Soumya Arun

ക്ലാസ് മുറികളേ .. സ്ക്കൂള്‍ മുറ്റങ്ങളേ

അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കനത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നാകെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ ഇതര മേഖലകളിലെന്ന പോലെ വിദ്യാഭ്യാസ രംഗവും ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ് .അതില്‍ പ്രധാനമാണ് ഇന്റര്‍നെറ്റ് ന്റെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളും , VICTERS CHANNEL വഴിയുള്ള ക്ലാസുകളുടെ സംപ്രേക്ഷണവും.കൂടാതെ യൂണിവേഴ്‌സിറ്റി തലങ്ങളിലും അതുപോലെ തന്നെ സംസ്ഥാനത്തെ പ്രമുഖ കോളേജുകളിലൊക്കെയും വീഡിയോ പ്രഭാഷണങ്ങളും മറ്റും വ്യാപകമായി സംഘടിപ്പിച്ചു വരുന്നുണ്ട്. മൂഡില്‍, സൂം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ക്ലാസുകള്‍ക്കായി പ്രയോജനപ്പെടുത്തപ്പെടുന്നു.അതുകൊണ്ടുതന്നെ ഔപചാരിക വിദ്യാഭ്യാസത്തിന് സൂചിത മാര്‍ഗ്ഗങ്ങള്‍ എത്രകണ്ട് സഹായകമാകുന്നു എന്നതും കൃത്യമായ ബദല്‍ ആകുന്നുവോ എന്നതും സവിസ്തരം ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടവയാണ്.


109981842_304367240929942_4747992636747410678_n


ബദലിനേക്കാള്‍ പരസ്പരം complimentary എന്ന് പറയുന്നതാവും ഉചിതം. പഠന പ്രക്രിയയില്‍ ഏറെ വൈവിദ്ധ്യം കൊണ്ടുവരുവാന്‍ ഓണ്‍ലൈന്‍ പഠനത്തിനായിട്ടുണ്ട്. സമയക്രമത്തിലെ വഴക്കം വലിയ ഗുണം ചെയ്തിട്ടുമുണ്ട്. എന്നാല്‍ വിദ്യാലയാന്തരീക്ഷത്തില്‍ നല്‍കാന്‍ കഴിയുന്ന പഠന അനുഭവങ്ങളും പ്രായോഗിക പരിശീലനവും ജൈവീകബന്ധവും ഓണ്‍ലൈനിലൂടെ നല്‍കാനാവില്ല തന്നെ.


അധ്യാപകനും പഠിതാക്കളും തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ ഉരുത്തിരിയേണ്ട വിമര്‍ശ്ശനാത്മകമായ ചിന്തയെ നിരുത്സാഹപെടുത്തുന്നു എന്നുള്ള വാദത്തോടും യോജിക്കാനാവില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ വൈദ്യഗ്ധ്യമനുസരിച്ച് പഠിതാക്കളെ ബോധന പ്രക്രിയയുടെ വിവിധ തലങ്ങളില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിന് ക്രിയാത്മകമായി വിവിധ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ലോകത്തിലെ ബൃഹത്തായ അറിവുകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യക്കാന്‍ സാങ്കേതിക വിദ്യ സഹായകമാകും.


109329995_3031355803626628_3623572328060856233_n


എന്നിരുന്നാലും തന്റെ മുന്നില്‍ ഇരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയ്ക്കും നേരിട്ട് ലഭിക്കേണ്ട, സ്‌നേഹം, കരുതല്‍, എന്നിവ ലഭ്യമാകുന്നതിന്റെ അപര്യാപ്തത നിര്‍ബന്ധം പഠനവിധേയമാക്കേണ്ടതുണ്ട്. കുട്ടികള്‍ എതെങ്കിലും തരത്തിലെ ഗാര്‍ഹികമോ സാമൂഹികമോ ആയ ദുരനുഭവങ്ങളിലൂടെയോ പഠന സംബന്ധികളായ മനന പ്രശ്‌നങ്ങളിലൂടെയോ കടന്നുപോകുന്നുണ്ടോ എന്നത് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുളള ജൈവിക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടലുകള്‍ സാധ്യമാകുന്ന ഒന്നാണ്. എന്നാല്‍ യന്ത്രവത്കൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ താത്ക്കാലിക സമകാലീനതയില്‍ അധ്യാപകരോട് കുട്ടികള്‍ക്കും, കുട്ടികള്‍ക്കിടയിലും സാധ്യമാകേണ്ട പരസ്പ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും നിര്‍മ്മല മൂല്യങ്ങള്‍ക്ക് വിഘാതം സംഭവിക്കുന്നുണ്ടെന്നത് തികഞ്ഞ പരമാര്‍ത്ഥമാണ്.


108211779_10159557086702502_9129936353025217582_o


സ്മാര്‍ട്ട് ഫോണും ടെലിവിഷനും ഇല്ലാത്തവര്‍ എങ്ങനെ ഡിജിറ്റല്‍ പാഠ്യ പദ്ധതിയുടെ ഭാഗഭാക്കാകും എന്നതും പ്രസക്തമായ വിഷയമാണ് . അടച്ചുറപ്പില്ലാത്ത പാമ്പും പഴുതാരയും കയറുന്ന വീടുകളില്‍ ഉള്ളവര്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടുകള്‍ ഒക്കെയും ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും അങ്ങനെ ഉള്ളവരെ കണ്ടെത്തി അവയെല്ലാം സമയബന്ധിതമായി പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ താരതമ്യങ്ങള്‍ക്കതീതമാണ്. അദ്ധ്യാപകരെ പുത്തന്‍സങ്കേതങ്ങളില്‍ വൈദഗ്ധ്യമുള്ളവരാക്കുക എന്നത് ഏറ്റവും അത്യന്താപേക്ഷിതമാണ്. ആ നിലയില്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍ക്ക് / വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പഠിതാക്കളിലേക്ക് എത്തിപ്പെടാം എന്നുള്ളത് ഏറെ ഗുണകരമാണ്.


വിവര സാങ്കേതിക വിദ്യ അനുനിമിഷം വളരുകയാണ്. അതുകൊണ്ടുതന്നെ പുത്തന്‍സങ്കേതങ്ങളെ ഒഴിച്ചു നിര്‍ത്തി ഒരുവിധ മുന്നേറ്റവും സാധ്യമേയല്ല. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനമേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന പുരോഗമനപരമായ മാറ്റം, അത് സാര്‍വ്വത്രികമായി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണെങ്കിലും ആത്യന്തികമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ അത് ക്രിയാത്മകവും സൃഷ്ടിപരവുമാക്കുമെന്നതില്‍ സംശയമശേഷമില്ല . എല്ലാറ്റിലുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സംയോജിത സമ്പ്രദായങ്ങളാണ് അഭികാമ്യം.


3d73b322bc5aa438f9a73bf511446223


C B S E സിലബസ് മുന്നോട്ടു വെയ്ക്കുന്ന ഓരോ സ്‌ക്കൂളിനും വ്യത്യസ്ത പാഠപുസ്തകങ്ങളും പഠനരീതിയുമാണുള്ളത്. അതുകൊണ്ടുതന്നെ പൊതുവിദ്യാലയങ്ങളില്‍ നിലവില്‍ നടത്തി വരുന്ന victors ചാനല്‍ വഴിയുള്ള പഠനംപോലുള്ളവ സൂചിത സ്‌ക്കൂളുകളില്‍ പ്രായോഗികമല്ല. പൊതുസമൂഹമാകെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമകാലീനതയിലും C B S E  സ്‌കൂളുകള്‍ Term ഫീസില്‍ യാതൊരു കുറവും വരുത്താതെ ഈടാക്കുന്നത് ചോദ്യം ചെയ്യപെടേണ്ടതാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാതെയും പകുതി കുറച്ചും, പിരിച്ചു വിട്ടുമെല്ലാമാണ് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത്.


ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയി കുട്ടികള്‍ക്ക് ലഭ്യമാകുന്നു എങ്കില്‍ കൂടിയും രക്ഷകര്‍ത്താക്കളുടെ സാങ്കേതിക പരിജ്ഞാനവും തദാനുസരണം ക്രമപ്പെടുത്തേണ്ടതാണ്.വിവിധ സാമൂഹിക സാഹചര്യങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ട മാതാപിതാക്കള്‍ കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു എന്നത് യാഥാര്‍ഥ്യമാണ്. മറ്റൊന്ന് ഉപകരണങ്ങളുടെ ലഭ്യതയാണ്. മൊബൈല്‍ ഫോണടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവ മാതാപിതാക്കള്‍ ജോലി സ്ഥലത്തും മറ്റും കൊണ്ടുപോകുക വഴി പഠന സമയത്ത് വിദ്യാര്‍ത്ഥിക്ക് ലഭ്യമല്ലാതെ വരികയും അത് ചിലപ്പോള്‍ കുട്ടികളെ മാനസികമായി പോലും ദുര്ബലപ്പെടുത്തുന്നതിനും സാധ്യതയുണ്ട്.


67711656


2020 - 21 അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയത്തിലേക്കു പുതുതായ് ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ ഹൈടെക് സംവിധാനത്തിലേക്ക് മാറിയതും അക്കാദമിക മികവും ഭൗതികമായ മുന്നേറ്റവുമെല്ലാം പ്രസ്തുത മുന്നേറ്റത്തിന്റെ അടിസ്ഥാനങ്ങളാണ്.കോവിഡ് 19 മഹാമാരിയുടെ ഭാഗമായ പ്രതിസന്ധികളെ ആകെ അതിജീവിച്ച്പൊതുപരീക്ഷകള്‍ നടത്തിയതും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിച്ചതുമെല്ലാം പൊതുവിദ്യാഭ്യാസം ലോകത്തിനു സംഭാവന ചെയ്യുന്ന ഉദാത്തമായ കേരള മാതൃകയല്ലാതെ മറ്റെന്താണ്.എന്തുതന്നെ ആയാലും ദീനകാലത്തിന്റെ അസാധാരണ സമയവും കടന്നുപോകും . അതുവരെ നിലവില്‍ ഉള്ള അവസരങ്ങളെ ഉപയോഗപെടുത്തി വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപെടുത്താന്‍ ഒറ്റകെട്ടായി മുന്നേറേണ്ടതുണ്ട് . ക്ലാസ് റൂം സമ്പ്രദായത്തിലേക്കുള്ള നാളുകള്‍ ഏറെയകലെയല്ല.