞ സിലബസ് പരിഷ്കരണം പിന്നീട് സെനറ്റിന് റദ്ദാക്കേണ്ടി വന്നതും ചരിത്രം.

313062260_10161554338092502_2888626164268164443_n
ഏകാധിപത്യ കാലത്തിന് അനിവാര്യമായ അന്ത്യമുണ്ടായപ്പോൾ അധികാരക്കസേരയുടെ ചുറ്റിലും നിന്ന് റാൻ മൂളിയവരെല്ലാം പെട്ടന്ന് ജനാധിപത്യത്തിൻ്റെ മുഖം മൂടികൾ എടുത്തണിഞ്ഞ് അവകാശ സംരക്ഷകരായി രംഗത്തുവന്നു എന്നത് കാലത്തിൻ്റെ ദുരന്തമാകാം. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും കടുത്ത പീഡനങ്ങൾക്ക് വിധേയമായ കാലത്ത് ഒരക്ഷരം ഉരിയാടാതെ അധികാരത്തിൻ്റെ മധുരം നുണഞ്ഞ് മത്തുപിടിച്ചിരുന്നവർ അധികാര ഭ്രഷ്ടരായപ്പോൾ അവർക്കെടുത്തണിയാൻ ജനാധിപത്യത്തിൻ്റെ മുഖം മൂടികൾ വേണ്ടിവന്നു എന്നത് ജനാധിപത്യത്തിൻ്റെ ദുര്യോഗമാണ്. അധികാരശ്രേണിയുടെ റാൻ മൂളികളായിരുന്ന ചിലർ ഒരു സുപ്രഭാതത്തിൽ ഒരദ്ധ്യാപക സംഘടനയുടെ നേതാക്കളായി നാടകീയമായി രംഗപ്രവേശം ചെയ്തത് ആ സംഘടനയിലെ അംഗങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു. അധികാരദുർവിനിയോഗത്തിൻ്റെ ഏകസ്വരത്തിന് കോറസ് പാടിയിരുന്നവർ ബഹുസ്വരതയെ കൂട്ടുപിടിച്ച് സ്വയം പരിഹാസ്യരായി. വിദ്യാർത്ഥി സമരങ്ങൾ അടിച്ചമർത്താൻ രഹസ്യമായി കൂട്ടുനിന്നവർ സ്വാർത്ഥ താൽപര്യങ്ങൾക്കായി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജസമരങ്ങൾ അളിഞ്ഞവസന്തങ്ങളായി ഒരു നേർത്ത പാടുപോലുമവശേഷിപ്പിക്കാതെ മണ്ണിലലിഞ്ഞു ചേർന്നു. അധികാര പ്രമത്തതയുടെ കാലത്ത് ഏ.സി മുറികളിലും ആഡംബര കാറുകളിലും മാത്രം വിലസിയിരുന്നവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ വീണ്ടും നഗ്നപാദരായി കാമ്പസിൽ പ്രത്യക്ഷപ്പെട്ടത് മറ്റു ചില ജാടകളുടെ വില കുറഞ്ഞ പ്രദർശനമായി പരിണമിച്ചു.

 കേരളം മഹാപ്രളയത്തിലും പകർച്ചവ്യാധിയിലും പെട്ട് ബുദ്ധിമുട്ടിയ സമയത്ത് സഹജീവികൾക്ക് അതിജീവനത്തിൻ്റെ കരുതലുമായി കാവൽ നിന്ന കേരള ജനതയുടെ കൂടെ കൈകോർത്ത് പിടിച്ച് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും സാലറി ചലഞ്ചിലും സന്നദ്ധസേവനത്തിനും കൈമെയ് മറന്ന് സ്വയം സമർപ്പിച്ചപ്പോൾ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ നിന്ന് സർവകലാശാല കാമ്പസിലെ വിരലിലെണ്ണാവുന്ന അദ്ധ്യാപകരേയും ജീവനക്കാരേയും പിന്തിരിപ്പിതിലും ചില ജുബ്ബാധാരികൾക്ക് വിദൂഷക വേഷമുണ്ടായിരുന്നു. ദുരന്തകാലത്ത് സഹജീവികളെ സഹായിക്കാൻ വിമുഖത കാണിച്ചവർ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായപ്പോൾ പുതിയ മാരീചവേഷവുമായി നിർലജ്ജം അധികാരികളുടെ പ്രീതി പിടിച്ചു പറ്റാൻ മുട്ടിലിഴയുകയാണ്. ഇത്തരം കപടനാട്യക്കാരെ തിരിച്ചറിയാൻ നേതൃത്വത്തിന് കഴിവുണ്ട് എന്നതാണ് ഇടതുപക്ഷത്തിൻ്റെ മേന്മ. സർവകലാശാലയുടെ മുന്നോട്ടുള്ള പ്രയാണം തടസപ്പെടുത്താൻ വലതുപക്ഷ സംഘടനകൾ പലതന്ത്രങ്ങളും കിണഞ്ഞു പയറ്റിയെങ്കിലും സെനറ്റ് തെരെഞ്ഞടുപ്പിലുൾപ്പെടെ ഒരു സീറ്റു പോലും നേടാൻ അവർക്കായില്ല. മുഴുവൻ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ഇടതുപക്ഷത്തോട് ചേർന്നു നിന്നു. ആദ്യം നിഷ്പക്ഷനായും പിന്നീട് അധികാരത്തിൻ്റെ പ്രതിപുരുഷനായും പെട്ടന്നൊരു സുപ്രഭാതത്തിൽ കള്ള പ്രചാരണങ്ങളുടെ ന്യൂസ് ലെറ്റർ വിതരണക്കാരനായി ഒരു ഒരദ്ധ്യാപഘടനയുടെ തലപ്പത്തേക്ക് സഹപ്രവർത്തകരെപ്പോലും വഞ്ചിച്ച് കടന്നു വന്ന ചില കപടനാട്യക്കാരുണ്ട്, മാനായും മയിലായും തരംപോലെ പ്രച്ഛന്ന വേഷം കെട്ടിയാടാൻ അപാരമായ മെയ് വഴക്കമുള്ള ചിലർ. അത്തരം ചില കള്ളനാണയങ്ങൾ ഹിന്ദുത്വ ശക്തികളുടെ കൂടാരങ്ങളിലെ നിത്യ സന്ദർശകരാണിപ്പോൾ. അവർ സ്വപ്നം കാണുന്നത് സംഘപരിവാർ പിന്തുണയോടുകൂടിയ വൈസ് ചാൻസിലർ പദമാകാം.

നേട്ടങ്ങൾ അട്ടിമറിക്കുക ആരുടെ അജണ്ട കേരളസർവകലാശാലയിലെ വി.സി നിയമനം സംബന്ധിച്ച വാർത്തകളും വിവാദങ്ങളും പത്രങ്ങളിലെ സ്ഥിര വാർത്തകളാണ്. നിസാര പിഴവുകൾക്കു പോലും സർവകലാശാലയെ വലിയ രീതിയിൽ ആക്ഷേപിക്കുന്ന വാർത്തകളിലാണ് മുഖ്യധാരാ മാധ്യമങ്ങൾക്കു പോലും താൽപര്യം. ഇല്ലാത്ത അധികാരങ്ങൾ തനിക്കുണ്ട് എന്ന ഭാവത്തിലാണ് ഗവർണറുടെ പ്രവർത്തനങ്ങൾ. കേരളസർവകലാശാലയ്ക്ക് കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസിലേഴ്സ് അവാർഡ് രണ്ടാമതും ലഭിച്ച വിവരം പുറത്തു വരാത്തത് ആരുടെ പിടിവാശി മൂലമാണ് എന്ന് മാധ്യമങ്ങൾ അന്വേഷിക്കുന്നതേയില്ല. നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിൻ്റോടെ A++ നേടാനായി എന്ന ചരിത്ര നേട്ടം എല്ലാ വിമർശനങ്ങൾക്കുമുള്ള കർമ്മധീരമായ നടപടിയാണ്. നിലവിലെ വി.സി. യും പി.വി.സി യും നിസ്വാർത്ഥമായ സേവനകാലയളവ് പൂർത്തിയാക്കുമ്പോൾ ഈ അനുകരണീയ മാതൃക പിൻതുടരാൻ കഴിയുന്ന കർമ്മ കുശലതയുള്ള ശരിയായ പിന്തുടർച്ച കേരളത്തിൻ്റെ അഭിമാനമായ കേരളസർവ്വകലാശാലയ്ക്ക് ഉണ്ടാകണം എന്നത് പൊതുസമൂഹത്തിൻ്റെ താൽപര്യമാണ് ആ താൽപര്യം നിറവേറട്ടെ.