Abdul Kadar - Kadar Dim-bright

ജനാധിപത്യം ആരുടെ തോന്നലാണ് ?

കഴിഞ്ഞ 19 വെള്ളിയാഴ്ച്ച ഈ സമയത്ത്‌ ഞങ്ങള്‍ നെടുമ്പാശ്ശേരിയിലെ സഹന സമരത്തിലായിരുന്നു.ഒരു കാളരാത്രിക്കൊടുവില്‍ ഭരണകൂടം നോക്കിനില്‍ക്കെ ഞങ്ങള്‍ പ്രവാസികളെ വെള്ളവും ഭക്ഷണവും നല്‍കാതെ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റില്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കാതെ അഹങ്കാരത്തോടെ ഞങ്ങളുടെ നേരെ കുരച്ചു ചാടിയ കൊടിച്ചി പട്ടികളുടെ ധാഷ്ട്യത്തിന് മുന്നില്‍ കേരള ഭരണകൂടം കയ്യും കെട്ടി വായ് തുറക്കാതെ നോക്കിനിന്നത് ആരുടെ നോക്കുകൂലിക്ക് വേണ്ടിയായിരുന്നു .



കള്ളകേസുകള്‍കൊണ്ട് സഹന സമരങ്ങളെ അടിച്ചൊതുക്കാമെന്നു കരുതുന്ന മൂടന്മാരെ നിങ്ങള്‍ മനസ്സിലാക്കുക ഞങ്ങള്‍ പ്രവാസികള്‍ ഉണര്‍ന്നു കഴിഞ്ഞു . കാലങ്ങളായി ഞങ്ങളുടെ പേരുപറഞ്ഞധികാരത്തിന്‍റെ അടുക്കളയില്‍ നുഴഞ്ഞുകയറി മൃഷ്ടാന്നം നടത്തുന്ന പ്രവാസിയുടെ വിയര്‍പ്പിന്‍റെ ഉപ്പു മണം പിടിച്ചു ഞങ്ങളുടെ പ്രവാസഭൂമിയില്‍ വന്നു പല്ലിളിച്ചു വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്നു സ്ഥിരം പരിപാടി ഇനി നടക്കില്ല .


ആറുമാസം മാത്രം പ്രായമുള്ള പ്രവാസിയുടെ കുഞ്ഞ് പൊരി വെയിലത്ത് വിശന്നു ദാഹിച്ചു തളര്‍ന്നു വീണു കരയുന്നത് നോക്കി നിന്ന കേരള ഭരണ സംവിധാനം ഓരോ പ്രവാസിയോടും മറുപടി പറഞ്ഞേ തീരൂ. ആഴ്ചതോറും ഞങ്ങളുടെ അടുത്തുവന്നു പൂമാലയും പൊതു വേദികളും ധന്യമാക്കി വയറു പൊട്ടെ വാരി തിന്നു സുഖിച്ചുല്ലസിച്ചതിന് ഒരു വറ്റു ചോറി ന്‍റെ നന്ദിയെങ്കിലും ആ ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞിനോടെങ്കിലും കാണിക്കാത്ത നിങ്ങളൊക്കെ മനുഷ്യരാണോ എന്ന് ഞങ്ങള്‍ക്ക് സംശയം തോന്നിപ്പോകുന്നു.



ഞങ്ങള്‍ക്ക് പ്രവാസം എന്ന അവസ്ഥയിലാണിപ്പോള്‍ .ഞങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമല്ല. അന്നം തേടി ലോകം ചുറ്റുന്ന കേരള പ്രവാസികള്‍ എന്ന ഒറ്റ കാഴ്ച മാത്രമേ ഞങ്ങളുടെ മുന്നിലിപ്പോള്‍ ഉള്ളു . കാലം കുറെ ആയി നിങ്ങളും എയറിന്ത്യയും ഞങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യാന്‍ തുടങ്ങീട്ടു .ഇല്ല ഇനി നിങ്ങള്‍ക്കു കഴിയില്ല . തലകുനിച്ചു കീഴൊതുങ്ങി നില്‍ക്കാന്‍ പ്രവാസിയെ കിട്ടില്ല . ആകാശകേന്ദ്രം വാണരുളുന്ന അജിത്സിംഗ് എന്ന നെറികെട്ട മന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്ക് കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്ധകാരങ്ങള്‍ക്ക് പ്രവാസി മലയാളികള്‍ ഒറ്റകെട്ടായി മറുപടി പറയുന്നത് ഇതാദ്യമായിട്ടാണ് .ഞങ്ങളുടെ സംഘ ശക്തി ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു . കള്ളകേസ്സെടുത്തും തീവ്രവാദിയാക്കിയും അടിച്ചൊതുക്കിയാല്‍ ഇനി പ്രവാസി മിണ്ടാതിരിക്കില്ല .