Adv Vijay Mohan R S

ജയിലിലെ ഉണ്ണികള്‍
തിരുവനന്തപുരം വനിതാ ജയിലിന്റെ പുറമെയിരുന്ന്‍ വിതുബുബോള്‍ രാജിക്ക് ലോകം തന്നെ തുറന്നൊരു ജയിലായി തോന്നി.പരോള്‍ തീര്‍ന്ന് അകത്തേക്ക് കടക്കാന്‍ നില്‍ക്കുന്ന അമ്മ മാറോട് ചേര്‍ത്ത് അവളെ ആശ്വസിപ്പിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി. അമ്മയ്ക്ക് പരോള്‍ ലഭിച്ച ഒരുമാസം താന്‍ സനാഥയായിരുന്നു. ഇനി വീണ്ടും കഴുകന്‍ കണ്ണുകള്‍ മിഴിച്ചിരിക്കുന്ന തെരുവുകളിലൂടെ തനിച്ച് നടക്കണമല്ലോയെന്ന് ഓര്‍ത്തപ്പോള്‍ താനും ജയിലിലായിരുന്നെങ്കില്‍ എന്നു രാജി ആഗ്രഹിച്ചു പോയി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് അച്ഛനുമ്മമാര്‍ ജയിലിലായ ഒരു പെണ്‍കുട്ടിയുടെ ദൈന്യത. രാജി ജനിച്ചതും ജയിലിലാണ്. അഞ്ചു വയസ്സുവരെ അവിടെത്തന്നെ വളര്‍ന്നു. ജയില്‍ച്ചട്ടങ്ങള്‍ പ്രകാരം അഞ്ചു വയസ്സിനു ശേഷം താമസിപ്പിക്കാന്‍ അനുവദിക്കാത്തതിനാല്‍ രാജിയെ കോട്ടയത്തുള്ള ഒരു സംഘടന ഏറ്റെടുത്തു. പത്താംക്ലാസുവരെ അവിടെ പഠിച്ചു. അച്ഛന്‍ പലതവണഇവിടെ ചെന്ന് ശല്യപ്പെടുത്തിയതിനാല്‍ സംഘടനക്കാര്‍ രാജിയെ കൈയൊഴിഞ്ഞു. ഒടുവില്‍ ബന്ധുക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചു. കൊലപാതകിയുടെ മകള്‍ എന്ന പേര് എവിടെയും രാജിയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതുകൂടാതെ വേട്ടപ്പട്ടികളെപ്പോലെയുള്ള കാമകണ്ണുകളും അവളെ വിടാതെ പിന്‍തുടര്‍ന്നു. ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചു. പക്ഷേ, ബന്ധു 'സ്‌നേഹം പ്രകടിപ്പിക്കാന്‍' ഒരുങ്ങിയപ്പോള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി ഓടേണ്ടിവന്നു. സഹപാഠികള്‍ പഠിച്ചുയരുമ്പോള്‍ തലചായ്ക്കാന്‍ ഇടമില്ലാതെയും ആരും സംരക്ഷിക്കാനില്ലാതെയും അവള്‍ മാത്രം ഒറ്റപ്പെട്ടു. എപ്പോള്‍ അവസാനിക്കുമെന്നറിയാതെ പത്താംക്ലാസ് കഴിഞ്ഞ് ഒരു കോഴ്‌സ് പഠിക്കുകയാണ് ഇപ്പോള്‍.
പതിനേഴ് വര്‍ഷംമുമ്പ് ആലപ്പുഴയില്‍ ഒരു മോഷണത്തിനിടെ നടത്തിയ കൊലപാതകത്തെ തുടര്‍ന്നാണ് രാജിയുടെ അച്ഛനും അമ്മയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. റിമാന്‍ഡ് വേളയിലാണ് ജയിലില്‍ രാജിക്ക് ജന്മം നല്‍കിയത്. മകളുടെ ദുര്‍വിധി കണ്ടപ്പോള്‍ അമ്മയ്ക്ക് താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നി. വൈകിയ വിവേകംപോലെ.  ജയിലില്‍ തൊഴില്‍ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മകളുടെ കാര്യം നോക്കുന്നത്. ആറുമാസം കൂടുമ്പോള്‍ കിട്ടുന്ന പരോള്‍ കാലത്ത് മകളോടൊപ്പം താമസിക്കും . ആറുമാസം തിന്ന തീയുടെ കനല്‍ അണയുന്നത് ഈ വേളയിലാണ്. പരോള്‍ കഴിഞ്ഞ് വീണ്ടും മകളെയോര്‍ത്തുള്ള തീ തിന്നും, അടുത്ത പരോള്‍വരെ. പുറത്ത് യൗവ്വനം തികഞ്ഞുനില്‍ക്കുന്ന മകളോ? സ്വന്തമായി വീടൊന്നുമില്ലാത്തതിനാല്‍ ഒരു ചെറിയ ലോഡ്ജിലാണ് താമസം. പരോള്‍ സമയത്ത് അമ്മ മകളെ പാര്‍പ്പിക്കാന്‍ വിവിധ സംഘടനകളെ കണ്ട് കെഞ്ചും. അടുത്ത ആറുമാസത്തേക്ക് സംരക്ഷണം ലഭിക്കാന്‍ സഹായം അഭ്യര്‍ഥിക്കും. ഭര്‍ത്താവ് തിരിഞ്ഞു നോക്കാറില്ല. എന്നാല്‍, ചിലപ്പോള്‍ ആരും ഏല്‍ക്കാനുണ്ടാകില്ല. ഇക്കുറിയും ആരുമുണ്ടായില്ല. അല്‍പ്പദിവസത്തേക്ക് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുന്നു.ഇങ്ങനെ രാജി മാത്രമാണോ? അല്ല, ഉറ്റവര്‍ ചെയ്ത തെറ്റിന് ദുരന്തം അനുഭവിക്കുന്ന നിരവധി പേരെ ജയിലിനുമുന്നില്‍ കാണാം. നാലാംക്ലാസുകാരി കവിതയെയും വനിതാ ജയിലിനു മുന്നിലാണ് കണ്ടത്. മാസത്തിന്റെ അവസാന ശനിയാഴ്ചയാണ് കവിത പെറ്റമ്മയെ കാണാനെത്തുക. അച്ഛനും മറ്റൊരു ജയിലിലാണെങ്കിലും കാണാന്‍ പറ്റുന്നില്ല. കവിതയെ പ്രസവിച്ചതും ജയിലില്‍ത്തന്നെ. തുടര്‍ന്ന് ആറുവര്‍ഷം ജയിലില്‍ താമസിച്ചു. ശ്രീചിത്രാഹോമില്‍ കുറച്ചുവര്‍ഷം പഠിച്ചു. അതിനുശേഷം ഒരു സംഘടന ദത്തെടുത്ത് പഠിപ്പിക്കുന്നു. അച്ഛനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും കൊണ്ടുപോകാന്‍ ആരുമില്ല. നിധി കിട്ടുമെന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ മകളെ കൊന്ന കേസിലാണ് ഡോക്ടറായ അച്ഛനും അമ്മയും ജയിലില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം പ്രതിയായിരുന്ന മറ്റൊരു സ്ത്രീയും തടവിലുണ്ട്. ഇവരുടെ മകനെയും ഒരു സംഘടന പഠിപ്പിക്കുന്നു.
പതിനാറു വര്‍ഷത്തിനുശേഷം തടവറയില്‍നിന്ന് പരോളില്‍ ഇറങ്ങിയ കോട്ടയം സ്വദേശി സെയ്തുവിന്റെ സ്ഥിതി അതിലും ദാരുണമാണ്. ഒരു കുട്ടിയെ കൊന്നതിന്റെ കുറ്റബോധത്താല്‍ പരോള്‍പോലും വാങ്ങാതെ തടവറയ്ക്കുള്ളില്‍ത്തന്നെ ജീവിതം കഴിച്ചുകൂട്ടി. രണ്ടു പെണ്‍മക്കളടക്കം മൂന്നുമക്കളുണ്ട്. ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെങ്കിലും രണ്ടു പെണ്‍മക്കളുടെ കാര്യം ശ്രദ്ധിച്ചിരുന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുണ്ടായില്ല. സെയ്തു ജയിലില്‍ കിടന്നപ്പോള്‍ത്തന്നെ രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. പരോളില്‍നിന്ന് ഇറങ്ങിയപ്പോള്‍ കൊണ്ടുപോകാന്‍ ചെറുമകളടക്കം  എത്തിയിരുന്നു.
തടവിലുള്ള മാതാപിതാക്കളുടേതിനേക്കാള്‍ ദയനീയമാണ് പുറത്തുള്ള മക്കളുടെ സ്ഥിതി. ഇവരെയും കുറ്റക്കാരായയാണ് പലപ്പോഴും സമൂഹം കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടുന്ന പലരുടെയും ഗൂഢതാല്‍പ്പര്യം പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു. ഇതില്‍ സത്യസന്ധമായി സംരക്ഷിക്കാന്‍ വരുന്നതാരെന്നു കണ്ടെത്തുകതന്നെ ഏറെ ദുഷ്‌കരമാണ്. എന്നാല്‍, ജയില്‍ അന്തേവാസികളുടെ മക്കളെ സംരക്ഷിക്കാന്‍ വേണ്ട ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല. ഇവര്‍ക്ക് വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യത്തിനോ സഹായം നല്‍കാന്‍ സര്‍ക്കാരിന് പരിപാടികളില്ല. അമ്മയോ അച്ഛനോ തെറ്റുചെയ്തതിന് മക്കളെ കൂടി ശിക്ഷിക്കുകയല്ലേ വാസ്തവത്തില്‍ നാം ചെയ്യുന്നത്?