Adv T K Sujith

വിക്കിപീഡിയനാകാന്‍ ചെയ്യേണ്ടതെന്തെല്ലാം

ആധുനികകാലത്തെ ലോകമഹാത്ഭുതങ്ങളില്‍ ഒന്നായി ഭാവിയില്‍ വിലയിരുത്തപ്പെട്ടേക്കാവുന്ന ഒന്നാണ് വിക്കിപീഡിയ. 288 ഭാഷകളിലായി 3.8 കോടിയലധികം വിജ്ഞാനകോശ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്കിപീഡിയ ഒരു വെബ്‌സൈറ്റ് മാത്രമല്ല. ഒരുപക്ഷേ, കൃത്യമായ ആശയാദര്‍ശങ്ങളോടെ, ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ നേരിട്ട് പങ്കാളികളാകുന്ന സാര്‍വ്വദേശീയ സംഘടനാരൂപവുമാണത്. അമേരിക്കക്കാരായ ജിമ്മി വെയിത്സും ലാറി സാങ്ങറും ചേര്‍ന്ന് 2001 ജനുവരി 15 ന് രൂപംകൊടുത്ത വിക്കിപീഡിയ ജനുവരി 15 ന് പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.


wikipedia-logo-en-big


വിക്കിപീഡിയ ആരംഭിക്കുന്നതിനുമുന്‍പ് വിജ്ഞാനകോശ ലേഖനങ്ങള്‍ എഴുതിയിരുന്നത് പണ്ഡിതരായ ലേഖകന്‍മാരായിരുന്നു. എന്നാല്‍ വിക്കിപീഡിയയില്‍ സാധാരണജനങ്ങള്‍ക്കും വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങള്‍ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയെന്നതായിരുന്നു ഇവര്‍ ചെയ്ത വിപ്ലവകരമായ പ്രവര്‍ത്തി. ജനകീയ സ്വതന്ത്ര വിജ്ഞനകോശം എന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാഡ് സ്റ്റാള്‍മാന്റെയും മറ്റും ആശയ#ം പ്രാവര്‍ത്തികമാക്കുകയായിരുന്നു വിക്കിപീഡിയയുടെ ശില്പികള്‍ ചെയ്തത്. ജ്ഞാനം സമൂഹസൃഷ്ടമാണ് എന്ന് അതിലൂടെയും തെളിയുകയായിരുന്നു.


images


സാധാരണക്കാരന്റെ ഈ വിജ്ഞാനകോശം വളരെ ലളിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതാ നോക്കൂ : തിരുവനന്തപുരത്തുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബള്‍ബ് എന്ന ലേഖനം വിക്കിപീഡിയയില്‍ എഴുതുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കുക. അവള്‍ക്ക് ആകെ എഴുതാന്‍ കഴിയുന്നത് ' പ്രകാശം തരുന്ന ഒരു വൈദ്യുത ഉപകരണമാണ് ബള്‍ബ് ' എന്നായിരിക്കാം. കല്‍ക്കട്ടയിലുള്ള ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഈ ലേഖനം കാണുന്നു. അവന്‍ കൂട്ടിച്ചേര്‍ക്കുന്നത് ഇങ്ങനെ ' തോമസ് ആല്‍വാ എഡിസനാണ് ബള്‍ബ് അഥവാ ഇന്‍കാന്‍ഡസന്റ് ലാമ്പ് കണ്ടുപിടിച്ചത്. സാധാരണയായി ടങ്സ്റ്റണ്‍ എന്ന ലോഹമാണ് ബള്‍ബിന്റെ ഫിലമെന്റ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത് ' ഇതേ ലേഖനം കാണുന്ന നെതര്‍ലന്‍ഡിലെ ഫിലിപ്‌സ് കമ്പനിയിലെ എഞ്ചിനീയര്‍ അത് കൂടുതല്‍ വികസിപ്പിക്കുന്നു : 'വൈദ്യുത ചാലകത്തിന്റെ പ്രതിരോധത്താല്‍ ചാലകം സ്വയം പ്രകാശിച്ചാണ് ബള്‍ബില്‍ പ്രകാശം ഉത്പാദിപ്പിക്കപ്പെടുന്നത്.' സാങ്കേതികമായ കാര്യങ്ങള്‍ അദ്ദേഹം വീണ്ടും കൂട്ടിച്ചേര്‍ക്കുന്നു. ഈ ലേഖനം ഇങ്ങനെ വലുതായി വലുതായിവരുന്നു. ഇപ്രകാരമാണ് ജനങ്ങളുടെ മുന്‍കയ്യില്‍ വിക്കിപീഡിയയില്‍ ലേഖന രചന നടക്കുന്നത്.


Wikipedia_Larry-Sanger


വിക്കിയില്‍ ഉപയോക്താവ് (യൂസര്‍) ആയി ചേര്‍ന്നിട്ടുള്ളവരുടെയും അല്ലാത്തവരുടെയും കണ്‍മുന്നില്‍ വികസിച്ചുവരുന്ന ഈ ലേഖനങ്ങളിലേക്ക് ലോകത്തിലെ ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. തെറ്റെന്ന് തോന്നുന്നവ തിരുത്താം, ഒഴിവാക്കാം. ഇതാണ് വിക്കിപീഡിയയുടെ ശക്തി. സുതാര്യത, കൂട്ടായ്മ, സാമൂഹ്യമായ തിരുത്തല്‍ പ്രക്രിയ, സാമൂഹ്യമായ വിലയിരുത്തല്‍ (കമ്മ്യൂണിറ്റി പിയര്‍ റിവ്യൂ), സഞ്ചിതമായ അറിവിന്റെ ക്രോഡീകരണം ഇവയൊക്കെയാണ് വിക്കിപീഡയയുടെ വിശ്വാസ്യത. വിക്കിപീഡിയയില്‍ ലേഖനമെഴുതുന്ന ഓരോ ഭാഷയിലെയും ലേഖകരുടെ ഗണത്തെ - വിക്കിപീഡിയരുടെ കൂട്ടത്തെ - 'വിക്കിപീഡിയ സമൂഹം' എന്ന് വിളിക്കുന്നു.


വിക്കിപീഡിയയില്‍ എന്തുള്‍പ്പെടുത്താം


വിക്കിപീഡിയയില്‍ ആര്‍ക്കും എഴുതാം എന്ന് മുന്‍പറഞ്ഞതില്‍ നിന്നും മനസ്സിലായല്ലോ. ഇനി എന്തും എഴുതാമോ എന്ന ചോദ്യമുണ്ട്. വിക്കിപീഡിയയില്‍ ഏത് ലേഖനവും ആരംഭിക്കുന്നതിനുമുന്‍പ്, അത് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമാണോ എന്ന് ആലോചിക്കണം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനകോശ സ്വഭവമാര്‍ന്ന ലേഖനങ്ങള്‍ മാത്രമേ അതില്‍ ഉള്‍പ്പെടുത്താവൂ.


images


എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനം പകരാത്തതായി ഒന്നും ലോകത്ത് ഒരുപക്ഷേ ഉണ്ടാവില്ലായിരിക്കും. നിങ്ങളുടെ അയല്‍വായിയായ ജോസഫ് ചേട്ടനെ സംബന്ധിച്ചും നിങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലോകത്തിന് നല്‍കാനുണ്ടാകാം. എന്നാല്‍ ലോകത്തിന് അതില്‍ വലിയ താല്പര്യം കാണണമെന്നില്ല. അതിനാല്‍ കാണുന്നതെല്ലാം ഉള്‍പ്പെടുത്താനുള്ളതല്ല വിക്കിപീഡിയ. അതായത് വിക്കിയില്‍ ലേഖനം ഉള്‍പ്പെടുത്തുന്നതിന് നാം ഒരു മുന്‍ഗണനാക്രമം തല്‍ക്കാലം പാലിക്കേണ്ടി വന്നേക്കാം. ജോസഫചേട്ടനെ സംബന്ധിച്ച്, സ്വീകാര്യവും സ്വതന്ത്രവുമായ ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളില്‍ - അത് പുസ്തകങ്ങളാകാം, പത്രമാദ്ധ്യമങ്ങളാകാം, വെബ്‌സൈറ്റുകളാകാം, സ്വീകാര്യരായ വ്യക്തികളാകാം - കാര്യമായ പരാമര്‍ശം വന്നിട്ടുണ്ടെങ്കില്‍ അത് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണെന്ന് പൊതുവില്‍ പറയാം. വിഷയത്തിന്റെ ഈ പ്രാധാന്യത്തെ വിക്കിപീഡിയയില്‍ ശ്രദ്ധേയത ( നോട്ടബിലിറ്റി) എന്നുപറയുന്നു. ഈ ശ്രദ്ധേയത പാലിക്കാതെ എഴുതുന്ന ലേഖനങ്ങള്‍ വിക്കിമീഡിയ സമൂഹം പരിശോധിച്ച ശേഷം തിരസ്‌കരിക്കുക സാധാരണമാണ്.


Source-Logo-2


ജോസഫ് ചേട്ടന്‍ ഒരു രാഷ്ട്രീയകക്ഷിയുടെ ദേശീയ നേതാവെന്ന നിലയില്‍ മേല്‍പ്പറഞ്ഞ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നെണ്ടെന്ന് കരുതുക. എന്നാല്‍, അദ്ദേഹത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതിക്കഥകള്‍ മറച്ചുവെച്ച്, അദ്ദേഹം ഇന്ത്യയിലെ സമാദരണീയനും സത്യസന്ധനുമായ നേതാവണെന്നും അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ രാജ്യം തന്നെ കുട്ടിച്ചോറായിപ്പോകുമായിരുന്നെ ജോസഫ് ചേട്ടനെക്കുറിച്ച് ഇപ്രകാരമൊരു ലേഖനമെഴുതുമ്പോള്‍ അതില്‍ നിങ്ങളുടെ തോന്നലുകള്‍ക്കും ഭാവനകള്‍ക്കും ഇടമുണ്ടാകുകയുമരുത്. അവകാശവാദ സ്വഭാവത്തോടുകൂടിയതായ എല്ലാ ഉള്ളടക്കത്തിനും അവലംബങ്ങള്‍ നല്‍കിയിരിക്കണം. മേല്പറഞ്ഞ തരത്തിലുള്ള പരിശോധനായോഗ്യമായ സ്രോതസ്സുകള്‍ ലേഖനത്തിനൊപ്പം അവലംബമായി നല്‍കിക്കൊണ്ട് ജോസഫ് ചേട്ടന്‍ എന്നത് ഒരു കല്പിത കഥയല്ലെന്ന് വിക്കിപീഡിയ സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത നിങ്ങള്‍ക്കുണ്ട്. ഇപ്രകാരം ആവശ്യത്തിന് അവലംബമില്ലാതെ (സൈറ്റേഷന്‍ അഥവാ റഫറന്‍സ് ഇല്ലാതെ) സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളും ചോദ്യം ചെയ്യപ്പെടാം.


എഴുതിത്തുടങ്ങാം ?


ഇനി തയ്യാറെടുക്കൂ. ആദ്യം ml.wikipedia.org എന്ന വെബ്‌സൈറ്റിലേക്ക് പോകാം. അതിന്റെ വലതുവശം മുകളിലായി അംഗത്വമെടുക്കുക/പ്രവേശിക്കുക എന്നൊരു കണ്ണികാണാം. അതില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഉപയോക്തൃനാമത്തില്‍ വിക്കിപീഡിയയില്‍ അംഗമാകുന്നതിനുള്ള സംവിധാനത്തിലേക്ക് ആനയിക്കപ്പെടും. അതില്‍ പറയുന്ന ലളിതമായ പ്രക്രിയവഴി നിങ്ങള്‍ക്ക് വിക്കിപപീഡീയയില്‍ അംഗമാകാം. ഒരു ഉപയോക്തൃനാമം എടുത്തുകൊണ്ട് വിക്കിപീഡിയ തിരുത്തുന്നതാണ് നല്ലത്. നിങ്ങള്‍ തിരുത്തുന്ന ഓരോ താളിന്റെയും നാള്‍വഴിയില്‍, നിങ്ങളുടെ പേരില്‍ തന്നെ നിങ്ങളുടെ സംഭാവനകള്‍ രേഖപ്പെടുത്തപ്പെടുന്നത് അതിലൂടെ കാണാം.


തിരുത്തല്‍ പ്രക്രിയയില്‍ പങ്കാളിയാകുകയാണ് അടുത്തപടി. നിങ്ങള്‍ക്ക് ഏറ്റവും സുപരിചിതമായ ഒരു ലേഖനത്തിലേക്ക് ആദ്യം പോവുക. അതിനെളുപ്പം, വിക്കിപീഡിയയുടെ വലതുവശം മുകളില്‍ത്തന്നെ കാണുന്ന തിരച്ചില്‍പ്പെട്ടിയില്‍ നിങ്ങളുടെ ജില്ലയുടെ/സ്ഥലത്തിന്റെ പേരെഴുതി തിരഞ്ഞുനോക്കുക എന്നതാണ്. ആ ലേഖനത്തില്‍ തീര്‍ച്ചയായും ചിലത് നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാനുള്ളതുണ്ടാവു


download


ഇത്രയും ചെയ്യുമ്പോള്‍ നിലവിലില്ലാത്ത പുതിയൊരു ലേഖനം വിക്കിപീഡിയയില്‍ എഴുതണമെന്ന ആഗ്രഹം സ്വാഭാവികമായും നിങ്ങള്‍ക്കുണ്ടാകും. ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം, രാഷ്ട്രീയം, ശാസ്ത്രം എന്നിങ്ങനെ സൂര്യനുകീഴെയും മുകളിലുമുള്ള സകലവൈജ്ഞാനിക കാര്യങ്ങളെപ്പറ്റിയും നിങ്ങള്‍ക്കിവിടെ ലേഖനമെഴുതാം. എന്നാല്‍ ലേഖനങ്ങള്‍ ആരംഭിക്കുന്നതിനുമുന്‍പ്, നേരത്തേ ചെയ്തതുപോലെ തിരച്ചില്‍പ്പെട്ടിയില്‍ ആ തലക്കെട്ട് (ഉദാ. കഖഗഘ) ഒന്നെഴുതി തിരഞ്ഞുനോക്കുക. നിലവില്‍ ആ വിഷയത്തില്‍ മറ്റാരെങ്കിലും ഒരു ലേഖനം എഴുതിയിട്ടിട്ടുണ്ടോ എന്ന് അറിയാനാണിത്. അപ്രകാരം ഒന്ന് നിലവിലുണ്ടെങ്കില്‍ അതുപോലൊന്ന് വീണ്ടും സൃഷ്ടിച്ച് നിങ്ങളുടെ സമയം പാഴാക്കേണ്ടല്ലോ. നിലവില്‍ അത്തരത്തിലൊരു ലേഖനമില്ലെങ്കില്‍ ഇപ്രകാരമൊരു താള്‍ നിലവിലില്ല 'വിക്കിപീഡിയയില്‍ കഖഗഘ ആരംഭിക്കുക' എന്ന സന്ദേശത്തോടുകൂടി ചുവപ്പുനിറത്തില്‍ നിങ്ങളുടെ തിരച്ചില്‍ വാചകം കാണിക്കും. ആ വാചകത്തില്‍ അമര്‍ത്തുമ്പോള്‍ അതേ തലക്കെട്ടില്‍ പുതിയൊരു ലേഖനം എഴുതാനുള്ള എഴുത്തിടത്തേക്ക് നിങ്ങള്‍ ആനയിക്കപ്പെടും. അവിടെ നിങ്ങളുടെ ലേഖനം എഴുതിച്ചേര്‍ക്കുക. ആവശ്യമായ അവലംബങ്ങള്‍ ചേര്‍ക്കുക. എഴുത്തിടത്തിന് താഴെ കാണുന്ന താള്‍ സേവ് ചെയ്യുക എന്ന ബട്ടണമര്‍ത്തുക. മലയാള വൈജ്ഞാനിക മണ്ഡലത്തിന് സംഭാവന നല്‍കിക്കൊണ്ട് നിങ്ങളുടെ പുതിയ ലേഖനം പിറന്നുകഴിയും.


അവലംബങ്ങള്‍ എങ്ങനെ ചേര്‍ക്കും?


പുതിയ ലേഖകരെ സംബന്ധിച്ച് കുഴപ്പിക്കുന്ന പ്രശ്‌നമാണ് തങ്ങളെഴുതുന്നവയ്കുള്ള അവലംബങ്ങളും അവ ലേഖനത്തില്‍ ചേര്‍ക്കേണ്ട വിധവും. ആദ്യപ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും നല്ലവഴി, വിഷയവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച് വായിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ഭാഷയില്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ എഴുതി ചേര്‍ക്കുക എന്നതാണ്. എഴുതിച്ചേര്‍ക്കുന്ന ഓരോ വിവരത്തിന്റെയും ഒടുവില്‍ ആ വിവരം ഞാന്‍ ഇന്ന പുസ്തകത്തിലെ ഇത്രാം പേജിലെ വിവരത്തെ അവലംബമാക്കി എഴുതിയതാണ് എന്ന് സൂചിപ്പിക്കുക. വിക്കിപീഡിയയില്‍ എന്തെഴുതിയാലും അവലംബം ചേര്‍ക്കണം എന്നുപറയുന്നതിന്റെ പൊരുള്‍ ഇത്രയേ ഉള്ളു.


പൊതു പ്രാധാന്യമുള്ള ഒട്ടുമിക്ക വിഷയങ്ങളെ സംബന്ധിച്ചും ഇന്ന് ഒരു ഗൂഗിള്‍ തെരച്ചിലില്‍ നിങ്ങള്‍ക്ക് ധാരാളം ലിങ്കുകള്‍ ലഭിക്കും. ആധികാരികമായ പുസ്തകങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഗൂഗിളിംഗിലൂടെ ലഭിക്കുന്ന അവലംബങ്ങള്‍ നിങ്ങളുടെ ലേഖനത്തിന്റെ സാധൂകരണത്തിനായി ചേര്‍ക്കാവുന്നതാണ്.


download (1)


ഇത്രയും വായിച്ച് ഹമ്പോ, ഈ പൊല്ലാപ്പിനൊന്നും ഞാനില്ല എന്ന് വിചാരിച്ച് പിന്‍തിരിയാന്‍ വരട്ടെ, നിങ്ങള്‍ എഴുതാന്‍ താല്പര്യവും അത്യാവശ്യം ശേഷിയുമുള്ളയാളാണോ? ധൈര്യമായി തുടങ്ങൂ, നിങ്ങളെ സഹായിക്കാന്‍ വിക്കിപീഡിയയില്‍ തന്നെ ധാരാളം ആളുകളുണ്ടാകും. തങ്ങള്‍ക്കറിവുള്ള എല്ലാം പുതുതായെത്തുന്നവര്‍ക്ക് പകര്‍ന്നുനല്‍കുവാന്‍ ഇത്രയധികം സന്നദ്ധതയുള്ള മറ്റൊരുവിഭാഗം സമൂഹത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. നിങ്ങളുടെ ഏതു സംശവും വിക്കിപീഡിയയിലെ സംവാദം താളുകളില്‍ നിങ്ങള്‍ക്ക് ധൈര്യമായി ചോദിക്കാം.


നമുക്കറിയാവുന്ന ഓരോന്നിനെക്കുറിച്ചും ആലോചിച്ചുനോക്കൂ. അതെല്ലാം ആരില്‍ നിന്നെങ്കിലും പഠിച്ചതാവും, ആര്‍ജ്ജിച്ചതാവും. അദ്ധ്യാപകനില്‍ നിന്നോ, വിജ്ഞാനദായകമായ ഒരു പുസ്തകത്തിന്റെ രചയിതാവില്‍ നിന്നോ, നിരത്തിലൂടെ നടന്നുപോകുന്ന ഒരാളില്‍ നിന്നോ ആവാം നമ്മള്‍ ഓരോന്നും പഠിച്ചത്. അതായത് നമ്മുടെ അറിവ് സമൂഹസൃഷ്ടമാണ്. സമൂഹം നിങ്ങള്‍ക്ക് എങ്ങനെയാണോ ആ അറിവ് നല്‍കിയത് അത് അതുപോലെ തിരികെ നല്‍കുവാന്‍ നമുക്കോരോരുത്തര്‍ക്കും ബാദ്ധ്യതയുണ്ട്. അങ്ങനെയാണ് വിജ്ഞാനവ്യാപനം ഉറപ്പാക്കപ്പെടുന്നത്. അതിനായി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന നല്ലൊരു വേദിയാണ് വിക്കിപീഡിയ. അവിടെ ഇപെടൂ, വിജ്ഞാനത്തിന്റെ നൈരന്ത്യര്യം ഉറപ്പാക്കൂ.


അഡ്വ. ടി.കെ. സുജിത്
അഡ്മിനിസ്‌ട്രേറ്റര്‍, മലയാളം വിക്കിപീഡിയ
tksujith@gmail.com