Anil Gopal

ഒരു സാധാരണ പ്രണയകഥ

സ്വരാക്ഷരങ്ങളില്‍ സുന്ദരിയായ 'ഋ' എന്ന അക്ഷരത്തിന് 'ന്‍' എന്ന ചില്ലക്ഷരത്തിനോട് പ്രേമം തോന്നി. പ്രണയം പറഞ്ഞ ഉടനെ ഒളിച്ചോടാനുള്ള പദ്ധതിയും  തയ്യാറാക്കി. ഇരുണ്ടു വെളുത്തപ്പോള്‍ രണ്ടുപേരെയും കാണാനില്ലായിരുന്നു.  എണ്ണത്തില്‍ കുറവാണെങ്കിലും സുന്ദരിമാരും ബുദ്ധിമതികളും  ഉന്നതകുലജാതരെന്ന അഹന്തയുള്ളവരുമായിരുന്നു സ്വരങ്ങള്‍. വ്യഞ്ജനന്മാര്‍ കരുത്തും ഉറപ്പുമുള്ള ശരീരങ്ങള്‍ ഉള്ളവരും ആണ്‍പ്രജകളും ആണെങ്കിലും സ്വരങ്ങളില്ലാതെ തിരിയാനും മറിയാനും കഴിയില്ലെന്ന് ഉത്തമ ബോധ്യമുള്ളവരുമായിരുന്നു.

അംഗ വൈകല്യമുള്ള ഒരു അധകൃതനോടാണല്ലോ ആര്യവംശത്തില്‍ പിറന്ന ഇവള്‍ക്ക് പ്രണയം തോന്നിയത് എന്ന അമ്പരപ്പിലായിരുന്നു എല്ലാവരും. വളവും തിരിവും സങ്കീര്‍ണമാക്കിയ ഉടല്‍ പരാധീനതയും കുറഞ്ഞ ആള്‍ബലവും ചില്ലക്ഷരങ്ങളെ നിശബ്ദരാക്കി. വ്യഞ്ജനന്മാരുടെ കരുത്തിന്റെയും സ്വരങ്ങളുടെ വാള്‍മൂര്‍ച്ചയുള്ള  നാക്കിന്റെയും അഹങ്കാരം സഹിക്കാനാവാതെ ചില്ലുകള്‍ ഒരു തീരുമാനത്തിലെത്തി. ഒരു കൂട്ടപലായനമായിരുന്നു പദ്ധതി. തങ്ങളില്ലെങ്കില്‍ ഈ സുന്ദര ശരീരികള്‍ വികൃത രൂപീകള്‍ ആകുമെന്നും ഈ അധകൃതര്‍  പിറകില്‍ കോട്ടപോലെ നില്‍ക്കുന്നതുകൊണ്ടാണ് ഇവരിത്ര സമ്പന്നരായിരിക്കുന്നതെന്നുമുള്ള സത്യം ബോധ്യപെടുത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ.

31e9d01071c061c600404a1cc9334d1d--picasso-paintings-picasso-art
പദ്ധതി നടപ്പിലാക്കേണ്ടി വന്നില്ല. 'ഋ' പ്രണയം  മടുത്ത് തിരിച്ചെത്തി. അവളിലെ ആര്യരക്തത്തിന് പെട്ടെന്നു തന്നെ മടുപ്പ് വന്നു. ചില്ലു കൂട്ടത്തില്‍ തിരിച്ചെത്തിയ 'ന്‍' പുതിയൊരനുഭവത്തിന്റെ മധുരത്തില്‍ സന്തോഷവാനായിരുന്നു. ഒന്നിച്ചു നിന്നാലേ ഓണമുള്ളു എന്നു മനസ്സിലാക്കിയ സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലക്ഷരങ്ങളും പഴയപടി ഒന്നായി.  പ്രണയവും വിരഹവും വിഷാദവും വിമോചനങ്ങളും നിറഞ്ഞ കഥകളും കവിതകളും ലേഖനങ്ങളും അവരൊന്നായി എഴുതിതുടങ്ങി.