Jyothi Tagore

ആമേന്‍ ~ അങ്ങനെ തന്നെ ആയിരിക്കട്ടെ

ആമേന്‍ എന്ന സിനിമ ആരംഭിക്കുന്നത് ഭംഗിയായി പൊതിഞ്ഞ തീട്ടം (അമേദ്യമോ മലമോ അല്ല ) ആഹാരത്തോട് തന്നെ ചേര്‍ത്ത് വെയ്ക്കുന്ന ചില ദൃശ്യങ്ങളോടെയാണ് . അത് എത്രത്തോളം അറപ്പുളവാക്കുന്ന ഒന്നാണെന്ന് അനുഭവപ്പെടുന്നിടത്ത് രംഗം മുറിയുന്നു . "ഇത് കുമരംകരിയില്‍ നടന്ന കഥയാണ്‌ , പക്ഷെ കുമരംകരിയുടെ കഥ ഇതല്ല എന്ന് പറഞ്ഞ് സിനിമ തുടരുമ്പോള്‍ നാം കാണുന്നത് ഒരു പള്ളിയും അതിന് ചുറ്റുമുള്ള ഗ്രാമജീവിതവുമാണ് . പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന ഈ രണ്ട് ആഖ്യാനങ്ങളുടെ പാരസ്പര്യം തന്നെയാണ് സിനിമയെ ഒന്നാംതരം സറ്റയര്‍ ആക്കി മാറ്റുന്നത് .

ശരിയാണ് , ഇതല്ല കുമരംകരിയുടെ കഥ . അത് കേവലം പള്ളിക്കഥയുമല്ല . അവിടെ പ്രണയമുണ്ട് , സംഗീതമുണ്ട് . കണ്ണീരും ചിരിയും വിയര്‍പ്പുമുണ്ട് . കാറ്റും മഴയും വെയിലുമുണ്ട് . ധനികരും ദരിദ്രരും ഇടനിലക്കാരുമുണ്ട് .സോളമനും ശോശന്നയുമുണ്ട് . അവരുടെ പ്രണയം പോലെ നനുത്ത, കായലിലെ കുഞ്ഞോളങ്ങളുണ്ട് . അവിടേയ്ക്ക് ആവശ്യമില്ലാത്ത അനിവാര്യത നടിച്ച് പൗരോഹിത്യവും മതവും കടന്നു വരുന്നതിന്റെ ദൃശ്യാവിഷ്കാരമാകുന്നു ആമേന്‍ .സ്വാഭാവികമായ മനുഷ്യചോതനകളെ ഇല്ലായ്മ ചെയുകയോ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് രൂപാന്തരപ്പെടുത്തുകയോ വഴി മതം നടത്തുന്ന അധികാരപ്രയോഗം അത്യന്തികമായി മാനവവിരുദ്ധമാകുന്നു .പ്രണയം ,സംഗീതം, ഭക്ഷണം തുടങ്ങിയ ബിംബകല്‍പ്പനകളും സ്ഥിരമായി ഉറപ്പിച്ച് നിര്‍ത്താത്ത കാലഗണനയും ചേര്‍ന്ന് മതത്തിന്റെ ഈ ഇടപെടല്‍ ഏതെങ്കിലും ഒരു സമയത്തെ ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്ന് ഉറപ്പിക്കുന്നു .

ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളെയും ഒരു പ്രത്യേക മതത്തില്‍ അടക്കം ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ മനുഷ്യന്റെ പ്രശ്നങ്ങള്‍ മതത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്ക്കുന്നതാണോ എന്ന് സിനിമ പരിശോധിക്കുന്നു .സിനിമയ്ക്കുള്ളിലെ ജീവിതങ്ങള്‍ വിവിധ താല്പര്യങ്ങള്‍ക്കായി നിലകൊള്ളുകയും പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് കാണാം . ക്രിസ്ത്യാനിക്കും ഹിന്ദുവിനും മുസ്ലിമിനുമായി വെവ്വേറെ ജീവല്‍ പ്രശ്നങ്ങളില്ല. മനുഷ്യരുടെ പ്രശ്നങ്ങള്‍ തൊഴിലിടങ്ങളിലും കുടുംബത്തിനകത്തും അവര്‍ ജീവിക്കുന്ന പരിസ്ഥിതിയിലും സമൂഹത്തിലും ഒക്കെയായി രൂപപ്പെടുന്നു . അതൊട്ട് മതബദ്ധമല്ല ,തികച്ചും മതേതരമാണ് . വിശപ്പും ദാരിദ്ര്യവുമൊക്കെ മതമനുസരിച്ച് മാറുന്നവയല്ലല്ലോ ? വിശ്വാസം മുതല്‍ വര്‍ഗീയത വരെ എന്ത് പേരിട്ടും തരാതരം പോലെ വിളിക്കാവുന്ന ചില കപട പ്രശ്നങ്ങള്‍ മതപരമായി രൂപപ്പെടുന്നുണ്ട് . സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ പരിഹരിക്കാനോ മറികടക്കുവാണോ ഏതെങ്കിലും രീതിയില്‍ ഇവ താങ്ങാകുന്നുമില്ല . മാത്രമല്ല പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുമുണ്ട്‌ . ശോശന്നയുടെയും സോളമന്റെയും പ്രണയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ ഉപകരണമായി പൗരോഹിത്യം മാറുന്നുണ്ട് .ചില കരപ്രമാണിമാരുടെ വാശി തീര്‍ക്കാനും തന്റെ തന്നെ അധീശത്വം ഉറപ്പിക്കാനുമായി പള്ളിയുടെ സ്വന്തം ബാന്റ് സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാതിരി ,അതിന് സാധൂകരണം നല്കുന്നത് ആഭിജാത്യമുള്ള സഭാവിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് . സഭാവിശ്വാസികളുടെ ജീവിതസംഗീതം തന്നെയായ ബാന്റ് സംഘത്തെ മാത്രമല്ല ,പള്ളി തന്നെ തകര്‍ത്തിട്ടായാലും സമ്പന്നരുടെ ലാഭേശ്ചയും മേധാവിത്തവും സംരക്ഷിക്കപ്പെടണം എന്ന് പറയുന്നിടത്ത് ; തീട്ടം പോലെ എന്തോ അല്ലെ ഇതും എന്ന് ചോദ്യം ഉയരുക സ്വാഭാവികം . മലം നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതെ മാതൃക തന്നെ ഇവിടെയും കരണീയം എന്ന് വംഗ്യം .

അമേദ്യപ്രയോഗം അല്പ്പം ഏറിപോയില്ലേ എന്ന് സന്ദേഹിക്കുന്നവരോട് , മനുഷ്യജീവിതത്തില്‍ മതം ചെലുത്തുന്ന അധികാര പ്രയോഗവും അങ്ങനെ തന്നെയല്ലേ ഏന്ന് ചോദിക്കേണ്ടി വരും.

അഴിമതി = രാഷ്ട്രീയം എന്ന ക്ലീഷെയെ സിനിമ പിന്തുടരുന്നില്ല . മോരില്‍ മുതിര പോലെ കിടക്കുന്ന രാഷ്ട്രീയ വില്ലന്മാരെ നിരാകരിക്കുന്ന അതെ ജാഗ്രതയോടെ തനത് നായക രൂപങ്ങളെയും അത് ഒഴിവാക്കുന്നു . സര്‍വഗുണസമ്പന്നരായ സവര്‍ണ്ണ നായകന്മാരെ തലകുത്തി നിര്‍ത്തിയ പോലെ ഒരു സോളമന്‍ - അയാള്‍ വിധേയനും നിഷ്ക്രീയനും ദൗര്‍ബല്യങ്ങളുടെ നിറകുടവുമാണ് . ഉത്സവ നടത്തിപ്പ്കാരോ രക്ഷപുരുഷന്മാരോ ആയ നായകന്മാരെ അപനിര്‍മിച്ച് രൂപപ്പെടുത്തിയ ഈ കഥാപാത്രത്തിന് തോല്പിക്കപ്പെടാതിരിക്കാനുള്ള കഴിവ് പോലും ഇല്ല എന്നതാണ് വാസ്തവം . നാടിന്റെ വികാരം തന്നെയായ ബാന്റ് സംഘത്തിന് അയാള്‍ നായകനായി മാറുന്നത് സ്വജീവിതത്തിന്റെ നിലനില്‍പ്പിന് അത് അനിവാര്യമാകുന്നത് കൊണ്ട് മാത്രമാണ് . പ്രതിബന്ധങ്ങളെ പേശിബലം കൊണ്ട് തകര്‍ത്ത് തന്നെ രക്ഷിക്കാന്‍ എത്തുന്ന നായകന് വേണ്ടി കാത്തിരിക്കാന്‍ വിധിക്കപ്പെട്ട അയ്യോ പാവം മലയാള നായികമാരുടെ പാരഡിയാണ് ശോശന്ന എന്ന പാത്രസൃഷ്ടി . സിനിമയില്‍ ഉടനീളം അവര്‍ തന്റെ പ്രണയ സാക്ഷത്കാരത്തിനായി പൊരുതുന്നു . മനസ്സ് കൊണ്ടും ചിലപ്പോള്‍ കായികമായും . തന്റെ കുടുംബത്തിനുള്ളിലും വാടക ഗുണ്ടകളോടും സോളമന്റെ പെങ്ങളോടും സോളമനോട് തന്നെയും യുദ്ധത്തിനു മുതിരുന്ന തന്റെടിയായ ശോശന്ന ,പക്ഷെ സ്വയം ഒരു പന്തയക്കരു ആകാന്‍ മടിക്കുന്നുമില്ല . നിലവിലുള്ള ചില അവസ്ഥകളെ അതേ രൂപത്തില്‍ പരാമര്‍ശവിധേയമാക്കാന്‍ സിനിമ തുനിയുന്നുണ്ട് . ബാലരമയിലെ മായാവിയില്‍ നിന്ന് ഇറക്കികൊണ്ട്‌ വന്ന വിക്രമനും മുത്തുവും കൂടി ആകുമ്പോള്‍ പരിഹാസം പൂര്‍ണമാകുന്നു . നാം ശീലിച്ച് പാലിച്ച സിനിമ കാഴ്ചകളൊന്നും ജീവിതമായിരുന്നില്ല

വളി വിടുന്നവന്റെ വിളി കേള്‍ക്കുന്ന അമ്മയായി തിളങ്ങുന്ന കുളപ്പുള്ളി ലീല വളിയെക്കുറിച്ച് നടത്തുന്ന ദിവ്യ പ്രഘോഷണവും ദിവ്യ രൂപ പ്രദര്‍ശനവും ചിരി ഉയര്‍ത്തുന്നുണ്ട് . നിത്യ ജീവിതത്തിന്റെ ഭാഗമായി നടക്കുന്ന നിസാര സംഭവങ്ങളെ (ദുഷിപ്പുകളെ പോലും ) ദിവ്യത്വം കല്‍പ്പിച്ച് വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കുന്നത് കേരളത്തില്‍ ഇപ്പോള്‍ പുതുമയല്ലല്ലോ?

സോളമനും ശോശന്നയും വഴക്കിടുമ്പോള്‍ ദൂരെ എറിഞ്ഞു കളയുന്ന ഭക്ഷണപ്പൊതി ,പ്രാര്‍ത്ഥനാപൂര്‍വ്വം നീട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസിയുടെ കൈയ്യില്‍ ചെന്ന് വീഴുന്ന രംഗവും അര്‍ത്ഥമുള്ള ചിരി സൃഷ്ടിക്കുന്നു .തന്റെ ചുറ്റും എന്ത് തന്നെ നടന്നാലും ഭക്ഷണത്തില്‍ മാത്രം ശ്രദ്ധാലു ആയി കാണപ്പെടുന്ന എന്‍ജിനീയര്‍ ( മദ്ധ്യവര്‍ഗ പ്രതിനിധി ) , പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളിലും തിന്നു കൊണ്ടേയിരിക്കുന്ന ഒരു കൊച്ചച്ചന്‍ , എന്തിനും സാക്ഷിയായി മുകളിലിരിക്കുന്ന ചെത്തുകാരന്‍ എന്നിങ്ങനെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച വെളിവാക്കുന്ന കഥാപാത്രങ്ങള്‍ വേറെയുമുണ്ട് .

സെമിനാരിയില്‍ പഠിക്കാന്‍ പോകുന്ന സോളമനെ ശോശന്ന തടയുന്ന രംഗം രൂപപരമായും ഉള്ളടക്കം കൊണ്ടും മനോഹരമാണ് . ഒരാള്‍ക്ക് കടന്നു പോകാന്‍ പാകത്തിലുള്ള പാലം . തങ്ങള്‍ക്കിടയില്‍ തടസ്സമായി നില്ക്കുന്ന കപ്യാരെ തോട്ടിലേയ്ക്ക് മറിച്ചിട്ട് ശോശന്ന തങ്ങളുടെ ജീവിതം തിരിച്ച് പിടിക്കുമ്പോള്‍ കാലത്തിന്റെ പ്രയാണങ്ങള്‍ അപ്രസക്തമാക്കി കൊണ്ട് സോളമനും പുണ്യവാളനും വെറും സാക്ഷികളായി ക്യാമറയെ കടന്നു വള്ളത്തില്‍ പോകുന്നു . തന്റെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്ന വാടകഗുണ്ടയെ-വിക്രമനെ ഒറ്റയടിക്ക് താഴെ ഇടുന്ന ശോശന്ന കേരളത്തിനു നല്കുന്ന ഒരു ഉത്തരമുണ്ട് . മാഫിയകള്‍ അടക്കം നാം നേരിടുന്ന കാലിക പ്രശ്നങ്ങള്‍ പലതും മലയാളിയുടെ ഒളിച്ചോട്ടത്തിന്റെ കൂടി ഫലമാണ് . ഒറ്റയടിക്ക് താഴെ പോകവുന്നവ . ( ഉത്തരങ്ങള്‍ വേറെയും ഉണ്ടാകാം) വിക്രമന്‍- മുത്തു പോലെ വേറെയും കനത്ത സംഭാവനകള്‍ നമുക്ക് നല്കിയ മഹത്തായ മാധ്യമ ഗ്രൂപ്പിനെ അറിയാതെ സ്മരിച്ച് പോയതില്‍ ക്ഷമിക്കുക ( സംഗതി സറ്റയര്‍ ആണല്ലോ?)

ഇത്തരം ഒരു ചിത്രത്തില്‍ ഒരു പുണ്യവാളകഥാപാത്രം അത്ര ഉചിതമായില്ല എന്ന് പരിഭവിക്കുന്നവരുമുണ്ട്. സംവിധായകന്‍ സജീവന്‍ അന്തിക്കാടി ( പ്രഭുവിന്റെ മക്കള്‍ ) നെപ്പോലെയുള്ളവര്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി . "അവന് അദ്ഭുത പ്രവര്‍ത്തകനായി തന്നെ ഇരിപ്പാന്‍ , നിങ്ങള്‍ എന്നെന്നും വിശ്വാസികളായി തന്നെ തുടരുക "എന്ന ഉപസംഹാരത്തേക്കാള്‍ മനോഹരമായ ആക്ഷേപം മറ്റെന്തുണ്ട് ?

ബാന്റ് സംഘത്തെയും സോളമനെയും ഉത്തേജിപ്പിക്കുന്നത് ഉള്‍പ്പെടെ അമാനുഷികമായതോന്നും ആ കഥാപാത്രം ചെയ്യുന്നില്ല .സോളമന്‍ ആക്രമിക്കപെടുന്ന വെഞ്ചിരിപ്പ് വേളയിലും യേശുവിന്റെ കുരിശ് പേറിയുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന കൂട്ട മര്‍ദ്ദനത്തിലൊ പുണ്യവാളന്‍ സാക്ഷി മാത്രമാണ് . പാതിരിയ്ക്ക് ലഭിച്ചതായ സ്വപ്നദര്‍ശനം പള്ളി പൊളിച്ചു മാറ്റാനുള്ള തീരുമാനത്തെ തിരുത്തുന്ന സന്ദര്‍ഭം മാത്രമാണ് ഏക അപവാദം . ബാന്റ് സംഘത്തിന്റെ വിജയവും പൊതു ജനങ്ങളുടെ (അര്‍മായര്‍ ) ഏകീകരണവും പാതിരിയെ മാറ്റി ചിന്തിപ്പിച്ചു എന്ന് കരുതുന്നതിലാണ് യുക്തി . അതിനെ സാധൂകരിക്കും വിധം ഒരു രംഗത്തിലേയ്ക്ക്- ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുന്ന പുണ്യവാളന്റെ ഐതിഹ്യത്തിലെയ്ക്ക് തിരിച്ചു പോയാല്‍ യുക്തി കൂടുതല്‍ തെളിവുള്ളതാകും . ഐതീഹ്യങ്ങള്‍ ചരിത്രസിദ്ധമല്ല എന്നും കേവലം കല്‍പ്പിതകഥകളോ സ്വപ്നങ്ങളോ ആണെന്നും സാരം . ആദ്യാവസാനം നിറഞ്ഞു തുളുമ്പുന്ന ആക്ഷേപഹാസ്യവും മനോഹരമായ ബിംബകല്‍പ്പനയും ചേര്‍ന്ന് ആമേന്‍ ഒരു ദൃശ്യവിരുന്നാക്കി തീര്‍ക്കുന്നു .

 

മാജിക്കല്‍ റിയലിസം എന്ന് ചിലര്‍ പറഞ്ഞ സിനിമ ഒരു മാജിക്കിന്റെ കൗതുക കാഴ്ച ഒരുക്കുന്നുണ്ട്‌ . മനം മയക്കുന്ന കാമറ കാഴ്ച എന്ന നിരീക്ഷണമൊക്കെ കുട്ടനാടിനെ കണ്ടറിഞ്ഞവര്‍ക്ക് അതിശയോക്തിയായെ തോന്നു . കലാസംവിധാനം ഒന്നാംതരം മാജിക്ക് തന്നെ- സമ്മതിച്ചു . താര പരിവേഷത്തെ ഒരിക്കല്‍ കൂടി വെല്ലുവിളിച്ച ഫഹദിനും കയ്യടികള്‍ സൃഷിടിച്ച ഇന്ദ്രനും മാത്രമല്ല ചെറിയ റോളുകളില്‍ പോലും അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത് . സംവിധായകന്‍ ജോയ് മാത്യു ( ഷട്ടര്‍ )വും കലാഭവന്‍ മണിയും രചനയും മകരന്ത് ദേശ്പാണ്ടേയും ഒക്കെ പ്രേക്ഷകന്റെ കൂടെ ഇങ്ങ് പോരും-കഥാപാത്രങ്ങളായി ..

ലോക നിലവാരം അളക്കാന്‍ തോത് കയ്യിലില്ലാത്തതിനാല്‍ ഇത് ലോക നിലവാരമുള്ള മലയാള സിനിമ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല . പക്ഷെ ഒന്ന് തീര്‍ച്ച മലയാളിയുടെ കാഴ്ചയ്ക്ക് പുതിയ ചില അളവുകളും തൂക്കങ്ങളും ഇത് പകര്‍ന്ന് നല്കുന്നുണ്ട് .തിരക്കഥാകൃത്ത് പി. എസ് .റഫീക്കിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നന്ദി.