Adv J Sandhya

കോവിഡ് 19 ഉം നിയമങ്ങളും

കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ഭീകരന്‍ കേരളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് പല കാര്യങ്ങളിലും നമുക്കുള്ള അപര്യാപ്തകള്‍ ശ്രദ്ധിക്കപ്പെട്ടത്. അതിലൊന്നാണ് കോവിഡ് കാലത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാവശ്യമായ നിയമ വ്യവസ്ഥയുടെ അഭാവമാണ്.


Novel-Coronavirus-780x515-1


സാമൂഹ്യ അകലം പാലിക്കുക എന്നതാണ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ഒറ്റമൂലി എന്നു ആവര്‍ത്തിച്ച് അറിയിച്ചിട്ടും, ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഭീതി ജനകമായ വാര്‍ത്തകള്‍ ഇടതടവില്ലതെ പുറത്തു വന്നിട്ടും വിദ്യസമ്പന്നര്‍ പോലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് അത്തരക്കാര്‍ക്കെതീരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമായത്. എന്നാല്‍ നിയമം നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്രയും ഗൗരവമേറിയ കുറ്റകൃത്യത്തിന് എത്ര ചെറിയ ശിക്ഷയാണ് നിയമ സംഹിതയില്‍ ഉള്ളത് എന്നത് വകുപ്പുകള്‍ക്കു തന്നെ ബോധ്യപ്പെട്ടത്.


images


ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 269 ആം  വകുപ്പ് പ്രകാരം ജീവന് അപായകരമായ വ്യാധിയുടെ പകര്‍ച്ചയെ വ്യാപിപ്പിക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള ഉദാസീനമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് 6 മാസം വരെ തടവോ,പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ നിയമത്തിലെ 188 വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ ആഞ്ജകള്‍ പാലിക്കാതെ മനുഷ്യജീവന് അപകടമോ,മറ്റുള്ളവര്‍ക്കു ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുകയാണെങ്കില്‍ അതും 6 മാസം വരെ തടവ് ശിക്ഷയോ പരമാവധി 1000 രൂപ പിഴയായി ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമാണ്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഈ വകുപ്പുകള്‍ക്കു പുറമെ, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉള്ള ഏക നിയമം 123 വര്‍ഷം പഴക്കമുള്ള, ഒറ്റ പേജില്‍ കേവലം 4 വകുപ്പുകളില്‍ മാത്രമൊതുങ്ങിയ 1897 ലെ പകര്‍ച്ച വ്യാധി നിയമമാണ്. ഈ നിയമ പ്രകാരം സര്‍ക്കാരിന് പകര്‍ച്ച വ്യാധി നിയന്ത്രിക്കാന്‍ അവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരാം. അത് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 ആം വകുപ്പ് പ്രകാരം കേസെടുക്കാം, അതായത് 6 മാസം തടവും 1000 രൂപ പിഴയും ഉള്ള ശിക്ഷ കുറ്റക്കാര്‍ക്ക് ലഭിക്കും. 1000 രൂപയ്ക്കു വലിയ വില ഉള്ള കാലഘട്ടത്തിലാണ് 188 ആം വകുപ്പ് അനുസരിച്ച് 1000 രൂപ നിശ്ചയിച്ചിരുന്നത്.


download (1)


എന്നാല്‍ നിലവില്‍ സ്ഥിതി മാറിയിരിക്കുന്നു. വ്യോമമാര്‍ഗമുള്ള മനുഷ്യരുടെ സഞ്ചാരം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലെ നിയമമാണിത്. കാലം പുരോഗമിച്ചെങ്കിലും നിയമത്തില്‍ മാറ്റമുണ്ടായില്ല.1800കളുടെ ഒടുവില്‍ ഇന്ത്യയില്‍ വ്യാപിച്ച പ്ലേഗ് എന്ന മഹാമാരിയെ തടുക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് ഇന്ത്യയില്‍ ഈ നിയമത്തില്‍ മാറ്റം വരുത്താനോ പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമം പരിഷ്‌കരിക്കാനോ ആരും ശ്രദ്ധിച്ചില്ല. കോവിഡ് പടര്‍ന്ന ഈ സാഹചര്യത്തിലും, 1897 ലെ ഈ നിയമ പ്രകാരമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നാണ് 2020 മാര്‍ച്ച് 15 ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.


images (1)


ഇന്ത്യയില്‍ പലപ്പോഴായുണ്ടായ ഭൂചലനങ്ങളും, സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളും ഉണ്ടായപ്പോള്‍ ആ സാഹചര്യങ്ങള്‍ മറികടക്കാന്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 2005 ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് നിലവില്‍ വന്നു. കോവിഡ്19 ന്റെ വ്യാപനം ഒരു ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. ഒപ്പം സുപ്രീംകോടതിയുടെ 30032020 ലെ 468/2020 നമ്പര്‍ റിട്ട് പെറ്റീഷന്‍ വിധി പ്രകാരം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണനിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് സുപ്രീം കോടതിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മേല്‍ വകുപ്പുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ അതുപോലുള്ള അധികാരപ്പെട്ട മറ്റ് അതോറിറ്റികളോ അധികാരപ്പെടുത്തിയ വ്യക്തികളുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ ദുരന്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ദുരിതാശ്വാസം, മറ്റാനുകൂല്യങ്ങള്‍ എന്നിവ വ്യാജമായ അവകാശവാദമുന്നയിച്ച് തട്ടിയെടുക്കുന്നത് രണ്ടു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അതുപോലെ ഇത്തരം സഹായം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ അവനവന്റെ ആവശ്യത്തിനായി അവ തട്ടിയെടുക്കുകയോ, ന്യായവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ അതും രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.


SupremeCourtofIndia


ദുരന്തത്തെ പറ്റിയോ അതിന്റെ രൂക്ഷതയെ പറ്റിയോ തെറ്റായ അപായ സൂചനയോ മുന്നറിയിപ്പോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും അത് ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കുകയും ചെയ്യുകയാണെങ്കില്‍ അത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കൃതൃമാണ്. ദുരന്തനിവാരണത്തിന് ചുമതലപ്പെട്ട ജീവനക്കാര്‍ അത് ചെയ്യാതെ സ്വയമേവ പിന്‍വാങ്ങുകയോ, നിരസിക്കുകയോ. ചെയ്താല്‍ അതിനു മേലധികാരികളുടെ അനുവാദം മില്ലാത്തപക്ഷം അതും ദുരന്തനിവാരണ നിയമപ്രകാരം ഒരു വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.


എന്നാല്‍ കോവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികളും ഇതര സവിശേഷ സാഹചര്യങ്ങളും പരിശോധിക്കുബോള്‍ വിഷയത്തെ അപ്പാടെ സ്പര്‍ശിക്കുന്ന നിയമം അല്ല ദുരന്ത നിവാരണ അതോരിറ്റിയുടേത്. നിയമ വ്യവസ്ഥകളുടെ ന്യൂനതകളും കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട സവിശേഷ ഇടപെടലുകളും കണക്കിലെടുത്തു കൊണ്ടാണ് കേരള സര്‍ക്കാര്‍ 2020 മാര്‍ച്ച് 27 മുതല്‍ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുത്തിയത്. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് താഴെ പറയുന്നവ നടപ്പിലാക്കുന്നതിനുള്ള അധികാരമുണ്ട്.


jkcta5x1mrulzxrh_1585477219


ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ച്ചവ്യാധി പകരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്ന എല്ലാത്തരം ഒത്തുചേരലുകളും ആഘോഷങ്ങളും ആരാധനകളും നിരോധിക്കാനും ആവശ്യമെങ്കില്‍ നിശ്ചിത സമയത്തേക്ക് അതിര്‍ത്തികള്‍ അടയ്ക്കാനും സ്വകാര്യ പൊതു ഗതാഗതം നിയന്ത്രിക്കാനും വ്യോമ മാര്‍ഗ്ഗമോ റെയില്‍ – റോഡ് – സമുദ്ര മാര്‍ഗ്ഗമോ സംസ്ഥാനത്തെത്തുന്നവരേയും ആശുപത്രികളിലോ മറ്റു താല്‍ക്കാലിക സംവിധാനങ്ങളിലോ വീടുകളിലോ പ്രത്യേകമായി താമസിപ്പിച്ചിട്ടുള്ളവരെയും സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉറപ്പു വരുത്തുന്നതിനും പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും മറ്റും ആളുകള്‍ ഒത്തുകൂടുന്നതു നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പ് നിര്‍ത്തി വയ്ക്കുന്നതിനും ,നിയന്ത്രിക്കുന്നതിനും കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ , ഫാക്ടറികള്‍ , വര്‍ക് ഷോപ്പുകള്‍ ഗോഡൗണുകള്‍ എന്നിവയുടെ നടത്തിപ്പ് തടുക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബാങ്ക്, മാധ്യമങ്ങള്‍, ഇലക്ട്രിസിറ്റി ,ആരോഗ്യം എന്നിവയുടെ സേവനസമയം നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന് ഉചിതമെന്നു തോന്നുന്ന ഇതര നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള അധികാരം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരിന് ഉറപ്പു നല്‍കുന്നു.


സര്‍ക്കാരിന്റെ മേല്‍ത്തരം പ്രവര്‍ത്തികള്‍ക്കു വിഘാതം സൃഷ്ടിക്കുന്നവര്‍ക്കും അതിനായി പ്രേരിപ്പിക്കുന്നവര്‍ക്കും 2 വര്‍ഷം വരെ തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ ലഭിക്കാം. ഇത് ജാമ്യം ലഭിക്കാവുന്നതും ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതുമായ കുറ്റകൃത്യമാണ് . ഇതിനോടകം കേരളത്തില്‍ 1800 ല്‍ പരം കേസുകള്‍ ഈ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . നിലവില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റേതെങ്കിലും നിയമമുണ്ടോ എന്ന് സംശയമാണ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിലേക്കുള്ള ഏറ്റവും നല്ല ചുവടുവെപ്പ് ആണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സ് നിയമസഭ പാസാക്കി ആക്ട് ആയി വരുമ്പോള്‍ കുറച്ച് വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിയ്ക്കും.


kerala-map


പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്ന സമയങ്ങളില്‍ സര്‍ക്കാര്‍ കടമകളും ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ചും നിയമത്തില്‍ വ്യക്തതയുണ്ടാകുന്നത് നല്ലതാണ്. കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളും കോവിഡ് 19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തണുപ്പന്‍ നിലപാട് സ്വീകരിച്ചത് പൊതുവില്‍ കണ്ടതാണ്. ഈ സാഹചര്യം നമ്മുടെ നാട്ടിലും ഉണ്ടായിക്കൂടെന്നില്ല. പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ ജനങ്ങളുടെ ആരോഗ്യം സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഉണ്ടാകണം. കൂടാതെ പകര്‍ച്ച വ്യാധി വ്യാപന സമയത്ത് സ്വകാര്യ ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഏറ്റെടുത്തു നടത്തുന്നതിലേക്ക് സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. അതുപോലെ ഈ ലോക്ക് ഡൗണ്‍ കാലത്ത് ബഹുജനങ്ങള്‍ നേരിടുന്ന വിവിധങ്ങളായ വൈഷമ്യങ്ങളുണ്ട്.


90957298_10159079426482502_7464844140463783936_o


മുന്‍നിരയില്‍ നിലയുറപ്പിച്ച് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന വിവിധ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിയ്ക്കപ്പെടണം. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകളും സാനിടൈസറുമടക്കം പൂഴ്ത്തി വെച്ച് അമിതവില ഈടാക്കുന്നതും വലിയൊരു സാമൂഹിക പ്രശ്‌നമാണ്. ഇത്തരം നടപടികള്‍ കുറ്റകൃത്യമാക്കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.


മാറിവരുന്ന സാഹചര്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിപുറപ്പെടാം. ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് അത് നേരിടാന്‍ സജ്ജരായിരിക്കുക എന്നതു മാത്രമാണ് കരണീയമായുള്ളത്. കോവിഡ് 19 അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട് സമഗ്ര പഠനത്തിനു വിധേയമാക്കി പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള തുടര്‍ വ്യവസ്ഥകളും ചേര്‍ത്ത് സമഗ്രമായൊരു നിയമം കേരളത്തിനു കൊണ്ടുവരുന്നതിനായാല്‍ അത് ദേശീയ തലത്തിലും, തെക്കന്‍ ഏഷ്യയിലെ തന്നെയും മാതൃകാപരമായ ഒരു നിയമമാകും.