Dr Abhaya V S

കൊവിഡ് - 19 - സ്ക്കൂൾ തുറക്കുമ്പോഴും cave syndrome ൽ കുടുങ്ങിപ്പോകുന്ന രക്ഷകർത്താക്കളോട്

 

Dr Abhaya V S

രണ്ട് വർഷത്തോളമായി വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്ക് ആശ്വാസവാർത്തയാണ് സ്കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനം. സാമൂഹ്യ, മാനസിക പ്രശ്നങ്ങൾ, ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, വർദ്ധിച്ച തോതിലുള്ള ഗാർഹിക അതിക്രമങ്ങളും പീഡനങ്ങളും - ഇങ്ങനെ വീട്ടിലിരിക്കുന്ന കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സർക്കാർ കഴിയുന്നത്ര സഹായങ്ങൾ ഉറപ്പാക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യകളുടെ ലഭ്യതയിലുള്ള അപര്യാപ്തതയുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം പോകേണ്ടിവരുന്ന കുട്ടികളുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സംതൃപ്തമായ ഗാർഹികാന്തരീക്ഷം ഇല്ലാത്തതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ഒരു വിഭാഗം കുട്ടികൾ ഉണ്ടെന്ന കാര്യം മറന്നുകൂടാ. അതേ സമയം, മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്, കമ്പ്യൂട്ടർ, സ്മാർട്ട്‌ ടിവി എന്നിങ്ങനെ പലവിധ സൗകര്യങ്ങൾ ഉപയോഗിച്ച് സ്ക്രീൻ ടൈം മണിക്കൂറുകൾ ചെലവഴിച്ചു സാമൂഹ്യവും, മാനസികവും, ശാരീരികവും ആയ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുവിഭാഗം കുട്ടികൾ വേറെയുമുണ്ട് !

989835-926526-924164-923621-922342-reuters-exam

സ്കൂൾ തുറക്കാനുള്ള തീരുമാനത്തെ കൂടുതൽ ഭയാശങ്കകളോടെ കാണുന്നത് രക്ഷിതാക്കളാണ്. എന്നാൽ കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് രോഗസാധ്യതയും, രോഗവ്യാപനതോതും, സങ്കീർണതകളും നന്നേ കുറവാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇതേ കാരണങ്ങളാൽ തന്നെ, കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ, ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും ഇപ്പോഴും ഈ തീരുമാനത്തിനോട് പുറംതിരിഞ്ഞുനിൽക്കുകണ്. കൊവിഡ് 19 അതിന്റെ മൂർദ്ധന്യാവസ്ഥയിൽ സമൂഹത്തിൽ വ്യാപിച്ചിരുന്നപ്പോൾ വീടുകളിൽ ഇരുന്നപോലെ വീടുകളിൽ തന്നെ തുടർ പഠനം മതി എന്ന ചിന്തയിലാണവർ. കൊവിഡ് 19 നോടുള്ള ഭയം, മനുഷ്യരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം വീട്ടിലെ സുരക്ഷിതത്വബോധം നഷ്ടപ്പെടും എന്നുള്ള ഭയം എന്നിങ്ങനെ പലതും അവരെ കേവ് സിൻഡ്റോമിൽ ( Cave Syndrome) കൊണ്ടെത്തിച്ചിരിക്കുന്നു. പ്രാകൃത മനുഷ്യർ വേട്ടയാടാനും ഭക്ഷണത്തിനുമായി മാത്രം പുറത്തിറങ്ങിയതിനു സമാനമായ സ്ഥിതിയിലേക്കുള്ള പിന്നാക്കം നടപ്പ് ഒട്ടും ആശാവഹമല്ല. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹം ഈ അവസ്ഥയെ മറികടക്കേണ്ടതുണ്ട്.

Cave Syndrome മറികടക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം.

പൊടുന്നനെ ഒരു ദിവസത്താൽ ഇത് സാധ്യമയെന്നുവരില്ല. മാനസികമായ തയ്യാറെടുപ്പ് വളരെ പ്രധാനമാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിപോകുന്നതിനെക്കുറിച്ചും അതിലെ സന്തോഷങ്ങളെക്കുറിച്ചും ആലോചിക്കണം. കൊവിഡ് 19 വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കുട്ടികളെ കൃത്യമായി ഇതെല്ലാം പഠിപ്പിക്കണം. ഓർക്കുകയും ഓർമ്മിക്കുകയും വേണം; മാസ്ക്ക് - അതാണ് മുഖ്യം. വാകിസിൻ എന്നതുപോലെ തന്നെ SMS നും ഏറെ പ്രാധാന്യമുണ്ട്. സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ്. തുടക്കഘട്ടത്തിൽ ഭക്ഷണം സ്കൂളിൽ കഴിക്കേണ്ടതില്ലെന്നാണല്ലോ നിർദേശം. ആർക്കെങ്കിലും അസുഖം ഉണ്ടെങ്കിൽ തന്നെ പകരാതിരിക്കാൻ ഇത് പ്രധാനമാണ്. മാസ്ക്ക് അഴിച്ചുവെച്ച് ഭക്ഷണം കഴിക്കുമ്പോൾ അസുഖം വരാനുള്ള സാധ്യത വളരെയേറെയാണ്. വീട്ടിൽ മടങ്ങിയെത്തിയാൽ ഉടൻ തന്നെ സോപ്പുപയോഗിച്ച് കുളിക്കുകയും വസ്ത്രങ്ങൾ പ്രത്യേകം കഴുകാൻ മാറ്റിയിടുകയും വേണം. ബാഗ് സാനിറ്റൈസ് ചെയ്യണം. തുണിമാസ്ക്കുകൾ കൃത്യമായ അളവിനുള്ളത് കരുതണം. ത്രീ ലെയർ മാസ്കിനു മുകളിൽ തുണിമാസ്ക്ക് ധരിക്കാം. എപ്പോഴും അധികമാസ്കുകൾ കുട്ടികളുടെ ബാഗിൽ കരുതണം. ഉപയോഗിയ്ക്കുന്നവ നനയുന്ന സ്ഥിതിയുണ്ടായാൽ മാറ്റി ഉപയോഗിയ്ക്കണമല്ലോ. തുണിമാസ്ക്കുകളും വൃത്തിയായി കഴുകി വെയിലത്തിട്ട് ഉണക്കണം. സൂര്യപ്രകാശത്തോളം നല്ല അണുനാശിനി മറ്റെന്താണുള്ളത്.

 open (2)

പ്രതിദിന രോഗീ നിരക്ക്പൂ ജ്യം ശതമാനം ആയതിനുശേഷം മാത്രം സ്കൂളുകളിലേക്കയക്കാം എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾ മനസിലാക്കേണ്ടത് സ്ക്കൂളുകൾ പഠനത്തിനായുള്ള സ്ഥാപനങ്ങൾ മാത്രമല്ല എന്നതാണ്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, മാനസിക, സാമൂഹ്യ ആരോഗ്യത്തിനും സമപ്രായക്കാരോടുള്ള ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. കുട്ടികൾ വിശേഷിച്ചും പ്രായം കുറഞ്ഞവർ ഒരുപരിധി വരെ അവരുടെ അച്ഛനമ്മമാർ വഴി ലോകം കാണുന്നവരാണ്. അവരെ കൂട്ടുകാരും അധ്യാപകരും വിദ്യാലയവും അടങ്ങുന്ന ഒരു വലിയ ലോകത്തിലേക്ക് നയിക്കേണ്ടതുണ്ട് .വീടുകളിൽ അടച്ചിരിക്കുന്ന കുട്ടികളിൽ ഭാവിയിൽ ജീവിതശൈലീരോഗങ്ങൾക്കും സാധ്യത ഏറെയാണ്. ആയതിനാൽ കുട്ടികളുടെ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കികൊണ്ട് വിദ്യാലയങ്ങളിലേക്ക് സർക്കാർ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് പറഞ്ഞയക്കുന്നതാകും അഭികാമ്യം. വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കേണ്ടത് രക്ഷിതാക്കൾതന്നെയാണല്ലോ. ഒരുമിച്ച് നമുക്കീ പ്രതിസന്ധിഘട്ടം തരണം ചെയ്യാം.