Jyothi Tagore

പൊറിഞ്ചു മറിയം ജോസ്

2010 കള്‍ മലയാളസിനിമയെ സംബന്ധിച്ച് പുതുയുഗപ്പിറവിയുടെ പതിറ്റാണ്ടാണ്. വാണിജ്യസിനിമയെ കേന്ദ്രീകരിച്ച് നടന്ന പ്രസ്തുതമാറ്റം പുതുതലമുറയുടെ വരവറിയിച്ചു. കാമറയ്ക്ക് മുന്നിലും പിന്നിലും പുതുരക്തം നിറഞ്ഞു. ഫലമോ, ദന്തഗോപുരങ്ങളില്‍ നിന്ന് മണ്ണിലേയ്ക്കിറങ്ങി, ജീവിതം തേടി എമ്പാടും നടന്നുതുടങ്ങി. ചെറുതല്ലാത്ത പൊളിച്ചെഴുത്തായിരുന്നു അത്. അധോലോകമെന്നാല്‍ കൊച്ചി, ഗ്രാമമെന്നാല്‍ വള്ളുവനാട് തുടങ്ങി പല ക്ലീഷേകളും അവസാനിച്ചു പോയത് ഇക്കാലഘട്ടത്തിലാണ്. നായകബിംബങ്ങളും തച്ചുടയ്ക്കപ്പെട്ടു. ധീരോദാത്തനതിപ്രതാപവാനും സുന്ദരനും സല്‍സ്വഭാവിയുമൊക്കെയായ നായകന്മാര്‍ ക്ക് പകരം ജീവിതം സമ്മാനിച്ച എല്ലാ ഗുണദോഷങ്ങളുമുള്ള മനുഷ്യരുടെ കഥകള്‍ അഭ്രപാളിയിലെത്തി. ഗ്രാമഭാഷയെന്നാല്‍ വള്ളുവനാടെന്ന ശ്രേഷ്ഠഭാഷയും അല്ലാത്തവയുമെന്ന തരംതിരിവും അവസാനിച്ചുപോയി. ഒരുപണിയുമില്ലാതെ തറവാടിന്റെ കോലായിലിരുന്ന് നഷ്ടമായ ജന്മിത്വാവകാശങ്ങള്‍ അയവിറക്കിയിരുന്ന നായകക്കോലങ്ങള്‍ ക്ക് പകരം ജീവിതത്തിന്റെ ചൂരും ചൂടുമുള്ള മനുഷ്യര്‍ , അവരുടെ ഇടങ്ങള്‍ , തൊഴിലുകള്‍ , ജാതി, മതം, രാഷ്ട്രീയമൊക്കെ സിനിമയുടെ ഭാഗമായി. അരാഷ്ട്രിയതയുടെ കൂത്തരങ്ങായിരുന്ന സിനിമ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. ജാതി പറഞ്ഞിടത്തു ജാതിയുടെ രാഷ്ട്രീയം പറഞ്ഞു. മൂലധനത്തിന്റെ സാധ്യതകളെ പൂര്‍ ണ്ണമായി തള്ളാതെ തന്നെ, ഉശിരന്‍ സിനിമകള്‍ പിറന്നു. ലിജോ ജോസും അന്‍വര്‍ റഷീദും ദിലീഷ് പോത്തനും ആഷിക് അബുവും ഷാനവാസും രാജീവ് രവിയുമൊക്കെ സംവിധായകന്റെ കലയെന്ന വിശേഷണത്തെ തിരിച്ചുപിടിച്ചു. ഭഗത്, വിനായകന്‍, പാര്‍ വതി, ചെമ്പന്‍, സൗബിന്‍, ഷൈന്‍, ഷറഫുദീന്‍, ഷെയിന്‍ – ഒരുപിടി പുതിയ അഭിനേതാക്കളായിരുന്നു ആ മാറ്റത്തിന്റെ മുഖമായി മാറിയത്. മൂലധനത്തിന്റെ വരുതിയില്‍ നില്‍ക്കാത്ത ചില മുന്നേറ്റങ്ങളും ഇക്കാലത്ത് ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തീയേറ്ററിനെ പാടെ നിരസിച്ചുകൊണ്ട് സുദേവന്‍, സമാന്തരമായൊരു നിര്‍ മ്മാണ – തീയേറ്റര്‍ സംവിധാനത്തിനായി ശ്രമിക്കുന്ന സനല്‍കുമാര്‍ , ഒറ്റയാന്‍ പോരാട്ടം തുടരുന്ന Dr.ബിജു ഒക്കെ ഇവരില്‍ ചിലരാണ്. ഇടക്കാലത്ത് തീരെയില്ലാതായിപ്പോയ ഫിലിം ക്ലബ്ബുകളും മടങ്ങിവരുന്നുണ്ട്.


2


പുതിയമാറ്റങ്ങള്‍ ഇടിമുഴക്കം സൃഷ്ടിക്കുമ്പോഴും മലയാളസിനിമയില്‍ മാറാതെ നിലനില്‍ക്കുന്ന ചിലതുണ്ട്. പ്രധാനപ്പെട്ടത് മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയങ്ങളാണ്. മറ്റൊന്ന് ജോഷിയെന്ന ക്രാഫ്റ്റ്മാന്റെ സ്ഥാനമാണ്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ ഫാന്‍സ് പവര്‍ നിര്‍ ണ്ണായകമെങ്കില്‍ , ഒരു ഫിലിംമേക്കര്‍ ക്ക് അത്തരം ചെപ്പടിവിദ്യകളൊന്നും പിന്‍ബലമാകില്ല. പുതിയ പ്രതിഭകളുടെ തള്ളിക്കയറ്റത്തിലും ഈ പ്രായത്തിലും മുന്‍നിരയില്‍ നില്‍ക്കുക ചെറിയ കാര്യവുമല്ല. മറ്റാരും പരാജയപ്പെട്ടു പോയേക്കാവുന്ന ശ്രമത്തെ തന്റെ പരിചയസമ്പത്തു കൊണ്ടദ്ദേഹം മറികടക്കുന്ന കാഴ്ചയെന്ന് പൊറിഞ്ചു മറിയം ജോസെന്ന സിനിമയെ ചുരുക്കിപ്പറയാം. ആസ്വദിച്ചു കാണാന്‍ പറ്റുന്ന ഒരു വിനോദചിത്രം തന്നെയാണിത് . അങ്ങനെ പറയാതെ എഴുതിത്തുടങ്ങിയാല്‍ പലതും സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ഘടകങ്ങളായി തോന്നിപ്പോകും. അനൗണ്‍സ് ചെയ്തപ്പോള്‍ വലിയ പ്രതീക്ഷ നല്‍കുകയും പിന്നീട് തിരക്കഥാമോഷണവിവാദത്തില്‍പ്പെടുക വഴി ചര്‍ ച്ചകളില്‍ നിറയുകയും ചെയ്ത സിനിമയാണിത്. നിര്‍ മ്മാതാവായ കാച്ചപ്പള്ളിയുടെ ആവശ്യപ്രകാരം തന്റെ വിലാപ്പുറങ്ങള്‍ എന്ന നോവലിനെ അധികരിച്ച് താന്‍ തന്നെ തിരക്കഥയെഴുതിയ സിനിമയാണ് എന്ന് എഴുത്തുകാരി ലിസിയുടെ പരാതിയ്ക്ക് കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെടുക്കാനായില്ല. എന്നാല്‍ നോവല്‍ വായിച്ചവരെല്ലാം ഒരേശ്വാസത്തില്‍ എഴുത്തുകാരിയ്ക്ക് പിന്തുണയുമായുണ്ട്. അതുകൊണ്ട് തന്നെ തീയേറ്റര്‍ കാഴ്ച ഒഴിവാക്കാനാണ് ആദ്യം തോന്നിയത്. അതിന് തടസ്സമായി നിന്നത് ഒരേയൊരു ഘടകം, ചെമ്പന്‍ വിനോദെന്ന നടന്റെ സാന്നിദ്ധ്യമായിരുന്നു. തീയ്യേറ്ററില്‍ തന്നെ കാണണമെന്ന് തോന്നിക്കുന്ന ഒരാകര്‍ ഷണീയത തന്റെ കഥാപാത്രങ്ങള്‍ ക്ക് പകര്‍ ന്നുനല്‍കുന്ന നടന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. പലയിടത്തും ദുര്‍ ബലമായിപ്പോയ സിനിമയെ നിറമുള്ളൊരു കാഴ്ചയാക്കി മാറ്റുന്നതില്‍ ചെമ്പന്റെ സാന്നിദ്ധ്യം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പുത്തന്‍പള്ളി ജോസെന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ സന്തോഷവും സങ്കടവുമെല്ലാം പ്രേക്ഷരിലേയ്ക്ക് പകരാന്‍ അദ്ദേഹത്തിനായി. ജീവിതത്തോട് ചേര്‍ ന്ന് നില്‍ക്കുന്ന കഥാപാത്രവും അതുതന്നെ. മറിയത്തിന്റെയും പൊറിഞ്ചുവിന്റെയും കഥയില്‍ ചേരാതെപോകുന്ന ചില കണ്ണികള്‍ കാണാം. അവരുടെ ഒന്നുചേരലിന് വിഘാതമാകുന്ന കാരണം പോലെ തീരെ ദുര്‍ ബലമായ ചിലത്. ജോസ് നല്ല പാത്രസൃഷ്ടിയാണ്, മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനിടയില്ലാത്ത വിധം ചെമ്പനത് ഉജ്വലമാക്കുകയും ചെയ്തു.


3


മറിയം എന്ന കഥാപാത്രത്തെ നൈലയുടെ കരിയറിലെ ബെസ്റ്റ് പെര്‍ ഫോമന്‍സായി പറയാം. ചുറ്റുമുള്ളതൊന്നുമല്ല താന്‍ തന്നെയാണ് സ്വന്തം ജീവിതം തീരുമാനിക്കുകയെന്ന മട്ടില്‍ മുന്നോട്ടുപോകുമ്പോഴും ഏറ്റവും നിര്‍ ണ്ണായകമായ തീരുമാനത്തിന് കഴിയാതെ പോകുന്നതിന്റെ അന്ത:സംഘര്‍ ഷം പേറുന്നുണ്ട് മറിയം. മലയാളസിനിമയില്‍ പതിവില്ലാത്ത പല സ്വഭാവങ്ങളുമുള്ള നായിക.കഴിവിന്റെയും ആത്മാര്‍ ത്ഥതയുടെയും പരമാവധി തന്നെ അവര്‍ പുറത്തെടുത്തപ്പോഴും അതിലൊക്കെ അപ്പുറം ആവശ്യപ്പെടുന്ന ഒരു കഥാപാത്രമായിപ്പോയി മറിയം.


വിജയരാഘവന്‍ അവതരിപ്പിച്ച ഐപ്പ് എന്ന കഥാപാത്രമാണ് ഏറ്റവും ശ്രദ്ധേയം. എത്ര അനായാസമാണദ്ദേഹം കഥാപാത്രമായി മാറുന്നത്. തന്റെ സംഭാവനകള്‍ ക്കനുസരിച്ച് ആദരവ് ലഭിക്കാത്ത നടനാണ് വിജയരാഘവന്‍. ലഭിക്കുന്ന ഏതൊരു കഥാപാത്രത്തിലും തന്റെ കയ്യൊപ്പ് പതിപ്പുക്കുന്ന പതിവ് ഇത്തവണയുമദ്ദേഹം തെറ്റിക്കുന്നില്ല. കാരക്ടര്‍ റോളുകള്‍ കൈകാര്യം ചെയ്യുന്ന സിദ്ദീഖ്, സായ്കുമാറിനൊക്കെ ലഭിക്കുന്ന വാഴ്ത്തുപാട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കാത്തതെന്തുകൊണ്ടാകാം!!!


4


സുധി കോപ്പയുടെ കാര്യവും വ്യത്യസ്ഥമല്ല, കിട്ടുന്ന റോളുകള്‍ പണിക്കുറ്റമില്ലാതെ ചെയ്തുകൊടുക്കും. എന്നിട്ടും മുന്‍നിരയിലേയ്ക്ക് എത്താനാകാത്ത നടന്‍. പൈപ്പിന്‍ചുവട്ടിലെ പ്രണയത്തിന് ശേഷം സുധിയ്ക്ക് കിട്ടിയ നല്ല വേഷമാണ് ഡിസ്ക്കോബാബു. പടത്തിലെ കാലഘട്ടമായ എണ്‍പതുകളോട് നീതിപുലര്‍ ത്തിയ ഒരേയൊരു പ്രകടനവും സുധിയുടേതായിരുന്നു. കാലഘട്ടത്തെ പ്രതിനിധികരിക്കാന്‍ സിനിമയില്‍ ചെയ്ത പലകാര്യങ്ങളും പാളിപ്പോയപ്പോള്‍ സുധിയുടെ കഥാപാത്രം വേറിട്ടുനിന്നു.രാഹുല്‍ മാധവ് അഭിനയിച്ച പ്രിന്‍സ് എന്ന വില്ലന്‍വേഷം എടുത്തുപറയേണ്ടതാണ്. സ്റ്റീരിയോടൈപ്പ് നിഴല്‍വേഷങ്ങളില്‍ നിന്നുള്ള മോചനം രാഹുല്‍ മികച്ചതാക്കി.


5


രാഷ്ട്രീയം പറയുമെന്ന് തോന്നിക്കുന്ന തുടക്കസീനുകളുടെ ഊര്‍ജ്ജം നിലനിര്‍ ത്തിയില്ലെന്നതോ പോട്ടെ, മലയാളസിനിമയിലെ പഴയ അരാഷ്ട്രീയ വഴിപാട് വീണ്ടും നടത്താന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്തുടരുന്നത്. സുര്‍ജിത് അവതരിപ്പിക്കുന്ന കഥാപാത്രമൊക്കെ എന്തു വൈകൃതമാണ്. പുസ്തകം വായിക്കുന്നത് കുഴപ്പമാണെന്ന തമാശയൊക്കെ നിലവാരമില്ലാത്തതും പഴകി തേഞ്ഞതുമാണ്; ആരും ചിരിക്കില്ലെന്ന് ഇനിയും മനസിലാക്കിയില്ലെങ്കില്‍ കഷ്ടമാണ്.


T G രവി, സലിംകുമാര്‍ , മാല പാര്‍ വതി, സരസ ബാലുശ്ശേരി, അനില്‍ നെടുമങ്ങാട്, I M വിജയന്‍, നിയാസ്ബക്കര്‍ , സ്വാസിക, നന്ദു, K E രാജേന്ദ്രന്‍ എന്നിവര്‍ ക്കൊപ്പം പറവയിലെ നായകന്മാരായ ബാലതാരങ്ങളും ചിത്രത്തിലുണ്ട്.


1


പക്ഷേ, പടത്തെക്കുറിച്ച് തോന്നിയ Total feel കാലം തെറ്റിയെത്തിയതെന്ന് തന്നെയാണ്. എൺപതുകളിലൊ തൊണ്ണൂറിന്റെ ആദ്യ പകുതിയിലോ വന്നിരുന്നെങ്കില്‍ ജോഷിയുടെ മികച്ചചിത്രങ്ങളുടെ പട്ടികയില്‍പ്പെടുമായിരുന്ന ചിത്രമാണ്. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കുകയും ചെയ്തേനേ. വിവാദങ്ങളില്‍ മമ്മൂട്ടിയുടെ പേര് പരാമര്‍ ശിക്കപ്പെട്ടതുമാണ്. ഇപ്പോഴത്തെ മുന്‍നിരക്കാരില്‍ മികച്ച നടനായ ജോജുവിന്റെ പിടിയില്‍ നില്‍ക്കാതെ കാട്ടാളന്‍ പൊറിഞ്ചു വഴുതിപ്പോകുന്ന കാഴ്ച ചിലപ്പോഴൊക്കെ വേദനിപ്പിച്ചു – അത്രയ്ക്കിഷ്ടമാണാ നടനെ. സിനിമയിലെ സെറ്റുകളുടെ കൃത്രിമത്വം പോലെ, ചിലയിടത്ത് പൊറിഞ്ചുവും കലങ്ങാതെ കിടക്കുന്നു. ഒരുപക്ഷേ ബിജുമേനോന് കഴിയുമായിരുന്നു എന്ന് തോന്നി. മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിലെപ്പോലെ കയ്യടി നേടുകയും ചെയ്തേനെ…
ഇത്രയൊക്കെ പാളിച്ചകള്‍ ക്കിടയിലും ഒരുതവണ രസിച്ചുകാണാന്‍ കഴിയുന്ന പടമാക്കി മാറ്റാന്‍ ജോഷിയെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വലിയൊരു മാസ്സ് എന്റര്‍ ടെയ്നറാകാന്‍ സാധ്യതയുണ്ടായിരുന്ന Plot ആയിരുന്നു എന്നതാണ് നിരാശപ്പെടുത്തുന്നത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ മുന്നിട്ടു നിന്ന ആഗ്രഹം വിലാപ്പുറങ്ങള്‍ നോവല്‍ എത്രയും പെട്ടന്ന് വായിക്കണം എന്നത് മാത്രമാണ്.