Dr P S Sreekala

എന്തുകൊണ്ട് പെണ്‍സിനിമോത്സവം....?

സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്? പതിറ്റാണ്ടുകളായി സ്ത്രീകളോട് സിനിമ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. നിരാകരിക്കാന് ശ്രമിച്ചിട്ടും പിന്നെയും പിന്നെയും സാന്നിധ്യമറിയിച്ച് സിനിമയ്ക്കുള്ളിലും പിന്നിലും മുന്നിലും സ്ത്രീ. കേരളസ്ത്രീപഠനകേന്ദ്രം സംഘടിപ്പിച്ച ഫീമെയില് ഫിലിം ഫെസ്റ്റിവല് രേഖപ്പെടുത്തിയത് ഈ സാന്നിധ്യത്തെയാണ്. വിവേചനങ്ങള്‍ക്കെതിരെ അവകാശബോധത്തോടെ മനുഷ്യസമൂഹം ഉണര്‍ന്നെണീറ്റകാലമാണ് ഇരുപതാം നൂറ്റാണ്ട്. കലയും സാഹിത്യവുമെന്നല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഈ ഉണര്‍വ്വിന്റെ ഉന്മേഷം അനുഭവിച്ചകാലം. സ്വാതന്ത്ര്യത്തിനും പുരോഗതിക്കുമായുള്ള മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താനാവാത്തവിധം അധികാരകേന്ദ്രങ്ങള് പരിഭ്രമിച്ചകാലം. ആധുനികതയുടെ പ്രതിഫലനങ്ങള് എല്ലാമേഖലയെയും ആശ്ലേഷിച്ചുകൊണ്ട് മനുഷ്യനെ അമ്പരപ്പിച്ച കാലം. ഈ കാലം ലോകത്തിനു സമ്മാനിച്ച മഹത്തായ കലാരൂപമാണ് ഇരുപതാം നൂറ്റാണ്ടിന്റെ കല എന്ന് ലെനിന് വിശേഷിപ്പിച്ച സിനിമ.

ജനകീയവും ജനപ്രിയവുമായ മാധ്യമമെന്ന നിലയില് വ്യാപകമായ സ്വീകാര്യത സിനിമ അനുഭവിക്കുന്നുണ്ട്. കൃത്യമായ മുന്‍ധാരണകളുടെയും വ്യവസ്ഥാപിതമായ പൊതുബോധത്തിന്റെയും സമ്മതിയെ പിന്‍പറ്റുന്നുവെന്നതാണ് സിനിമയ്ക്കു ലഭിക്കുന്ന സ്വീകാര്യതയ്ക്കാധാരം. ജനം എന്നതില്‍പ്പെടുന്ന പകുതിയോളം വരുന്ന സ്ത്രീകളും പലതരത്തില് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളും സിനിമയ്ക്ക് അന്യരാണ്.പുരുഷാധിപത്യവും ഭൂരിപക്ഷവിഭാഗങ്ങളുടെ മേല്‍ക്കോയ്മയും സിനിമയില് അധികാരം പങ്കിടുകയാണ്. അതേസമയം ചെറുത്തുനില്‍പിന്റെയും അതിജീവനത്തിന്റെയും സമരതന്ത്രങ്ങളും സിനിമയെ വിടാതെ പിന്തുടരുന്നുണ്ട്. പകുതി ആകാശത്തിനും പകുതി ഭൂമിക്കും അവകാശികളായ സ്ത്രീകള് ലോകവ്യാപകമായി നടത്തുന്ന സാമൂഹികപോരാട്ടത്തിന്റെ ഭാഗമാണ് സിനിമയില് സ്ത്രീകളുടെ ഇടപെടല്. സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമായി കടന്നുവരുന്ന സ്ത്രീകള് താരപരിവേഷങ്ങള്‍ക്കപ്പുറം ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണത്.

യാഥാസ്ഥിതികത്വത്തിന്റെ വിളഭൂമിയായ ഇറാനിലെ സിനിമാസംവിധായകരായ സ്ത്രീകളുള്‍പ്പെടെ ഈ പോരാട്ടത്തിന്റെ മുന്‍നിരപ്പടയാളികളാവുന്നു. അഭിമാനകരമായ നേട്ടങ്ങളുടെ പട്ടിക നിവര്‍ത്തുന്ന കേരളസമൂഹത്തിനു പക്ഷേ, സിനിമയുടെ ഒരു മറുലോകം സുപരിചിതമല്ല. സ്ത്രീജീവിതാവസ്ഥയ്ക്കു സംഭവിച്ച പുരോഗതി സ്ത്രീപദവിയുടെ കാര്യത്തില് ആര്‍ജ്ജിക്കാനാവാത്ത സമൂഹമാണ് കേരളം. ഫ്യൂഡല് മൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും കണ്ണടച്ചില്ലിലൂടെയാണ് നമ്മുടെ സമൂഹം സ്ത്രീകളെ കാണുന്നത്.

അതുകൊണ്ടുതന്നെ സിനിമയെ ജനകീയമാക്കി നിലനിര്‍ത്തുന്നതില് സ്ത്രീകള് മുഖ്യപങ്കാളികളാവുമ്പോഴും സ്ത്രീവിരുദ്ധമായ ആശയങ്ങള് സിനിമയില് നിറയുന്നത് സ്ത്രീകളുള്‍പ്പെടെയുള്ള നമ്മുടെ സമൂഹത്തെ അസ്വസ്ഥമാക്കുന്നില്ല. യാഥാസ്ഥിതികമായ മൂല്യബോധവും പുരുഷാധിപത്യസൃഷ്ടമായ ബിംബങ്ങളും സമര്‍ഥമായി സന്നിവേശിപ്പിക്കുന്ന സിനിമ സ്ത്രീവിരുദ്ധതയുടെ പ്രകടനപത്രികയാവുന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. അരങ്ങത്തെത്തിയ സ്ത്രീയെ അടഞ്ഞലോകത്തേക്കു പിന്തിരിയാന് പ്രേരിപ്പിക്കുന്ന ഉന്നവും തന്ത്രവും സിനിമയില് പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനെ ബോധപൂര്‍വ്വം അതിജീവിക്കാനുള്ള ശ്രമങ്ങള് കാഴ്ചയിലും നടക്കേണ്ടതുണ്ട് എന്നതാണ് ഫീമെയില് ഫിലിം ഫെസ്റ്റിവലിനെ കൂടുതല് പ്രസക്തമാക്കുന്നത്. സ്ത്രീകള് സംവിധാനം ചെയ്തതോ സ്ത്രീവിഷയങ്ങള് പ്രമേയമാകുന്നതോ ആയ സിനിമകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. നാദറിന്റെയും സിമിന്റെയും അവരുടെ മകളായ പതിനൊന്നുവയസുകാരിയുടെയും മാനസികസംഘര്‍ഷങ്ങളുടെ കഥപറയുന്ന ഇറാനിയന് സിനിമയായ എ സെപറേഷന് (A Separation)ആയിരുന്നു പ്രദര്‍ശനത്തിലെ ആദ്യചിത്രം.

അസ്ഘര്‍ഫര്‍ഹാദി എന്ന വിശ്വപ്രസിദ്ധ സംവിധായകന്റെ ഈ ചിത്രമാണ് ഇറാനില് നിന്ന് ആദ്യമായി ഓസ്കാര് പുരസ്കാരത്തിനര്‍ഹമായത്. ബന്ധങ്ങളുടെ സമസ്യയും സങ്കീര്‍ണ്ണതയും ലോകത്തെവിടെയുമുള്ള മനുഷ്യരുടെ അനുഭവമാണെന്ന് ഈ സിനിമ വ്യക്തമാക്കുന്നു. ഈജിപ്റ്റില് ദൈനംദിനം അനുഭവിക്കേണ്ടിവരുന്ന ലൈംഗികചൂഷനത്തില് നിന്ന് രക്ഷപ്പെടാന് നീതി തേടി സഞ്ചരിക്കുന്ന മൂന്നു സ്ത്രീകളെയാണ് ’കെയ്റോ 678’- (Cairo-678) ല് പരിചയപ്പെടുന്നത്. പണവും അധികാരവും മനുഷ്യനെ എത്രമേല് ക്രൂരതയ്ക്കും പ്രേരിപ്പിക്കാം എന്നതിന്റെ നടുക്കുന്ന കാഴ്ചയാണ് ഇറാനിയന് സംവിധായിക സമീറമക്മല്‍ബഫിന്റെ ’ടു ലെഗ്ഡ് ഹോഴ്സ്’ (Two legged horse) നല്‍കുന്നത്.

ഇരകളാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ടെലിവിഷന് പരിപാടിയുടെ അവതാരകയ്ക്ക് ഭര്‍ത്താവില് നിന്നു നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ കടുത്ത പീഡനത്തിന്റെ നേര്‍ക്കാഴ്ചയാണ് ’ഷേഹര്‍സാദെ-ടെല് മി എ സ്റ്റോറി’ (Scheherzade-tell me a story). അവളുടെ ഭര്‍ത്താവിന് ലഭിക്കാനിരിക്കുന്ന ഉയര്‍ന്ന സ്ഥാനത്തേക്കുള്ള നിയമനത്തിന് അവള് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പരിപാടിയില് നിന്നൊഴിവാവണമെന്ന നിബന്ധന മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുന്നു. രാഷ്ട്രീയരഹിതമായ പരിപാടികള് അവതരിപ്പിക്കണമെന്നതാണ് ആവശ്യം. അതിനു വഴങ്ങാത്തതിന്റെ പേരില് ഭര്‍ത്താവില് നിന്ന് ക്രൂരമായ ശാരീരികാക്രമണം ഏല്‍ക്കേണ്ടിവരുന്നു.

ആങ് സാന് സൂകിയുടെ ആവേശം പകരുന്ന ജീവിതകഥപറയുന്ന ’ദി ലേഡി’ (The Lady), യുദ്ധം ഒരു സമൂഹത്തെ പൊതുവിലെന്നതില് നിന്നു വ്യത്യസ്തമായും സവിശേഷമായും സ്ത്രീകളെ ഏതൊക്കെതരത്തില് ബാധിക്കുന്നുവെന്നതിന്റെ ദൃശ്യസംവേദനമായ 'ആസ് ഇഫ് ഐ ആം നോട് ദെയര്' (As if I am not there) തുടങ്ങി പന്ത്രണ്ട് ഫീച്ചര്‍സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. മലയാളത്തില് നിന്ന് ആദാമിന്റെ വാരിയെല്ല്, മങ്കമ്മ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പതിനഞ്ച് ഷോര്‍ട്ഫിലിം-ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചിരുന്നു. മല്‍സരവിഭാഗത്തില് കിരണ് ഗോവിന്ദ്, രാഹുല് എന്നിവര് ചേര്‍ന്ന് സംവിധാനം ചെയ്ത ’വണ്ടര്‍ലാന്റ് @ ആലീസ്” (ഷോര്‍ട് ഫിലിം) വാള്‍ട്ടര് ഡിക്രൂസ് സംവിധാനം ചെയ്ത ’പട്ടം പറത്തുന്ന പെണ്‍കുട്ടി’ (ഡോക്യുമെന്ററി) എന്നിവ പുരസ്കാരത്തിനര്‍ഹമായി.

മരണത്തിനപ്പുറം ഒരു ജീവിതം (പ്രഭ) എന്ന ഡോക്യുമെന്ററിയും എന്നിലേക്ക് (ജിംഷാര്) എന്ന ഷോര്‍ട് ഫിലിമും ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിന് അര്‍ഹമായി. കേരളസമൂഹം നിലനിര്‍ത്താന് വ്യഗ്രതപ്പെടുന്ന സ്ത്രീവിരുദ്ധത മലയാളസിനിമയില് ഏറെ പ്രകടമാണ്. സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും കാഴ്ചക്കാരുമായി സിനിമയോട് ബന്ധം പുലര്‍ത്തുന്ന സ്ത്രീകള് മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുന്നതില് നിര്‍വ്വഹിക്കുന്ന സാമൂഹികപോരാട്ടം കേരളത്തിന്റെ സാമൂഹികബോധത്തിന് ഇനിയും അന്യമാണ്. ലോകവ്യാപകമായ അത്തരം ശ്രമങ്ങളെ പരിചയപ്പെടാനും കാഴ്ചയുടെ ഒരു പുതിയ സംസ്കാരം വ്യാപകമാവുന്നത് തിരിച്ചറിയുവാനും അവസരമൊരുക്കുകയായിരുന്നു രണ്ടാമത് ഫീമെയില് ഫിലിം ഫെസ്റ്റിവലിലൂടെ കേരളസ്ത്രീപഠനകേന്ദ്രം. ജീവിതത്തിന്റെ എല്ലാ മേഖലയിലും ജനാധിപത്യപരമായ സംവാദങ്ങളും അതിലൂടെ ഒരു നവസംസ്കാരവും സൃഷ്ടിക്കപ്പെടേണ്ടതിന്റെ ബോധ്യപ്പെടുത്തല് കൂടിയാണ് നാലുനാള് നീണ്ടുനിന്ന പെണ്സിനിമോത്സവം.

Stills : Ratheesh Sundaram